ഗ്രീഷ്മം


ഓഫീസിന്റെ കറുത്ത ഗ്ലാസ്സ് ഭിത്തികള്‍ക്കപ്പുറം സൂര്യന്‍ അപ്പോഴും തപിച്ച് നിന്നു. തിരയില്ലാത്ത ഉള്‍ക്കടലില്‍ തളര്‍ന്ന് മടങ്ങുന്ന സൂര്യന്‍ വാരി വിതറിയ കുങ്കുമ വര്‍ണങ്ങള്‍! തൊട്ടടുത്തുള്ള പോര്‍ട്ടില്‍ നങ്കൂരമിട്ടു കിടക്കുന്ന ഏതോ ചരക്കു കപ്പലില്‍ നിന്നും കടല്‍ക്കാക്കകള്‍ അകലേക്ക് പറന്ന് പോകാന്‍ തുടങ്ങി.

ഒരു വട്ടം കൂടി എല്ലാം പരിശോധിച്ചു, ബാക്കിയുണ്ടായിരുന്ന ജോലികള്‍ എല്ലാം തീര്‍ന്നിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അണയുന്നതിന് മുമ്പുള്ള അവസാന വെളിച്ചവും മിന്നിപ്പൊലിഞ്ഞു. കസേരയുടെ ഉയര്‍ന്ന ഹെഡ്‌റെസ്റ്റിലേക്ക് തല ചേര്‍ത്ത് ഒരു നിമിഷം കണ്ണുകളടച്ചു.

‘എന്ത് പറ്റി സാര്‍, പോകുന്നില്ലേ?’ കാബിന്‍ ഡോര്‍ തുറന്ന് വാച്ച്മാന്‍ അകത്തേക്ക് തലനീട്ടി.

‘ഉം’

വാച്ച്മാന്റെ പിന്നില്‍ ഓട്ടോമാറ്റിക് ഡോര്‍ മെല്ലെയടഞ്ഞു.

പുറത്ത് പാര്‍ക്കിങ്ങില്‍ കാറുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. സന്ധ്യയായിട്ടും ഇനിയും ബാക്കിനില്‍ക്കുന്ന പകല്‍ വെളിച്ചത്തില്‍ വൈദ്യുത ദീപങ്ങള്‍ മിന്നാമിനുങ്ങുകളായി കണ്മിഴിച്ചു.


അകന്ന് മാറുന്ന ഇലക്ട്രിക് ഗേറ്റിന്റെ കറകറ ശബ്ദത്തിനൊപ്പം വാച്ചുമാന്റെ യാന്ത്രികമായ ‘ശുഭരാത്രി’!

ഒരു വട്ടം കൂടി തിരിഞ്ഞ് നോക്കി, പിന്നില്‍ നിശ്ശബ്ദതയുടെ പുതപ്പില്‍ ഓഫീസ്‌സും ഫാക്ടറിയും. ഫാക്ടറിക്കെട്ടിടത്തിന് മുകളിലെ ഹാലൊജന്‍ വിളക്ക് വായില്‍ ജ്വലിക്കുന്ന പന്തവുമായി നില്‍ക്കുന്ന ഏതോ ഭൂതത്തെ ഓര്‍മ്മിപ്പിച്ചു!

നേരം വൈകിയത് കൊണ്ടാവണം ബസ്സിലും തിരക്ക് കുറവ്. അടുത്ത സീറ്റിലെ ഫിലിപ്പീനി പെണ്‍കുട്ടികളുടെ നിര്‍ത്താത്ത ചിലക്കല്‍ വല്ലാത്തൊരു അലോസരമായി.

മെട്രോ സ്റ്റേഷന്റെ സുഖശീതളിമയില്‍ ഒച്ചയും അനക്കവും ഇല്ലാതെ വന്ന് നിന്ന ഇലക്ട്രിക് ട്രെയിന്‍. ഭൂമി കുലുക്കി, ചൂളം വിളിച്ച് അലറിപ്പാഞ്ഞ് വരുന്ന നാട്ടിലെ ട്രെയിനുകള്‍ മനസ്സിലെത്തി. ഒപ്പം മനസ്സിന്റെ ഏതോ ഒരു കോണില്‍ നിന്നും മറക്കാനാവാത്ത ‘ചായ.. ചായേ ...’ വിളികളും!


ട്രെയിനിന്റെ കമ്പാര്‍ട്ട്മെന്റില്‍ അവിടെയും ഇവിടെയുമായി ഏതാനം പേര്‍ മാത്രം. ഗ്ലാസ്സ് ജന്നലിലൂടെ പുറത്തേക്ക് നോക്കി, പിന്നിലേക്ക് ഓടി മറയുന്ന വൈദ്യുത ദീപങ്ങള്‍ എവിടേയും.

എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല. തെളിയാതെ പോയ, ഇടക്കെപ്പോഴോ മുറിഞ്ഞുപോയ സ്വപ്നങ്ങളില്‍ സുഖമില്ലാതിരിക്കുന്ന അമ്മയുടേയും, ഭാര്യയുടേയും, മോന്റേയും ഒക്കെ മുഖങ്ങള്‍!


അടുത്തെവിടെ നിന്നോ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളാണ് സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കുറച്ചപ്പുറത്തുള്ള സീറ്റില്‍ ലോകം തന്നെ മറന്നിരിക്കുന്ന ഒരു പ്രണയജോഡി!

അപ്പോഴേക്കും ട്രെയിനില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി, തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയിരിക്കുന്നു.
കണ്‍‌വേയറിലൂടെ സ്റ്റേഷന് പുറത്തെത്തി. റോഡിനപ്പുറം പാര്‍ക്കില്‍ നിറയെ പൂത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍. വെട്ടിയൊരുക്കിയ പച്ചപ്പുല്‍പ്പരപ്പില്‍ കൊഴിഞ്ഞ്‌ വീണ് കനലുകള്‍ പോലെ തിളങ്ങുന്ന ഗുല്‍മോഹര്‍പ്പൂവുകള്‍! നിറയെ പൂത്തു നിന്ന ഒരു മരത്തിന്റെ ചുവട്ടിലെ ബഞ്ചിലേക്ക് നടന്നു. ഗ്രീഷ്മം പൊള്ളിക്കാന്‍ തുടങ്ങിയത് കൊണ്ടാവണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.പാര്‍ക്കിനു ചുറ്റുമുള്ള വേപ്പുമരങ്ങളില്‍ എവിടെ നിന്നോ ഒരു ചെറുകാറ്റ് വീശി. വരണ്ട കാറ്റ് തൊലിപ്പുറത്ത് ഒരു അസ്വസ്ഥതയായി വീശിയകന്നു. ലൂസാക്കിയിട്ടിരുന്ന ടൈ ഊരി ബാഗിലിട്ടു.

ചെറുകാറ്റില്‍ ഇലയില്ലാതെ പൂത്തു നിന്നിരുന്ന ഗുല്‍മോഹറുകള്‍ ജ്വാലയായി പടര്‍ന്നു!

‘സാര്‍, ഞാനും കൂടി ഇവിടിരുന്നോട്ടേ?’

മുഖമുയര്‍ത്തുമ്പോള്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍. ക്ഷീണം തോന്നിപ്പിക്കുന്ന മുഖഭാവം, ഒരല്പം മുഷിഞ്ഞു തുടങ്ങിയ വസ്ത്രങ്ങള്‍.

ബെഞ്ചിന്റെ ഒരറ്റത്തേക്ക്
ഒരല്പം ഒതുങ്ങിയിരുന്നു.

‘സാര്‍, ഓഫീസ്സില്‍ നിന്ന് വരികയായിരിയ്ക്കും’ ഒരു സംഭാഷണത്തിന് തുടക്കമിടാന്‍ വേണ്ടി അയാള്‍ തുടങ്ങി.

‘ഉം’

ഒരല്പം നീണ്ട നിശ്ശബ്ദതക്ക് ശേഷം അയ്യാള്‍ വീണ്ടും ചോദിച്ചു,

‘എവിടെയാണ് സാറിന്റെ ഓഫീസ്?’

ഇതൊരു ശല്യമായല്ലോ എന്നോര്‍ത്ത് മുഖമുയര്‍ത്തുമ്പോള്‍ നോട്ടം ചെന്ന് പതിച്ചത് അയാളുടെ ദയനീയമായ കണ്ണുകളിലായിരുന്നു.

‘സാര്‍, ഞാന്‍ ഇവിടെയെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടൊള്ളു. ഏറെ ബുദ്ധിമുട്ടിയാണ് ഒരു ജോലി സമ്പാദിച്ചതും. പക്ഷെ ഇപ്പോള്‍ എനിക്ക് ജോലി നഷ്ടമായിരിക്കുന്നു. തിരിച്ച് പോകാനും വയ്യാത്ത അവസ്ഥയാണ്. വിസ തീരാന്‍ ഇനി കുറച്ച് ദിവസങ്ങളെ ഉള്ളു’

‘സാറിന് കഴിയുമെങ്കില്‍ എന്നെ ഒന്ന് സഹായിക്കാമോ...? ഒരു ജോലി, അതെന്തായാലും വേണ്ടില്ല..’

അയ്യാളുടെ ശബ്ദം ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ അറിയാതെ എന്റെ ചുണ്ടിന്റെ കോണില്‍ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു!

‘അല്ല, ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട സാറേ’

അയ്യാള്‍ മെല്ലെ എഴുനേറ്റ് തല താഴ്ത്തി നടന്ന് പോകുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കുമ്പോള്‍ അറിയാതെ എന്റെ കൈ പോക്കറ്റിലേക്ക് നീണ്ടു - ജോലിയില്‍ നിന്ന് പിരിച്ച് വിട്ടുകൊണ്ട് അന്ന് കിട്ടിയ ടെര്‍മിനേഷന്‍ ലെറ്റര്‍ ഒരു കനലായി എന്നേ പൊള്ളിക്കാന്‍ തുടങ്ങിയിരുന്നു!!

(Sketch: Veena Vijey)

അച്ഛാ എന്നൊരു വാക്ക് ...


ഒരു ഔദ്യോഗിക മീറ്റിങ്ങിനാണ് ശ്രീധറിന്റെ ഓഫീസ്സില്‍ പോയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മാനേജരായിരുന്നു അദ്ദേഹം. മനോഹരമായി അലങ്കരിച്ച ഓഫീസ് റിസപ്‌ഷന്‍. സുന്ദരിയായ ലെബനീസ് റിസപ്ഷനിസ്റ്റിന്റെ ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം. മലയാളിയായ ഓഫീസ് ബോയി തന്ന ‘സുലൈമാനി’ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്രീധര്‍ തന്നെ റിസപ്ഷനിലെത്തി, അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഒരു മണിക്കൂറോളം നീണ്ടു ഔഗ്യോകിക ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും അദ്ദേഹം, ‘നിശ്ശബ്ദമാക്കി’ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുന്നത് അലോസരമുണ്ടാക്കിയിരുന്നു. അത് മര്യാദകേടാണല്ലൊ എന്ന് മനസ്സിലോര്‍ക്കാതെയുമിരുന്നില്ല!

ചര്‍ച്ചകള്‍ കഴിഞ്ഞതോടെ ശ്രീധര്‍ ചോദിച്ചു,

‘മിസ്റ്റര്‍ അനിലിന് തിരക്കുണ്ടൊ പോകാന്‍?’

‘നമുക്ക് ഇനി ഈ ‘മിസ്റ്റര്‍’ എന്ന ഔപചാരികത മാറ്റിവച്ചാലോ ശ്രീധര്‍?’

‘തീര്‍ച്ചയായും ... തീര്‍ച്ചയായും’ കുലുങ്ങിച്ചിരിച്ച് കൊണ്ട് ശ്രീധര്‍ മറുപടി പറഞ്ഞു.

അതിനിടയില്‍ ശ്രീധറിന്റെ മൊബൈല്‍  ഫോണ്‍ മേശപ്പുറത്തിരുന്ന് ‘വിറക്കാന്‍’ തുടങ്ങി.

‘ക്ഷമിക്കണം അനില്‍’

ആരോടൊ ഫോണില്‍ സംസാരിച്ചതോടെ ശ്രീധറിന്റെ മുഖം മ്ലാനമായി. ഫോണ്‍ വെച്ചതിനു ശേഷം ഒരു നിമിഷം ശ്രീധര്‍ ഒന്നും മിണ്ടാതിരുന്നു.

‘ശ്രീധര്‍, ചോദിക്കുന്നത് വ്യക്തിപരമാകില്ലെങ്കില്‍ ... എന്തു പറ്റി, പെട്ടെന്ന് മുഖം വല്ലാതായല്ലോ?’

‘ഓ ... അങ്ങനെയൊന്നുമില്ല അനില്‍ ... അത് മോനായിരുന്നു’

‘അത് ശരി, കുടുംബം നാട്ടിലാണോ? ചെറിയ കുട്ടിയായിരിക്കും?’

‘അല്ല, ഭാര്യയും മകനും രണ്ട് വര്‍ഷമായി ആസ്ട്രേലിയയിലാണ്. ഇടക്ക് അവരെക്കാണാന്‍ ഞാന്‍ അങ്ങോട്ട് പോകും, വല്ലപ്പോഴും അവര്‍ ഇങ്ങോട്ടും വരും’.

‘ചെറിയ കുട്ടിയാണ് അല്ലേ, ചുമ്മാതല്ല ഈ വിഷമം’

ശ്രീധര്‍ ഒന്നും പറയാതിരുന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു,

‘ചെറിയ പ്രായത്തില്‍ കുട്ടികള്‍ അച്ഛനോടും അമ്മയോടും ഒപ്പം തന്നെ വളരണം. ആ കളിയും, ചിരിയും, കുസൃതിയും, ആദ്യമായി മുഖത്തു നോക്കി ‘അഛാ’ എന്ന് വിളിക്കുന്നതും ഒക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ നമുക്കൊക്കെ എന്താണുള്ളത് ശ്രീധര്‍?’

പൊടുന്നനെ ശ്രീധര്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും എഴുന്നേറ്റ്  എന്റെടുത്ത് വന്ന് ഇരു കൈകളും കൂട്ടി പിടിച്ചു,ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

‘അനില്‍, മോന് എട്ട് വയസ്സായി. ഇന്ന് വരെ അവന്‍ ഒരു വാക്കു പോലും ശബ്ദിച്ചിട്ടില്ല. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് അവനെ ആസ്‌ട്രേലിയയില്‍ താമസിപ്പിച്ചിരിക്കുന്നതു തന്നെ. ഡോക്ടര്‍മാര്‍ പറയുന്നു ശരിയാകാന്‍ സാധ്യതയുണ്ടെന്ന്. ഇനി മറ്റൊരു കുട്ടി ഞങ്ങള്‍ക്കുണ്ടാകില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു അനില്‍’.

ഒന്നും മിണ്ടാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍  ശ്രീധര്‍ തുടര്‍ന്നു,

‘ഓരോ ഫോണ്‍ കോളും വരുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും ‘അച്ഛാ’ എന്നൊന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതാണ് ഒരിക്കലും ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കാത്തതും.’

‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’

സ്വര്‍ഗ്ഗം തീര്‍ക്കുന്നവര്‍ ...


ചില്ലുകൂട്ടിലെ
തിരയില്ലാ ജലം
കാട്ടിയവര്‍ ചൊല്ലി,
ഇതാണ് കടല്‍!


ചില്ലുജാലകക്കോട്ടയില്‍
ഒറ്റക്കടച്ചവര്‍ ചൊല്ലീ,
സുനാമിത്തിരകളില്‍
പിടഞ്ഞൊടുങ്ങാതിരിക്കുവാന്‍,
കൂട്ടുചേരലില്‍
കൂട്ടം തെറ്റാതിരിക്കുവാന്‍,
ഒറ്റയായ് തന്നെ കഴിയുക.


വിശപ്പറിയാതിരിക്കുവാന്‍
ഭക്ഷണത്തിന്‍ നിറയുമായ്
കാത്തിരുന്നവരെപ്പോഴും,
വിശപ്പറിഞ്ഞാലിനി മറുവാക്ക്
ചൊല്ലുമോയെന്ന് ഭയന്നവര്‍.
ബുദ്ധിയിലേക്കൊരുതരി-
വെട്ടത്തിന്‍ കണികയെത്താതെ,
ചില്ലുഭിത്തിയില്‍ അലങ്കാര-
പ്പൂക്കൊളൊട്ടിച്ച് വെച്ചവര്‍!


ചിന്തിച്ച് ചിന്തിച്ച്
സ്വയമറിയാതിരിക്കുവാന്‍
തിരയില്ലാക്കടല്‍ കുമ്പിളാല്‍
ഇലയനങ്ങാത്തൊരു
ബോധിവൃക്ഷം തീര്‍ത്തവര്‍.
അലസമായതിന്‍ ചോട്ടില്‍
അന്ധകാരം മനസ്സിന്‍
വാല്‍മീകമാകുന്നത് കണ്ട്
ആര്‍ത്താര്‍ത്ത് ചിരിച്ചവര്‍!


തിരയില്ലാക്കടലിലെ
പാരതന്ത്ര്യത്തെയറിയാതെ
നീന്തിത്തുടിക്കുമ്പോള്‍
പിന്നവര്‍ ചൊല്ലി,
ഇതു തന്നെയാണു നിന്‍ സ്വര്‍ഗ്ഗം!!

നക്ഷത്രങ്ങളുടെ രാജകുമാരി

ഒരു വട്ടം കൂടി ആ ദിവസം എത്തുന്നു; നക്ഷത്രരാജ്യത്തെ രാജകുമാരിയാകാന്‍ എന്റെ പ്രിയപ്പെട്ട കണ്ണന്‍ യാത്രയായ ദിവസം. നാല് വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്ന് പോയത്!

വാരാന്ത്യ സന്ധ്യയുടെ തിരക്കില്‍ വീര്‍പ്പുമുട്ടി നിന്ന പാര്‍ക്കില്‍ മെല്ലെ ആളൊഴിഞ്ഞ് തുടങ്ങി. പുല്‍പ്പരപ്പിന്റെ  വിശാലതയില്‍ മുകളിലേക്ക് നോക്കി കിടന്നു ... ആകാശം  നിറയെ കണ്ണ് ചിമ്മുന്ന കുഞ്ഞ് നക്ഷത്രങ്ങള്‍ ... ആകാശച്ചരിവിലെ തിളങ്ങുന്ന ഒറ്റനക്ഷത്രം കണ്ണിറുക്കി ചിരിക്കുന്നത് പോലെ ... അത് എന്റെ കണ്ണനല്ലേ, നക്ഷത്രരാജ്യത്തെ രാജകുമാരിയാകാന്‍ പോയ എന്റെ കണ്ണന്‍?

ചുറ്റുവട്ടത്തെ വേപ്പുമരങ്ങള്‍ ഉഷ്ണക്കാറ്റൂതുന്നു. എവിടെ നിന്നോ എത്തുന്ന ഒരു രാക്കിളിയുടെ ഒറ്റപ്പെട്ട പാട്ട് ‍! ഒരു കുഞ്ഞുകാറ്റിന്റെ തലോടല്‍ ഓര്‍മകളെ മെല്ലെ തഴുകിയുണര്‍ത്തി.

കണ്ണന്‍ എനിക്ക് ആരായിരുന്നു? എങ്ങിനെയാണ് ഞാന്‍ പോലും അറിയാതെ അവളെന്റെ ജീവനില്‍ കൂട് കൂട്ടിയത്?

പുറത്തേക്ക് വരാനാവാതെ വിതുമ്പി നിന്ന ഒരു തേങ്ങലില്‍ ഓര്‍മകള്‍ ഉണര്‍ത്തുപാട്ടായി.

* * * * * * * *
വിരസത വല്ലാതെ അലോസരപ്പെടുത്തിയ ഒരു വാരാന്ത്യത്തിലാണ് സമയം കളയാനായി കമ്പ്യൂട്ടറിന്റെ ചാറ്റ് റൂമില്‍ കയറിയത്. മെയിന്‍ റൂമിലെ ചാറ്റിങ്ങ് കോലാഹലങ്ങള്‍ വെറുതെ നോക്കിയിരുന്നു. എന്തിനെന്നറിയില്ല ‘കണ്ണന്‍’ എന്ന നിക്ക് കണ്ടപ്പോള്‍ അറിയാതെ അതില്‍ ക്ലിക്ക് ചെയ്തു, ഒരു മുജ്ജന്മബന്ധത്തിന്റെ ബാക്കിപത്രം പോലെ.

ഔപചാരികമായ എന്റെ പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ മറുവശത്തെ നിന്ന് മറുപടി എത്തി,

‘ഹല്ലോ ഏട്ടാ...’

ഔപചാരികതകളില്ലാത്ത സംബോധനയില്‍ തന്നെ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ വിരിഞ്ഞത് പോലെ ... ജന്മപാശങ്ങളാല്‍ ബന്ധിക്കപ്പെട്ട, കൂടിച്ചേരാന്‍ വിധിക്കപ്പെട്ടവരുടെ നിയോഗം പോലെ ഒരു കണ്ടുമുട്ടല്‍!

പിന്നെയും ഒരല്പം സംശയം ബാക്കി, ചാറ്റ് റൂമുകളിലെ കുസൃതികള്‍ പോലെ ഇതും ഏതെങ്കിലും ആണ്‍കുട്ടികളുടെ വികൃതി ആയാലോ? അധികം വൈകാതെ എന്റെ  മൊബയിലിലേക്ക് പരിചയമില്ലാത്തൊരു കോള്‍ എത്തി ..

‘എന്താ ഏട്ടാ, സംശയം ഒക്കെ മാറിയോ?’ ഒപ്പം മണി കിലുങ്ങുന്നത് പോലെ അവളുടെ കുസൃതിച്ചിരിയും.


‘എന്ത് സംശയം കണ്ണാ?’
 
‘ഹേയ് ... കണ്ണനോ, അതല്ലല്ലൊ എന്റെ പേര്’

‘ഉം .. പക്ഷെ മോളെ ഏട്ടന്‍ അങ്ങനെയല്ലേ പരിചയപ്പെട്ടത്, ഇനിയെന്നും നീ ഏട്ടന്റെ കണ്ണനായി തന്നെ ഇരിക്കട്ടെ’


ദൈവികമായ ഒരു ആത്മബന്ധത്തിന് അവിടെ തുടക്കമായി.

പിന്നെ വന്ന ദിവസങ്ങളിലൊക്കെ ഇ-മെയിലുകളിലൂടെ, ഫോണിലൂടെ കണ്ണന്‍ എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി. അവളെനിക്ക്, വാശി പിടിക്കുകയും, കൊഞ്ചുകയും, ഇണങ്ങുകയും, പിണങ്ങുകയും ഒക്കെ ചെയ്യുന്ന കുഞ്ഞനിയത്തിയായി, മകളായി, കളിക്കൂട്ടുകാരിയായി ...

അവളുടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ക്ക്, കോളേജ് കുസൃതികളുടെ വിവരണങ്ങള്‍ക്ക്, ബാല്യകാല തമാശകള്‍ക്ക് ഞാനൊരു നല്ല കേള്‍വിക്കാരനായി. ഒരിക്കലും കണ്ടിട്ടില്ലാത്ത കണ്ണന്റെ തിളങ്ങുന്ന കണ്ണുകളും, കഥ പറയുമ്പോള്‍ ചിരിച്ച് തുടുക്കുന്ന കവിളുകളും ഞാന്‍ സ്വപ്നം കണ്ടു. വിരല്‍തുമ്പില്‍ തൂങ്ങി ‘ഏട്ടാ’ എന്ന് വിളിക്കുന്ന ഒരു കുഞ്ഞനിയത്തി മനസ്സിന്റെ മേച്ചില്പുറങ്ങളില്‍ പിച്ചവച്ചു നടന്നു.
 

കണ്ണന്‍ പറഞ്ഞ കഥകളിലൂടെ അവളുടെ പ്രിയപ്പെട്ട ശിവനും, അമ്പലവും, പാടത്തിനപ്പുറത്തെ കുളവും, പിന്നെ അവളുടെ ചേച്ചിമാരും ചേട്ടന്മാരും മറ്റ് വീട്ടുകാരും എല്ലാം എനിക്കും പ്രിയപ്പെട്ടതായി.

ലോകത്തിന്റെ ഏതു കോണിലായാലും ദിവസം ഒരു തവണയെങ്കിലും എന്നോട് സംസാരിക്കുക എന്നത് കണ്ണന് ഒരു വ്രതം തന്നെയായി! രാത്രിയുടെ എകാന്തതകളില്‍, ഓഫീസ് തിരക്കുകള്‍ക്കിടയില്‍, വാരാന്ത്യങ്ങളുടെ വിരസതകള്‍ക്കിടയില്‍ ഒക്കെ അവളുടെ ഫോണ്‍ വിളികള്‍ എന്നേത്തേടിയെത്തി.

ക്ഷീണിച്ച് തളരുന്ന പകലുകളില്‍, ഏകാന്തത വല്ലാതെ മുറിപ്പെ ടുത്തുമ്പോള്‍ ഒക്കെ മന‍സ്സറിഞ്ഞത് പോലെ കണ്ണന്റെ ഫോണ്‍ വിളി എത്തും ..

‘അക്കൂ ... കുക്കൂ ...’

ഒരു കൊച്ചു കുട്ടിയുടെ കുസൃതിയോടെ അവള്‍ വിളിക്കുമ്പോള്‍ അതെനിക്കൊരു സാന്ത്വന സ്പര്‍ശമാകും. അറിയാതെ എന്റെ ചുണ്ടില്‍ ‍വിരിയുന്ന ചിരിയില്‍ എല്ലാം ഞാന്‍ മറക്കും.

എനിക്കേറെ ഇഷ്ടമുള്ള ‘കൃഷ്ണ നീ വേഗനെ വാരോ..’ മാന്ത്രിക സ്പര്‍ശമുള്ള വിരലുകള്‍ കൊണ്ട് കണ്ണന്‍ അവളുടെ വീണയില്‍  വായിച്ചു കേള്‍പ്പിക്കുമ്പോള്‍, മധുരമുള്ള ശബ്ദത്തില്‍ ‘ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ...’ എന്ന ഗാനം ഫോണിലൂടെ പാടിക്കേള്‍പ്പിക്കുമ്പോള്‍ ഒക്കെ ഞാന്‍ എന്റെ കണ്ണന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞു. ഭരതനാട്യത്തിന്റെ ചടുലഭാവങ്ങള്‍ എന്റെ കണ്ണന്‍ ആടിത്തിമിര്‍ക്കുന്നത് മനസ്സിലെ നൃത്തമണ്ഡപത്തില്‍ കണ്ടറിയുമ്പോള്‍, അധികം താമസിയാതെ അത് നേരിട്ട് കാണണം എന്ന് ഉറപ്പിച്ചിരുന്നു.

ഓഫീസിലേക്ക് പോകാന്‍ തിരക്കിട്ട് തയ്യാറായിക്കൊണ്ടിരുന്ന ഒരു പുലര്‍കാലത്താണ് കണ്ണന്റെ ഫോണ്‍ വന്നത്,

‘ഏട്ടാ...’


‘എന്താ കണ്ണാ?’


‘ഉം.. പിന്നെ ... ഏട്ടന്‍ ഒന്ന് കണ്ണടച്ചെ, എന്നിട്ട് എന്നെ ഒന്നനുഗ്രഹിച്ചേ ...’


കാര്യം അറിയാതെ അമ്പരന്ന് നില്‍ക്കുമ്പോള്‍  അവള്‍ പറഞ്ഞു,

‘ഏട്ടാ ഇന്നെന്റെ ഫൈനല്‍ എക്സാം തുടങ്ങുന്നു, ഏട്ടന്‍ അനുഗ്രഹിക്കണം’

ആയിരക്കണക്കിന് മൈലുകള്‍ക്കകലെ ആയിട്ടും എന്റെ കാല്പാദങ്ങളില്‍ കണ്ണന്റെ വിരലുകള്‍ സ്പര്‍ശിച്ചത് ഞാന്‍ അനുഭവിച്ചറിഞ്ഞു. മനസ്സ് കൊണ്ട് അവളുടെ നെറുകയില്‍ തലോടുമ്പോള്‍ അറിയാതെ തന്നെ പ്രാര്‍ത്ഥിച്ച് പോയി, ‘ഈശ്വരന്മാരെ എന്റെ കുട്ടിയെ അനുഗ്രഹിക്കണേ’. കണ്‍കോണില്‍ അറിയാതെ നനവ് പടരുന്നതും ഞാന്‍ അറിഞ്ഞു!

പിന്നെ, പരീക്ഷാഫലം വന്ന് അഖിലേന്ത്യാതലത്തില്‍ തന്നെ റാങ്കുണ്ട് എന്നറിയിക്കുമ്പോള്‍ കണ്ണന്‍ പറഞ്ഞു,

‘എല്ലാം എന്റെ ശിവന്റെ, അല്ല ഏട്ടന്റെ അനുഗ്രഹം!’

കുറച്ച് ദിവസങ്ങള്‍ കൊണ്ട്, ഏതാനും ആഴ്ചകള്‍ കൊണ്ട് കണ്ണന്‍ എനിക്ക് പിറക്കാതെ പോയ മകളായി ... എന്നും ആഗ്രഹിച്ചിരുന്ന കുഞ്ഞനിയത്തിയായി. ഒരിക്കല്‍ പോലും നേരിട്ടൊന്നു കാണാതെ, നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഓമനിച്ച ഒരു ആത്മബന്ധം...

എനിക്കൊരു കുഞ്ഞ് ജലദോഷം വന്നാല്‍ ‍പോലും കണ്ണന്‍ അവളുടെ പ്രിയപ്പെട്ട ശിവന്റെ നടയില്‍ പോയി ദിവസം മുഴുവന്‍ ജലപാനം പോലും കഴിക്കാതെ വൃതം ഇരിക്കുമായിരുന്നത്രെ!

പൂക്കളേയും, തുമ്പികളേയും സ്‌നേഹിച്ച, ദാവണിയുടുക്കാന്‍ ഇഷ്ടപ്പെട്ട, പുലര്‍കാലങ്ങളില്‍ മുടങ്ങാതെ കുളിച്ചു തൊഴുമായിരുന്ന എന്റെ കണ്ണന്റെ ഫോര്‍വീല്‍ വാഹനങ്ങളോടും മോട്ടോര്‍സൈക്കിളുകളോടും ഉള്ള കമ്പം എന്നും എനിക്കൊരു അല്‍ഭുതമായിരുന്നു.

പിന്നെ ഒരു ദിവസം വന്ന ഫോണ്‍ കോളില്‍ കണ്ണന്റെ ശബ്ദത്തിന് എന്തോ പന്തികേട് പോലെ.

‘എന്ത് പറ്റി മോളേ?’

ഒരു വിങ്ങിക്കരച്ചില്‍ ആയിരുന്നു മറുപടി! സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു, ‘ഏട്ടാ ഞാന്‍ മെയില്‍ ചെയ്യാം’. പൊടുന്നനെ കണ്ണന്‍ ഫോണ്‍ വച്ചു!

അസ്വസ്ഥമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ണന്റെ മെയില്‍ വന്നു. ആ വരികളിലൂടെ കണ്ണോടിച്ചപ്പോള്‍ തലച്ചോറില്‍ എന്തെല്ലാമ്മോ പൊട്ടിത്തകരുന്നത് പോലെ ... കണ്ണുകളില്‍ ഇരുട്ട് കയറി ... മനസ്സില്‍ എന്തൊക്കെയോ തകര്‍ന്നു വീണു. എന്റെ കണ്ണന്‍ ആശുപത്രിയിലാണ്, ഹൃദയഭിത്തിയിലുള്ള ഒരു കുഴപ്പം പരിഹരിക്കാന്‍ അവള്‍ക്ക് ഉടന്‍ ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമത്രെ!

കണ്ണന്‍ എഴുതിയിരിക്കുന്നു, ‘എനിക്ക് വയ്യ ഏട്ടാ ഈ ഓപ്പറേഷനും മരുന്നും ഒക്കെ, മടുത്തിരിക്കുന്നു ... ഒന്നും വേണ്ട ഇനി ... എന്തിനാണേട്ടാ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്?’

പിന്നെ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മുവിനെ വിളിച്ചപ്പോഴാണ് അറിഞ്ഞത്, എപ്പോഴും കളിച്ചും ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും നടക്കുന്ന എന്റെ കണ്ണന്‍ പലവിധ രോഗങ്ങളുടെ പിടിയിലാണെന്ന്. എല്ലാ വേദനകളും ആരോടും പരിഭവമില്ലാതെ, ദൈവങ്ങളോട് പോലും, സ്വയം സഹിക്കുകയായിരുന്നു എന്റെ കുട്ടി!


ഏറെ നേരം കഴിഞ്ഞ് കണ്ണനെ വിളിക്കുമ്പോള്‍ എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. വളരെയേറെ നിര്‍ബന്ധിച്ചു കഴിഞ്ഞാണ് അവള്‍ സര്‍ജറിക്ക് സമ്മതിച്ചത്.

ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകും മുമ്പ് കണ്ണന്‍ എന്നെ വിളിച്ചു. എന്ത് പറയണം എന്നറിയാതെ വിഷമിക്കുമ്പോള്‍ അവളെന്നെ ആശ്വസിപ്പിച്ചു,

‘ഏട്ടാ, ഏട്ടന്റെ കണ്ണന് ഒന്നും വരില്ല, ട്ടോ ...’

വെറുതെ മൂളാനേ എനിക്കായുള്ളു.

മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ശേഷം കണ്ണ് തുറന്ന കണ്ണന്‍ ആദ്യം ചെയ്തത് എന്നെ വിളിക്കുകയായിരുന്നു. ക്ഷീണിച്ച ശബ്ദത്തില്‍ അവള്‍ മെല്ലെ പറഞ്ഞു, ‘ഏട്ടാ ഞാന്‍ പറഞ്ഞില്ലേ....?’

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നു, സന്തോഷത്തിന്റെ ദിവസങ്ങള്‍ ... കളിയും ചിരിയും പാട്ടും ഡാന്‍സുമൊക്കെയായി വീണ്ടും. പക്ഷെ വിധി വീണ്ടും അവളോട് ക്രൂരത കാട്ടി, അവള്‍ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സഹോദരനെ ഒരു കാറപകടത്തിലൂടെ തട്ടിയെടുത്തുകൊണ്ട്!!


പിന്നേയും ഏറെ ദിവസങ്ങള്‍ എടുത്തു കണ്ണന്‍ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍.

പിന്നെ, അപ്രതീക്ഷിതമായി ഒരു ദിവസം അവള്‍ പറഞ്ഞു, ‘ഏട്ടാ, ഞാന്‍ ഏട്ടനെ കാണാന്‍ വരുന്നു’

ആദ്യം വിശ്വസിക്കാനായില്ല, ’എപ്പോഴാണ്?’

‘ഉം.. എന്ത് പറ്റി, തിരക്കായോ?’ മണി കിലുങ്ങുന്നത് പോലെ അവള്‍ ചിരിച്ചു.


‘നാളെ ഏട്ടന്റെ വീടിനടുത്തുള്ള ഷോപ്പിങ് സെന്ററില്‍ ഞാന്‍ വരുന്നുണ്ട്, അവിടെ വന്നിട്ട് വിളിക്കാം കേട്ടൊ’.

നിമിഷങ്ങള്‍ക്ക് വേഗത പോരാ എന്ന തോന്നല്‍... ദൈവം എനിക്ക് തന്ന കുഞ്ഞനിയത്തിയെ കാണാനുള്ള തിടുക്കം.


പിറ്റെ ദിവസം ഫോണ്‍ കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഷോപ്പിങ് സെന്ററില്‍ എത്തി. ഏറെ തിരക്കുകള്‍ക്കിടയിലും ഞാന്‍ എന്റെ കണ്ണനെ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു; മുജ്ജന്മപുണ്യങ്ങളുടെ സുകൃതമായി അവള്‍, എന്റെ കണ്ണന്‍, തൊട്ടു മുന്നില്‍!

അവളുടെ വിരലുകളില്‍ കൂട്ടിപ്പിടിച്ച് ‘കണ്ണാ’ എന്ന് വിളിക്കുമ്പോള്‍ മറ്റൊന്നും പറയാനായില്ല. തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നപ്പോള്‍ ഉറക്കെ ചിരിച്ച് കണ്ണന്‍ ചോദിച്ചു,


‘എന്താ എട്ടാ.. ഇങ്ങനെ ഒന്നും മിണ്ടാതെ?’

പിന്നെ ഷോപ്പിങ് സെന്ററിലെ ഫൌണ്ടന്റെ അരികിലിരുന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞു. ഇടക്കെപ്പോഴോ എന്റെ വിരലുകളില്‍ മുറുകെപ്പിടിച്ച് കണ്ണന്‍ പറഞ്ഞു, ‘ഏട്ടാ, ഞാന്‍ അടുത്തില്ലെങ്കിലും ഏട്ടന് എപ്പോഴെങ്കിലും എന്നെ കാണണം എന്ന് തോന്നിയാല്‍ കണ്ണടച്ച് ‘കണ്ണാ’ എന്നൊന്ന് മെല്ലെ വിളിച്ചാല്‍ മതി, ഞാന്‍ അരികില്‍ ഉണ്ടാവും കേട്ടോ’...


അവളുടെ കണ്ണുകളിലേക്ക് നോക്കി വെറുതെ ചിരിക്കുമ്പോള്‍ അതൊരു തമാശയായേ തോന്നിയുള്ളു.

‘ഏട്ടാ, ഇനി കാണുമ്പോള്‍ ഏട്ടന് തരാന്‍ ഞാന്‍ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്, ഒരു ചെപ്പ് നിറയെ മഞ്ചാടിക്കുരുക്കള്‍!’

ഏറെ നേരത്തിന് ശേഷം യാത്ര പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്തിനെന്നറിയില്ല വിരലുകള്‍ വിറച്ചിരുന്നു! കണ്ണന്‍ യാത്ര പറയുമ്പോള്‍ ആ വിരലുകളില്‍ തലോടി വെറുതെ തലയാട്ടാനേ  കഴിഞ്ഞു ള്ളു.

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീര്‍ത്തുള്ളി എന്റെ ഹൃദയത്തിലെവിടെയൊ വന്ന് വീണുടഞ്ഞു. ദൂരെയെത്തി കൈവീശി നടന്ന് മറയുമ്പോള്‍, കണ്ണുനീര്‍ മൂടിയ എന്റെ മിഴികളില്‍ നിന്ന് എന്റെ കണ്ണന്‍ അകന്ന് പോകുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല അത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും കൂടിക്കാഴ്ച ആവും എന്ന്!!


അടുത്ത ദിവസവും പതിവ് പോലെ കണ്ണന്റെ ഫോണ്‍ എത്തി, പക്ഷെ അവളുടെ ശബ്ദത്തിന് എന്തോ മരവിപ്പ് പോലെ  ‘എന്ത് പറ്റി’ എന്ന എന്റെ ചോദ്യത്തിന് ഒരു വിങ്ങിക്കരച്ചിലായിരുന്നു മറുപടി. ഗദ്ഗദങ്ങള്‍ക്കിടയില്‍ അവള്‍ ഫോണ്‍ അമ്മുവിന് കൊടുത്തു. അമ്മു പറഞ്ഞ വാര്‍ത്ത ഒരു വെള്ളിടിയായാണ് എന്റെ കാതില്‍ പതിച്ചത്! കാലുകള്‍ തളരുന്നു എന്ന് തോന്നിയപ്പോള്‍ തൊട്ടടുത്ത കസേരയില്‍ ഇരുന്നു.

എന്റെ കണ്ണന്‍ വീണ്ടും ഹോസ്പിറ്റലില്‍ ആണത്രെ... ‘രക്താര്‍ബുദം’ എന്റെ കുട്ടിയുടെ രക്തകോശങ്ങളെ വളരെയേറെ ആക്രമിച്ച് കീഴടക്കിക്കഴിഞ്ഞിരിക്കുന്നു! നേരത്തെ തന്നെ മറ്റുള്ളവര്‍ക്ക് ഈ രോഗത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് കണ്ണന്‍ അറിഞ്ഞത്. അവള്‍ അറിയാതെ കൊടുത്തിരുന്ന മരുന്നുകള്‍ ഫലം ചെയ്യാത്ത അവസ്ഥയായിരിക്കുന്നു!


ഒരു അവസാനശ്രമം എന്ന നിലയില്‍ തൊട്ടടുത്ത ദിവസം തന്നെ കണ്ണനെ ന്യൂയോര്‍ക്കിലെ പ്രശസ്ഥമായ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ഉടന്‍ തന്നെ കണ്ണന്‍ എന്നെ വിളിച്ചു,

‘അക്കൂ... ഏട്ടാ എന്താ ഒന്നും മിണ്ടാത്തെ, പേടിച്ച് പോയോ, ഉം??’


ഒന്നും മിണ്ടാനാവാതെ തരിച്ച് നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു, പിന്നെ ഒരല്പം ഗൌരവത്തോടെ പറഞ്ഞു,


‘ഏട്ടാ, നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥനകള്‍ എന്റെ കൂടെ ഉള്ളപ്പോള്‍ എനിക്കൊന്നും വരില്ല കേട്ടൊ’.


അടുത്ത ദിവസം വിളിക്കുമ്പോള്‍ അവള്‍ ഏറെ സന്തോഷവതിയായിരുന്നു.

‘ഏട്ടാ, ഡോക്‌ടേര്‍സ് പറഞ്ഞു എല്ലം ശരിയാകും എന്ന്, എനിക്കിപ്പോള്‍ നല്ല സുഖം തോന്നുന്നുണ്ട് കേട്ടൊ’.


പിന്നെ വന്ന രണ്ട് ദിവസങ്ങളിലും വിളിച്ചപ്പോള്‍ കണ്ണന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, പാട്ട് പാടി, പൊട്ടിച്ചിരിച്ചു. അവളുടെ സന്തോഷം കണ്ടപ്പോള്‍ മനസ്സില്‍ കുളിരു പെയ്തു. പേരറിയാവുന്ന ദൈവങ്ങളോടെല്ലാം നന്ദി പറഞ്ഞു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.


നാലാമത്തെ ദിവസം വിളിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘ഏട്ടാ, എനിക്കിപ്പോള്‍ ഏറെ ആശ്വാസമുണ്ട്, മരുന്നുകള്‍ റെസ്‌പോണ്ട് ചെയ്യുന്നു എന്ന് ഡോക്‌ടേര്‍സ് പറഞ്ഞു’.


‘ഈശ്വരന്മാര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ എങ്ങനെ കേള്‍ക്കാതിരിക്കാന്‍ കഴിയും മോളേ?’

‘ഞാന്‍ വേഗം തിരിച്ച് വരും ഏട്ടാ, ഒരുപാട് കാലം ജീവിക്കാന്‍ ഇപ്പോള്‍ ഒരു കൊതി’.

അടുത്ത ദിവസം ശനിയാഴ്ച ആയിരുന്നു, ജൂലൈ 9. ഉച്ചമയക്കത്തിന്റെ ആലസ്യത്തിനിടയിലാണ് ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കാന്‍ തുടങ്ങിയത്.


‘അക്കൂ, ഉച്ചക്ക് കിടന്നുറങ്ങി തടി ഒക്കെ കൂട്ടിക്കൊ കേട്ടോ‘ കണ്ണനായിരുന്നു ഫോണില്‍.

പിന്നെ ഒരുപാട് കാര്യങ്ങള്‍ പതിവുപോലെ അവള്‍ പറഞ്ഞു.

‘എന്താ ഇപ്പോഴും ഏട്ടന് ഒരു പേടി പോലെ ... ഏട്ടന്റെ കണ്ണന് ഒന്നും വരില്ല അക്കൂസ്സേ ..’ കണ്ണന്‍ ഉറക്കെ ചിരിച്ചു.


‘ഏട്ടാ ഒന്ന് ഹോള്‍ഡ് ചെയ്യണേ...’ തുടര്‍ന്ന് ഫോണ്‍ താഴെ വീഴുന്ന ശബ്ദം! ഫോണ്‍ കട്ടായി!!


മനസ്സില്‍ എന്തെന്നറിയാത്ത വീര്‍പ്പുമുട്ടല്‍ ... നെഞ്ചില്‍ ഒരു പിടച്ചില്‍ പോലെ.

കുറെ നേരം കഴിഞ്ഞ് വീണ്ടും ഫോണ്‍ വന്നു, അമ്മുവായിരുന്നു.

"ഏട്ടാ, കണ്ണന്‍ ആശുപത്രിയിലാണ് ... ഏട്ടനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പൊടുന്നനെ അവള്‍ കുഴഞ്ഞ് വീണു, ഓരോ രോമകൂപത്തില്‍ കൂടെയും രക്തം വരുന്നുണ്ടായിരുന്നു. ആംബുലന്‍സില്‍ വച്ച് ബോധം മറയുവോളം അവള്‍ ഏട്ടന്റെ കാര്യമാണ് പറഞ്ഞത്’".


അമ്മു പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല, കാതുകള്‍ കൊട്ടിയടച്ചത് പോലെ ... നെഞ്ചൊക്കെ വിങ്ങുന്നു!

‘കണ്ണന് എങ്ങനെയുണ്ട് ഇപ്പോള്‍ ‍?’

‘ഐ. സി.യുവില്‍  ആണ്, ഇത്തിരി കഴിഞ്ഞ് വിളിക്കാം’ .. അമ്മു ഫോണ്‍ വച്ചു.


അറിയാവുന്ന ദൈവങ്ങളോടൊക്കെ ചോദിച്ചു പോയി, ഒരു മാത്ര തെളിഞ്ഞ് അസ്തമിക്കുന്ന മഴവില്ലാകുവാന്‍ മാത്രമായിരുന്നെങ്കില്‍  എന്തിനാണ് ഈശ്വരന്മാരെ എന്റെ കുഞ്ഞിന് എല്ലാം തികഞ്ഞ ഈ പുണ്യജന്മം നല്‍കിയത്??


അധികം കഴിയും മുമ്പ് വീണ്ടും ഫോണ്‍ ശബ്ദിച്ചു ... വിറക്കുന്ന കരങ്ങളോടെ ഫോണ്‍ എടുത്തു ... അങ്ങേത്തലക്കല്‍ അമ്മുവിന്റെ വിറങ്ങലിച്ച ശബ്ദം.

‘ഏട്ടന്റെ ... ഏട്ടന്റെ കണ്ണന്‍ പോയി ... !!!’

തളര്‍ന്ന് താഴേക്കിരിക്കുമ്പോള്‍ അവള്‍ പറയുന്നത് കേട്ടു, ‘മരിക്കുമ്പോഴും ഏട്ടന്റെ ഒരു ഫോട്ടോ കണ്ണന്‍ അവളുടെ വിരലുകള്‍ക്കുള്ളില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു’.


പിന്നെ, ഏറെനേരം കഴിഞ്ഞ് സ്വബോധത്തിലേക്ക് തിരിച്ചു വരുമ്പോഴും ബോധമനസ്സിന് ഉള്‍ക്കൊള്ളാനായില്ല, എന്റെ കണ്ണന്‍ ഒരോര്‍മയായി എന്ന വസ്തുത. ഒന്‍പത് മാസം മാത്രം ആയുസ്സുണ്ടായിരുന്ന, ഒന്‍പത് ജന്മങ്ങളുടെ സ്‌നേഹം പങ്കുവച്ച പുണ്യം പോലെ ഒരു ബന്ധം!

അടുത്ത ദിവസം കമ്പ്യൂട്ടറിലെ മെയില്‍ ബോക്സ് തുറക്കുമ്പോള്‍ അതില്‍ കണ്ണന്‍ മരണത്തിന് ഏതാനും  മണിക്കുറുകള്‍ക്ക് മുമ്പ് എഴുതിയ ഒരു മെയില്‍ ഉണ്ടായിരുന്നു. അതില്‍ അവള്‍ എഴുതിയിരുന്നു,

‘ഏട്ടാ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും എനിക്ക് ഏട്ടന്റെ കണ്ണനായി തന്നെ ജനിക്കണം’.


* * * * * * *
ഒരു കുഞ്ഞുകാറ്റ് മെല്ലെ വന്ന് തഴുകി ... ഒരു വിരല്‍ സ്പര്‍ശനത്തിന്റെ സാന്ത്വനം ... എവിടെ നിന്നോ കാതിലൊരു ‘ഏട്ടാ’ വിളി മുഴങ്ങുന്നത് പോലെ. നിറഞ്ഞ മിഴികള്‍ തുറന്നപ്പോള്‍ ദൂരെ പുഞ്ചിരിത്തിളക്കവുമായി ആ ഒറ്റനക്ഷത്രം!.

കണ്ണുകള്‍പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍‍. ആരെല്ലാമോ  വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്.

വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്‍പ്പാളികള്‍  തുറന്നു. എവിടെയും ഒരിലപോലും പോലും അനങ്ങുന്നില്ല. ജന്നലിനടുത്ത് ഒഴിഞ്ഞ കൂജ. ഫ്രിഡ്ജിന്റെ ആഡംബരം വന്നിട്ടും എന്നും കൂജയിലെ വെള്ളം കുടിക്കാന്‍ അവള്‍ക്കായിരുന്നല്ലോ കൂടുതല്‍ താല്പര്യം!

‘രാജാ’ തോളില്‍ മെല്ലെയമരുന്ന കൈപ്പടം, ദാസേട്ടനാണ്.

‘അവര് വന്നിരിക്കുന്നു...’

‘ദാസേട്ടന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്തോളൂ’

‘ഉം... നീ ഈ പേപ്പറില്‍ ഒന്ന് ഒപ്പിടണം... പിന്നെ അതിനുമുമ്പ് ഒന്ന് കൂടി നിനക്കു കാണണമെങ്കില്‍..’

‘ഞാന്‍ വരാം ദാസേട്ടാ ...’

കയ്യിലിരുന്ന പേപ്പര്‍ മേശപ്പുറത്ത് വെച്ചിട്ട് ദാസേട്ടന്‍ പുറത്തേക്ക് പോയി.മേശപ്പുറത്ത് അവളുടെ, അമ്മുവിന്റെ ഫോട്ടോ. ആ വിടര്‍ന്ന, തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. ആ മിഴികള്‍ ഒന്ന് ചിമ്മിയടഞ്ഞുവോ? ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞില്ലേ?

ദാസേട്ടന്‍ കൊണ്ടുവന്ന സമ്മതപത്രത്തില്‍ ഒപ്പിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി കണ്ണുകള്‍ അവളുടെ ഫോട്ടോയിലുടക്കി.


‘കൈ വിറക്കുന്നുണ്ട് അല്ലേ... നോക്ക്, എന്നോട് പറഞ്ഞത് മറക്കണ്ട കേട്ടോ’

പിന്നെയും ആ ചിരിക്കുന്ന കണ്ണുകള്‍.


'ഒന്നും, ഒന്നും എനിക്ക് മറക്കാന്‍ വയ്യല്ലോ അമ്മൂ.'

എന്നായിരുന്നു ഈ കണ്ണുകള്‍ ആദ്യമായി കണ്ടത്?

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിന് പോയത് ഒരു തമാശയായിട്ടായിരുന്നു. പക്ഷെ, ഇടക്കെപ്പോഴോ അകത്തെ മുറിയുടെ ഇരുട്ടില്‍, ജനലഴികള്‍ക്കിടയിലൂടെ കണ്ട രണ്ട് തിളങ്ങുന്ന കണ്ണുകള്‍ തുളഞ്ഞ് കയറിയത് ഹൃദയത്തിനുള്ളിലേക്കായിരുന്നു. ഒപ്പം ആളിനേ കാണുന്നതിനു മുമ്പ് തന്നെ മനസ്സ് തീരുമാനമെടുത്തിരുന്നു, ‘ഈ കണ്ണുകള്‍ എനിക്ക് വേണം’!

ആദ്യമായി അവള്‍ക്ക് നല്‍കിയ സ്നേഹമുദ്രകളും പാതികൂമ്പിയ ആ മിഴികളിലായിരുന്നല്ലോ.

പിന്നെ എത്രയെത്ര വര്‍ഷങ്ങള്‍... ചിരിച്ചും, കളി പറഞ്ഞും, കരഞ്ഞും, പിണങ്ങിയും കുസൃതി കാട്ടിയും ഒക്കെ ആ കണ്ണുകള്‍ എന്നോടൊപ്പം. നീണ്ട പീലികളുള്ള ആ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഒന്നും പറയാതെ, ഒരുപാട് പറഞ്ഞ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!പിന്നെ ഒരിക്കല്‍ എന്തോ ഔദ്യോഗിക ആവശ്യത്തിന് ഒരു അന്ധവിദ്യാലയത്തില്‍ പോകേണ്ടി വന്നപ്പോഴാണ് അവളും കൂടെ വന്നത്. പല തരത്തിലുള്ള അന്ധരായ കുഞ്ഞുങ്ങളേയും, അവരുടെ കഷ്ട്പ്പാടുകളും ഒക്കെ കണ്ടതോടെ അവളുടെ മുഖം മ്ലാനമായി. കയ്യില്‍ കരുതിയിരുന്ന സമ്മാനങ്ങളൊക്കെ ആ കുട്ടികള്‍ക്ക് കൊടുത്ത് മടങ്ങിപ്പോരുമ്പോഴും, കാറില്‍ വെച്ചും അവള്‍ ഒന്നും സംസാരിച്ചില്ല.

രാത്രി ഒരു പുസ്തകവും വായിച്ചു കിടക്കുമ്പോഴാണ് അവള്‍ അടുത്തു വന്ന് കിടന്നത്.

‘രാജേട്ടാ, ഞാനൊരു കാര്യം പറയട്ടേ?’

‘ഉം’

മെല്ലെ നെഞ്ചില്‍  തലചേര്‍ത്ത്,  രോമങ്ങളില്‍ വിരലോടിച്ച് അവള്‍ തുടര്‍ന്നു,

‘ഇന്ന് ആ കണ്ണ് കാണാന്‍ വയ്യാത്ത കുട്ടികളെ കണ്ടില്ലേ, എന്തൊരു കഷ്ടമാ അല്ലേ?’

‘ഉം’

‘രാജേട്ടാ, ഞാന്‍ എന്റെ കണ്ണ് മരണശേഷം ദാനം ചെയ്യാന്‍ വേണ്ടി നേത്രബാങ്കില്‍ പേര് കൊടുത്തോട്ടേ?’

‘ങേ .. കണ്ണ് ദാനം ചെയ്യാനോ?’ ഒരു ഞെട്ടലാണുണ്ടായത്.


‘വേണ്ട... മരണശേഷമുള്ള കാര്യമൊന്നും ഇപ്പോഴാലോചിക്കണ്ട’

പൊടുന്നനെ അവള്‍ തിരിഞ്ഞു കിടന്നു.

‘ദാ ഇപ്പറയുന്നത്... അവനോന്റെ കാര്യം വരുമ്പോ എല്ലാരും ഇങ്ങനാ... മറ്റുള്ളവരോട് കണ്ണ് ദാനം ചെയ്യണം, പുണ്യപ്രവര്‍ത്തിയാ എന്നൊക്കെ ഉപദേശിക്കാന്‍ എല്ലാര്‍ക്കും ആവും.’

‘ഉം... മറ്റുള്ളോര് കൊടുത്തോട്ടെ, ഇവിടെ ആരും കൊടുക്കുന്നില്ല.’കുറച്ച് നേരത്തേക്ക് അവളുടെ ശബ്ദം കേട്ടില്ല. പിന്നെ മെല്ലെ ഏങ്ങലടികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ചു,

‘അമ്മൂ നിനക്കറിയില്ലേ, നിന്റെയീ കണ്ണുകള്‍ ഏട്ടന് ...’‘ഉം എനിക്കറിയാം. ഒന്ന് ഓര്‍ത്ത് നോക്കിയേ , രാജേട്ടന് ഒരുപാടിഷ്ടമുള്ള എന്റെയീ കണ്ണുകള്‍ നമ്മുടെ കാലശേഷവും ഒരുപാട് കാലം ജീവിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് പാവം മനുഷ്യര്‍ക്ക് കാഴ്ച കൊടുക്കുക എന്ന പുണ്യവും.’

‘പിന്നെ രാജേട്ടനറിയാമല്ലോ, കണ്ണ് ദാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ കണ്ണിലെ ‘കോര്‍ണിയ’ എന്ന ചെറിയ ഒരു പടലം എടുക്കുക  മാത്രമല്ലേ ചെയ്യുന്നുള്ളൂ, പത്തു  മിനിറ്റ് മതീന്നും  അത് എടുക്കുന്നത് തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നൊക്കെയാ കേട്ടത്.’

‘ഉം ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ’

ആ കണ്ണുകള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങി.

‘കള്ളന്‍’... തന്റെ കണ്ണടയൂരി ഇരു കണ്ണുകളിലും അവള്‍ മാറി മാറി ചുംബിച്ചു.

‘രാജാ... അവര്‍ കാത്തിരിക്കുന്നു...’ ദാസേട്ടനാണ്.

ഒപ്പിട്ട സമ്മതപത്രവുമായി പുറത്തേക്ക് ചെന്നു.വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശാന്തമായി കിടക്കുന്ന അമ്മുവിന്റെ ശരീരം. നിലവിളക്കിന്റെ തിരിനാളങ്ങള്‍ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത അവളുടെ കണ്‍പീലികളില്‍ തിളങ്ങി. മെല്ലെ കുനിഞ്ഞ് അവളുടെ മിഴികളില്‍ ചുംബിക്കുമ്പോള്‍ ഒഴുകിയിറങ്ങിയ രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ ആ അടഞ്ഞ കണ്‍പോളകളില്‍ വീണ് ചിതറി.

‘അമ്മൂ, തൃപ്തിയായില്ലേ... നീ ആഗ്രഹിച്ചത് പോലെ, നിന്റെയീ കണ്ണുകള്‍ ഏതോ രണ്ട് പാവം മനുഷ്യരിലൂടെ ഇനിയും ഒരുപാട് കാലം ഈ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും.’

‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’


നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ഹോംവര്‍ക്കിന്റെ തിരക്കില്‍. ഒരാഴ്ച കാത്തിരുന്നതിന് ശേഷമാണ് മോന്‍ വീട്ടിലുണ്ടാകാനിടയുള്ള സമയം നോക്കിത്തന്നെ ഫോണ്‍ ചെയ്തത്.

‘ഹല്ലൊ’ ഫോണിന്റെ അങ്ങേത്തലക്കല്‍ നന്ദു തന്നെ. കുട്ടിത്തം വിട്ടകലാന്‍ തുടങ്ങുന്ന അവന്റെ ശബ്ദം ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടാക്കിയത്.

‘നന്ദുവിന് സുഖമല്ലേ മോനെ?’

‘ഉം’ ഒരു മൂളലില്‍‍ ഒതുങ്ങുന്ന ഉത്തരം!

‘നന്നായി പഠിക്കുന്നില്ലേ  മോന്‍?’

‘ഉം’ ..വീണ്ടും!

‘സ്‌കൂളില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’

‘ഒന്നൂല്ലാ’

‘അച്ഛാ ഞാന്‍  ഫോണ്‍ അമ്മക്ക് കൊടുക്കട്ടെ?’ ... നന്ദുവിന് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു! അമ്മയെ  വിളിച്ച് ഫോണ്‍ ഏല്‍പ്പിച്ചിട്ട് അവന്‍ എങ്ങോട്ടോ ഓടിപ്പോയി!

പൊന്നുമോന്റെ കുസൃതികള്‍ കേള്‍ക്കാന്‍, കളിയും ചിരിയും തമാശകളും കേള്‍ക്കാന്‍, സ്കൂളിലെ വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായി നിന്ന എന്റെ മനസ്സില്‍ എന്തൊക്കെയോ വീണുടയുന്നത് പോലെ!

നന്ദു വളര്‍ന്നിരിക്കുന്നു!

എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നിര്‍ത്താതെ സംശയങ്ങള്‍ ചോദിക്കുകയും, അവന്റെ ലോകത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഓഫീസ്സില്‍ നിന്നും വരുന്നതും കാത്തിരിക്കുകയും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞ് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ പൊന്നുമോന്‍ പെട്ടെന്ന് വളര്‍ന്നത് പോലെ ... അവന്‍ എനിക്ക് അന്യനായത് പോലെ!

എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു അകലം ഉണ്ടായത്? എപ്പോഴാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയില്‍ ഒരല്പം നഷ്ടം ഉണ്ടാകാന്‍ തുടങ്ങിയത്?!

ഒരു കുട്ടിക്ക് അവന്റെ അച്ഛനമ്മമാരോട് ഏറ്റവും ഊഷ്മളമായ അടുപ്പമുണ്ടാകുന്നതും, ബന്ധത്തിന്റെ ഇഴയടുപ്പം  ഏറ്റവും  കൂടുന്നതും അച്ഛനമ്മമാരും മക്കളും ഒന്നിച്ച് കഴിയുന്ന ബാല്യത്തിലാണ്. പിന്നെ കൌമാരത്തിലെ വളര്‍ച്ചയുടെ പടവുകളില്‍ അവര്‍ക്ക് അച്ഛനമ്മമാരുമായി നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നു.

പക്ഷെ വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത ... ഒരു മാസത്തെ അടുപ്പം അപരിചതത്വത്തിന്റെ മഞ്ഞ് ഉരുക്കുമ്പോഴേക്കും അടുത്ത തിരിച്ച് പോക്ക്! പിന്നേയും കൂടുതല്‍ അകന്നു പോകുന്ന മക്കള്‍!

അല്ലെങ്കില്‍ തന്നെ നാമൊക്കെ മന‍സ്സില്‍‍ സൂക്ഷിക്കുന്ന ഒരു മധുരമുള്ള ബാല്യം  നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി തൊടിയിലും പറമ്പിലും നടന്നതും, അച്ഛന്‍ ഓലപ്പമ്പരവും, കാറ്റാടിയും ഉണ്ടാക്കിത്തന്നതും, തൂക്കണാംകുരുവിയുടെ കൂട് കാട്ടിത്തന്നതും, കഥകള്‍ പറഞ്ഞ് തന്നതും, പുഴയിലെ മുട്ടോളം വെള്ളത്തില്‍ നഗ്നനാക്കി നിര്‍ത്തി മേല് തേച്ച് കുളിപ്പിച്ചതും ... ഇത്തരം ഒരു ബാല്യം നമ്മുടെ കുഞ്ഞൂങ്ങള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയാറില്ലല്ലോ !

മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!

ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.

പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പോള്‍‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്‍!’.
 

ചോര മണക്കുന്ന നാട്ടുവഴികള്‍!പ്രവാസ ഗ്രീഷ്മത്തിന്റെ വറുതിയില്‍ വേനല്‍മഴ പോലെ  വീണു   കിട്ടിയ ഒരു ചെറിയ അവധിക്കാലം.


കാലത്തിന്റെ കുത്തൊഴുക്കിലും, ദ്രുതമാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ക്കിടയിലും പിന്നേയും പിന്നേയും ഈ നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന്, വന്യമായൊരു ആസക്തി!


ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ആദ്യരാവിന്റെ ലഹരിയുടെ ആലസ്യം. ജനലഴികള്‍ക്കപ്പുറത്ത്, റബ്ബര്‍മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളുടെ കൂട്ടം. രാവിനെ കീറിമുറിച്ചു വരുന്ന ചീവീടുകളുടെ ശബ്ദത്തിനപ്പുറം താഴെ റോഡിലെ കലുങ്കില്‍ പാതിരാവും പകലാക്കി മാറ്റുന്ന ഏതെല്ലാമോ ചെറുപ്പക്കാരുടെ പൊട്ടിച്ചിരികളും, ആക്രോശങ്ങളും! പിന്നെ ഒന്നൊന്നായി അകന്നു പോകുന്ന മോട്ടോര്‍ സൈക്കിളുകളുടെ ശബ്ദം.


‘ആരാണ് ഇത്ര രാത്രിയായിട്ടും അവിടെ റോഡില്‍?’

ചുണ്ടുകളെ ചുണ്ടുകള്‍ കൊണ്ട് തടവിലാക്കി അവള്‍,


‘ഈ രാത്രി നമുക്ക് നമ്മളെക്കുറിച്ച് മാത്രം സംസാരിക്കാം, എന്താ?'

മുറ്റത്തെ പ്ലാവിന്റെ ഇലകളില്‍ ആഞ്ഞുപതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ഉറക്കം മുറിച്ചത്. ഉമ്മറത്തെ ചാരുകസേരയില്‍ കര്‍ക്കിടകം പെയ്തൊഴിയുന്നതും നോക്കിയിരുന്നു. പേപ്പറുകാരന്‍ ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞ വര്‍ത്തമാനപത്രത്തില്‍ സംഘര്‍ഷവും, അറസ്റ്റും, നിരോധനവും ഒക്കെയായി പതിവ് വാര്‍ത്തകള്‍ തന്നെ!


‘അല്ലാ, ചന്ദ്രനിതെപ്പോള്‍ വന്നു?’

ഗേറ്റിനരികില്‍ വാര്യര്‍ മാഷുടെ മുഴങ്ങുന്ന ശബ്ദം. അങ്ങോട്ട് നടന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള മാഷ് ഏറെ പ്രായമായിരിക്കുന്നു. തലമുടിയൊക്കെ പഞ്ഞിക്കെട്ട് പോലെ. വെളുത്ത ഖദര്‍ ജൂബക്കും, മുണ്ടിനും, ഷാളിനും ഒരു മാറ്റവുമില്ല.

‘മാഷിതെങ്ങോട്ട് പോകുന്നു?’

‘ഒന്നും പറയെണ്ടെന്റെ കുട്ടീ, അതൊക്കെ പിന്നെ പറയാം. തനിക്ക് സുഖമല്ലേ?’

മറുപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെ മാഷ് മുന്നോട്ട് നടന്നു.

അപ്പോഴാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്.

‘വലിയ കഷ്ടമാ ഈ മാഷിന്റെ കാര്യം. പെന്‍ഷന്‍ കിട്ടിയ കാശെല്ലാം കൊണ്ട് മൂത്ത മോളേ കെട്ടിച്ചു. ഇളയ കൊച്ചിനെ കെട്ടിക്കാന്‍ വീടും പറമ്പും ഒക്കെ പണയം വച്ചു. ഭാര്യയാണെങ്കില്‍ നിത്യ രോഗിണിയും. പലിശക്കാരന്‍ വീടൊഴിഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞ് ഗുണ്ടകളെക്കൊണ്ട് ദിവസവും ശല്യപ്പെടുത്തുകേം.ഇപ്പോള്‍ സൊസൈറ്റിയിലെങ്ങാണ്ട് കണക്കെഴുതാന്‍ പോന്നൊണ്ട്.’

പണ്ട് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ പുരാണകഥകളോടൊപ്പം, എല്ലാ മതങ്ങളും ദൈവങ്ങളും സ്നേഹം തന്നെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്ത വാര്യര്‍ മാഷ്!

വൈകുന്നേരം പുറത്തൊക്കെയൊന്ന് ചുറ്റാനായി അങ്ങാടിയിലേക്കിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് പ്രിയതമ വിളിച്ച് പറയുന്നുണ്ടായിരുന്നു,
‘അവിടൊന്നും അധികനേരം നില്‍ക്കണ്ട, പണ്ടത്തെ നാട്ടിന്‍പുറമൊന്നുമല്ല കേട്ടോ’

‘പിന്നേ, ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെയീ നാടിനെ നീ വേണോ എനിക്ക് പരിചയപ്പെടുത്താന്‍‘ എന്ന് ഒരു ചിരിയിലൊതുക്കി മുന്നോട്ട് നടന്നു.

നാലും ചേരുന്ന മുക്ക്, സ്ഥലത്തെ അങ്ങാടി, ആകെ മാറിയിരിക്കുന്നു. ശങ്കരേട്ടന്റെ മാടക്കട നിന്ന സ്ഥലത്ത് ഒരു രണ്ട് നിലക്കെട്ടിടം. ഷട്ടറിട്ട ഒരു മുറിയില്‍ ഇപ്പോഴും ശങ്കരേട്ടന്റെ ഏറെ വളര്‍ന്ന കട.അടുത്തൊക്കെ മറ്റ് പുതിയ കടകള്‍. രണ്ടാം നിലയില്‍ ഒരു കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനം. പുതിയ ഓട്ടോ സ്റ്റാ‍ന്‍ഡ്. വഴിയുടെ അങ്ങേ വശത്ത് സൊസൈറ്റിയുടെ ഓഫീസ്സ് കെട്ടിടം.

ശങ്കരേട്ടന്‍ സ്നേഹത്തോടെ ഉള്ളിലെക്ക് ക്ഷണിച്ചു.അവിടുത്തെ സോഡാ നാരങ്ങാവെള്ളത്തിന് ഇപ്പോഴും പഴയ സ്വാദ്!

സംസാരിച്ചിരിക്കുന്നതിനിടയില്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പട പട ശബ്ദത്തോടെ കടയുടെ മുന്നില്‍ ഇരച്ച് നിന്നു. അതില്‍ നിന്ന് ചാടിയിറങ്ങിയ പയ്യന്‍ കടയിലേക്ക് വന്ന് ഒരു പാക്കറ്റ് സിഗററ്റെടുത്ത്, പോക്കറ്റില്‍ നിന്ന് ഒരു നോട്ട് വലിച്ചെടുത്ത് മേശപ്പുറത്തേക്കെറിഞ്ഞ്‌ തിരിഞ്ഞ് നടന്നു. 21-22 വയസ്സുള്ള പയ്യന്‍, ജീന്‍സും ടീഷര്‍ട്ടും വേഷം, റെയ്ബന്‍ സണ്‍ഗ്ലാസ്സ്, കയ്യിലും കഴുത്തിലും വീതിയുള്ള സ്വര്‍ണച്ചെയിന്‍, മറ്റെക്കയ്യില്‍ പലതരത്തിലുള്ള ചരടുകള്‍, നെറ്റിയില്‍ നെടുകയൊരു കുങ്കുമക്കുറി. ബൈക്കിന്റെ പിന്നിലിരുന്നവനു കുറിയും, ചരടുമില്ല എന്ന വ്യത്യാസം മാത്രം!


‘ഇതേതാ ശങ്കരേട്ടാ ഈ പിള്ളാര്‍... ഇവരെന്താ ഇങ്ങനെ?

ശങ്കരേട്ടന്‍ നിസ്സംഗതയോടെ ഒന്ന് ചിരിച്ചു.

‘എന്ത് പറയാനാ ചന്ദ്രാ, അവന്മാരാ ഇപ്പോള്‍ ഇവിടുത്തെ രാജാക്കന്മാരും ഹീറോസും.ആ കേറി വന്നവനെ മനസ്സിലായോ?’


‘ഇല്ല’

‘ആ കേറി വന്നവന്‍ നമ്മുടെ ശാരദക്കുട്ടി ടീച്ചറിന്റെ മോന്‍, മധുവാ. മറ്റേത് നമ്മുടെ പഴയ കൊപ്രാ കച്ചവടക്കാരന്‍ ബീരാന്റെ മോനും’

കാണുമ്പോഴൊക്കെ, പഠിക്കാതെ വഴക്കാളിയായി നടക്കുന്ന മോനെക്കുറിച്ച് പറഞ്ഞ് ടീച്ചര്‍ കരയാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു. പണ്ട് കൊപ്രായെടുക്കാന്‍ വരുമ്പോഴൊക്കെ ഇക്കയുടെ കൂടെ ചിലപ്പോഴൊക്കെ വരുമായിരുന്ന നാണം കുണുങ്ങിയായ സുബൈര്‍ എന്ന കൊച്ചു പയ്യനേയും.

‘ഇവന്മാര്‍ക്ക് വേറേയും കുറെ കൂട്ടുകാരുണ്ട്, നമ്മുടെ പഴയ പലചരക്ക് കടക്കാരന്‍ ജോര്‍ജിന്റെ മോന്‍, കാളവണ്ടിക്കാരന്‍ ഹംസയുടെ മോന്‍, പിന്നെ എവിടുന്നൊക്കെയോ വരുന്ന കുറേ പിള്ളാരും’.


‘അല്ല ശങ്കരേട്ടാ, എന്താ ഇവരുടെ ജോലി?’

‘ഉം, ജോലി! ഇടക്കൊക്കെ ആരൊക്കെയോ വന്ന് വിളിച്ചോണ്ട് പോകുന്നതും കൊണ്ട് വിടുന്നതും ഒക്കെക്കാണാം. ക്വട്ടേഷന്‍ സംഘം എന്നൊക്കെ പറയുന്നു. ഏതായാലും കൈ നിറയെ കാശുണ്ട്. പിന്നെ ഇപ്പോള്‍ ടൌണിലെ ഏതോ പലിശക്കാരന്റെ ഗുണ്ടാപ്പണിയാണ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്!’
‘ഓഹ്, ഈ നാട്ടിന്‍പുറത്തും ക്വട്ടേഷന്‍ സംഘമോ ശങ്കരേട്ടാ?’

‘രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ. ഇടയ്ക്കെങ്ങാണ്ട് അത് ചോദിച്ചതിനു നമ്മുടെ പഞ്ചായത്ത് മെംബര്‍ ശങ്കരന്‍ങ്കുട്ടിസാറിന്റെ കാല് അവന്മാര് അടിച്ചൊടിച്ചു കളഞ്ഞു’.

അവിടെയുമിവിടെയും ചില പോസ്റ്റുകളിലെ വഴിവിളക്കുകള്‍ മെല്ലെ കണ്ണു ചിമ്മാന്‍ തുടങ്ങി. സൈസൈറ്റി പൂട്ടി വാര്യര്‍ മാഷ് മെല്ലെ റോഡിലേക്കിറങ്ങി. അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഏതാനം മോട്ടോര്‍ബൈക്കുകള്‍ റോഡിന്റെ അങ്ങേയറ്റത്ത് നിന്നും ഇരച്ച് വന്നത്. വാരിയര്‍ മാഷിന്റെ അടുത്തെത്തി അവ ടയറുകള്‍ വലിയ ശബ്ദത്തിലുരച്ച് ബ്രേക്കിട്ട് നിന്നു. പിന്നെ പടക്കം പൊട്ടുന്ന ശബ്ദവും, ചുറ്റുപാടും പുകയും.

ഒരു ബൈക്കിന്റെ പുറകിലിരുന്നവന്റെ കൈ ഉയര്‍ന്നു താണു. ലോഹത്തിളക്കം വായുവില്‍ മിന്നിമറഞ്ഞതിനോടൊപ്പം ഒരു ആര്‍ത്തനാദത്തോടെ മാഷ് മുന്നൊട്ട് വീണു!
‘അയ്യോ മാഷ്...!’

പുറത്തേക്ക് ഓടാനൊരുങ്ങിയ എന്നേ അകത്തേക്ക് തന്നെ പിടിച്ച് ശങ്കരേട്ടന്‍ ഷട്ടര്‍ വലിച്ചു താഴ്ത്തി.


‘വേണ്ടാ കുട്ടീ, വേണ്ടാത്തതിലൊന്നും ചെന്ന് ചാടണ്ട!’


കുറച്ച് സമയത്തിനുള്ളില്‍ പുറത്ത് പോലീസ് വാഹനങ്ങളുടേയും മറ്റും ശബ്ദം. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ പുറത്തിറങ്ങി. വേഗം വീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പോലീസുകാര്‍ ആരുടെയൊക്കെയോ മൊഴി എടുക്കുന്നുണ്ടായിരുന്നു.

ടി. വി. യുടെ മുന്നില്‍ ഭാര്യയും അമ്മയും റിയാലിറ്റിഷോയേക്കുറിച്ച് ഗൌരവമായ ചര്‍ച്ച! അപ്പോഴും അമ്പരപ്പ് മാറത്ത മനസ്സുമായി ടി. വി. യില്‍ നോക്കിയിരിക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് ... റിട്ടയേര്‍ഡ് അധ്യാപകനു  നേര്‍ക്ക് മത തീവ്രവാദികളുടെ ആക്രമണം ... ഒരു മാ‍സികയില്‍ അധ്യാപകന്‍ എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണത്രെ ആക്രമണം.... ഈ തീവ്രവാദികളെ ഒരു സമുദായനേതൃത്വം സംരക്ഷിക്കുന്നതായി ആരോപണമുണ്ട്.... ആക്രമണത്തില്‍ പ്രതിഷേധിച്ച് മറുപക്ഷം നാളെ ഹര്‍ത്താല്‍ നടത്തുന്നു ...!!

ഓണം ... പോന്നോണം!!!

 
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു  പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.


എരിഞ്ഞടങ്ങാത്ത ചിതരാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണര്‍വിന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഇരുട്ടിലേക്ക് കാതോര്‍ത്തു; തൊട്ടടുത്തുള്ള രാജന്റെ കട്ടിലില്‍ നിന്നാണ് ശബ്ദം. കഴിഞ്ഞ കുറെ ദിവസങ്ങളായി അവന്‍ ഉറങ്ങാറില്ലല്ലോ, അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്ന് പറയുന്നതല്ലേ ശരി?

ലൈറ്റ് ഇടാതെ തന്നെ പതുക്കെ അവന്റെ കിടക്കയിലെത്തി, അടുത്തിരുന്ന് മെല്ലെ വിളിച്ചു,

‘രാജാ ....’

എന്റെ കയ്യില്‍ മുറുകെപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവന്റെ മറുപടി.

‘ഏട്ടാ, എന്റെ അമ്മ എന്നെ ശപിക്കുന്നുണ്ടാവും, അല്ലേ... എന്തൊരു വിധിയാണ് എന്റേത്?’

അവന്റെ കയ്യില്‍ മെല്ലെ തലോടുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു ഞാനും.

പിന്നെ, അവന്റെ തേങ്ങലുകള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ ഞാന്‍ എന്റെ ബെഡ്ഡിലേക്ക് പോയി. ഉറക്കം വരാതെ കിടന്നപ്പോള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഒന്നൊന്നായി മന‍സ്സിലേക്ക് വന്നു.

സമാന്യം നല്ല ഒരു കമ്പിനിയില്‍ ഭേദപ്പെട്ട ജോലിയുണ്ടായിരുന്ന രാജന്റെ ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിന്നെ രണ്ട് മാസത്തെ അലച്ചിലിനു ശേഷമാണ് അവനു മറ്റൊരു ജോലി ശരിയായത്. ഇതിനിടയില്‍ കയ്യിലുള്ള പൈസയൊക്കെ തീര്‍ന്ന കാര്യം അവന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു.

ജോലി ശരിയായ ദിവസം ഏറെ സന്തോഷത്തോടെയാണ് രാജന്‍ റൂമിലെത്തിയത്.

‘ഏട്ടാ, വിസാ മാറ്റണമെങ്കില്‍ എന്തായാലും പുറത്ത് പോകണം, അപ്പോള്‍ പിന്നെ‍ നാട്ടില്‍ പോയി അമ്മയെ ഒന്ന് കണ്ടിട്ട് വരണം’.

അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ രാജന് നൂറ് നാവാണ്. വാ തോരാതെ അവന്‍ പറയുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന കൌതുകത്തോടെ ഞാന്‍ അതൊക്കെ കേട്ടിരിക്കും.

അടുത്ത ദിവസം രാജന് നാട്ടില്‍ നിന്നൊരു ഫോണ്‍ വന്നു, അമ്മക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന്. രാജന്റെ വിഷമം കണ്ടപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു,

‘നീ വിഷമിക്കുകയും, ഇപ്പോള്‍ ഇങ്ങോട്ട് ഓടി വരികയും ഒന്നും വേണ്ടാ. അവള്‍ക്കങ്ങനെ കാര്യമായ അസുഖം ഒന്നുമില്ല’.

അടുത്ത ദിവസം ഞാന്‍ ഓഫീസിലേക്കിറങ്ങിയത് രാജന്‍ അമ്മയോട് സംസാരിക്കുന്നത് കേട്ട് കൊണ്ടാണ്. ഫോണ്‍ വെച്ച് കഴിഞ്ഞ് അവന്‍ പറഞ്ഞു,

‘ഏട്ടാ, അമ്മക്ക് നല്ല സുഖമുണ്ട് ... തിരക്ക് പിടിച്ച് ചെല്ലണ്ടാ’ എന്ന് പറഞ്ഞു.

ഓഫീസിലെത്തി അധികം കഴിയുന്നതിന് മുമ്പ് രാജന്റെ ഫോണ്‍ വന്നു, മുറിഞ്ഞു പോകുന്ന വാക്കുകള്‍‍ ...

‘ഏട്ടാ, അമ്മ... അമ്മ ... പോയി’.

ആ നടുക്കത്തിനിടയില്‍ മറുപടി പറയാനാവാതെ ഇരുന്ന് പോയി. പിന്നെ ‘ഉടനെ വരാം’ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു.

ട്രാവല്‍ ഏജന്‍സിയില്‍ കയറി നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അവനുള്ള ടിക്കറ്റുമെടുത്ത് മുറിയിലെത്തി. കരഞ്ഞു കലങ്ങിയ രാജന്റെ കണ്ണുകളെ നേരിടാനായില്ല. അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ എനിക്കും ഏറെ പണിപ്പെടേണ്ടി വന്നു.

വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ലോഞ്ചില്‍ രാജനെ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പിന്നെ ഇമ്മിഗ്രേഷന്‍ ഗേറ്റിലെത്തി തിരിഞ്ഞ് നോക്കിയ രാജനെ കൈ വീശി യാത്രയാക്കുമ്പോള്‍ ഒഴുകിയറങ്ങിയ കണ്ണുനീര്‍ മറ്റാരും കാണാതെ തുടച്ചു കളഞ്ഞു.

പാര്‍ക്കിങ്ങിലെത്തി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും രാജന്റെ ഫോണ്‍ വന്നു,

‘ഏട്ടാ...’ വല്ലാതെ അമ്പരന്നത് പോലെ അവന്റെ ശബ്ദം... ‘എനിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല’.

എന്തു പറ്റി എന്ന് ചോദിക്കുന്നതിനു മുമ്പ് അവന്റെ ഫോണ്‍ കട്ടായി. അങ്ങോട്ട് തുടര്‍ച്ചയായി വിളിച്ചെങ്കിലും അവന്റെ ഫോണ്‍ ഓഫ് ആയിരുന്നു.

തിരിച്ച് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി ഗേറ്റിലുള്ള ഉദ്യോഗസ്ഥനോട് കെഞ്ചി നോക്കിയെങ്കിലും അകത്തേക്ക് യാത്രക്കാരെ മാത്രമെ കയറ്റിവിടൂ എന്ന് കര്‍ശനമായ മറുപടി കിട്ടിയതോടെ അവനെ എങ്ങനെയെങ്കിലും കാണാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നെ രാത്രിയാകുന്നത് വരെ അവന്റെ ഒരു വിവരവും ലഭിച്ചില്ല. എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ വിഷമിച്ചിരുന്നപ്പോള്‍ വീണ്ടും അവന്റെ ഫോണ്‍ വന്നു,

‘ഏട്ടാ, എന്നെ .... പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നു, ഏട്ടന്‍ അവിടേക്ക് വരൂ’

പോലീസ് സ്റ്റേഷന്‍ റിസപ്ഷനിലെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ പുറത്തു വന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു വികാരശൂന്യത. കാറില്‍ വച്ചും അവനൊന്നും സംസാരിച്ചില്ല.

മുറിയിലെത്തിയതോടെ അവന്റെ നിയന്ത്രണങ്ങളൊക്കെ നഷ്ടമായി, നിലവിളിച്ച് കട്ടിലിലേക്ക് വീഴുമ്പോള്‍ കരഞ്ഞ് തീരട്ടെ എന്ന് ഞാനും കരുതി. പിന്നെ ഏറെ നേരം കഴിഞ്ഞ് കരച്ചിലൊന്നടങ്ങിയപ്പോഴാണ് അവന്‍ എയര്‍പോര്‍ട്ടില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴാണ് അവിടിരുന്ന ഓഫീസര്‍ കമ്പ്യൂട്ടറില്‍ പലതവണ നോക്കിയിട്ട് അടുത്തുള്ള സൂപ്പര്‍വൈസറുടെ ഓഫീസില്‍ പാസ്സ്പോര്‍ട് കാണിക്കാന്‍ പറഞ്ഞത്. ആ ഓഫീസര്‍ കമ്പ്യൂട്ടറില്‍ ഒക്കെ നോക്കിയിട്ട് അടുത്തുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അയാള്‍‍ വളരെ സൌമ്യമായി പറഞ്ഞു,

‘നിങ്ങളുടെ പേരില്‍ ... ബാങ്കിന്റെ പരാതി പ്രകാരം ട്രാവല്‍ ബാന്‍ ഉണ്ട്, അത് തീരാതെ യാത്ര ചെയ്യാന്‍ പറ്റില്ല’

തലയില്‍ വെള്ളിടി വീണത് പോലെ ഒരു നിമിഷം സ്തബ്ധനായി നിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല.

‘സാര്‍, ഞാന്‍ എന്റെ അമ്മയുടെ മരണം അറിഞ്ഞ് പോകുകയാണ്. ശവ സംസ്കാരത്തിന് എന്നേയും കാത്തിരിക്കുകയാണ് വീട്ടുകാര്‍. ബാങ്കിന്റെ പൈസ ഇപ്പോള്‍ തന്നെ അടക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാം സാര്‍... ദയവായി എന്നെ പോകാന്‍ അനുവദിക്കൂ..’

‘ക്ഷമിക്കണം, എനിക്ക് ദുഖമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല, ഇത് പോലീസ് കേസാണ്. അവരാണ് എന്തെങ്കിലും ചെയ്യേണ്ടത്’

നിസ്സഹായനായി ഇരിക്കുമ്പോള്‍ ആ ഓഫീസര്‍ എന്നേയും കൂട്ടി എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടുത്തെ ഡ്യൂട്ടി ഓഫീസറെ എന്നെ ഏല്‍പ്പിച്ച് അയ്യാള്‍ തിരിച്ചു പോയി. ഒരു പോലീസുകാരന്‍  എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഡ്യൂട്ടി ഓഫീസറോട് ഞാന്‍ എന്റെ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ശ്രദ്ധിച്ചില്ല. പോലീസുകാരന്‍ ചൂണ്ടിക്കാട്ടിയ വാതിലിലൂടെ ഉള്ളില്‍ കടന്നതും പിന്നില്‍ വാതിലടഞ്ഞു. ഒപ്പം കതക് പൂട്ടുന്നതിന്റെ ശബ്ദവും.

അതൊരു മുറിയായിരുന്നില്ല, ഒറ്റവാതില്‍ മാത്രമുള്ള, ജന്നലുകളില്ലാത്ത അടച്ചുമൂടിയ ഒരു അറ. ഒന്നര‍ മീറ്റര്‍ വിതിയും, അഞ്ച് മീറ്റര്‍ നീളവും തോന്നിക്കുന്ന ഒരു അറ. അതില്‍ ഒരു നിര ഇരുമ്പു കസേരകള്‍. പുറത്തേക്ക് കാണാന്‍ കതകിലുള്ള ഒരു ചെറിയ ഗ്ലാസ്സ് വിടവ് മാത്രം. എന്ത് ചെയ്യണം എന്നറിയാതെ ആ കുടുസ്സ് മുറിയില്‍ കൂട്ടിലടച്ച വെരുകിനെപ്പോലെ നടക്കുമ്പോള്‍ സ്വയം ശപിച്ചു പോയി.

മനസ്സിലൂടെ പല ചിത്രങ്ങളും കടന്ന് പോയപ്പോള്‍ ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വെള്ളപ്പട്ട് പുതച്ച് കിടത്തിയിരിക്കുന്ന അമ്മയുടെ രൂപം, കരഞ്ഞ് തളര്‍ന്നിരിക്കുന്ന ബന്ധുക്കള്‍, ഉമ്മറത്ത് ഒരു മൂലയില്‍ തളര്‍ന്നിരിക്കുന്ന അഛന്‍. അവസാനമായി അമ്മയെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോള്‍ തളര്‍ന്നിരുന്ന് പോയി. മനസ്സുരുകി പ്രാര്‍ത്ഥിച്ചു, ‘ഈശ്വരാ എന്നെ ഇങ്ങനെ ശിക്ഷിക്കരുതേ’.

ഇടക്ക് പലതവണ പോലീസുകാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും ആരും അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. ഇതിനിടയില്‍ പലരേയും പോലീസുകാര്‍ ആ കുടുസ്സുമുറിയിലേക്ക് കൊണ്ടു വരികയും, കൊണ്ട് പോകുകയും ഒക്കെ ചെയ്തിരുന്നു. ചിലരൊക്കെ കരയുകയും, സ്വയം ശപിക്കുകയും ഒക്കെ ചെയ്യുന്നതുമുണ്ടായിരുന്നു. മൂത്രശങ്ക തീര്‍ക്കാന്‍ പോലും സൌകര്യമില്ലാതിരുന്നു ആ മുറിയില്‍. മൂത്രശങ്ക തോന്നിയപ്പോള്‍ വാതിലിനടുത്തേക്ക് വന്ന ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കതകില്‍ ഒന്നു മുട്ടി. തിരിഞ്ഞ് നിന്ന് കൈ ചൂണ്ടീ ആ ഓഫീസര്‍ എന്തൊക്കെയോ ആക്രോശിച്ചതോടെ മൂത്രശങ്ക പമ്പ കടന്നു!

സ്വയം ശപിച്ചും, കരഞ്ഞും തീര്‍ത്ത മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രിയായതോടെ ഒരാള്‍ വന്ന് കതക് തുറന്ന് കൂടെ ചെല്ലാന്‍ പറഞ്ഞു. അയ്യാളോടൊപ്പം ... പോലിസ് സ്റ്റേഷനിലെത്തി. പാസ്പോര്‍ട്ട്  അവിടെ വാങ്ങി വച്ച് പറഞ്ഞ് വിട്ടു. ഇനി ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്ററുമായി ചെന്ന് കേസ് ക്ലോസ്സ് ചെയ്താലേ പാസ്പോര്‍ട്ട് കിട്ടൂ.

രാജന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘എന്തായിരുന്നു രാജാ ബാങ്കിലെ പ്രശ്നം, നീയൊന്നും പറഞ്ഞിരുന്നില്ലല്ലൊ?’

‘കഴിഞ്ഞ രണ്ട് മാസം ബാങ്കിന്റെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങി, ഏട്ടന്‍ രാവിലെ ആ ബാങ്കിലൊന്ന് പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ?’

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ അവന്‍ അടക്കാതിരുന്നത് വളരെ ചെറിയ തുകയ്ക്കുള്ള രണ്ട് ഗഡുക്കള്‍   മാത്രമാണ്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്ത് പോയത് കൊണ്ട് ഇനി ബാക്കിയുള്ള മുഴുവന്‍ തുകയും അടക്കണമത്രെ!

ദേഷ്യവും സങ്കടവും ഒക്കെ കാരണം ഒരല്പം മുഷിഞ്ഞ് ബാങ്ക് മാനേജരോട് എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ശാന്തനായി തന്നെ അയ്യാള്‍ മറുപടി പറഞ്ഞു,

‘സുഹൃത്തെ, ഞങ്ങള്‍ക്ക് വിഷമമുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് മാസവും മിസ്റ്റര്‍ രാജനെ ബന്ധപ്പെടാനുള്ള ഞങ്ങളുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ബാങ്ക് ചട്ടങ്ങള്‍‍ പ്രകാരം നടപടിയെടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല’

പിന്നെ പലരില്‍ നിന്നായി അടക്കാനുള്ള പണവുമായി എത്തിയപ്പോഴെക്കും ബാങ്കിന്റെ സമയം കഴിഞ്ഞൂ. മെഷീനില്‍ അടച്ചാലും ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്റര്‍ കിട്ടണം. അതുമായി കേസ് കൊടുത്ത വക്കീലാഫീസില്‍ പോയി അവരുടെ കേസ് ക്ലോസ് ചെയ്യാനുള്ള കത്ത് വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊടുക്കണം!

എന്ത് ചെയ്യണം എന്നറിയാതെ ബാങ്കിന്റെ നടയില്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ വീണ്ടും രാജന്റെ ഫോണ്‍ വന്നു,

‘എന്തായി ഏട്ടാ, എനിക്ക് പോകാന്‍ പറ്റുമൊ?’

‘ശ്രമിക്കുന്നു, ഞാന്‍ വിളിക്കാം’ എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

മുറിയിലെത്തി, ആകാംക്ഷാഭരിതനായി കാത്തിരിക്കുന്ന അവന്റെ കണ്ണുകളെ നേരിടാനായില്ല.

‘രാജാ, ഇനി വീക്കെന്‍‌ഡ് ആയത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞെ ബാങ്കിന്റെ ലെറ്ററും, വക്കീല്‍ ഓഫീസില്‍ നിന്നുള്ള എന്‍. ഓ. സി. യും ഒക്കെ വാങ്ങാന്‍ കഴിയൂ‘.

‘അപ്പോള്‍ ... അപ്പോള്‍ എനിക്കെന്റ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ കഴിയില്ല, അല്ലേ ഏട്ടാ?’

വിങ്ങിപ്പൊട്ടുന്ന രാജനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. രാജന്റെ വീട്ടില്‍ നിന്നാണ്,

‘രാജന്‍ ഏത് ഫ്ലൈറ്റിനാണ് പോന്നത്, ഇതുവരെ ഇങ്ങ് എത്തിയില്ലല്ലൊ? അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞത് കൊണ്ട് മോര്‍ച്ചറിയില്‍ നിന്ന് ബോഡി കൊണ്ടുവരികയും ചെയ്തു. ഇനി അധികം കാത്തിരിക്കാനും വയ്യല്ലൊ.’

രാജനെ ഒന്ന് നോക്കി, പിന്നെ ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു,

‘അവന്റെ ഫ്ലൈറ്റ് മിസ്സായി, ഇനി അടുത്ത ഫ്ലൈറ്റ് താമസിക്കും. ഇനിയിപ്പോള്‍ കാത്തിരിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് ...’

ഫോണ്‍ വച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ കട്ടിലിലേക്ക് തളര്‍ന്ന് വീഴുന്ന രാജനെയാണ് കണ്ടത്.

മനസ്സ് മന്ത്രിച്ചു, ‘ആ അമ്മയുടെ ആത്മാവ് നിന്നോട് പൊറുക്കാതിരിക്കില്ല രാജാ.’

(Image courtesy: Google Images)
Related Posts Plugin for WordPress, Blogger...