രാപ്പൂക്കളിൽ ഉഷ്ണം നിറയുമ്പോൾ



വെയില്‍ വെന്തു വെന്തു പല അടരുകളായി നിരത്തില്‍ നിന്നും അടച്ചിട്ട ജനാലയുടെ ചില്ലുപാളികളില്‍ വന്നെത്തിനോക്കിക്കൊണ്ടിരുന്നു. അതിലേറെ പുകയുന്ന ചിന്തകളുമായി അവളെന്റെ മുന്നില്‍ ഇരുന്നു.

ലീവ് ആപ്ലിക്കേഷനിൽ നിന്ന്‍ തലയുയര്‍ത്തിയത് അവളുടെ ആകാംക്ഷ മുറ്റി ഇടുങ്ങിയ കണ്ണുകളിലേക്കായിരുന്നു. മേശയുടെ അരികില്‍ പിടിച്ചിരുന്ന വിരലുകള്‍ ഏതോ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

‘എലൻ വർഷങ്ങളായല്ലോ ലീവിനു പോയിട്ട്,  എന്തു പറ്റി ഇപ്പോൾ?’

അവളുടെ ചതഞ്ഞ ചുണ്ടിൽ ഒരു മങ്ങിയ ചിരി മിന്നിമാഞ്ഞു, പിന്നെ എന്തോ പറയാനായി മുന്നോട്ട് ആഞ്ഞു... അപ്പോഴാണ് ഓഫീസ് ഡോർ തള്ളിത്തുറന്ന് പുറത്തെ വെയില്‍ നാളങ്ങള്‍ ഒന്നിച്ചു ഇരച്ചു കയറിയതുപോലെ  ക്രിസ ഉള്ളിലേക്ക് വന്നത്.

‘സർ... ആ ലീവ് ആപ്ലിക്കേഷൻ അപ്രൂവ് ചെയ്യരുത്...’ അത് പറയുമ്പോൾ അവൾ ഒരു ചെന്നായയെ പോലെ കിതച്ചു.

എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് എന്റെ കയ്യിൽനിന്നും ലീവ് ആപ്ലിക്കേഷൻ തട്ടിപ്പറിച്ച്, കീറിക്കളഞ്ഞ് ഒരുന്മാദിനിയേപ്പോലെ അവൾ എലന്റെ മുടിക്കെട്ടിൽ പിടിച്ചുയർത്തി ഇരുകവിളുകളിലും മാറിമാറിയടിക്കാൻ തുടങ്ങി...

‘ഐ വിൽ കിൽ യു ബിച്ച് ... ഐ വിൽ കിൽ യു ... കിൽ യൂ ...’ പരിസരം പോലും മറന്ന് അവൾ അലറിക്കൊണ്ടിരുന്നു.

പകച്ച് സ്തബ്ധരായി നിന്നു പോയ ഞങ്ങൾക്ക് മുന്നിൽ ക്രിസ ബോധരഹിതയായി നിലത്തേക്ക് വീണു!

ദിവസങ്ങൾക്ക് ശേഷമാണു പതിവ് ഔദ്യോഗിക സന്ദർശനത്തിനായി ഫീമെയിൽ സൈക്കിയാട്രി വാർഡിൽ എത്തിയത്. ഒരിക്കലും ചിരി മായാത്ത മുഖമുള്ള വാർഡ് ഇൻ ചാർജ് സാലമ്മ ചോദിച്ചു,
‘ക്രിസയെ കാണുന്നില്ലേ?’

കണ്ണുകളിലെ സംശയം കണ്ടാവണം, നെറ്റിയിലേക്ക് മുറിച്ചിട്ട മുടി പുറംകൈ കൊണ്ട് ഒതുക്കി സാലമ്മ പറഞ്ഞു,  ‘പേടിക്കണ്ട, ക്രിസ ഇപ്പോൾ തികച്ചും നോർമലാണ്.’

ഒഴിഞ്ഞ കിടന്ന കൌൺസില്ലിങ്ങ് റൂമിൽ ജന്നൽപാളികളിൽ ഹ്യുമിഡിറ്റി തീർക്കുന്ന നീർച്ചാലുകളിൽ  നോക്കി ക്രിസ മിണ്ടാതിരുന്നു.

'സര്‍ , അന്ന് ഓഫീസ്സിൽ ഞാൻ വളരെ മോശമായി പെരുമാറി എന്ന് സിസ്റ്റേഴ്സ് പറഞ്ഞാണ് അറിഞ്ഞത്... ക്ഷമിക്കണം...’

‘ഉം, അത് സാരമില്ല,  മനപ്പൂർവ്വമല്ലല്ലൊ...’

‘എപ്പോഴും സന്തോഷത്തോടെ, ചുറുചുറുക്കോടെ ജോലിചെയ്യുന്ന ക്രിസയെയാണു ഞാ‍ൻ കണ്ടിട്ടുള്ളത്, ഇതിപ്പോൾ തനിക്കെന്ത് പറ്റി?’

‘ഒന്നുമില്ല, സാറിനു രാവിലെ നല്ല തിരക്കായിരിക്കുമല്ലേ?’

ചെറിയ പൂക്കളുള്ള ആശുപത്രി ഗൌണിൽ അവളുടെ വിരലുകൾ തെരുപ്പിടിച്ചുകൊണ്ടിരുന്നു. അവളുടെ വരണ്ട കണ്ണുകളിലെ നിസ്സഹായത അല്പ നേരം അവിടെ ഇരിക്കരുതോ എന്ന് എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

‘തിരക്കില്ല,  ക്രിസ പറഞ്ഞോളൂ...’

‘സർ, ഗൾഫിലെ പുരുഷതൊഴിലാളികളുടെ ദുരിതങ്ങളും ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ചതിക്കുഴികളും ജീ‍വിതം ആഘോഷമാക്കിത്തീർക്കുന്ന പെൺകുട്ടികളും എത്രയോ കഥകളിലും വാര്‍ത്തകളിലും സിനിമകളിലും വിഷയങ്ങളായി... അല്ലേ?

‘ഉം’

‘പക്ഷേ, കുറഞ്ഞ കൂലിക്ക് ദിവസം മുഴുവൻ ജോലി ചെയ്ത് വെറും കബൂസും പച്ചവെള്ളവും കൊണ്ട്  ഇടുങ്ങിയ ക്യാമ്പ് മുറികളിൽ, നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുപോലും അറിയാതെ വർഷങ്ങൾ തള്ളിനീക്കേണ്ടിവരുന്ന സ്ത്രീകളേക്കുറിച്ച് ആരെങ്കിലും പറഞ്ഞതായി സാർ കേട്ടിട്ടുണ്ടോ?’

‘ആരുംപറയാത്ത കഥകള്‍ കേള്‍ക്കാൻ എനിക്കിഷ്ടമാണ്.’

‘കഥകള്‍ അല്ല സര്‍ , പച്ചയായ ജീവിതത്തിന്റെ് നേര്‍ക്കാഴ്ചകൾ മാത്രമാണവ.’

ശൂന്യമായ കണ്ണുകൾ തന്നിലേക്ക് തന്നെ തിരിച്ച് ക്രിസ പറഞ്ഞു തുടങ്ങി...

‘വെളുപ്പാൻ കാലത്ത് കുളിമുറികൾക്ക് മുന്നിൽ ഊഴം കാത്തുനിന്ന്, ക്യാമ്പിലെ കോമൺ കിച്ചണിൽ വെച്ചുണ്ടാക്കുന്ന ഉച്ചയാഹാരവും പൊതിഞ്ഞുകെട്ടി, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്നുകിടക്കുന്നയാളെ ഉണർത്താതെ, ക്യാമ്പ് ഗേറ്റിൽ കത്തുനിൽക്കുന്ന പാകിസ്ഥാനി ഡ്രൈവറുടെ തെറിയും കേട്ട്  ബസ്സിലേക്കുള്ള ഓട്ടത്തിനിടയിൽ സ്വന്തം മുഖം പോലും ഒന്നു കാണാത്ത ഞങ്ങളെപ്പോലെ മുഖങ്ങളില്ലാത്തവരുടെ  ജീവിതം...’

ക്രിസയുടെ ക്ഷീണിച്ച വിളറിയ മുഖത്തെ തിരയിളക്കവും നോക്കി നിശ്ശബ്ദനായി ഇരുന്നു.

‘പന്ത്രണ്ട് മണിക്കൂർ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന... ഇടയ്ക്കൊന്നു തളർന്നിരുന്നുപോയാൽ തലക്ക് മുകളിൽ എപ്പൊഴും തൂങ്ങിനിൽക്കുന്ന “വാർണിംഗ് ലെറ്ററും പെനാൽറ്റിയും” ഭയക്കേണ്ടുന്ന ... സ്ത്രീ എന്ന ഒരല്പം പരിഗണന ലഭിക്കാതെ, വേദന കടിച്ചുപറിക്കുന്ന ആ ദിവസങ്ങളിൽ പോലും എഴുനേൽക്കാനാവാതെ ഒന്നു കിടന്നുപോയാൽ ശമ്പളം നഷ്ടമാകുന്ന സ്ത്രീകൾ... പരാതി പറയാനോ, മറ്റൊരു ജോലി അന്വേഷിക്കുവാനോ അവസരം കിട്ടാത്ത അവസ്ഥ. ഒരു സൌഭാഗ്യം പോലെ വല്ലപ്പൊഴും വീണുകിട്ടുന്ന ഓഫ് ദിനങ്ങളിൽ നിയമപ്രകാരമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന പാർട്ട് ടൈം ജോലികൾ, അതിനിടയിൽ പിടിക്കപ്പെടുമോ എന്ന ഭയം... ഒരിക്കലും തീരാത്ത ആവിശ്യങ്ങളും ആവലാതികളുമായി നാട്ടിൽ നിന്നെത്തുന്ന ഫോൺ കോളുകൾ...ഒരു നല്ല വസ്ത്രം വാങ്ങാതെ, ഒരു നേരമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ  മാസാവസാനം ഓരോ ചില്ലിക്കാശും നുള്ളിപ്പെറുക്കി മണീ എക്സ്ചേഞ്ചിലേക്കുള്ള ഓട്ടം...’

‘ക്രിസ നാട്ടില്‍ പോകാറില്ലേ?‘

‘ഇല്ല സാർ... പണത്തെ അല്ലാതെ ഞങ്ങളെ അവിടെ ആര് കാത്തിരിക്കുന്നു? ജീവിതം തുന്നിക്കൂട്ടി തുന്നിക്കൂട്ടി കീറത്തുണിപോലെയായ മനസ്സും വികാരങ്ങളും. ജീവിച്ചിരിക്കുന്ന വെറും ശവങ്ങള്‍ മാത്രമാണ് ലേബര്‍ക്യാമ്പിലെ സ്ത്രീ ജന്മങ്ങള്‍ . മറ്റുള്ളവരുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാന്‍ സ്വന്തം ജീവിതത്തിന്റൊ താളുകള്‍ ഓരോദിവസവും കീറിക്കളയുന്നവര്‍ ... ആർക്കും മനസ്സിലാവില്ല ഇതൊന്നും...’  ഒരു ഗുഹയിൽ നിന്നെന്ന പോലെ കിതപ്പിനിടയിലൂടെ അവളിൽ നിന്ന് വാക്കുകൾ തെറിച്ചു വീണു.

അവളുടെ ചുണ്ടിന്റെ കോണിൽ ലോകത്തോടുള്ള പുച്ഛം മുഴുവൻ ഒന്നായി ഉറഞ്ഞുകൂടി.

ഏതൊ സെല്ലിൽ നിന്നും ഒരു പൊട്ടിച്ചിരി നേർത്തുനേർത്ത് തേങ്ങലായി...

‘പക്ഷേ, ക്രിസ എന്തിനായിരുന്നു എലനോട്...?’

അവളുടെ മുഖം ഇരുണ്ടു വലിഞ്ഞു മുറുകാൻ തുടങ്ങി.

‘അല്ലാ സാറിനോട് കഥയൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ ഇതുവരെ?’ സാലമ്മ സിസ്റ്റർ ഒരു ചിരിയായി കടന്നുപോയി.

‘സാർ, എത്രയൊക്കെ അല്ലാ എന്ന് നമ്മൾ പറഞ്ഞാലും സ്നേഹം എന്നത് സ്വാർത്ഥത തന്നെയല്ലേ? ആത്മാർത്ഥമെന്നും സത്യസന്ധമെന്നും നമ്മൾ ഉറച്ചു വിശ്വസിക്കുന്ന സ്നേഹബന്ധത്തിൽ വിശ്വാസവഞ്ചന ഉണ്ടായാൽ എങ്ങനെയാണു അത് സഹിക്കുക...’

ഒരു കഥയില്ലാത്ത പെണ്ണായി മാത്രം കരുതിയിരുന്ന ക്രിസിന്റെ വാക്കുകൾ വല്ലാത്ത മൂർച്ചയോടെ മുറിയുടെ ചുവരുകളിൽ തട്ടി ചിതറിക്കൊണ്ടിരുന്നു.

‘ഒരു ബോസ്സിനോട് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നെനിക്കറിയില്ല..’

‘നിസ്സഹായരുടെ നിലവിളികൾക്കിടയിൽ തൊഴിലാളിയും ബോസ്സുമില്ല.. ക്രിസ് പറയു...’

‘ദുബായ് തെരുവുകളുടെ അഴുക്കുചാലുകളിലേക്ക് അവള്‍ മെല്ലെമെല്ലെ ഒഴുകിനീങ്ങിക്കൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി ഞാന്‍ കണ്ടത്.  ഇരന്നുവാങ്ങി ജോലി നേടിക്കൊടുത്തോ, ആവിശ്യങ്ങൾക്ക് പണം കൊടുത്ത് സഹായിച്ചോ, കിടക്കാൻ ഇടം കൊടുത്തോ, കഴിക്കാൻ ആഹാരം കൊടുത്തോ മത്രമല്ല സാർ എലനു ഞാനെന്റെ ജീവിതത്തിൽ ഇടം കൊടുത്തത്. സ്നേഹവും കരുതലും ഒക്കെ വേണ്ടതിലേറെ കൊടുത്തായിരുന്നു ഞാനവൾക്കെന്റെ ജീവിതം പങ്കുവെച്ചത്.’

ഇറുകെപ്പൂട്ടിയ കൺപോളകൾക്കടിയിൽ അവളുടെ കണ്ണുകൾ പിടഞ്ഞു നീര്‍ത്തുള്ളികൾ ഇറ്റ് വീണു.

‘ഒറ്റപ്പെടലുകളിൽ ഉരുകിത്തീർന്നവൾക്ക് വേദനകളും സന്തോഷങ്ങളും പങ്കുവെക്കാൻ ഒരാളുണ്ടാവുക എന്നത് പ്രാരാബ്ധങ്ങളുടെ കയത്തില്‍ മുങ്ങിതാണു പോകുന്നവര്‍ക്ക് ഇത്തിരി പ്രാണവായു കിട്ടുന്ന പോലെയാണ്... അതായിരുന്നു എനിക്ക് എലന്‍.’

‘പക്ഷെ നീ എത്ര ക്രൂരമായിട്ടാണ് അവളോടു പെരുമാറിയത്?’

‘ജോലികഴിഞ്ഞ് തളർന്ന് മയങ്ങുന്ന രാവുകളിൽ, നാട്ടിൽ നിന്നു വരുന്ന ഫോൺകോളുകൾ ഒക്കെ വല്ലാതെ മുറിവേൽ‌പ്പിക്കുന്ന ദിവസങ്ങളിൽ അവൾ വല്ലാത്ത ആശ്വാസമായി. പിന്നെ മനസ്സും ശരീരവും പുകഞ്ഞ രാവുകളിൽ പരസ്പരം തിരഞ്ഞ്,  രാപ്പൂക്കളായി... എന്റെ മനസ്സിലും ശരീരത്തിലും എലന്‍ മാത്രമായി... എന്നിട്ടും അവൾക്ക് സ്നേഹിക്കാൻ ഇപ്പോൾ മറ്റൊരാൾ... ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ...!’

കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിൽ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

‘റിലാക്സ് ക്രിസ, ജീവിതത്തിലെ തിരിച്ചടികള്‍ നേരിടാന്‍ മനസ്സിന് ബലം കൊടുക്ക്. ഏതോ രണ്ടു രാജ്യങ്ങളില്‍ നിന്നും ജീവിതം തേടി ഇവിടെ എത്തിയവരല്ലെ നിങ്ങള്‍ ?  ഇവിടുന്നു മടങ്ങുമ്പോള്‍ നിങ്ങള്‍ രണ്ടു രാജ്യത്തേക്ക് തന്നെ പോകേണ്ടവര്‍ അല്ലെ? അതല്പം നേരത്തെ ആയെന്നു കരുതി സമാധാനിക്കു ... എലനു അവളുടേതായ കാരണങ്ങള്‍ ഉണ്ടാവും.’

‘എനിക്ക് ഒരു സ്ത്രീയേ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ. അതെന്റെ് കുറ്റമാണോ സര്‍ ? ദൈവത്തിന്റെല വികൃതിക്കു എല്ലാവരും ശിക്ഷ വിധിക്കുന്നത് എനിക്കാണ്..'

‘ക്രിസാ, എന്തായാലും ഒരു ഓഫീസ്സിന്റെ ഡിസിപ്ലിൻ ഞങ്ങൾക്ക് നോക്കിയേ പറ്റൂ. നിങ്ങളെ രണ്ടാളേയും രണ്ട് പ്രോജ്കടുകളിലേക്ക് മാറ്റാനാണ് മാനേജ്മെന്റിന്റെ തീരുമാനം. അത് സമ്മതമല്ലെങ്കിൽ രണ്ടാളേയും ടെർമിനേറ്റ് ചെയ്യാനും...’

പൊടുന്നനെ ഇരുകൈകളിലും മുഖം പൊത്തി അവൾ ഉറക്കെ കരയാൻ തുടങ്ങി.

‘തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ല സാർ... അവളേ വേണ്ടെന്നു വെക്കാൻ... അവളുടെ സ്നേഹം നഷ്ടപ്പെടാൻ എനിക്ക് വയ്യ സാർ... ഒരു മുഴുഭ്രാന്തി ആയിപ്പോകും സാർ ഞാൻ...’

അവളുടെ കണ്ണുകളിലെ യാചന കണ്ടില്ലെന്നു വെച്ചു.

‘ശരി, മാനേജ്മെന്റിനോട് സംസാരിച്ചുനോക്കാം...’

കൌണ്സിലിംഗ് റൂമിന്റെ കതകിൽ മെല്ലെ മുട്ടുന്നത് കേട്ടാണ് കണ്ണുകൾ ഉയർത്തിയത്. കതകു തുറന്ന് അസിസ്റ്റന്റ് മാനേജര്‍ തിടുക്കത്തില്‍ അകത്തേക്ക് വന്നു.

‘സര്‍ , ഫോൺ സൈലൻസറിൽ ആണോ? കുറെ നേരമായി ഡയറക്ടർ വിളിക്കുന്നു. ഞാന്‍ സാറിനെ ഇവിടം മുഴുവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു...’ അയാള്‍  ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

അപ്പോഴാണോർത്തത് മീറ്റിങ്ങിനിടയില്‍ സൈലെന്റ് ആക്കിയ ഫോൺ ഓൺ ചെയ്തില്ലല്ലോ എന്ന്.

ഞാന്‍ ക്രിസയോടു യാത്ര പറഞ്ഞ് വേഗം ഓഫിസ്സിലേക്ക് നടന്നു.

ഇന്നെന്താണാവോ പ്രശ്നം. ഇന്നലെ ഒരുറുമ്പായിരുന്നു! വളരെ പഴയ ഗവണ്മേന്റ് ആശുപത്രി ആയിട്ടും എത്രമാത്രം ശ്രദ്ധയോടെയാണവർ അതി വിശാലമായ കൊമ്പൌണ്ടും കെട്ടിടങ്ങളും വൃത്തിയും വെടിപ്പുമായി കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ എലികള്‍ ഓടി നടക്കുന്ന, ദുര്‍ഗ്ഗന്ധം വമിക്കുന്ന  സര്ക്കാർ ആശുപത്രി മുറികളെ ഓര്‍ത്തുപോയി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നെങ്കിലും എല്ലാം വലിച്ചെറിയാന്‍ ശീലിച്ച നമുക്ക് പൊതുഇടം ഇപ്പോഴും വേസ്റ്റ്‌ ബാസ്കെറ്റുകൾ പോലെയാണ്. ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഉണ്ടെങ്കിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കു. ഇവിടെ നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ  സ്വാധീനമുള്ളവര്‍ക്ക് എങ്ങനെയും ഉപയോഗിക്കാനോ തെറ്റിക്കാനോ ഉള്ളതല്ല.

ഓഫീസില്‍ എത്തുമ്പോള്‍ ഡയറക്ടർ എന്നെയും കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം ദേഷ്യംകൊണ്ട്‌ ചുവന്നിരുന്നു.

‘മിസ്റ്റര്‍ രാജ്, വാട്ട്‌ ഈസ്‌ ഗോയിംഗ് ഓണ്‍ ഹിയര്‍ ? വൈ യുവര്‍ പീപ്പിള്‍ ക്രിയേറ്റിംഗ് എ മെസ്സ്  ഓവര്‍ ഹിയർ? വൈ യു ആര്‍ നോട് റിപ്പോര്‍ട്ടിംഗ് ടു ദ  പൊലീസ്? റ്റുഡേ ഒൺലി ഐ കെയിം റ്റു നോ എബൌട്ട്‌ ദിസ്‌ ...  റ്റെർമിനെറ്റ് ബോത്ത്‌ ഓഫ് ദം ഇമ്മിടിയറ്റ്ലി... ടേക്ക് അര്‍ജന്റ് ആക്ഷന്‍  ആന്‍ട് കം ടു മൈ ഓഫീസ് വിത്ത് ദി റിപ്പോര്‍ട്ട് ‌ ഇന്‍ ദി ആഫ്റ്റർനൂൺ...’ അതും പറഞ്ഞ് എന്റെ മറുപടിക്കുപോലും കാത്തു നില്ക്കാതെ അദ്ദേഹം പോയി.

ഞാന്‍ എലനും ക്രിസ്സിനുമുള്ള ടെര്‍മിനേഷൻ ലെറ്റര്‍ തയ്യാറാക്കാന്‍ സെക്രട്ടറിയോട് പറഞ്ഞ് ഒരു ചായ കുടിക്കാനായി കാന്റീനിലേക്ക് നടന്നു.

ഓഫീസ്സിൽ ക്രിസ്സിന്റേയും എലന്റേയും പ്രശ്നങ്ങൾ ഉണ്ടായ ആ ദിവസത്തിനു ശേഷമാണ് ഇരുട്ടിന്റെ മറവിൽ അടിച്ചമർത്തിയ വികാരങ്ങൾക്ക് പരസ്പരം ശമനം പകരുന്ന മറ്റ് പലരുടേയും കഥകൾ അറിഞ്ഞത്. ഒന്നിച്ചു ജോലി ചെയ്യുന്ന പ്രായപൂർത്തിയായ ആൺ‌കുട്ടികളും പെൺകുട്ടികളും... താഴേക്കിടയിലുള്ള ജോലിക്കാരായിപ്പോയതുകൊണ്ടുമാത്രം പരസ്പരം ഒന്ന് തമാശ പറഞ്ഞ് ഉറക്കെച്ചിരിക്കുകയോ, മാന്യമായി ഒന്നു തൊടുകയോ ചെയ്യുമ്പോഴേക്കും പരാതികളും വാർണിംഗ് ലെറ്ററുകളുമായി കാത്തുനിൽക്കുന്ന അധികാരികൾ. ജോലിസ്ഥലത്തെ ഒഴിഞ്ഞ ഇടനാഴികളിലോ, ചാരിയ കതകുകൾക്കു പിന്നിലോ കൈമാറപ്പെടുന്ന ദാഹാർദ്രമായ നോട്ടങ്ങളും കൊച്ചുകൊച്ചു തമാശകളും പലപ്പോഴും കണ്ടില്ലെന്നുവെച്ചു.

അന്നത്തെ സംഭവത്തിനുശേഷം എല്ലാവരിൽ നിന്നും എപ്പോഴും എലൻ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. കാന്റീനിലേക്ക് തിരിയുന്നതിന്റെ ഇടതുവശത്തുള്ള ക്ലിനിക്കിൽ വെച്ച് യാദൃശ്ചികമായാണ് അവൾ മുന്നിൽ വന്നു പെട്ടത്.

‘എന്താണു എലൻ നിങ്ങൾക്കു പറ്റിയത്? ഞാന്‍ നിങ്ങളെ വിളിപ്പിക്കാനിരിക്കയായിരുന്നു.’

‘സാർ കേട്ടതൊക്കെ ശരിയാണ്. ക്രിസ എന്നേ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും  ചെയ്തിട്ടുണ്ട്. പക്ഷേ സ്നേഹം ഒരു ബാധ്യത ആയാൽ,  അത് ഭ്രാന്തായാൽ എന്താണ് സാർ ചെയ്യുക?’

‘ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കിടയിൽ എന്ത് സംഭവിച്ചു?’

‘ഒരു തെറ്റിദ്ധാരണയിൽ വർഷങ്ങളായി പിണങ്ങിനിന്നിരുന്ന കൂട്ടുകാരൻ തെറ്റുകൾ ഏറ്റുപറഞ്ഞ് ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ ഞാൻ അവനോട് സ്നേഹത്തോടെ പെരുമാറിപ്പോയി. ക്രിസയെ സ്നേഹിക്കുന്നു എന്നതുകൊണ്ട് എനിക്കുമില്ലേ സാർ എന്റേതായ സ്വാതന്ത്ര്യങ്ങളും ആഗ്രഹങ്ങളും?’

‘ശെരിയാവാം, പക്ഷെ നിങ്ങളുടെ രണ്ടാളുടെയും പേരില്‍ കടുത്ത നടപടി എടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല.’

‘സര്‍ , അങ്ങേക്കറിയില്ലേ ഡിഗ്രിയും ഹോട്ടല്‍ മാനേജ്മെന്റും കഴിഞ്ഞാണ് ഞാനിവിടെ ജോലിക്കു വന്നത്. ജോലിയും കിട്ടിയില്ല, ചതിക്കുഴിയിൽ പെടുകയും ചെയ്തു. നാട്ടിലുള്ള കുടുംബത്തിലെ ഏഴുപേരുടെയും അച്ഛനാരെന്നറിയാത്ത എന്റെ കുഞ്ഞിന്റെയും ഒരുനേരത്തെ ആഹാരമാണ് എന്റെ ഈ തൂപ്പുജോലി. പലപ്പോഴും സഹിക്കാനാവാത്ത ക്രിസയുടെ വികാരങ്ങള്‍ക്ക് വഴങ്ങുന്നത് അവള്‍ വല്ലപ്പോഴും തരുന്ന അല്പം പണം കൂടി ഓര്‍ത്താണ്. എന്നെ പറഞ്ഞ് വിടരുതേ...’

അവള്‍ എന്റെ കാല്ക്കൽ വീണു... ഒരു നിമിഷം ഞാന്‍ പകച്ചുപോയി.

പ്രാണന്റെ കണിക പോലുമില്ലാതെ യന്ത്രം കണക്കെ നിശ്ചലമായി പോയ എലനേ നോക്കാതെ  ഞാൻ തിരികെ ഓഫീസിലേക്ക് തന്നെ നടന്നു, വിശപ്പ്‌ കെട്ടിരുന്നു.

ദുരിതക്കടല്‍ ജീവിച്ചു തീര്‍ക്കുന്നവര്‍ക്കും ഹൃദയവും വികാരങ്ങളും ഉണ്ടാകുന്നത് അപരാധമായി എങ്ങനെ കാണാന്‍ കഴിയും? ഏതു നിയമത്തിനാണ് അവരുടെ  സ്നേഹബന്ധങ്ങളെ തടവിലിടാന്‍ കഴിയുക? ടെർമിനേഷൻ ലെറ്റർ ക്യാൻസൽ ചെയ്ത് രണ്ടാള്‍ക്കും 200 ദിർഹം പെനാല്ടിയും വാണിംഗ് ലെറ്ററും തയ്യാറാക്കാൻ സെക്രട്ടറിയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നു. ഏതൊക്കെയോ രാജ്യങ്ങളുടെ അതിർത്തികളും ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചില്‍ എന്റെ ഹൃദയം മുറിച്ചു കടന്നുപോയി.

(ചിത്രം: കടപ്പാട്  ‘മഴവില്ല്‘ )

മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍


('തര്‍ജ്ജനി' മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…

‘രെഹ്‌നാ.....’

‘ങേ... സർ... ’

‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ്‌ ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’

‘ക്ഷമിക്കണം.. ഞാന്‍...’

‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’

ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല.... പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ്‌ ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.

കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.

എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം... പുതിയ പ്രോജക്ടില്‍ അസോസിയേറ്റ്‌ ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി...

‘എക്സ്ക്യൂസ് മി... മേ ഐ...?’

കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും...

‘ഞാന്‍ രഹ്‌ന... താങ്കളുടെ പുതിയ അസോസിയേറ്റ്‌...’
മനോഹരമായ ഇംഗ്ലീഷ് ആക്സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.

കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.

ഓഫീസ്‌ ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.

തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം... ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.

കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്‍റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .

പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു... രെഹ്‌ന... ഡ്രഗ്സ് അവളേയും കീഴ്പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?

രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു...

'സര്‍... രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി' സെക്രട്ടറി പറഞ്ഞു.

ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’

പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.

'പറയൂ...'

'സര്‍... അത് രഹ്‌നയെ കുറിച്ചാണ്... മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു... എങ്കിലും സര്‍ ഇത് അറിയണം എന്ന്‍ എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്സി പേഷ്യന്റാണ്... ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്സെറ്റ് ആവുന്നത്...’

കാബിനില്‍ നിന്ന് പുറത്തേക്ക്‌ പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്‍റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു...

മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം...

'എന്തു പറ്റി രഹ്‌നാ?'

'വല്ലാത്ത ക്ഷീണം...'

'രഹ്‌ന വിശ്രമിക്കൂ... വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്... നമുക്ക്‌ പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ്‌ എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.'

ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു....

‘സര്‍ ...എനിക്ക്…’

‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും...നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’

അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു...

‘നിഹാല്‍ , ക്ഷമിക്കണം... ഈ പ്രോജക്റ്റ്‌ സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്‍ എനിക്ക് തോന്നുന്നില്ല...'

'രഹ്‌നാ... നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം...'

അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ്‌ തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.

‘എക്സലന്‍റ് വര്‍ക്ക്‌… അഭിനന്ദനങ്ങള്‍ രേഹ്‌ന... ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’

‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’

ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.

“ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ്‌ അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം” എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.

പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്‍റെ നിറമാണ് അല്ലേ?’

'ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’

‘അല്ല, വാന്‍ഗോഗിന്‍റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’

‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍...’

‘ഉം.., അദ്ദേഹത്തിന്‍റെ ഉന്മാദവും വിഖ്യാതമായിരുന്നു…’

‘ഹഹഹ.... നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…

അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’

‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’

ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു...
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്... അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’

അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…

സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവlള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.

അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

‘രെഹന... ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’

പൂള്‍സൈഡ്‌ റെസ്റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.

'ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ ... എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ...'

അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത്‌ പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.

'നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്...ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്‌. .., ... എന്റെ നാവ്‌ മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന... ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ... പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.'

‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’

‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്‍റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി... ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി... സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി...കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു... ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു...

‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’

‘ഉം....അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്നിഗോളങ്ങള്‍ എരിഞ്ഞു... തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ്‌ ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു... എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി.... ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’

‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’

‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല... അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്‍റെ ആസക്തി നിറച്ചു.’

‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ “റെസുമെ”യില്‍ കണ്ടു...’

‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്പൊറേറ്റ് ടാബ്ലെറ്റിന്‍റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’

‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന'

'ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട്‌ എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’

‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ്‌ റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ “പെര്‍ഫോര്‍മന്‍സിന്റെ” കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’

‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’

‘എന്റെ മേശമേല്‍ പിന്നെയും വാല്പൊറേറ്റ് കിറ്റ്‌ വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’

‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’

‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും....’

മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ്‌ പുതപ്പായി... രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ്‌ ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു...

‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’

‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’

‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’

‘ഉം... എന്നാല്‍ ഗവേഷണ ഫലം പറയു…’

‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം...’

‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’

‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല... ഒരു ശാരീരികാവസ്ഥ മാത്രം... അതിലുപരി ഒരു മാനസികാവസ്ഥയും…’

‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.

‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല... ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ്‌ ഈസ്‌ എ ഗിഫ്റ്റ്‌ ഓഫ് ഗോഡ്‌...’

രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.

തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ്‌ പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്‌...,

'ഈ വീക്കെന്‍ഡ് നമുക്ക്‌ 'തണ്ടറില്‍ ’ ആക്കിയാലോ നിഹാല്‍ ?’

നഗരത്തിലെ പ്രശസ്ഥമായ എക്സ്ക്ലൂസീവ് നൈറ്റ്‌ക്ലബ്‌,... ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ്‌ ഫ്ലോറിലെ സ്പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .

'നിഹാല്‍... വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌...'

'ഇപ്പോഴോ?'

അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ്‌ ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്ലോറിലേക്ക് നടന്നു. സ്റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി... സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു... പാട്ടിന്റെ താളം മുറുകി... നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക്‌ നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.

ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,

'നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ...?'

‘തീര്‍ച്ചയായും...’

പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ്‌ പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..

‘ഗ്രേറ്റ്‌ എഫര്‍ട്... നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന...’

ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ്‌ രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചത്‌. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…

‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ്‌ കിട്ടിയോ?’ ഞാന്‍ കളിയാക്കി.

‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ ,  ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്...’

‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’

‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’

‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്‌…’

മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ്‌ ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു...

സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?

എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…

ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു...

'ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!

‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…

ഓര്മ്മകളുടെ ജാലകം – പുസ്തക പരിചയം


.(2012 ആഗസ്റ്റ്‌17,ചിങ്ങം 1നു പത്തനംതിട്ടയിലെ പുസ്തകശാലയില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ശ്രീമതി.ധനലക്ഷ്മി പി.വി നടത്തിയ പുസ്തക പരിചയം.)

വിശാലമായ മണല്‍പ്പരപ്പില്‍ കിടക്കുന്ന ഒരു ചിപ്പി. കാറ്റ് എവിടെനിന്നെങ്കിലും കൊണ്ടിട്ടതോ ,തിരകള്‍ തട്ടിത്തട്ടി എറിഞ്ഞിട്ടതോ ആവാം. അനേകം പാദങ്ങള്‍ അതിനു മീതെ നടന്നു പോയിട്ടുണ്ടാവാം.പക്ഷെ അതെടുത്ത് അല്‍പനേരം കാതോര്‍ത്താല്‍ ആ കുഞ്ഞു ചിപ്പിക്കുള്ളില്‍ ഒരു കടലിരമ്പം നമുക്ക് കേള്‍ക്കാന്‍ കഴിയും. ശ്രീ അനില്‍കുമാര്‍ സി.പി തന്‍റെ ഹൃദയത്തിലെ ഓര്‍മ്മകളുടെ കടലിരമ്പങ്ങള്‍ കേള്‍ക്കുകയും കാല്പനികതയുടെ ജാലകത്തിലൂടെ വയാനക്കാരന്‍റെ മനസ്സിലേക്ക് അത് പകരുകയും ചെയ്യുന്നു. ഓര്‍മ്മകളുടെ ജാലകം എന്ന തന്‍റെ പുസ്തകത്തിലെ 18 കഥകള്‍ വായനക്കാരനെ ചിന്തിപ്പിക്കുകയും ആത്മസംഘര്ഷങ്ങളിലേക്ക് തള്ളിവിടുകയും കരയിപ്പിക്കുകയും വേദനിപ്പിക്കുകയും മധുരിപ്പിക്കുകയും ചെയ്യുന്നു. അതിശയിപ്പിക്കുന്ന കൈയ്യടക്കവും അതിമനോഹരമായ പ്രയോഗങ്ങളും ബിംബങ്ങളും അദ്ദേഹത്തിന്‍റെ കഥകളില്‍ കാണാന്‍ കഴിയും. പ്രണയത്തിന്‍റെയും ഗൃഹാതുരതയുടെയും ചിറകുകളില്‍ കഥാകാരന്‍റെ തൂലിക മാറിമാറി സഞ്ചരിക്കുമ്പോഴും സമൂഹത്തിന്‍റെ ഭയവിഹ്വലതകളിലും കെട്ടകാലത്തിന്‍റെ നെറികേടുകളിലേക്കും ചെന്നെത്തുന്നുമുണ്ട്.
      

എത്രതന്നെ തയ്യാറെടുപ്പുകള്‍ നടത്തി അതിസൂക്ഷ്മമായി മുന്നോട്ട് നീങ്ങിയാലും ഒരു നിമിഷംകൊണ്ട് അതുവരെ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും കടലാഴങ്ങളിലെക്ക് മറഞ്ഞു പോകുമെന്നു ‘വൈഖരി’ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അഗാധമായി സ്നേഹിക്കുന്നവര്‍ ഹൃദയത്തിന്‍റെ ഭാഷ കേള്‍ക്കുക തന്നെ വേണമെന്ന് പറയുന്ന വൈഖരി, മൂന്നാമത്തെ നദി,ചുവരുകളുടെ ചുംബനങ്ങള്‍ എന്ന കഥകള്‍ അതി തീവ്രമായ പ്രണയത്തിന്‍റെ ഉപ്പും മോഹങ്ങളുടെ വിയര്‍പ്പും പുരണ്ടാതാണ്.ജീവിതത്തിന്‍റെ തിക്താനുഭവങ്ങളുടെ ചുഴിയില്പെട്ടു ഒരാള്‍ സ്വയം നഷട്പ്പെടുന്നതും തന്‍റെ പ്രിയപ്പെട്ടവര്‍ പോലും ആ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ നിരന്തരം കുറ്റപ്പെടുത്തുമ്പോള്‍ അയാള്‍ എങ്ങനെ നിശബ്ദനായി പോകുമെന്നതും ‘നിലാവ് പരത്തിയൊരു മിന്നമിനുങ്ങി’ല്‍ വായിച്ചെടുക്കാം.ചിത്രകാരനാവാന്‍ ആഗ്രഹിച്ചവന്‍ ശവമുറിയിലെ പെട്ടികള്‍ വൃത്തിയാക്കേണ്ടിവരുമ്പോള്‍ ഭയത്തിന്‍റെയും അവഗണനയുടെയും ജീവിതത്തിന്‍റെ നിസ്സഹായതയുടെയും,ചതിയുടെയും ഉള്താപങ്ങളില്‍ വീണു ജീവിതവും മരണവും സ്വയം തെരഞ്ഞെടുക്കാന്‍ ആവാത്തവന്റെ ശൂന്യതയില്‍ തളര്‍ന്നു വീഴുന്നതു വായനക്കാരന്‍റെ ഹൃദയത്തിലെക്കു കൂടിയാണ്.

വ്യത്യസ്തയുള്ള പെണ്ണിന് ഉന്മാദം കല്പിച്ചുകൊടുക്കുകയും ഈ ഭൂമിയില്‍ ജീവിക്കാന്‍ കൊള്ളത്തവളായി ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പുരഷാധിപത്യ സമൂഹത്തിന്‍റെ നിര്‍ലജ്ജതയില്‍ ‘ചുവരുകളുടെ ചുംബനത്തിലെ’ കഥാപാത്രം  മാളവികയ്കൊപ്പം വായനക്കാരന്‍റെ മനസ്സും ക്ഷോഭിക്കുന്നു.പുരുഷനും സ്ത്രീക്കുമിടയിലുള്ള സൗഹൃദം ശരീരങ്ങളില്‍ എപ്പോഴും അവസാനിക്കുന്നു എന്നുള്ള സമൂഹത്തിന്‍റെ ഉറച്ച വിശ്വാസം തിരുത്തി എഴുതപ്പെടുന്നു ‘മേഘമായ്‌ മധുമാത്യുസ്‌’ എന്ന കഥയില്‍. ഇതൊരു അനുഭവ സാക്ഷ്യമായാലും അല്ലെങ്കിലും ചില തിരുത്തലുകള്‍ക്ക് സമൂഹം തയ്യാറാകെണ്ടതുണ്ട് എന്നുള്ള ഓര്‍മ്മപെടുത്തല്‍ കൂടിയാണ് ഈ കഥ. ആസക്തികളില്‍ നഷ്ടപെടുന്ന ബന്ധങ്ങളുടെ ‘പാപസന്കീര്ത്തനവും’ ടഫ്ലോണ്‍ കോട്ടിങ്ങുള്ള ഹൃദയമുള്ളവരുടെ ഹൃദയമില്ലായ്മയും (അമ്മ ,ഊന്നുവടികള്‍ )നമ്മെ  ആത്മസംഘര്‍ഷങ്ങളിലാക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിതം മണല്നഗരങ്ങളില്‍ എരിച്ചുകളയുന്ന പ്രവാസികളുടെ അതിതീവ്രമായ അനുഭവങ്ങള്‍ ‘എരിഞ്ഞോടുങ്ങാത്ത ചിത’,ആഘോഷമില്ലാത്തവര്‍ എന്നീ കഥകളില്‍ ചിതറികിടപ്പുണ്ട്.വേദനിപ്പിക്കുന്ന അനുഭവങ്ങളിലും കരുണയുടെയും നന്മയുടെയും വഴികളില്‍ സഞ്ചരിക്കുന്നതിനു പ്രേരിപ്പിക്കുന്നതാണ് കണ്ണുകള്‍, ആഘോഷമില്ലാത്തവര്‍ എന്ന കൊച്ചു കഥകള്‍.കൊഴിഞ്ഞുപോയൊരു കൊന്നപൂ ,ഗുല്‍മോഹര്‍ പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി ..ഈ കഥകളില്‍ സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പവും അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും അനുഭവിക്കാന്‍ സാധിക്കുന്നു.ലോകത്തിന്‍റെ ഏതു അതിരിലേക്ക് പോയാലും ഒരു പ്രവാസിയുടെ ഒട്ടും വ്യത്യസ്തയില്ലാത്ത ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് ഗൃഹാതുരതയുടെ ഓര്‍മ്മകളാണ്.അവന്‍റെ അവധിക്കാലങ്ങള്‍ ഈ ഓര്‍മകളുടെ ആഘോഷമാണ്. ഓര്‍മ്മകളുടെ ജാലകം എന്നകഥയില്‍ കഥാകാരന്‍തന്നെ കഥാപാത്രമാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം വായനക്കാരനും നാട്ടുവഴിയിലും വായനശാലയിലും കോളേജ്‌ ക്യംപസ്സിലും ഒക്കെ കൂടെപ്പോകാന്‍ സാധിക്കുന്നത് എഴുത്തിന്‍റെ മികവ്കൊണ്ടാണ്.  

ആര്‍ദ്രഹൃദയത്തിന്‍റെ നൈര്‍മല്യം നിറഞ്ഞ ലളിതമായ ഭാഷ കഥകള്ക്കൊപ്പം വായനക്കാരനെ കൈപിടിച്ചു നടത്തുന്നുണ്ട്.എങ്കിലും പഴകി തേഞ്ഞ ശൈലി  അവടവിടെയായി കാണപ്പെടുന്നതും ചില ബിംബങ്ങളുടെ ആവര്‍ത്തനവും കഥാപാത്രങ്ങളുടെ ഓര്‍മകളില്‍ കൂടി മിക്ക കഥകളും വികസിച്ചു വരുന്നതും കഥാകാരന്‍റെ പരിമിതികള്‍ ആണ്. പുതുകാല കഥാശൈലി പൂര്‍ണ്ണമായും സ്വീകരിക്കുന്നതിനു കഴിഞ്ഞിട്ടില്ല.ബൌദ്ധികതലത്തിന്‍റെ അങ്ങേ തലയ്ക്കല്‍ നിന്ന് നോക്കുന്നവര്‍ക്ക് ഇനിയും പല കുറവുകളും കണ്ടെത്താന്‍ കഴിഞ്ഞെക്കാം.എഴുതി തുടങ്ങുന്നവന്‍റെ ഹൃദയത്തില്‍ ചോരച്ചാലുകള്‍ കീറിയിടുന്ന അത്തരം വിമര്‍ശനങ്ങള്‍ കൂടുതല്‍ മികച്ച കഥകള്‍ എഴുതാനുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിയണം.

മികച്ച പ്രസാധകരായ ഫേബിയന്‍ ബുക്ക്സ്‌ ഓര്‍മ്മകളുടെ ജാലകം പ്രസാധനം ചെയ്യുകയും ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ ശ്രീ .പെരുമ്പടവം ശ്രീധരന്‍,പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ ശ്രീ.വി.എന്‍.മുരളി,ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന പ്രിയ സഖാവും നോവലിസ്റ്റുമായ ശ്രീ .സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍ , ഒരു സംസ്കൃതിയുടെ ചടുലതാളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള ,നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷദിനമായ ചിങ്ങം 1നു പ്രകാശനം ചെയ്യുന്നതും ഒരു തുടക്കക്കാരനായ ശ്രീ.അനില്‍കുമാറിന് ലഭിച്ച കാലത്തിന്‍റെ ആനുകൂല്യങ്ങളാണ്, അനുഗ്രഹങ്ങള്‍ ആണ്. ഋതുക്കളുടെ കലണ്ടര്‍ മറിച്ചു നോക്കി മഴ എവിടെപ്പോയി എന്ന് ആശങ്കപെട്ടിരുന്ന ഭൂമിയെ നനയിച്ചു കൊണ്ട് പുസ്തകപ്രകാശന നേരം പെയ്തിറങ്ങുന്ന ഈ മഴ അദ്ദേഹത്തിന് പ്രകൃതിനല്‍കുന്ന അനുഗ്രഹാശിസ്സുകള്‍ കൂടിയാണെന്നെനിക്കു തോന്നുന്നു.

പുസ്തക പരിചയം നടത്തേണ്ടിയിരുന്ന പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ്ജിന് എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ഒരു പകരക്കാരിയായി എന്‍റെ പ്രിയ സുഹൃത്ത്‌ അനില്‍കുമാറിന്‍റെ ഓര്‍മ്മകളുടെ ജാലകം പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. വായനയുടെ ഓര്‍മ്മയില്‍ നിന്നുള്ള പരിചയപ്പെടുത്തല്‍ മാത്രമാണിത്.പ്രവാസലോകത്ത് അറിയപ്പെടുന്ന ഈ കഥാകൃത്തിനു ഇതിനകം പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .ഇ-എഴുത്തിലും അദ്ദേഹത്തിന്‍റെ വൈഖരി എന്ന ബ്ലോഗ്‌ പ്രശസ്തമാണ് .സ്വയംനവീകരിച്ച്‌, കാലത്തിന്‍റെ  മാറ്റത്തിനൊപ്പം ഭാഷയും കഥാവിഷയങ്ങളും പുതുക്കി കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന കഥകളുടെ എഴുത്തുകാരനാവാന്‍  ശ്രീ.അനില്‍കുമാറിന് കഴിയട്ടെ എന്നാശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു


Ormakalute Jalakam - Pusthaka Prakasanam


സ്പന്ദനം

'തര്‍ജ്ജനി' മാസികയുടെ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.) )


“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ....”

ആശുപത്രി മതിൽക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്കാരത്തിനുള്ള ബാങ്ക് വിളി…

ഇടനാഴിയിലെ ഗ്ലാസ്ഭിത്തിയിലേക്ക് കണ്ണുകൾ നീണ്ടു… ഇല്ല, വെളിച്ചം എത്തിയിട്ടില്ല… നേരം പുലരാൻ  ഇനിയും നേരമുണ്ടല്ലോ…

‘ഗുഡ് മോണിങ്ങ്..’

സിസ്റ്റർ ആൻസിയുടെ ചിരിക്കുന്ന മുഖം വാതിൽക്കൽ.

കണ്ണുകൾ വാതിലിനപ്പുറത്തേക്ക് നീണ്ടു…

‘നോക്കണ്ട, ഇന്ന് ഡോക്ടർ ആഫ്റ്റർനൂൺ ആണ്’

ഡോക്ടർ മുരളീമോഹന്റെ കാര്യമാണു അവൾ പറയുന്നത്.

എപ്പൊഴും ചിരിക്കുന്ന മുഖമുള്ള, സ്നേഹം പൊതിഞ്ഞ വാക്കുകളിൽ പതിയെ സംസാരിക്കുന്ന മുരളി.

നീണ്ടും കുറുകിയും കാർഡിയോ മോണിറ്ററിൽ പിടയുന്ന തന്റെ ജീവൻ… മോണിറ്ററിലെ തിളങ്ങുന്ന അക്കങ്ങളിൽ ഹൃദയസ്പ്ന്ദനത്തിന്റെ കണക്കുകൾ. ജീവൻരക്ഷായന്ത്രത്തിൽ നിന്നും ഇടക്കിടെ ഉയരുന്ന ബീപ് ബീപ് ശബ്ദം.

വാതിൽക്കൽ പതിഞ്ഞ കാലടി ശബ്ദം… ഡ്യൂട്ടി ഡോക്ടറാണ്. സൈഡ് ടേബിളിൽ ഉണ്ടായിരുന്ന ചാർട്ടിൽ എന്തൊക്കെയോ കുറിച്ചിട്ട് അദ്ദേഹം പോയി.

ഡോക്ടർ മുരളി ഇനി വൈകുന്നേരമേ വരികയുള്ളായിരിക്കും. താൻ എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നത്… ഒരു ഡോക്ടർ എന്നതിനപ്പുറം ആരാണ് തനിക്ക് മുരളി്?

മറവിയുടെ മാറാല മൂടിയ ഓർമ്മകളിൽ വെറുതെ പരതി…

എത്രകാലമായിരിക്കണം താനീ ‘ജീറിയാട്രിക്’ വാർഡിൽ ജീവിച്ചിരിക്കുന്ന ശവങ്ങൾക്കിടയിൽ മറ്റൊരാളായിട്ട്, മാസങ്ങൾ…അതോ വർഷങ്ങളോ..?

കണ്ണുകൾ ഇറുകെപൂട്ടി… ഇരുൾ മൂടിയ ഓർമ്മകളിൽ എവിടെയൊക്കെയോ വെളിച്ചത്തിന്റെ നുറുങ്ങുകൾ …          
                    
ഈ ആശുപത്രി മുറിയിലേ മങ്ങിയ വെളിച്ചത്തിലേക്ക് കണ്ണു തുറന്ന ദിവസം…

‘മോനേ… ‘

കൈത്തണ്ടയിൽ അമരുന്ന വിരലുകളിൽ തലോടാനായി കൈ ഉയർത്താൻ ശ്രമിച്ചു … ഇല്ല, കഴിയുന്നില്ല… തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു…. കാലുകൾ മരവിച്ചിരിക്കുന്നു… തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു…

‘കുട്ടാ…’

കൈത്തണ്ടയിലെ വിരലുകൾ മെല്ലെ അമരുന്നു…

കണ്ണുകൾക്ക് മുന്നിൽ രൂപങ്ങൾക്ക് നിറമുണ്ടായി…

കയ്യിൽ പിടിച്ചിരിക്കുന്നത് കുട്ടനല്ല! വെളുത്ത കോട്ടണിഞ്ഞ് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ഡോക്ടർ… തിളങ്ങുന്ന കണ്ണുകളിലെ സാന്ത്വനഭാവം… തൊട്ടടുത്ത് ഇളംനീല യൂണിഫോമിൽ നഴ്സുമാർ. ബഡ്ഡിനടുത്ത് ഏതൊക്കെയോ മെഷീനുകൾ… ചോരയും, നീരും, ജീവശ്വാസവും ഒക്കെയായി തന്നിലേക്ക് നീളുന്ന അസംഖ്യം കുഴലുകൾ.

‘ഞാൻ ഡോക്ടർ മുരളീമോഹൻ … അങ്കിൾ ഇപ്പോൾ റിലാക്സ് ചെയ്യൂ…’

പിന്നീട് സിസ്റ്റർമാർ പറഞ്ഞാണ് അറിഞ്ഞത്… തന്നെ ഇവിടെ ആരോ എത്തിച്ചിട്ട് ഏറെ ദിവസങ്ങളായിരിക്കുന്നു. തലച്ചോറിലുണ്ടായ ഒരു സ്ട്രോക്ക് തന്റെ ഒരു വശം തളർത്തി.
ആഴ്ചകൾക്ക് ശേഷം എന്റെ ജീവിതത്തിനൊരു തീര്‍പ്പായി… ഇനി വിശാലമായ ആകാശത്തിൽ നിന്നും കീറിയെടുത്ത ഒരു തുണ്ട് മേഘത്തില്‍ ലോകം ഒതുക്കി അവസാനമില്ലാത്ത രാപകലുകള്‍ക്ക്  കാതോര്‍ത്ത് കിടക്കാൻ മാത്രമേ തനിക്ക് കഴിയു....

ജീവിതവും മരണവും സ്വയം തിരഞ്ഞെടുക്കാം എന്ന അഹങ്കാരത്തിന് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല.

പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവരുടെ, മരിച്ചു ജീവിക്കുന്നവരുടെ ഒക്കെ ‘ജീറിയാട്രിക്’ വാർഡിലേക്ക് മാറ്റുമ്പോൾ അതും തനിക്ക് കിട്ടിയ ഒരു ഔദാര്യമാണെന്ന് വൈകിയേ അറിഞ്ഞൊള്ളു, കുട്ടന്റെ ഔദാര്യം!

മാഞ്ഞുപോകുന്ന ഓർമ്മകളിൽ ഇന്നലകൾ വേദന പകർന്നു…

ജോലിത്തിരക്കുകൾ ഒഴിയുമ്പോൾ പലപ്പോഴും ഡോക്ടർ മുരളി അടുത്തുവന്നിരിക്കും. ജീവനറ്റ കയ്യിൽ തലോടി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലാണ് മുരളി ഒരിക്കൽ ചോദിച്ചത്..

‘അങ്കിൾ ആരാണു കുട്ടൻ, മോനാണോ?

‘ഉം ..’

കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ടാവണം മുരളി ഒന്നും ചോദിക്കാതെ എഴുനേറ്റ് പോയി.

ജീവിതവും മരണവും ഒളിച്ചു കളി തുടരവേ ദിവസങ്ങൾ അടര്‍ന്നു വീണു. കൈത്തണ്ടയില്‍ അമരുന്ന മുരളിയുടെ സ്പര്‍ശനങ്ങള്‍ക്ക് അബോധ മനസ്സ് കുട്ടന്റെ മുഖച്ഛായ പകര്‍ന്നു വെച്ചു. ഉണര്‍വിന്‍റെ  നിമിഷങ്ങളിൽ ഒരിക്കലെങ്കിലും അഛനേ തേടിവരുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ മകന്‍റെ മുഖം...
കുട്ടൻ… എവിടെയായിരിക്കും അവനിപ്പോൾ…?

ഓർമ്മകളുടെ വിദൂരതയില്‍ അവൻ കൊച്ചരിപ്പല്ലുകാട്ടി ചിരിക്കുന്നു.

വാരന്ത്യങ്ങളിലെ ഉച്ചകളിൽ നന്ദയുടെ മടിയിൽ തലവെച്ചു കിടന്ന് ടി. വി. കാണുമ്പോഴാകും കുട്ടൻ നെഞ്ചിൽ  കയറിക്കിടക്കുക. കുഞ്ഞു കഥകളിലെ രാജകുമാരനായി കുതിരപ്പുറത്തും കാട്ടിലുമൊക്കെയുള്ള കളികഴിഞ്ഞ് അവൻ അവിടെ തന്നെ കിടന്നുറങ്ങും.

ഗ്രാമത്തിന്റെ നിഷ്കളങ്കതയും ബാല്യത്തിന്റെ ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ കഥകളിലൂടെ,  പുസ്തകങ്ങളിലൂടെ അവന്റെ മനസ്സിൽ വരച്ചു വെക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെടുന്ന അച്ഛനും അമ്മയ്ക്കും കൂട്ടിനായി നന്ദയും കുട്ടനും നാട്ടിലേക്ക് പോയതോടെ ജീവിതത്തിൽ നിറമുള്ള വെളിച്ചം നിറയുന്നത്  അവധിക്കാലങ്ങളില്‍ മാത്രമായി.

പലപ്പോഴായി പറഞ്ഞുകേട്ട കഥകളുടെ നുറുങ്ങുകൾക്ക് കാതോർത്തിരിക്കുമ്പോഴാണ് ഒരിക്കൽ മുരളി ചോദിച്ചത്,

‘ഇത്രയേറെ സ്നേഹിച്ചിട്ടും പിന്നെ എപ്പോഴാണ് കുട്ടൻ അകന്നുപോയത് അങ്കിൾ?’

അപ്പോൾ മറുപടി ഒന്നും പറയാനായില്ല. വാർഡിലെ മങ്ങിയ വെളിച്ചത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ കൊതിച്ചു, ആകശത്തിന്റെ ഒരു നുറുങ്ങൊന്നു കാണാൻ കഴിഞ്ഞെങ്കിൽ… മഴയുടെ ഇരമ്പലിനൊന്നു കാതോർക്കാൻ കഴിഞ്ഞെങ്കിൽ… കൂമൻ മൂളുന്ന രാവുകളിൽ നിശാഗന്ധികൾ പൂക്കുന്നത് നോക്കിയിരിക്കാൻ കഴിഞ്ഞെങ്കിൽ…!

കണ്മുന്നിലുണ്ടായിട്ടും ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയവ… ഇപ്പോൾ നഷ്ടമായപ്പോൾ തിരിച്ചു കിട്ടിയെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നതിന്റെ ഉള്ളുലക്കുന്ന തിരിച്ചറിവുകൾ!

മരണത്തിന്റെ പതിഞ്ഞ കാൽവെപ്പുകൾ പടിവാതിലിലെത്തി മടങ്ങിപ്പോകുന്നതും കേട്ടുകിടക്കുന്ന രാവുകളിലൊക്കെ  ആലോചിച്ചു, ജീവിതത്തെ ഇത്രയധികം സ്നേഹിച്ചിട്ടും എങ്ങനെയാണ് ഞാന്‍ തനിച്ചായത്?

യൌവ്വനം ആഘോഷം പോലെ കൊണ്ട് നടന്ന കാലത്ത് ജീവിതത്തിൽ ലഹരി നിറച്ച് പലരും വന്നുപോയെങ്കിലും നന്ദ ജീവിതത്തില്‍ വന്നതോടെ അവളിലേക്കും പിന്നെ കുട്ടന്റെ വരവോടെ അവർ രണ്ടാളിലെക്കും മാത്രമായി തന്റെ ലോകം ചുരുങ്ങി.

അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ നന്ദയെ സ്നേഹിച്ചും ലാളിച്ചും സ്വയം മറക്കുന്ന ദിനങ്ങൾ. അവളുടെ ഇഷ്ടങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തി. ഇടയ്ക്കെപ്പോഴെങ്കിലും കുട്ടൻ ഞങ്ങള്‍ക്കിടയിൽ വന്നു പോയി. സൌഹൃദം പുതുക്കലും ബന്ധു സന്ദര്‍ശനങ്ങളുമായി അവധിക്കാലങ്ങൾ ഓടിമറഞ്ഞു.

കൌമാരത്തിന്റെ കുസൃതികളില്‍ ശാസിക്കാതെ,  മനസ്സിൽ കുട്ടനെ ചേര്‍ത്ത്  നിര്‍ത്തി  പുഞ്ചിരിച്ചു. അവനൊപ്പം എന്റെു സ്വപ്നങ്ങളും ആകാശത്തിന്റെള അതിരോളം വളര്‍ന്നു... പക്ഷെ ആ വളർച്ചക്കിടയിൽ അച്ഛനിൽ നിന്നു അവന്‍റെ ദൂരം കൂടിയത് ഒരിക്കലും അറിഞ്ഞില്ല... അതോ അറിയാന്‍ ശ്രമിക്കാതെ പോയതോ?

ഒരു ജന്മത്തിനൊടുവിൽ വീണു ചിതറുമ്പോൾ മാത്രം സുഗന്ധം പരത്തുന്ന ഏതോ കനി പോലെയാണ് അവനോടുള്ള സ്നേഹം നിറച്ച തന്റെ ഹൃദയവും എന്ന് ഒരുപാട് വൈകിയാണ് മനസ്സിലായത്. 

അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി.

ഫോണിലായാലും നേരിലയാലും പതിവ് ചോദ്യങ്ങൾ കഴിഞ്ഞാൽ ഞങ്ങള്‍ക്കിടയിൽ സംസാരിക്കാൻ പിന്നെ വിഷയങ്ങൾ ഇല്ലാതായി. എങ്കിലും  മറ്റാരും അറിയാതെ മനസ്സിൽ അവനായി കാത്തുവെച്ച സ്നേഹവും ഒത്തിരി സ്വപ്നങ്ങളുമുണ്ടായിരുന്നു.

സ്കോളര്‍ഷിപ്പ് കിട്ടി ഉന്നത പഠനത്തിനായി കുട്ടൻ വിദേശത്ത് പോകുന്ന ദിവസം… യാത്ര ചോദിച്ച് വാതിൽക്കലെത്തി അവൻ തിരിഞ്ഞു നിന്നു...

‘അച്ഛൻ... എന്നെങ്കിലും എന്നേ സ്നേഹിച്ചിട്ടുണ്ടോ?’

ഒരു നടുക്കത്തിൽ നിന്നുണരുമ്പോഴേക്കും കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലൂടെ അവൻ നടന്നകന്നിരുന്നു! ഹൃദയം കൊത്തി വലിച്ച് അവന്റെ ചോദ്യം പിന്നെയെന്നും മുഖത്തിനു നേരെ തൂങ്ങിക്കിടന്നു.

ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും നിയതമായ കള്ളികളിൽ ജീവിതത്തെ തളച്ചിടാതെ, പിടിച്ചടക്കലുകളില്ലാതെ,  പങ്കുവെക്കലുകൾ മാത്രമായിരുന്നു നന്ദയുമൊത്തുള്ള ജീവിതം. എന്നിട്ടും മൌനത്തിന്റെ നിഴലുകൾ പതുക്കെ പതുക്കെ വന്നു കയറി. പറയാനില്ലാതെ, ചോദിക്കാനില്ലാതെ, കേള്‍ക്കാനില്ലാതെ  ദിവസങ്ങള്‍ എവിടേക്കോ യാത്ര പോയി. വികാരങ്ങളൊക്കെ വാങ്ങിനിറയ്ക്കാൻ മാത്രം ശീലിച്ച അവൾ ഒരിക്കലും എനിക്ക് എന്നെത്തന്നെ നഷ്ടമാകുന്നത് അറിയാന്‍ ശ്രമിച്ചില്ല......

അടുത്തിരിക്കുമ്പോഴും അകലേക്ക്‌ അകലേക്ക്‌ പോയ നാളുകള്‍ ...

സ്നേഹിച്ച് ഒരിക്കലും മതിയാകില്ല എന്നു കരുതിയവർക്കിടയിൽ നിശ്ശബ്ദമായി പോകുന്ന വാക്കുകളിൽ ജീവിതം മെല്ലെ മെല്ലെ ഉലഞ്ഞു തുടങ്ങിയതു പോലും അറിഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല. പരിഭവത്തിന്റെ നിമിഷങ്ങള്‍ക്ക് ‌ അസുഖകരമായ നീളം കൂടാൻ തുടങ്ങിയപ്പോൾ പുറം തിരിഞ്ഞു കിടക്കുന്ന ദാമ്പത്യത്തിന്റെ ദിനങ്ങളുടെ എണ്ണവും കൂടി.

ബന്ധങ്ങള്‍ ഭാരങ്ങളായി ഇരുവര്‍ക്കും  തോന്നിയ ഏതോ ഒരു ദിവസം നന്ദ പറഞ്ഞു...

‘പറയാനും പങ്കുവെക്കാനും ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ജീവിതം? നമുക്ക്‌ നമ്മളെ പോലും വിശ്വസിപ്പിക്കാൻ കഴിയാതെ പോകുമ്പോൾ, പിന്നെ ആ ര്‍ക്കുവേണ്ടിയാണ് നമ്മുടെയീ വേഷംകെട്ടൽ ? എന്നെ ആവിശ്യമുള്ള ചില പാവങ്ങൾ ഈ ലോകത്തുണ്ട്. ഇനി എന്റെ ജീവിതം അവരുടെ കൂടെയാണ്… പിണക്കമൊന്നുമില്ല കേട്ടോ, നിങ്ങൾക്ക് ജീവിച്ചു തീർക്കാൻ ഒരു ജീവിതം ഉണ്ടല്ലോ.’

അടുത്ത ദിവസം നന്ദ യാത്ര പറഞ്ഞ് പോയത് നിർവികാരതയോടെയാണ് കണ്ട് നിന്നത്.

ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവർ  മടങ്ങി വന്നില്ല, ഒരിക്കലും... വായിച്ചുമടുത്ത പുസ്തകത്തിലെ മടക്കി വെച്ച അദ്ധ്യായം പോലെ അവരുടെ ഓര്‍മ്മകളുടെ അലമാരയിൽ ഞാൻ പൊടിപിടിച്ചു കിടന്നു.

പിന്നെ അതുവരെയുള്ള മേല്‍വിലാസങ്ങളൊക്കെ നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ ഒഴുകിപ്പോയ ഒരു ജീവിതം....  ഒന്നിനുമല്ലാതെ, ആർക്കും വേണ്ടാതെ... ചിതലരിച്ച പ്രതീക്ഷകളുടെ മൺകൂനകൾ പോലെ ദിവസങ്ങൾ ജീവിതത്തിനു മേലെ  അടര്‍ന്നു  വീണുകൊണ്ടേയിരുന്നു. അതിനടിയില്‍ നിന്നും ആയാസപ്പെട്ട്, മങ്ങിയ കാഴ്ചകളിലേക്ക് ഏതോ ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അവൾ… 

ജന്മാന്തര സൌഹൃദത്തിന്റെ നീട്ടിയ വിരല്‍ത്തുമ്പുകളിലേക്ക് ആര്‍ത്തിയോടെയാണ് കൈനീട്ടിയത്…

കാലങ്ങളായി തേടിയിരുന്നവൾ എന്നപോലെ അവള്‍ക്കൊപ്പം നടക്കവേ ഉടഞ്ഞുചിതറിയ ജീവിതത്തിന്റെ കണ്ണാടിച്ചില്ലുകൾ വാരിയടുക്കി എന്റെ നേർക്കവൾ കാണിച്ചു...

‘നോക്കൂ, നിന്നെ… നീ തന്നെ ഉടച്ച് കളഞ്ഞ നിന്റെ ജീവിതത്തെ....’

അമ്പരന്ന്, പകച്ചുനോക്കി നിൽക്കുമ്പോൾ അവൾ ആശ്വസിപ്പിച്ചു,

‘പേടിക്കണ്ട... ഉടവുകളില്ലാതെ ഞാനിത് മാറ്റി നിനക്ക് തിരിച്ചു തരും.’

‘അതിനിനി സമയമില്ലല്ലോ? എന്റെ സമയം തീരാറായി....’

ഹാ.. ഹാ. ഹാ… അവൾ ചിരിച്ചു... പിന്നെ പറഞ്ഞു,

‘നിനക്കും എനിക്കും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒട്ടും കൂടാതെ, ഒട്ടും കുറയാതെ തുല്യമായി ലഭിക്കുന്നത് ഒന്നേയുള്ളു, സമയം….. the great equalizer! അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കേ വിജയിക്കാൻ കഴിയു… നിന്റെ തെറ്റുകളെ നീ അംഗീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കൂ… അല്ലാതെ ജീവിതകാലം മുഴുവന്‍ സ്വയം ശിക്ഷിച്ചിട്ടെന്തു കാര്യം?’

ജീവിതത്തിന്റെ് വഴികളിൽ അലഞ്ഞു തളര്‍ന്ന എനിക്ക് അവൾ അമ്മയും, സഹോദരിയും, ഗുരുവും, വഴികാട്ടിയും,  കളിക്കൂട്ടുകാരിയും എല്ലാം ആയി. അടുത്തിരിക്കുമ്പോൾ സാമീപ്യം കൊണ്ടും, അകലെയാകുമ്പോൾ വാക്കുകൾ കൊണ്ടും അവൾ എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു. പരാജിതന്റെ ശരീരഭാഷ എന്നില്‍ നിന്നും മാഞ്ഞുതുടങ്ങി... വിജയങ്ങള്‍ എനിക്കൊപ്പം നടന്നു... ജീവിതത്തിന്റെ കണ്ണാടിയിൽ സന്തോഷത്തിന്റെ സൂര്യവെളിച്ചം വെട്ടിത്തിളങ്ങുമ്പോൾ അവൾ എപ്പൊഴും ഓർമ്മിപ്പിച്ചു,

‘നന്ദയും, കുട്ടനും... ഈ വെളിച്ചത്തിൽ അവരും കൂടെ ഉണ്ടെങ്കിലേ നിന്റെ തിളക്കം കൂടൂ. അവർ ഉണ്ടാവണം എന്നും നിന്നോടൊപ്പം.’

‘പക്ഷേ നീ...’

അവൾ തെളിഞ്ഞു ചിരിച്ചു...

‘ഞാൻ ഉണ്ടാവും എന്നും കൂടെ... ഒരു വേനലിനും തളർത്താനും, കരിക്കാനും നിന്നേ വിട്ടു കൊടുക്കാതെ.’

പകലുകൾ പിന്നെയും പ്രകാശിച്ചു... രാവുകളില്‍ നിശാഗന്ധികൾ സുഗന്ധം പരത്തി. പുലർമഞ്ഞിൽ നക്ഷത്രങ്ങൾ തിളങ്ങി. ദിവസങ്ങൾ നിറമുള്ളതായപ്പോൾ മനസ്സിൽ എന്നൊ മറന്നുപോയ യൌവ്വനത്തിന്റെ ഇന്നലകൾ കുസൃതികളുമായി കടന്നുവന്നു. വികാരങ്ങളിൽ ചിത്രശലഭങ്ങൾ പാറിപ്പറന്നു. എന്ത് തെറ്റ് ചെയ്താലും അവൾ പൊറുക്കുമെന്ന വിശ്വാസം... പക്ഷേ ആ കുസൃതികൾ അവളേ തകർത്തുകളയും എന്നറിഞ്ഞില്ല.

വിശ്വാസത്തകര്‍ച്ചയുടെ അഗ്നിയിൽ അവൾ വെന്തു നീറുന്നതു നിശ്ശബ്ദനായി നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ..  തൊണ്ടയിൽ ഉറഞ്ഞ കണ്ണുനീരിൽ അവളുടെ വാക്കുകള്‍ക്ക് ഖനിയുടെ ചൂടും ആഴവും ഉണ്ടായിരുന്നു…

‘നീ എന്നെങ്കിലും ആരേയെങ്കിലും സ്നേഹിച്ചിട്ടുണ്ടോടാ? അല്ല, നീ സ്നേഹിച്ചിട്ടുണ്ട്, നിന്നേ മാത്രം... നിന്റെ ഇഷ്ടങ്ങളെ മാത്രം... നിന്റെ സൌകര്യം പോലെ.. അല്ലേ?

അതുവരെ ജീവിതത്തെ ജ്വലിപ്പിച്ച വെളിച്ചവും നിറങ്ങളും അവള്‍ക്കൊപ്പം പടിയിറങ്ങി..

‘അങ്കിൾ...’

നെറ്റിയില്‍ തലോടി ഡോക്ടർ മുരളി.

‘അല്ലാ, ഇന്നെവിടെയായിരുന്നു... കണ്ടില്ലല്ലൊ?’

കയ്യിൽ മുരളിയുടെ വിരലുകൾ മെല്ലെ അമർന്നു. സംസാരിക്കാൻ വിഷമിക്കുന്നതുപോലെ...

‘അങ്കിൾ ഞാൻ യാത്ര പറയാൻ വന്നതാണ്. എന്റെ സ്കോളർഷിപ്പ് ശരിയായി... നാളെ വിദേശത്തേക്ക് പോകുന്നു... കുട്ടന് തിരക്കാണ് എങ്കിലും വരും... ഞാന്‍ ഫോൺ ചെയ്തിരുന്നു.’

മുരളിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി, പിന്നെ അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ വേണ്ട എന്ന് ആംഗ്യം കാട്ടി, മനസ്സില്‍ പറഞ്ഞു ‘ഉം.. പൊക്കോളൂ, നല്ലതേ വരൂ...’

നിറഞ്ഞു വരുന്ന കണ്ണുകൾ ഇറുകെയടച്ചു. കുട്ടന്‍ തന്നെക്കാണാൻ വരുമെന്നോ? 

അപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ ഞരമ്പുകളിൽ ഒഴുക്കുന്ന ജീവന്റെ തുള്ളികളില്‍ വീണു പിടഞ്ഞു... അത് താങ്ങാനാവാതെ ഹൃദയം വലിഞ്ഞു മുറുകി... ഓര്‍മ്മകളുടെ വേരുകൾ ഒന്നൊന്നായി അറ്റു വീണു…

കണ്ണീരൊളിപ്പിച്ച ചിരിയുമായി കുട്ടൻ മുന്നിൽ...

മരവിച്ചുപോയ വലതു കൈവിരലുകള്‍ അറിയാതെ അവനിലേക്ക് നീണ്ടു...

കയ്യിൽ പരുക്കന്‍ വിരലുകളുടെ സ്പര്‍ശം.. സ്നേഹത്തിന്റെ ഊഷ്മളത ശ്വാസകോശങ്ങളിൽ പ്രാണവായു നിറച്ചു... കൺപോളകൾക്കപ്പുറത്തേക്ക് മറഞ്ഞ കൃഷ്ണമണികൾ തിരികെ എത്തി... ജാലകപ്പടിയിൽ മറഞ്ഞു നിന്ന കറുത്ത നിഴല്‍ പിൻവാങ്ങി... സുഖകരമായ ഉറക്കത്തിലേക്ക് മനസ്സ് വഴുതിപ്പോയി...

‘എന്തിനാ ഡോക്ടര്‍ ? പാവം... ഉണര്‍ന്നാൽ അറിയില്ലേ?‘ ആന്സി സിസ്റ്റർ ഡോക്ടർ മുരളിമോഹനോടു ചോദിച്ചു...

‘ഇല്ല സിസ്റ്റര്‍ ... അദ്ദേഹം ഇനി ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ചു വരില്ല… ഈ സ്പന്ദനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളു... അതുവരേയ്ക്കും ജീവൻ ഈ സ്പര്‍ശത്തിലാണ്... ഇത് വെറുമൊരു ആർട്ടിഫിഷ്യൽ ലിംബ് അല്ല... ഈ കാലമത്രയും അദ്ദേഹം തന്നെ തലോടുമെന്നു കൊതിച്ച മകന്റെ കയ്യാണ്... ആ ഒരു സന്തോഷത്തോടെ അദ്ദേഹം പൊയ്ക്കോട്ടേ... വേറൊന്നും നമുക്ക് ചെയ്യാനില്ല.....’

ആരോ തന്നെ ഉറ്റു നോക്കി അടുത്ത് നില്ക്കുകന്നതുപോലെ... അടഞ്ഞ കണ്ണുകൾക്കപ്പുറത്ത് നിന്നും ഹൃദയത്തിലേക്ക് ഒഴുകി എത്തുന്ന സ്നേഹത്തിന്റെ  നിശ്വാസം.

“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ...”

പുറത്ത് നിന്ന് ഒഴുകിവരുന്ന മഗ്‌രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി…

കണ്ണുകൾ തുറന്നു... മുറിയിൽ നിറയാൻ തുടങ്ങിയ ഇരുട്ടു മാത്രം...

കയ്യിലമര്‍ന്നിരിക്കുന്ന വിരലുകളിലേക്കുള്ള നോട്ടം നീണ്ടു… പ്രാണന്റെ തുള്ളികള്‍ പോലെ ഇറ്റിറ്റു വീഴുന്ന ജീവജലം നിറഞ്ഞ കുഴലിന്റെ സ്‌റ്റാന്റിൽ പിടിപ്പിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ലിംബിൽ എത്തി തടഞ്ഞു നിന്നു! 

മനസ്സും ശരീരവും ആ തിരിച്ചറിവില്‍ വിറകൊണ്ടു... പിന്നെ ഇതുവരെ ഒഴുകി രക്തത്തില്‍ കലര്‍ന്ന ജീവന്റെ  സ്പന്ദനങ്ങൾ അതിവേഗം കുഴലിലേക്ക് തിരികെ ഒഴുകാന്‍ തുടങ്ങി... അത്  ജീവനില്ലാത്ത മരക്കയ്യിലൂടെ നിലത്ത് വീണു പടിവതിലും കടന്നു പുറത്തേക്കൊഴുകി.  അനാഥത്വത്തിന്റെ തണുപ്പില്‍ മരവിച്ചു കിടക്കുന്ന ജന്മങ്ങളിൽ നിന്നും ഒരു നിലവിളിയോടെ ഒലിച്ചിറങ്ങിയ പ്രാണന്റെ നീര്‍ച്ചാലുകൾ ഒന്ന് ചേര്‍ന്നു  ഭൂമിയുടെ ഹൃദയം തേടി ഒഴുകി…

(ചിത്രം: കടപ്പാട് ഗൂഗിള്‍ )

ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി



കയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്‍റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

ഇതാകുമോ മരണത്തിന്‍റെ ഗന്ധം?

ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്‍റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?

റോസയ്യ, വേഗം ആ ട്രേ വൃത്തിയാക്കു 

അടുത്തുകൂടി പോയ സൂപ്പര്‍വൈസർ ഓര്‍മ്മിപ്പിച്ചു.

അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യൻ കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവന്‍സിന്റെ സന്തോഷം!

സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കൽ മോര്‍ച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാൻ നില്‍ക്കുന്നവരുടെ  ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്‍ക്കുകയാണെന്ന്.. അത്രയ്ക്കും നിര്‍വ്വികാരമായിരുന്നു ആ മുഖങ്ങള്‍!

കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്

നീ ഈ മാസം മോര്‍ച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പര്‍വൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാൻ നോക്ക്.

പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജർ പറയുന്നു... പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!

"ഭാഗ്യം ഇന്ന് ക്യു ഇല്ല..."

റാംസിങ്ങിന്‍റെ ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.

ക്ലീനിംഗ് വര്‍ക്കെഴ്സിന്‍റെ ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പര്‍വൈസർ ജോലി വിവരിച്ചു കൊണ്ട് മോര്‍ച്ചറിയിലേക്ക് തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു... കാലുകള്‍ മരവിക്കുന്ന പോലെ.

നിരനിരയായി ബാങ്ക്‌ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍. ഓരോ പെട്ടിയുടെ മുൻ‌വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ...   സൂപ്പര്‍വൈസർ ഒരു വശത്തെ പെട്ടികൾ ചൂണ്ടിക്കാട്ടി.

ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കൽ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു

ശെരി സര്‍ എന്നുപറയാൻ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിര്‍ദ്ദേശങ്ങൾ തന്നും, ചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാൾ പോയി.
  
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 ... ജീവിതത്തിന്‍റെ കണക്ക് തെറ്റിയവരുടെ അക്കങ്ങൾ! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ... അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങൾ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം കാഴചകൾ നിറയുന്നതുപോലെ...

അന്നത്തെ വേനലവധിയക്ക് കോളേജിൽ നിന്നും വന്നപ്പോൾ ഗ്രാമത്തിൽ മുഴുവൻ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തും, വളവും വിതരണം ചെയ്യുന്നതിന്‍റെ വിശേഷങ്ങൾ ആയിരുന്നു.

എന്തോ കുഴപ്പുമുണ്ട് അപ്പാ, നമുക്കിത് വേണ്ട" എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.

എന്നാലും വേണ്ടപ്പാ ... വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും"

ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളു, എന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും... അപ്പനറിയാം.
.
അപ്പന്‍ അഭിമാനത്തോടെ തന്നെ നോക്കി.

അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകൾ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങൾക്കും. കമ്പനിയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനും, ബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവൻ ഒറ്റമരക്കൊമ്പിൽ തൂങ്ങി ആടി.

കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോൾ അന്തകൻ വിത്തു നല്‍കി അവർ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവർ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാർ സര്‍ക്കാർ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങൾ മാത്രമായി. ഇരകള്‍ മാത്രമാകാൻ വിധിക്കപ്പെട്ടവര്‍ക്ക് അതില്‍ കൂടുതൽ എന്ത് മേല്‍വിലാസം ഉണ്ടാകാനാണ്!

സര്‍ക്കാർ ദുരിതാശ്വാസം  ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാൻ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ  അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആള്‍ക്കാർ തൊഴില്‍ വാഗ്ദാനങ്ങൾ നല്‍കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവര്‍ക്കൊപ്പം ജീവിതം നെയ്തെടുക്കാൻ ഈ മണല്‍നഗരത്തിൽ  ഒരുപാടുപേര്‍ എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവര്‍ക്കൊപ്പം താനും.

ആഹാ, താന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേ? ഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല... 

സൂപ്പര്‍വൈസർ അല്പം ഈര്‍ഷ്യയോടെ നോക്കി. പിന്നെ 358-ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞിരുന്ന രൂപത്തിൽ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു.... നാവു കുഴയുന്നു ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.. അയാള്‍ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകള്‍ക്കുള്ളിലും കൈ വിരലുകൾ തണുത്തു മരവിച്ചു.

ആരായിരിക്കും ഇതില്‍... ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയതാണോ? അതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോ? ഒന്ന് മുഖം കണ്ടിരുന്നെങ്കില്‍..

അയാളുടെ ചിന്തയില്‍ മിന്നൽ പിണരുകൾ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴൽരൂപം തന്റെ മുന്നിൽ വന്നു നില്‍ക്കുന്നപോലെ... അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്‍റെ ചുണ്ടുകൾ പതുക്കെ അനങ്ങി  

"ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. "

അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികൾ ഒന്നൊന്നായി അടര്‍ന്നു വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മണ്‍പാതയിൽ പുലർ മഞ്ഞിൽ നടന്നു പോകുന്ന ഗുരുജി... കയ്യില്‍ താൻ വരച്ച ബസന്തിയുടെ ചിത്രം... അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നുണ്ട്... 

"നിന്‍റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്... കല കച്ചവടം ചെയ്യാനുള്ളതല്ല, പക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോള്‍ഡൻ റേഷ്യോയിലുള്ള‘ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ, 3,5.8,13 ... ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകള്‍ക്ക് നിയതമായ ഒരു താളമുണ്ട്, ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്... നിന്‍റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങൾ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവൾ ആയിരിക്കും...

ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്‍റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍, ആര്‍ക്കിടെക്ചറിൽ, എന്തിനു ഫിനാന്‍സിൽ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ല, നിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്... നിന്റെ കഴിവുകള്‍ വില്‍ക്കാൻ പഠിക്ക് കുഞ്ഞേ...

തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നും, ഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു  .. അയാള്‍ അലറിക്കരഞ്ഞു...

റോസയ്യാ ... കണ്ണ് തുറക്കു..

ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്‌? ചുണ്ടില്‍ തണുത്ത വെള്ളത്തിന്‍റെ നനവ്‌... ബസന്തി ചൂടാറുള്ള കൊളുന്തിന്‍റെ മണം.

താന്‍ എന്‍റെ ജോലി കൂടി കളയുമല്ലോ.

താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേൽ‌പ്പിച്ച് സൂപ്പര്‍വൈസർ പറഞ്ഞു.

നാശം ... ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.

ഇല്ല സര്‍, ഞാൻ ... ഇനി ഇങ്ങനെ ഉണ്ടാവില്ല

റോസയ്യ തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.

ജീവിതത്തിന്‍റെ നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളർന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാൾ കയ്യിലിരുന്ന വെള്ളത്തിന്‍റെ കുപ്പി നീട്ടി. പിന്നെ അവന്‍റെ ശോഷിച്ച ചുമലിൽ തട്ടി ചോദിച്ചു...

ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358-ആം നമ്പർ ശവപ്പെട്ടിയില്‍   നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴൽ അപ്പോഴും അയാള്‍ക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ...
(Pic courtsey:Google)
Related Posts Plugin for WordPress, Blogger...