നിശ്ശബ്ദമാണെന്റെ വാക്കുകൾ ...
നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും
ആർത്തിരമ്പാൻ കൊതിച്ചിട്ട് പിന്നെയും
ആർദ്രമൊരു നിശ്ശബ്ദതയാകുന്നുണ്ടെപ്പോഴും

വാക്കുകൾ ചുറ്റും ചിതറി വീഴവെ
കൈചൂണ്ടിയെത്തുന്ന ചോദ്യശരങ്ങൾ
ഉത്തരം ചൊല്ലുവാന്‍ മോഹമുണ്ടെങ്കിലും
മൌനം പടച്ചട്ട തീർത്ത് വിഴുങ്ങുന്നു വാക്കിനെ
ഉള്ളിൽ കനക്കുന്നു വാക്കിന്‍റെ  മർമ്മരം
കനലെരിഞ്ഞമരുന്ന വാക്കിന്‍റെ  പട്ടട

ആരോ കുറിച്ച കണക്കിന്‍റെ താളത്തിൽ
ഇന്നും മിടിക്കുന്ന നെഞ്ചിൽ പിടയ്കുന്നു
ഓടിയോടി തളർന്നൊരശ്വത്തിൻ
വേഗമറ്റ  കുളമ്പടിയൊച്ചകൾ
കാലം ചുഴറ്റുന്നുണ്ടൊരു  ചാട്ടവാർ
ബലി പോലുമാകാൻ കഴിയാത്ത നൊമ്പരം

ഉറഞ്ഞുപോയെപ്പെഴോ വാക്കുകൾ
നോവിന്‍റെ  തീക്കനൽ ഊതിപ്പഴുപ്പിച്ച്
വാചാലമാകാൻ മറന്നൊരെൻ വാക്കിന്
ഇത്തിരി ചൂടും വെളിച്ചവും നൽകട്ടെയിന്ന് ഞാൻ
നിശ്ശബ്ദമാണെന്റെ വാക്കുകളെങ്കിലും
ഇടിമുഴക്കുന്നുണ്ടാത്മാവിലെപ്പോഴും
Related Posts Plugin for WordPress, Blogger...