പിതൃ ദേവോ ഭവ: !!!


ചുവരിലെ നാഴികമണിയില്‍ സൂചികള്‍ നിയതമായ വേഗത്തില്‍ വിറച്ചുതുള്ളി ... കോടതിമുറിയിലെ അടക്കിപ്പിടിച്ച നിശ്ശബ്ദതയില്‍ അതിന്റെ മിടിപ്പുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ചുറ്റിലും ഒരു ചെറുമര്‍മ്മരം പരന്നപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. വനിതാ പോലീസുകാരുടെ അകമ്പടിയോടെ മുറിയിലേക്ക്‌ കടന്നുവരുന്ന ദേവി. കൈകളില്‍ വിലങ്ങ്. മുഖം കുനിച്ചാണ് നടന്നിരുന്നതെങ്കിലും ആ മുഖത്തെ നിര്‍വ്വികാരത വ്യക്തമായിരുന്നു.

തൊട്ടടുത്ത് ചേര്‍ന്നിരുന്ന ദിവ്യമോളില്‍ നിന്നും അമര്‍ത്തിയ  ഒരു തേങ്ങലുയര്‍ന്നു,

'ആന്റീ ...'

അവളെ ചേര്‍ത്തു പിടിച്ച് ചുറ്റുമൊന്നു കണ്ണോടിച്ചു. കോടതിമുറിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. വരാന്തയിലും കാത്തുനില്‍ക്കുന്നവരുടെ തിരക്ക്‌. മുന്‍ഭാഗത്ത് നിരന്നിരിക്കുന്ന വക്കീലന്മാരുടെ മുഖത്തും വല്ലാത്ത ഗൌരവം. 

ക്ലോക്കിലെ സൂചി പതിനൊന്നു മണിയിലെത്തി വിറങ്ങലിച്ചുനിന്ന ആ നിമിഷാര്‍ദ്ധത്തില്‍ കോടതിമുറി പൊടുന്നനെ നിശ്ശബ്ദമായി. ചേംബറിന്റെ വാതില്‍ തുറന്ന്‍ ജഡ്ജി പുറത്തേക്ക് വന്നു. 

ശിപായി കേസിന്റെ നമ്പര്‍ വിളിച്ചതോടെ പോലീസുകാര്‍ ദേവിയുടെ കയ്യിലെ വിലങ്ങ് അഴിച്ച് അവളെ പ്രതിക്കൂട്ടിലെക്ക് കയറ്റി നിര്‍ത്തി.

ബഞ്ചുകളില്‍ നിരനിരയായിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ദേവിയുടെ കണ്ണുകള്‍ പരത്തി നടന്നു .... തന്നെയും കടന്നുപോയ ആ നോട്ടം ഒരു നിമിഷം ദിവ്യയുടെ മുഖത്ത്‌ തറഞ്ഞു നിന്നു. പിന്നെ വിണ്ടും തന്നിലേക്കെത്തിയ ആ കണ്ണുകള്‍ നനഞ്ഞിരുന്നു എന്ന് തോന്നി... അവ എന്തോ യാചിക്കുന്നതുപോലെ...!

മേശപ്പുറത്തിരുന്ന ഫയലിന്റെ നാടയഴിച്ച് ജഡ്ജി കട്ടിക്കണ്ണടയിലൂടെ തന്റെ മുന്നിലിരുന്നവരെ ഒന്നു നോക്കി. കോടതിമുറി ഒരു വിര്‍പ്പുമുട്ടലിന്റെ നിശ്ശബ്ദതയില്‍ പിടഞ്ഞു.

കേസിന്റെ വിചാരണ നേരത്തെ കഴിഞ്ഞിരുന്നതുകൊണ്ട് വിധിപ്രസ്താവന മാത്രമേ ബാക്കിയുണ്ടായിരുന്നൊള്ളു. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക്‌ അറുതി വരുത്തി ജഡ്ജി ഒന്ന് മുരടനക്കി, പിന്നെ വായിച്ചു തുടങ്ങി ...

'പ്രതി കറ്റം ചെയ്തു എന്ന്‍ കോടതിക്ക് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം, 302-ആം വകുപ്പ് പ്രകാരം പ്രതിയെ ജിവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരിക്കുന്നു!'

പലരില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങള്‍ ഒരു കനല്‍കാറ്റായി കോടതിമുറിയില്‍ ഒഴുകിനടന്നു!

ദൂരെ എവിടേക്കോ നോക്കിനിന്ന ദേവിയുടെ കണ്ണുകളില്‍ നിര്‍വ്വികാരത തണുത്തു മരവിച്ചു കിടന്നു. 

ശപിക്കപ്പെട്ട ആ രാത്രിയില്‍ വീട്ടിലേക്ക്  ഓടിവന്ന ദേവിയുടെ കണ്ണുകളിലും ഈ മരവിപ്പ് തന്നെയായിരുന്നല്ലോ!

തൊട്ടടുത്ത വീട്ടില്‍ ഒരു പുതിയ താമസക്കാര്‍ വരുന്നു എന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷമാണ് തോന്നിയത്. വൈകുന്നേരം പുതിയ അയല്‍ക്കാര്‍ പരിചയപ്പെടാന്‍ എത്തിയതോടെ ആ സന്തോഷം ഇരട്ടിയായി. ചെറുപ്പക്കാരായ ദമ്പതികള്‍ , പൂമ്പാറ്റയെ പോലെ ഓടിച്ചാടി നടക്കുന്ന അവരുടെ ഏക മകള്‍ ദിവ്യ.

ആദ്യസന്ദര്‍ശനത്തില്‍ തന്നെ ദിവ്യ വീട്ടിലെ ഒരംഗം ആയിമാറി. മക്കളൊക്കെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കൊക്കെയായി ദൂരസ്ഥലങ്ങളില്‍  ആയിരുന്നത് കാരണം ഞങ്ങള്‍ എപ്പോഴും തനിച്ചായിരുന്നു. ചെടികളിലും, പൂക്കളിലും, കിളികളിലും ഒക്കെ മക്കളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ദിവ്യ ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.

മുറ്റത്തും പറമ്പിലും ഒക്കെ ഓരോ ജോലികളുമായി എപ്പോഴും കളിച്ചും ചിരിച്ചും നവദമ്പതികളെപ്പോലെ ദേവിയെയും, രാജനെയും കാണാമായിരുന്നു. ഒരു കിലുക്കാംപെട്ടിയായി ദിവ്യമോളും.

ഇടക്കെപ്പോഴോ ദേവിയോട് ചോദിച്ചു,

'ഒരു കുട്ടി മാത്രമാകുന്നത് അത്ര നല്ലതാണോ?'

'ചേച്ചീ, അത് കൂടുതല്‍ മക്കളായാല്‍ മോള്‍ക്ക്‌ കിട്ടണ്ട സ്നേഹം മുഴുവന്‍ പങ്ക് വെക്കപ്പെട്ടുപോകും, സ്നേഹവും ശ്രദ്ധയും എല്ലാം മോള്‍ക്ക്‌ മാത്രം കൊടുക്കാം എന്ന്‍ രാജേട്ടന് നിര്‍ബന്ധം.'

ഒരു കുഞ്ഞ് മാത്രം എന്ന ആശയത്തോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും രാജന്റെ മോളോടുള്ള സ്നേഹവും, കരുതലും, ലാളനയും   ഒക്കെ അവരുടെ തീരുമാനത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലെ തന്റെ ജോലിസ്ഥലത്തെക്ക് തിരിച്ചുപോകാന്‍  യാത്ര  പറയാനെത്തിയതായിരുന്നു  രാജന്‍ ... 

'ചേച്ചീ, നിങ്ങള്‍ ഇവിടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഞാന്‍ പോകുന്നത്. എന്റെ മോളെ പിരിഞ്ഞിരിക്കുന്ന കാര്യമോര്‍ക്കുമ്പോഴാ എനിക്ക് ...'

ദിവ്യമോളെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടുന്ന രാജനെ സമാധാനിപ്പിക്കാന്‍ അന്നേറെ പണിപ്പെടേണ്ടി വന്നു.

പിന്നെ അവധിക്കാലങ്ങള്‍ ഉല്‍സവങ്ങളാക്കി രാജന്‍ പലതവണ വന്നുപോയി. അതിനിടയില്‍ കൌമാരത്തിന്റെ പടവുകള്‍  ദിവ്യയും ഓടിക്കയറുകയായിരുന്നു. കഴിവും, സൌന്ദര്യവും, ബുദ്ധിയും ഒക്കെ ഏറെയുണ്ടായിരുന്ന ദിവ്യയുടെ വളര്‍ച്ചയും വളരെ വേഗമായിരുന്നു.

ദിവ്യയുടെ പത്താംക്ലാസ് കഴിഞ്ഞതോടെ ഗള്‍ഫ്‌ ജിവിതം മതിയാക്കി രാജന്‍ നാട്ടിലെത്തി.

കോളേജ് ക്ലാസ്സിലെത്തിയ ദിവ്യയുടെ ശരീരത്തില്‍ കാലം ചാരുത ചാര്‍ത്തി. 

എപ്പോഴൊക്കെയോ അയല്‍വീട്ടില്‍ നിന്നുയര്‍ന്നുകേട്ട ശബ്ദങ്ങളിലെ അസ്വാഭാവികതകള്‍  ഒരു പുഞ്ചിരിയുടെ ഉത്തരത്തില്‍ ഒതുക്കി ദേവി.

ഏതോ ഒരു രാവില്‍ ഒച്ചയും ബഹളവും കേട്ടാണ് കണ്ണ് തുറന്നത്. 'അയല്‍വക്കക്കാരന്റെ കാര്യങ്ങളില്‍ ആവിശ്യമില്ലാതെ തലയിടാന്‍ പോകണ്ട' എന്ന്‍ കേട്ടതോടെ എന്താണ് സംഭവിക്കുന്നത് എന്ന് പോയി തിരക്കാനുള്ള ആലോചന വേണ്ടെന്നു വെച്ചു.

ഏറെ നാളുകള്‍ക്ക്‌ ശേഷമാണ് അന്ന്‍ ദേവി തന്നെ കാണാനെത്തിയത്. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു .. കവിളുകളില്‍ അടികൊണ്ടു തിണര്‍ത്ത പാട്!

'ദേവീ, എന്താ എന്ത് പറ്റി?'

ഒരു പോട്ടിക്കരച്ചിലായിരുന്നു മറുപടി. തേങ്ങലൊരല്പം  അടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു,

'ചേച്ചീ, അഛനില്‍ നിന്ന് സ്വന്തം മോളുടെ മാനം കാക്കാന്‍ കാവലിരിക്കേണ്ടിവരുന്ന ഒരമ്മയുടെ ഗതികേട്‌ ചേച്ചിക്ക് മനസ്സിലാവില്ല'.

കേട്ടത് വിശ്വസിക്കാനാവാതെ അമ്പരന്നിരിക്കുമ്പോള്‍ അവള്‍ തുടര്‍ന്നു...

'കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്. മോള് കുളിക്കുമ്പോഴും, തുണി മാറുമ്പോഴും മറ്റും ഒളിഞ്ഞു നോക്കുക ...പിന്നെ മറ്റ് പലതും. മാനക്കേടോര്‍ത്താ ആരോടും, ചേച്ചിയോട് പോലും പറയാതിരുന്നത്. എനിക്കിപ്പോള്‍ മോളെ തനിച്ചിരുത്തി ഒന്ന് കുളിമുറിയില്‍ പോകാന്‍ പോലും പേടിയാണ് ചേച്ചീ...'

തേങ്ങലടക്കാന്‍ പാടുപെടുന്ന ദേവിയെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. 

'ദേവീ, ഞങ്ങള്‍ രാജനോട് ഒന്ന് സംസാരിച്ചാലോ?'

'വേണ്ട ചേച്ചീ... രാജേട്ടന്‍ ആകെ മാറിയിരിക്കുന്നു. ആ മനസ്സില്‍ ഏതോ ചെകുത്താനാണിപ്പോള്‍ ... സ്വബോധമുള്ള സമയവും കുറവ്‌. കരഞ്ഞും, കാലു പിടിച്ചും, ഇണങ്ങിയും, പിണങ്ങിയും ഒക്കെ പറഞ്ഞുനോക്കി ചേച്ചീ ... ഒരു രക്ഷയുമില്ല ... ആ മനസ്സിലെല്ലാം ദുഷ്ടത്തരമാണിപ്പോള്‍ , ആര് പറഞ്ഞാലും കേള്‍ക്കില്ല ...'

ഒരു രാത്രി ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് കതകു തുറന്നത്. ഒരു ഭ്രാന്തിയെ പോലെ ദേവി ... കണ്ണുകളില്‍ പേടിപ്പെടുത്തുന്ന ഒരുതരം മരവിപ്പ്‌ .. ശരീരം മുഴുവന്‍ രക്തം ...

അമ്പരന്നു നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു,

'എന്റെ മോളെ അവന്‍ ... ആ ദുഷ്ടനെ ഞാന്‍ കൊന്നു ... ഞാന്‍ കൊന്നു !!'

പൊടുന്നനെ അലറിക്കരഞ്ഞുകൊണ്ട് അവള്‍ നിലത്തേക്ക് തളര്‍ന്നുവീണു.

കോടതിയില്‍ ഒരു വക്കീലിനെ വെക്കാന്‍ അവള്‍ സമ്മതിച്ചില്ല. വിചാരണക്കിടയിലും 'താന്‍ കൊന്നു' എന്നല്ലാതെ ഒരു വാക്കുപോലും അവള്‍ പറഞ്ഞില്ല!

'ആന്റീ ...' ദിവ്യമോള്‍ കുലുക്കി വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

കോടതിമുറി ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. വീണ്ടും  വിലങ്ങണിയിച്ച് ദേവിയെ പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുന്നു. 

അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. വിലങ്ങണിഞ്ഞ കൈ കൊണ്ട് ദിവ്യയുടെ നെറുകയില്‍ ഒന്ന്‍ തലോടി.

'ചേച്ചീ ... ഇനി എന്റെ മോള്‍ക്ക്‌ ....'

തളര്‍ന്നു വീഴാന്‍ തുടങ്ങിയ ദിവ്യമോളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് തലകുലുക്കി.

മെല്ലെ നടന്നുപോയ ദേവിയുടെ മുഖം ശാന്തമായിരുന്നു ...

(Pic courtesy: Google)

Related Posts Plugin for WordPress, Blogger...