വൈഖരി



(ദുബായ്‌ ഭാവനാ ആര്‍ട്സ്‌ സൊസൈറ്റി പുരസ്കാരം നേടിയ കഥ)

പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്‍റെ സൈഡ് സീറ്റിൽ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങൾ കണ്ടിട്ട്. കാലം തളര്‍ത്താത്ത  കരുത്തോടെ ഓര്‍മ്മകളുടെ തിരകൾ മനസ്സിലേക്ക് അടിച്ചു കയറി. അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. പക്ഷെ താളം തെറ്റിയ ഹൃദയത്തിന്‍റെ മിടിപ്പുകൾ ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

ലഗ്ഗേജ് റാക്കിലെ പെട്ടിയില്‍ നിന്നും ക്യാമറ എടുത്തു വൈഖരി തിരിഞ്ഞു  നോക്കിയപ്പോൾ കണ്ടത് വിയര്‍ത്തു കുളിച്ച പാര്‍വതിയുടെ മുഖം ആണ്.

അമ്മേ..എന്താ ഇത് ... വിഷമിക്കില്ല എന്നെനിക്ക് വാക്ക് തന്നത് കൊണ്ടല്ലേ നമ്മള്‍ ഈ യാത്രയ്കൊരുങ്ങിയത്?’

അതിനു ഞാന്‍ വിഷമിച്ചില്ലല്ലോ ... ഭയങ്കര ചൂട്അതാ ഇങ്ങനെ വിയര്‍ക്കുന്നെ.

വിയര്‍പ്പിനോപ്പം ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു പാര്‍വതി ചിരിച്ചു. ആ ചിരിയില്‍ ഒളിപ്പിച്ച വേദനയുടെ കടലാഴം കാണാനാവാതെ വൈഖരി അമ്മയെ ചേര്‍ത്ത് പിടിച്ചു അടുത്തിരുന്നു. സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ദേവഭൂമി ആയിരുന്ന തകര്‍ന്ന പട്ടണത്തിന്‍റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ ബസ്സ്‌ അതിവേഗം ഓടിക്കൊണ്ടിരുന്നു.

ഉയർന്നു പൊങ്ങുന്ന പൊടിക്കപ്പുറം വെയിൽ ഉരുകി വീഴുന്നു. അതിനുമപ്പുറം തിരയില്ലാത്ത കടൽ രഹസ്യങ്ങളുടെ കാവൽ‌ക്കാരിയേപ്പോലെ മയങ്ങിക്കിടന്നു.

വൈഖരിയുടെ തോളിൽ ചാരി മെല്ലെ കണ്ണടച്ചു. മനസ്സില്‍ കാലത്തിന്റെ താളുകള്‍ ഒരോന്നായി മറിഞ്ഞു.

എം. ഏ. മലയാളം ക്ലാസ്സിന്‍റെ ആദ്യദിവസം. ജനാലക്കരികിൽകോളേജ് ഗ്രൌണ്ടിൽ പൂത്തുലഞ്ഞ വാകമരങ്ങളും നോക്കി നിൽക്കുകയായിരുന്നു അനന്തൻ.

ഈ വാകപ്പൂവുകൾക്ക് കത്തുന്ന സൌന്ദര്യമാണല്ലേ?’
ഞെട്ടിത്തിരിഞ്ഞ അനന്തൻ തന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ തലകുലുക്കി.

പിന്നെ എപ്പോഴോ വാകമരത്തണലിൽ കവിത ചൊല്ലിയിരുന്ന ഒരു പകലിലാണ് അവൻ എന്നോട് പറഞ്ഞത്,

പാറൂനിന്നെ ആദ്യം കണ്ട ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നുചിരിക്കുമ്പോൾ മിന്നിമറയുന്നൊരു  നുണക്കുഴി. ആത്മവിശ്വാസം ജ്വലിക്കുന്ന കണ്ണുകൾ.

ലൈബ്രറിയിലെ തടിച്ച പുസ്തകങ്ങൾക്കിടയിൽ, കട്ടിക്കണ്ണടക്കുള്ളിൽ അവന്റെ കണ്ണുകൾ പലപ്പോഴും തിളങ്ങുന്നത് അറിഞ്ഞു. ക്ലാസ്സിലെ ചർച്ചകൾക്കിടയിൽ സ്വകാര്യമായി പങ്കു വെക്കുന്ന പുഞ്ചിരികൾ...റന്നു.

ഡിബേറ്റുകളിൽ തന്‍റെ  വാദമുഖങ്ങൾ ശക്തിയുക്തം വാദിച്ചു ജയിക്കുമ്പോൾ അവന്റെ നിശ്ശബ്ദ സാന്നിധ്യം എന്നും തന്റെ കരുത്തായിരുന്നു. നോട്ടുബുക്കിന്റെ താളുകളിൽ താൻ കുറിച്ചുവെക്കുന്ന കവിതകളെ നിശിതമായി വിമർശിക്കുമ്പോൾ വാടിപ്പോകുന്ന മുഖത്തു നോക്കി അവൻ പറയും,

'പാറൂഇങ്ങനെ എന്തെങ്കിലും എഴുതി നിന്റെ കഴിവുകൾ പാഴാക്കരുത്.’ 

പിന്നെ എന്റെ കവിതകൾ തിരുത്തി അവൻ ഈണത്തിൽ ചൊല്ലും.

അവസാന വർഷ പരീക്ഷ കഴിഞ്ഞ് പടിയിറങ്ങുമ്പോൾ നിശ്ശബ്ദരായിരുന്നു.  പൂത്തുലഞ്ഞ കൊന്നമരത്തിനു ചുവട്ടിൽ മൌനത്തിനു കനം കൂടിയപ്പോൾ പാർവ്വതി മെല്ലെ ചോദിച്ചു,

ഇനി ഞാൻ പൊക്കോട്ടേ?’

അനന്തൻ അന്നാദ്യമായി അവളുടെ കയ്യിൽ മെല്ലെ പിടിച്ചു ...

പാർവ്വതീ ... ഇനിയുള്ള കാലവും നമുക്ക് ഒന്നിച്ച് തന്നെ കഴിഞ്ഞുകൂടേ?’

നോട്ടുബുക്കിൽ നിന്നു ചീന്തിയെടുത്ത ഒരു കടലാസ്സിൽ വീട്ടിലേക്കുള്ള വഴി  കുറിച്ചു  കൊടുത്ത് യാത്ര പറഞ്ഞ് നടക്കുമ്പോഴും അനന്തൻ തന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

മാർച്ചിന്റെ വേനൽ‌പ്പൂവുകൾ നെറുകയിൽ കൊഴിഞ്ഞു വീണു.

നല്ല ആളാണല്ലോആദ്യരാത്രിയായിട്ട് ഞാൻ വരുന്നതിനു മുമ്പെ ഉറക്കമായോ?’

'
വായിച്ചു കിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല’ അനന്തൻ നിഷ്കളങ്കമായി ചിരിച്ചു.

വായിച്ചു കൊണ്ടിരുന്ന പുസ്തകം നെഞ്ചിൽ നിന്നെടുത്ത്കണ്ണട ഊരി മേശപ്പുറത്ത് വെച്ച് ജനാല തുറന്നു..

അനന്താനല്ല നിലാവ്... നമുക്ക് അല്പനേരം പുറത്തിരുന്നാലോ?’

വരാന്തയുടെ അരികില്‍ മച്ചിലേക്ക് പിടിച്ചു കെട്ടിയ മുല്ലവള്ളികളിൽ പൂവിരിയുന്ന സുഗന്ധം.

 
ചേർത്തു പിടിക്കാൻ തുടങ്ങിയ അനന്തന്റെ കൈ തന്‍റെ കയ്യിലെടുത്തു.

അനന്താഈ രാവിൽ നിനക്കു ഞാൻ ഒന്നും തരില്ല. നാളെ നമുക്കൊരു സ്ഥലത്ത് പോകണം. കടലും മലയും കൈ കോർക്കുന്ന ഒരു ദേവഭൂമിയിൽ. അവിടെ കടലിന്‍റെ സംഗീതം കേട്ട് കിടക്കുമ്പോൾകടൽക്കാറ്റ് താരാട്ടിനെത്തുമ്പോൾ നിനക്ക് ഞാനെന്നെ തരും.
'അമ്മേ .....'

വൈഖരിയുടെ വിളികേട്ട് പാര്‍വതി ഓര്‍മയിൽ നിന്നും ഉണര്‍ന്നു ...

'അതാ നോക്ക് അമ്മെ ...ഒരു റെയില്‍വേ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍.. ബോര്‍‍ഡ്‌ ഇപ്പോഴും ഉണ്ട് .. ധനുഷ്ക്കൊടി...'


'ഉം.....ഇതിപോള്‍ ധനുഷ്കോടി അല്ല.. ഒരു പ്രേത നഗരം..' പാര്‍വതി പിന്നെയും ഓര്‍മ്മയുടെ തിരകളിൽ വീണൊഴുകി..

കടകട ശബ്ദം മുഴക്കി ഓടുന്ന 653 നമ്പര്‍ പാസ്സഞ്ചര്‍ ട്രെയിന്‍. അതിലിരുന്നു  അനന്തന്‍ തന്നോടു  ജീവിതത്തെപറ്റിയും സ്നേഹത്തെപറ്റിയും ഒരുപാടു സംസാരിച്ചു അന്ന് .. പിന്നെ ഖലില്‍ ജിബ്രാന്‍റെ പ്രവാചകൻ എന്ന പുസ്തകം തുറന്നു അതില്‍ സ്നേഹത്തെപറ്റി പറഞ്ഞിരിക്കുന്നത് വായിച്ചു കേള്‍പ്പിച്ചു...

സ്നേഹത്തിന്‍റെപാത കടുത്തതും ദുര്‍ഘടവും ആണെങ്കിലും സ്നേഹം വിളിക്കുമ്പോള്‍ അതിന്റെ പാതയിലൂടെ നിങ്ങൾ പോവുക തന്നെ വേണം സ്നേഹത്ത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ ശ്രമിക്കരുത്..  നിങ്ങള്‍ അര്‍ഹാരാനെന്കിൽ നിങ്ങളുടെ ഗതി സ്നേഹം നിയന്ത്രിച്ചു കൊള്ളും.
   
ട്രെയിനിനു വേഗം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്പസമയത്തിനകം ഒരു കൊച്ചു സ്റ്റേഷനിൽ കിതച്ചു കിതച്ചു വണ്ടി നിന്നു.

പാറൂസ്റ്റേഷനെത്തി... ഇറങ്ങണ്ടേ?’

കണ്ണു തിരുമ്മി പാർവ്വതി പുറത്തേക്ക് നോക്കി. ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ഒരു സ്റ്റേഷൻ. കൊളോണിയൽ രീതിയിലുള്ള ഒരു കൊച്ചു കെട്ടിടം.ബോർഡിൽ നോക്കിയ പാർവ്വതിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

സ്റ്റേഷനു പുറത്ത് വല്ലപ്പോഴും വീണു കിട്ടുന്ന യാത്രക്കാരേയും കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷകളുംകുതിരവണ്ടികളും.

അനന്താനമുക്കൊരു കുതിരവണ്ടിയിൽ പോയാലോ?’


കടൽക്കരയോട് ചേർന്ന് മണൽ‌പ്പരപ്പിലൂടെയുള്ള റോഡ്.  റോഡിന്റെ മറുവശത്ത് ചൂളമരങ്ങൾ. ഓർത്തിരിക്കാത്ത നേരത്ത് അലറിപ്പാഞ്ഞ് റോഡരികിലോളം എത്തുന്ന തിരകൾ.

കിന്നരിത്തൊപ്പി വെച്ച പാറാവുകാരൻ കാവൽ നിൽക്കുന്ന മനോഹരമായ ഒരു കെട്ടിടത്തിനു മുന്നിൽ കുതിരവണ്ടി നിന്നു. ഹോട്ടലിലെ റിസപ്ഷിനിസ്റ്റിനോട് കടലിലേക്ക് തുറക്കുന്ന ബാൽക്കണിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങി.


ബാൽക്കണിയിൽ കടൽക്കാറ്റിന്‍റെ കുളിര്. പുതച്ചിരുന്ന ഷാൾ രണ്ടുപേരുടേയും തോളിലൂടെ പുതച്ച്ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.

ഈ അസ്തമയവുംനാളത്തെ പുലരിയും എനിക്ക് നിന്നോടൊപ്പം തന്നെ കാണണം.

അനന്തൻ തന്നെ ചേർത്തു പിടിച്ചപ്പോൾ എന്തിനോ കണ്ണുകൾ നനഞ്ഞു.

തുറന്നിട്ട ജനാലയിലൂടെ കടൽക്കാറ്റിനൊപ്പം കടന്നു വന്ന നിലാവ് തന്റെ നഗ്നതയിൽ അലകളിളക്കി! മൂക്കിൻ‌തുമ്പിലെ വിയർപ്പൊപ്പിയ അനന്തന്റെ ചുണ്ടുകൾ പൊള്ളിച്ചു. ചരിഞ്ഞു കിടന്ന് അവനെന്റെ കണ്ണുകളിലേക്ക്  നോക്കി ... നാണം കൺപോളകളിൽ ചിത്രശലഭങ്ങളായി മുത്തമിട്ടു. നിറമാറുകളുടെ ചൂടിൽ മുഖം പൂഴ്ത്തി വീണ്ടും കുസൃതി കാട്ടാൻ തുടങ്ങിയ അവന്‍റെ കൈകൾ കയ്യിലെടുത്തു.

അനന്താഎനിക്കുറപ്പുണ്ട് ... ഈ രാവ് നമുക്കൊരു സമ്മാനം തരും...

ഉം?’

വൈഖരി .... നമ്മുടെ മോൾ...

മോളാണെന്ന് ഇത്ര ഉറപ്പാണോ?’ അവൻ ചിരിച്ചു.

അതേ ... എനിക്കുറപ്പുണ്ട്’  താൻ ശുണ്ഠിക്കാരിയായി!

പിന്നെ അവന്റെ ചുണ്ടുകളിൽ കനലെരിഞ്ഞത് ചുണ്ടുകൾ അറിഞ്ഞു.

രാവിലെ കൈകൾ കോർത്ത് പടികൾ ഓടിയിറങ്ങി വരുന്നതു കണ്ടപ്പോൾ റിസപ്ഷനിസ്റ്റ് പറഞ്ഞു,

സാർനല്ല കാറ്റുണ്ടായേക്കും എന്ന് പറയുന്നുകടൽതിരത്തേക്കൊന്നും  പോകാതിരിക്കുകയാവും നല്ലത്

കടപ്പുറത്ത് പുലരിയുടെ ഈറൻ‌കാറ്റ്. നീണ്ട്കിടക്കുന്ന പഞ്ചാരമണലിനെ തലോടി ശാന്തമായി കിടക്കുന്ന കടൽ. പുതയുന്ന മണലിൽ കാലടികൾ
ചിത്രങ്ങളുണ്ടാക്കുന്നതും നോക്കി കൈകൾ കോർത്ത് മെല്ലെ നടന്നു.  കാലടിശ്ബ്ദം കേട്ട് ചുവന്ന ഞണ്ടുകൾ മാളത്തിൽ ഓടിയൊളിച്ചു. 


ദൂരെ കടലിൽ ഉയർന്നു നിൽക്കുന്ന ഗന്ധമാദന പർവ്വതം. അവിടേക്ക് പാർവ്വതി കൈ ചൂണ്ടി.

അനന്താനീയെന്നേ അവിടെ കൊണ്ടു പോകുമോ?’

പിന്നേ ...

അല്പം വലിയൊരു തിര കാലടികളെ  നനച്ച് തിരിച്ചു പോയി. കടലിറങ്ങിയ കരയിൽ മനോഹരമായ ഒരു ശംഖ്. അനന്തൻ കണ്ണിലേക്ക് നോക്കിപിന്നെ അതെടുക്കാനായി മുന്നോട്ട് നടന്നു. പൊടുന്നനെയാണ് ഒരു ഹുങ്കാരവം കേട്ടത് ... കണ്ണടച്ചു തുറക്കുന്നതിനു മുൻപ് തൊട്ടു മുന്നിൽ അലറിപ്പാഞ്ഞു വരുന്നൊരു തിര.

പാറൂ ഓടിക്കോളൂ ...’ അലറിപ്പറഞ്ഞ് കൊണ്ട് അനന്തൻ തന്‍റെ നേർക്ക് ഓടി. കുറച്ച് മുന്നോട്ട് ഓടി തിരിഞ്ഞു നോക്കി... കടലിലേക്ക് തിരിച്ചു പോകുന്ന തിരയുടെ മുകളിൽ ഒരു നിമിഷം അനന്തന്‍റെ  കൈകൾ ഉയർന്നു താണു!

കണ്ണു തുറക്കുമ്പോൾ അലറിക്കരയുകയുംനെഞ്ചത്തടിക്കുകയും ഒക്കെ ചെയ്യുന്ന കുറെ മനുഷ്യരുടെ നടുവിലായിരുന്നു താൻ. ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും  പിഴുതെറിയപ്പെട്ട മരങ്ങളും ... ഹോട്ടൽ നിന്ന സ്ഥാനത്ത് തകർന്നടിഞ്ഞൊരു ഇഷ്ടിക കൂമ്പാരം ... ഒരു പ്രേതഭൂമി!

ഒരു കുലുക്കത്തോടെ ബസ് നിന്നു. ഒരു ചെറിയ ബസ് സ്റ്റഷൻ. ബസ്സിൽ ഉണ്ടായിരുന്ന ഏതാനം യാത്രക്കാർ ഇറങ്ങി കഴിഞ്ഞു.

ബസ് ഇവിടെ വരെയേ ഉള്ളു’ കണ്ടക്റ്റർ പറയുന്നത് കേട്ട് പുറത്തിറങ്ങി.

സ്റ്റേഷനു പുറത്ത് മുനമ്പിലേക്ക് പോകുന്ന ജീപ്പുകളുടെ നിര. കടൽതീരത്തുള്ള റോഡിലൂടെ ജീപ്പ് മുന്നോട്ട് പാഞ്ഞു. കടൽ വിഴുങ്ങിയ ട്രെയിൻ പോയ റെയിൽ‌പ്പാത മണൽമൂടി കിടക്കുന്നു.  കുറെ ദൂരെ തകർന്ന പള്ളിയുടെ പൊട്ടിപ്പൊളിഞ്ഞ മിനാരങ്ങൾ!

കടപ്പുറത്തെ വീതി കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു.

വെളുത്ത മണലിലൂടെ മോളുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു.  ദൂരെ കടലിൽ തപസ്സു ചെയ്യുന്ന പർവ്വതം കണ്ടപ്പോൾ നടപ്പ് നിർത്തി.

അനന്തതയിലേക്ക് നീളുന്ന മണല്‍ മുനമ്പ്‌. ഇരുവശത്തും കടലുകൾ. ഒന്ന് ശാന്തമായി ചെറിയ അലകളുമായി തീരത്തെ തഴുകുമ്പോള്‍ മറുവശത്ത് എല്ലാം തല്ലിതകര്‍ക്കാനുള്ള ആസുര ഭാവത്തോടെ അലറിയെത്തുന്ന തിരകൾ നിറഞ്ഞ മറ്റൊരു കടൽ. ജീവിതത്തിന്റെ രണ്ടു മുഖങ്ങൾക്കിടയിലാണ് താന്‍ നില്‍ക്കുന്നതെന്ന് പാര്‍വതിയ്ക്കു തോന്നി.

അവള്‍ ഓര്‍ത്തു.. തന്‍റെ ആഗ്രഹങ്ങൾ  എപ്പോഴും സഫലമായി.. അത്രയും തീഷ്ണമായി അവയ്ക്ക് വേണ്ടി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്കൊണ്ടാവാം. തീരെ ചെറിയ കാര്യങ്ങൾ ആയാലും അതെങ്ങനെ ആയിത്തീരണം എന്ന് മനസ്സില്‍ ആദ്യം കാണുമായിരുന്നു .

അനന്തന്‍ പലപ്പോഴും കളിയാക്കി ... 

'എന്തിനാണ് പാറു ഇത്ര തയ്യാറെടുപ്പുകള്‍ .. എനിക്ക് ചിന്തകളുടെ ഭാരം ചുമന്ന് അതിനു പിറകെ അലയാന്‍ വയ്യ. .ഒരുപാടു കണക്കുകള്‍  കൂട്ടി വെച്ചാല്‍ പിഴയ്ക്കുമ്പോൾ താങ്ങാനാവില്ലകേട്ടോ.'

'
ഇല്ലപിഴയ്കുന്ന കണക്കുകള്‍ ഞാനൊരിക്കലും കൂട്ടാറില്ല അനന്താ. നിനക്ക് കുറച്ചു കൂടി പോസിറ്റീവ് ആയി ചിന്തിച്ചു കൂടേ?'

'
ഹേയ്… അതല്ല പാറു.. അര നിമിഷം വേണ്ട ചിലപ്പോള്‍ ജീവിതം ഉലച്ചു കളയാന്‍. അല്ലെങ്കിലും ആകസ്മികതകളുടെ ആകെത്തുകയല്ലേ ജീവിതം..'

ഇല്ല എന്ന് പറഞ്ഞു എതിരെ നടക്കുമ്പോള്‍ അന്ന് മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമായി.

പിന്നീട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാൻ ആഗ്രഹിച്ചിരുന്നതുപോലെ നിന്‍റെ വിരല്‍ തുമ്പും പിടിച്ചു ഈ കടൽ കരയിൽ  കൂടി നടന്നപ്പോള്‍ ജീവിതം നാം ആഗ്രഹിക്കുന്നപോലെ ആണെന്ന് ചെറുതായെങ്കിലും അഹങ്കരിച്ചിരുന്നു.
പക്ഷെ ഒരുനിമിഷംപോലും വേണ്ടി വന്നില്ല ആ ചിന്തകളെ ചുഴറ്റി എറിയാന്‍ ..

കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയിൽ എനിക്ക് കൂട്ട് കണ്ണീരുണങ്ങാത്ത ഓർമ്മകളുടെ ഉപ്പുകാറ്റ്  മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നൊ

അനന്താകടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോൾ നീ കോണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ
ഒരു ചെറുതിര വന്ന് കാലിൽ തലോടി തിരിച്ചു പോയി.

അമ്മേ.. ഇവിടെയാണോ .. ?’

ഉം...

മോളേ ചേർത്തു പിടിച്ചു.

അനന്താഇതാ നിന്‍റെ ... അല്ല നമ്മുടെ വൈഖരി.
പാറിപ്പറക്കുന്ന മുടിയിഴകളിൽ  തഴുകി ഒരു കൊച്ചു തെന്നല്‍ ഞങ്ങളെ കടന്നുപോയി.. ഏതോ നിര്‍വൃതിയിൽ അറിയാതെ കണ്ണുകൾ അടഞ്ഞു...

'മോളേ നോക്ക്.. നിന്‍റെ  അച്ഛന്‍ ... എന്‍റെ അനന്തൻഅതാ...'

ഒരു നിഴല്‍ നടന്നു മറയുന്നപോലെ... എനിക്ക് തോന്നിയതാണോ.. അറിയില്ല......

ആ പ്രേത നഗരത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിൽ ഏതോ കാലത്തെ അവശേഷിപ്പുകള്‍ പോലെ അവർ പരസ്പരം നോക്കി നിന്നു..
Related Posts Plugin for WordPress, Blogger...