കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (മൂന്നാം ഭാഗം)


സായാഹ്നസൂര്യന്‍ ജനല്‍കര്‍ട്ടനുകള്‍ക്കിടയിലൂടെ ഒളിഞ്ഞു  നോക്കാന്‍ തുടങ്ങിയപ്പോഴാണ് ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്ണ് തുറന്നത്. ഉച്ചയൂണൊക്കെ കഴിഞ്ഞ് കിടപ്പ് മുറിയുടെ സ്വകാര്യതയില്‍ പ്രിയതമയുടെ കഥകളും കേട്ട് കിടന്നതാണ്. അതിനിടയില്‍ എപ്പോഴാണ് ഉറങ്ങിപ്പോയത്? നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടന്ന്, അവള്‍ പറഞ്ഞ അവസാനമില്ലാത്ത കഥകള്‍ക്ക് കാതോര്‍ത്ത് കിടന്ന ഏതോ നിമിഷത്തിലാണല്ലോ നിശ്വാസങ്ങള്‍ക്ക് വേഗം കൂടിയതും, പിന്നെ മനസ്സിലും ശരീരത്തിലും അടക്കി വച്ചിരുന്ന വികാരങ്ങളുടെ ഉഷ്ണജ്വാലകള്‍ ഇളംതെന്നലായി, ചാറ്റല്‍മഴയായി, പിന്നെ പെരുമഴയായി പെയ്തിറങ്ങിയതും! പെയ്തൊഴിഞ്ഞ മഴമേഘങ്ങളുടെ സുഖാലസ്യത്തില്‍ മയങ്ങി അങ്ങനെ എത്ര നേരം!
 
കടുപ്പമുള്ള ചായയുമായി വന്ന പ്രിയതമയുടെ കണ്ണില്‍ ഒരു നവോഢയുടെ നാണം. ചായകുടി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറേക്ക് ചായാന്‍ തുടങ്ങിയിരുന്നു. ഒരു കാലത്ത് കരിമ്പിന്‍‌തോട്ടങ്ങള്‍ അതിരുകള്‍ തീര്‍ത്തിരുന്ന വഴിയിലൂടെ മെല്ലെ നടന്നു. പഴയ ഇടവഴി ഇപ്പോള്‍ പഞ്ചായത്ത് റോഡ്. വഴിയുടെ ഇരുവശങ്ങളിലും ഇരുള്‍ പരത്തി റബ്ബര്‍ മരങ്ങള്‍. ഇടവഴി ചെന്നിറങ്ങുന്ന പുഞ്ചപ്പാടം; പുഞ്ചക്കിടയിലൂടെയുള്ള ചെമ്മണ്‍പാതക്ക് മാത്രം ഒരു മാറ്റവുമില്ല. പാതക്കിരുവശവും തരിശായിക്കിടക്കുന്ന പുഞ്ച!

ഇടവഴി ചെന്ന് കയറുന്നത് ടാര്‍ നിരത്തിലേക്ക്. വലിയ വളവിനപ്പുറം റോഡരികിലായി പടര്‍ന്ന് പന്തലിച്ച ആല്‍‌മരം. പിന്നെ അമ്പലവും കുളപ്പടവും. കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആല്‍ത്തറ. ആല്‍ത്തറയുടെ ഒരു മൂല ഇടിഞ്ഞു വീണിരിക്കുന്നു. കാലത്തിന് ഒരു നിശ്ശബ്ദസാക്ഷിയായി വയസ്സന്‍ ആല്‍മരം! മെല്ലെ ആളൊഴിഞ്ഞ ആല്‍ത്തറയിലിരുന്നു. തങ്ങളുടെ സ്വകാര്യതയില്‍ ഭംഗം വരുത്തിയതില്‍ ഉച്ചത്തില്‍ പ്രതിഷേധിച്ച് കുറെ കാക്കകള്‍ പറന്നകന്നു. കൌമാരത്തിന്റേയും, യൌവ്വനാരംഭത്തിന്റേയും ഒരുപാട് നല്ല നിമിഷങ്ങള്‍ക്കു സാക്ഷിയായ ആല്‍ത്തറ! ആലിലച്ചാര്‍ത്തില്‍ വീണു ചിതറുന്ന ഇളംകാറ്റ് പോലെ ഇന്നലെയുടെ ഓര്‍മകള്‍.

ആല്‍ത്തറക്ക് മുന്നില്‍ നിരത്തിനെതിര്‍വശത്തായി വായനശാല. പഴയ ഒറ്റമുറി വായനശാല രണ്ട് മുറികള്‍ കൂട്ടിച്ചേര്‍ത്ത് നല്ലൊരു കെട്ടിടമാക്കിയിരിയ്ക്കുന്നു. വായനശാലക്കപ്പുറത്തെ പ്രൈമറി സ്‌കൂള്‍ ചുറ്റുമതില്‍ ഒക്കെ കെട്ടിത്തിരിച്ച് മോടിയാക്കിയിരിയ്ക്കുന്നു. വിശാലമായ ക്ഷേത്രമൈതാനത്തിന്റെ അങ്ങേ അറ്റത്ത് ഉത്സവപ്പരിപാടികള്‍ക്കായി കെട്ടിയുയര്‍ത്തിയ സ്ഥിരം സ്‌റ്റേജ്.

നെരേ മുന്നിലുള്ള സ്റ്റോപ്പില്‍ വന്ന് നിന്ന ബസ്സ് ചിന്തകളെ മുറിച്ചു. ബസ്സില്‍ നിന്നിറങ്ങിയ കുട്ടികള്‍ കലപില ബഹളം കൂട്ടി നടന്ന് പോയി. നിറപ്പകിട്ടാര്‍ന്ന യൂണീഫോമുകളില്‍ പൂത്തുമ്പികളേ പോലെ കൌമാരങ്ങള്‍. മനസ്സില്‍ ഇന്നലെകളുടെ കുറെ തെളിവാര്‍ന്ന ചിത്രങ്ങള്‍ കടന്ന് വന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം ആല്‍ത്തറയില്‍ വെടി പറഞ്ഞിരിക്കുന്നതും, പിന്നെ പതിവായി എത്തുന്ന ബസ്സിന്റെ സൈഡ്‌സീറ്റില്‍ നിന്ന് വീണ് കിട്ടുന്ന പ്രേമാര്‍ദ്രമായ കടാക്ഷത്തിനും, നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിക്കുമായുള്ള കാത്തിരിപ്പും മറ്റും ...

നിരത്ത് കടന്ന് വായനശാലയിലേക്ക് ചെന്നു. വായനാമുറിയിലിരുന്ന് പത്രം വായിക്കുന്ന പ്രായമായ ഒന്നുരണ്ടാളുകള്‍ മുഖമൊന്നുയര്‍ത്തി, പിന്നെ അപരിചിതത്വത്തിന്റെ കണ്ണട ഒന്നുകൂടി ഉറപ്പിച്ച് പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി! പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞ അലമാരകള്‍ അതിരുകള്‍ തീര്‍ക്കുന്ന വായനശാലാ മുറിയിലേക്ക് കയറി. അക്ഷരങ്ങളുടെ ലോകം എനിക്കായി തുറന്നു തന്ന, പ്രിയപ്പെട്ട എഴുത്തുകാരെ എനിക്കു പരിചയപ്പെടുത്തി തന്ന, അറിവിന്റെ വെളിച്ചത്തിലേക്ക് കണ്‍‌തുറക്കാന്‍ സഹായിച്ച എന്റെ പ്രിയപ്പെട്ട വായനശാല. അലമാരകളൊക്കെ പൊടിപിടിച്ച് കിടക്കുന്നു. പ്രശസ്ഥരായ പല എഴുത്തുകാരുടേയും പുസ്തകങ്ങളിലെ പൊടി അവയൊന്നും ആരും ഉപയോഗിക്കാറില്ല എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു!

‘ആരാ മനസ്സിലായില്ലല്ലോ?’

നേരത്തേ കണ്ട് പരിചയമില്ലാത്ത ഒരു മനുഷ്യന്‍. ലൈബ്രേറിയനാണെന്ന് തോന്നുന്നു.

‘ഇവിടെങ്ങും കണ്ടിട്ടില്ലല്ലൊ നേരത്തേ, എവിടുന്നാ?’

‘ഞാന്‍ ഇവിടെ അടുത്ത് തന്നെ, ഇതുവഴി പൊയപ്പോള്‍ വെറുതെ ഒന്ന് കയറിയതാ’

‘അല്ലാ, ഞാനോര്‍ക്കുകയായിരുന്നു... പുസ്തകമെടുക്കാനാണെങ്കില്‍ ഇപ്പോള്‍ അതിനൊന്നും ആര്‍ക്കും താല്പര്യമില്ലാതായിരിക്കുന്നു. എല്ലാര്‍ക്കും ഇപ്പോള്‍ കമ്പ്യൂട്ടര്‍ മതിയത്രേ!’

ആരോടോ, എന്തിനോടൊ ഒക്കെയുള്ള അമര്‍ഷം അയാളുടെ വാക്കുകളില്‍.

പുസ്തകമുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് മുറിയുടെ മൂലക്കായി പെയിന്റിളകിയ ഒരു പഴയ തകര ബോര്‍ഡ് ചാരി വച്ചിരിക്കുന്നത് കണ്ടത്, ‘യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്’! മനസ്സ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പാഞ്ഞത് നൊടിയിടയിലായിരുന്നു! ബോര്‍ഡ് കിടന്നതിന് അടുത്തുണ്ടായിരുന്ന ജനലിലൂടെ പുറത്തേക്ക് നോക്കി. തൊട്ടപ്പുറത്ത് സ്‌കൂള്‍ മൈതാനം, അതിനും അപ്പുറത്തായി ക്ഷേത്രമൈതാനത്തെ സ്‌റ്റേജ്; അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞു!

കോളേജ് കാലത്ത് വൈകുന്നേരങ്ങളിലെ പ്രധാന നേരമ്പൊക്കുകളായിരുന്നു ആല്‍ത്തറയിലെ വെടിപറച്ചില്‍, സ്‌കൂള്‍ മൈതാനത്തെ വോളീബാള്‍ കളി, പിന്നെ തിരിച്ച് പോകുമ്പോള്‍ വായനശാലയില്‍ നിന്ന് കൈ നിറയെ പുസ്തകങ്ങളും. പിന്നെ ആണ്ടുതോറും കെങ്കേമമായി ആഘോഷിക്കാറുള്ള ‘യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ’ വാര്‍ഷികാഘോഷങ്ങളും.

പതിവ് പോലെ ആ വര്‍ഷത്തെ വാര്‍ഷികാഘോഷവും ഗംഭീരമാക്കാനുള്ള ശ്രമത്തിലായിരുന്നു ക്ലബ്ബ് അംഗങ്ങള്‍. പകല്‍ മുഴുവന്‍ നീളുന്ന കലാ കായിക മത്സരങ്ങള്‍, രാത്രിയില്‍ ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന മുഴുനീള സംഗീത നാടകം. മാസങ്ങള്‍ നീണ്ട പരിശീലനത്തിനും മറ്റും ഒടുവില്‍ അമ്പലപ്പറമ്പിലെ നിറഞ്ഞ സദസ്സിന്റെ മുന്നില്‍ നാടകത്തിന്റെ വിജയകരമായ അവതരണം. സദസ്സിന്റെ കയ്യടിയുടെ ലഹരിയില്‍ ലയിച്ചു നിന്നപ്പോഴാണ് ക്ലബ്ബിന്റെ ഖജാന്‍‌ജി വന്ന് വിളിച്ചത്.

‘അല്ല ഇങ്ങനെ നിന്നാല്‍ കര്‍ട്ടന്‍‌കാരനും, പിന്നണിക്കാര്‍ക്കും, നടിക്കും മറ്റുള്ളവര്‍ക്കും ഒന്നും പൈസ കൊടുക്കണ്ടേ?’
 
അപ്പോഴാണ് പിരിവൊന്നും കാര്യമായി വിജയിച്ചില്ല എന്നതും, പലരുടേയും സംഭാവനകള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ചെയ്തല്ലൊ എന്നതും ഓര്‍ത്തത്! നായകനായി അഭിനയിച്ച പ്രസിഡന്റും, ഇല്ലാത്ത താടി ഒട്ടിച്ച് വെച്ച് വിരഹഗാനം പാടി അഭിനയിച്ച സെക്രട്ടറിയായ ഞാനും, ഖജാന്‍‌ജിയും മറ്റൊരു വിഷാദരംഗം അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ താടിക്ക് കയ്യും കൊടുത്ത് പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നു!

അപ്പോഴെക്കും പിന്നണിക്കാര്‍ കെട്ടും ഭാണ്ഡവുമായി എത്തി.

‘നിങ്ങളിങ്ങനെ ഇരുന്നാല്‍ ഞങ്ങള്‍ക്ക് പോകണ്ടേ?’

‘അല്ല, അത് പിന്നെ .. ഒന്ന് നേരം വെളുത്തിട്ട് ...’

ഞങ്ങളുടെ പരിഭ്രമം കണ്ടതോടെ മറ്റുള്ളവരും അടുത്തെത്തി. വായിലെ മുറുക്കാന്‍ചണ്ടി സ്റ്റേജിന് പുറത്തേക്ക് നീട്ടിത്തുപ്പി നടിയുടെ അമ്മയും ഞങ്ങളുടെ നേര്‍ക്ക് എത്തി. ഇനി താമസിച്ചാല്‍ കുത്തിന് പിടി കിട്ടും എന്ന കാര്യം ഉറപ്പ്. ഒപ്പം നടിയുടെ അമ്മയുടെ വായില്‍ നിന്നു വീഴാനിടയുള്ള തെറിയുടെ കാഠിന്യത്തെക്കുറിച്ചുള്ള ഓര്‍മ്മ നട്ടെല്ലില്‍ ഒരു തണുപ്പായി പടരാനും തുടങ്ങി. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല, നായകനായ പ്രസിഡന്റിന്റെ കയ്യിലെ മോതിരവും, സെക്രട്ടറിയായ എന്റെ കയ്യിലെ വാച്ചും പണയമായി അടുത്ത വീട്ടിലെ ജോസച്ചായന്റെ വീട്ടിലെത്തി! കിട്ടിയ പൈസ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി കഴിഞ്ഞപ്പോള്‍ നാടകത്തിലില്ലാത്ത ഒരു വിഷാദരംഗം അഭിനയിച്ചു തീര്‍ത്ത ആശ്വാസത്തില്‍ ആയിരുന്നു ഞങ്ങള്‍!

‘എന്താ ഒറ്റക്ക് നിന്ന് ചിരിക്കുന്നത്?’ ലൈബ്രേറിയന്റെ ചോദ്യമാണ് വര്‍ത്തമാനകാലത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

ഒന്നും പറയാതെ പുറത്തേക്ക് നടന്നു. മെല്ലെ നടന്ന് നാട്ടിന്‍‌പുറത്തിന്റെ പഴയ സിരാകേന്ദ്രമായിരുന്ന നാല്‍ക്കവലയിലെത്തി. വല്ലപ്പോഴും ഒരു ബസ്സ് പൊടിപറത്തി പോകുമായിരുന്ന നിരത്തിലുള്ള ആ ‘മുക്ക്’ ആകെ മാറിയിരിക്കുന്നു. നാട്ടിലെ പ്രധാന സ്ഥാപനങ്ങളായിരുന്ന പിള്ളച്ചേട്ടന്റെ ചായക്കടയുടെ സ്ഥാനത്ത് ഒരു ‘ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്’! പഴയ സുകുമാരന്റെ ബാര്‍ബര്‍ഷോപ്പ്, ‘ഹെയര്‍ കട്ടിങ് സലൂണ്‍’ ആയിരിയ്ക്കുന്നു! തൊട്ടപ്പുറത്ത് രണ്ട് നിലകളായുള്ള കടയുടെ താഴേ മുറിയില്‍ ‘ടെയിലറീങ്ങ് ആന്റ് എംബ്രോയിഡറി ഷോപ്പ്’, അതിന് മുകളില്‍ തിളങ്ങുന്ന ഒരു ബോര്‍ഡ്, ‘ഷഹനാസ് ബ്യൂട്ടി പാര്‍ലര്‍’! തൊട്ടടുത്ത് തന്നെ മില്‍മായുടെ കട. അതിന് പുറകിലുള്ള പറമ്പിലേക്ക് ചൂണ്ടുപലകയായി മറ്റൊരു ബോര്‍ഡ്, ‘കള്ള്’!!

പഴയ അന്തിച്ചന്ത ഓട്ടൊസ്റ്റാന്‍ഡിന് വഴി മാറിയിരിക്കുന്നു!

കടത്തിണ്ണയിലും, ഓട്ടോസ്റ്റാന്‍ഡിലുമൊക്കെ വാചകമടിച്ചു നില്‍ക്കുകയും, നിരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ധൃതിവെച്ച് പോകുകയും ചെയ്യുന്നവരുടെ ഇടയില്‍ ഒരു പരിചിത മുഖത്തിനായി തിരഞ്ഞു. നിരാശ തന്നെ ഫലം! ജനിച്ച് വളര്‍ന്ന നാട്ടില്‍ പ്രവാസിയാകേണ്ടി വരുന്ന ഗതികേട്!!

ഇരുള്‍ പരക്കാന്‍ തുടങ്ങിയതോടെ ചേക്കേറാനായി കിളികള്‍ അകലങ്ങളിലേക്ക് പറന്നകലാന്‍ തുടങ്ങി. ഒപ്പം തൃക്കാര്‍ത്തികയുടെ വരവറിയിച്ച് കൊണ്ട് ചിരാതുകള്‍ അവിടവിടെ കണ്‍‌മിഴിക്കാനും.

(തുടരും..)

കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (രണ്ടാം ഭാഗം)

കാക്കകളുടെ കലപില ശബ്ദം ... ഏതൊക്കെയോ കിളികള്‍ ചിലക്കുന്നു ... മെല്ലെ കണ്ണുകള്‍ തുറന്നു ... എന്തുപറ്റി ഇന്ന് അലാറം അടിച്ചില്ലേ? മൊബൈലിലും, ടൈം‌പീസിലും അലാറം വെക്കാറുള്ളതാണെല്ലോ! തുറന്ന് കിടന്ന ജനലിലൂടെ പുലര്‍വെളിച്ചം അരിച്ചെത്തുന്നു ... അല്ലാ, ഇതെവിടെയാണ് ... പരിസരബോധം ഉണ്ടാവാന്‍ വീണ്ടും ഒരു നിമിഷം എടുത്തു!

ഹോ, ഞാന്‍ നാട്ടിലാണെല്ലോ! ഓഫീസിലെത്താന്‍ താമസിക്കുമോ എന്ന് വേവലാതി വേണ്ടാ. മീറ്റിങ്ങുകളെക്കുറിച്ചോര്‍ത്ത് രാവിലെ തന്നെ തല പുകക്കേണ്ടി വരില്ല! ജനലിലൂടെ അരിച്ചെത്തുന്ന വൃശ്ചികക്കുളിര്‍. പുതപ്പ് ഒന്നുകൂടി വലിച്ചിട്ട് തിരിഞ്ഞ് കിടന്നു.

‘ഇതെന്തൊരു ഉറക്കമാ, ദേ ഒന്നെഴുന്നേറ്റേ ... മോന്‍ പോകാന്‍ തുടങ്ങുന്നു’ ഭാര്യ കുലുക്കി വിളിക്കാന്‍ തുടങ്ങി.

കണ്ണു തുറന്നപ്പോള്‍ സ്ക്കൂള്‍ യൂണിഫോമില്‍ മോന്‍ മുന്നില്‍. ഒരു നിമിഷം അവനെ തന്നെ നോക്കിയിരുന്നു പോയി. എത്ര പെട്ടെന്നാണ് അപ്പു വലിയ കുട്ടിയായത്. മേല്‍‌ചുണ്ടില്‍ ഒരു വര പോലെ കുരുത്തു തുടങ്ങിയ മീശ. തോളിലെ പുസ്തക സഞ്ചിയുടെ ഭാരം കാരണം അവന്‍ അല്പം മുന്നോട്ട് കൂനിയാണ് നില്പ്! ആ നടപ്പ് കണ്ടപ്പോള്‍ പട്ടാണികള്‍ വലിയ ചുമടും പുറത്ത് വച്ച് നടക്കുന്നതാണ് ഓര്‍മ്മ വന്നത്! കൈവീശി അവന്‍ റോഡിലേക്കിറങ്ങുമ്പോള്‍ മനസ്സില്‍ മറ്റൊരു ചിത്രം തെളിഞ്ഞ് വന്നു - ദുബായിലെ ഫ്ലാറ്റില്‍ നിന്ന് രാവിലെ ഓഫീസിലേക്കായി യാത്ര പറയുമ്പോള്‍ വാതിലില്‍ ഭാര്യയുടെ ഒക്കത്തിരുന്നു കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച്, പിന്നെ കവിളില്‍ മുത്തം തന്ന് യാത്രയാക്കിയിരുന്ന അപ്പുവിന്റെ ചിത്രം!

അമ്മ കൊണ്ടുത്തന്ന ചൂട് ചായയുമായി സിറ്റൌട്ടിലേക്ക് ഇറങ്ങി. നാടന്‍ പശുവിന്‍‌പാല് ചേര്‍ത്തുണ്ടാക്കിയ കടുപ്പമുള്ള ചായയ്ക്ക് വല്ലാത്ത രുചി. അച്ഛന്‍ രാവിലെ തന്നെ തന്റെ ഈസിചെയറില്‍ പത്രത്തില്‍ മുഖം പൂഴ്തിയിരിക്കുന്നു. കുറച്ച് കഴിഞ്ഞതോടെ അടുത്ത പത്രവുമെത്തി. വെറുതെയൊന്ന് ഓടിച്ച് നോക്കി, അതിലും മോഷണവും, മാല പൊട്ടിക്കലും, സ്വര്‍ണവിലയും, ദുബായിലെ തൊഴില്‍ പ്രശ്നവുമൊക്കെത്തന്നെ വാര്‍ത്തകള്‍!

പത്രം മടക്കി വച്ച് മുറ്റത്തേക്കിറങ്ങി. മുറ്റം നിറയെ ചെടികള്‍; രാത്രിയില്‍ ഇത്രയും ചെടികള്‍ ഉണ്ടെന്ന് മനസ്സിലായിരുന്നില്ല. തെച്ചിയും, മുല്ലയും, നന്ത്യാര്‍വട്ടവും, പലതരം റോസുകളും, ജമന്തികളും, സീനിയയും പിന്നെ പേരറിയാത്ത എന്തെല്ലാമോ ചെടികളും. പുലരിസൂര്യന്റെ തലോടലില്‍ തലയാട്ടി നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. മണമില്ലാത്ത പലതരം ബോഗണ്‍‌വില്ലകള്‍. വായുവില്‍ ഒരഭ്യാസിയെപ്പോലെ ചിറകടിച്ച് നിന്ന് തെച്ചിപ്പൂവില്‍ നിന്നും തന്റെ നീണ്ട് കൂര്‍ത്ത ചുണ്ടുകൊണ്ട് തേന്‍ കുടിക്കുന്ന തിളങ്ങുന്ന നീല നിറമുള്ള ഒരു കുഞ്ഞിക്കിളി. മുറ്റത്തിന്റെ കോണിലെ ഒട്ടുമാവില്‍ പടര്‍ന്ന് കയറിയ വള്ളിയില്‍ നിറയെ മുല്ലപ്പൂക്കള്‍.

മാവിന്റെ താണ് നിന്ന കൊമ്പില്‍ നിന്നും ഒരു പഴുത്തിലയെടുത്തു; അത് ചുരുട്ടി ബ്രഷ് പോലെയാക്കി പല്ലു തേക്കാന്‍ തുടങ്ങി. മാവിലയുടെ സുഖമുള്ള സ്വാദ് വായില്‍! പിന്നെ പടിക്കെട്ടിനപ്പുറമുണ്ടായിരുന്ന ചെന്തെങ്ങിന്റെ ഓലയില്‍ നിന്ന് ഒരു ഈര്‍ക്കില്‍ എടുത്ത് രണ്ടായി പിളര്‍ത്തി നാവ് വടിച്ചു. മെല്ലെ കിണറ്റ് കരയിലേക്ക് നടന്നു. പക്ഷെ തൊട്ടിയും കയറുമൊക്കെ എന്നേ അപ്രത്യക്ഷമായിരിക്കുന്നു! കിണറ്റിലേക്ക് നീണ്ട് പോകുന്ന പൈപ്പുകള്‍... പിന്നെ അടുത്തുണ്ടായിരുന്ന പൈപ്പിന്‍ ചുവട്ടിലേക്ക് പോയി.

അടുക്കളവാതിലിലൂടെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കിഴക്ക് വശത്ത് തൊഴുത്തില്‍ നിന്നും അമ്മിണിയുടെ കരച്ചില്‍ കേട്ടത്. അങ്ങോട്ട് നടന്നു... തൊഴുത്തില്‍ പച്ചപ്പുല്ല് ചവച്ച് തലയാട്ടി നില്‍ക്കുന്ന അമ്മിണി. അവളുടെ അകിടില്‍ നിന്നും പാല്‍ കുടിക്കുന്ന കിടാവ്.

‘നീ എന്താ ഇവിടെ നില്‍ക്കുന്നത്?’ അമ്മയുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.

ഒന്നും മിണ്ടാതെ തൊഴുത്തിനു നേരേ നോക്കി. എന്നോ ഒഴിഞ്ഞ തൊഴുത്തില്‍ നിറയെ വിറക്! തൊഴുത്തിന്റെ ഒരു കോണ് താവളമാക്കിയിരിക്കുന്നു ഏതോ ഒരു തെണ്ടിപ്പൂച്ച! അടുത്തു ചെന്നപ്പോള്‍ തന്റെ സാമ്രാജ്യം അതിക്രമിച്ച് കടക്കാന്‍ വന്നവനെ രൂക്ഷമായൊന്ന് നോക്കി അത് അവിടെ നിന്ന് പുറത്തേക്ക് ഓടി.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും പ്രിയതമ പ്രഭാതഭക്ഷണം എടുത്ത് വെച്ചു. പതിവ് പൊലെ ഇത്തവണയും അമ്മ എനിക്കായി കപ്പയും, കാച്ചിലും, കിഴങ്ങും, ചേമ്പും, ചേനയും ഒക്കെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അവയോടൊപ്പം പച്ചേത്തക്കയും ചേര്‍ത്ത് പുഴുങ്ങിയത് ആവിയോടെ പ്ലേറ്റില്‍! കൂടെ പൊട്ടിച്ച കാന്താരി മുളകും കൊച്ചുള്ളിയും തൈരില്‍ ചാലിച്ച ചമ്മന്തി!! പുഴുക്കിന്റെ ചൂടും, കാന്താരിയുടെ സുഖമുള്ള എരിവും കൂടി കണ്ണ് നിറച്ചു!!!

ഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി.

‘ഞാന്‍ വെറുതെ പുറത്തൊക്കെയൊന്ന് നടക്കാന്‍ പോകുന്നു’ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

‘എപ്പഴാ മഴ വരിക എന്നറിയില്ല, വേഗം തിരിച്ചു പോന്നോളൂ, കേട്ടോ’ ഭാര്യ അകത്തു നിന്നും ഉറക്കെ പറഞ്ഞു.

ഇടവഴിയിലൂടെ പഞ്ചായത്ത് റോഡിലേക്ക് കടന്നു. പഴയ ചെമ്മണ്‍ പാത ഇപ്പോള്‍ ടാര്‍ റോഡായിരിയ്ക്കുന്നു. ടാര്‍ റോഡായിരുന്നു എന്നൊര്‍മിപ്പിച്ചു കോണ്ട് അവിടവിടെ അല്പം ടാറും റോഡ് മുഴുവന്‍ ഇളകിത്തെറിച്ച് കിടക്കുന്ന മെറ്റലും. ഒരു കാലത്ത് കാട്ടുറൊസയും, തുമ്പയും, പാണലും ഒക്കെ നിറഞ്ഞ് നിന്നിരുന്ന പാതയുടെ വശങ്ങളില്‍ ഇളകിവീണ മെറ്റലുകള്‍ മാത്രം! പുഞ്ചയുടെ തുടക്കത്തിലുണ്ടായിരുന്ന കുറ്റിച്ചെടികളൊക്കെ അപ്രത്യക്ഷമായിരിയ്ക്കുന്നു. എല്ലായിടത്തും വളര്‍ന്ന് പടര്‍ന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. അണ്ണാറക്കണ്ണന്റെയോ കിളികളുടേയോ ശബ്ദം എവിടെയും കേള്‍ക്കാനേ ഇല്ല! ഒരുകാലത്ത് പുഞ്ചയിലേക്ക് ചരിഞ്ഞ് നിന്നിരുന്ന കൊന്നത്തെങ്ങുകളും, അവയുടെ ഓലകളില്‍ ഞാന്നു കിടന്നിരുന്ന ഓലേഞ്ഞാലിക്കുരുവികളുടെ കൂടുകളും ഒരു നിമിഷം മനസ്സിലെത്തി!

പൊടുന്നനെയാണ് തൊട്ടടുത്ത്കൂടി ഒരു മോട്ടോര്‍സൈക്കിള്‍ ചീറിപ്പാഞ്ഞ് പോയത്. മോട്ടൊര്‍ സൈക്കിളിന്റെ വലിപ്പം പോലുമില്ലാത്ത മൂന്ന് പിള്ളാര്‍! ‘ഇവനാരെടാ എന്ന ഭാവത്തില്‍’ അവന്മാര്‍ എന്നെയൊന്ന് നോക്കി, പിന്നെ ദുബായിലെ ഇടവഴികളില്‍ അറബിപ്പിള്ളാര്‍ ബൈക്കുകള്‍ പറപ്പിക്കുന്നത് പോലെ അവന്മാരും കൂവി വിളിച്ച് ബൈക്കോടിച്ച് പോയി. പിന്നെ ആരോ പറഞ്ഞാണ് അറിഞ്ഞത് നാട്ടില്‍ ഇപ്പോള്‍ റെന്റ്-എ-കാര്‍ പോലുള്ളിടത്തു നിന്നും ആര്‍ക്ക് വേണമെങ്കിലും മോട്ടോര്‍ സൈക്കിള്‍ വാടകക്ക് കിട്ടുമത്രെ! റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ടാപ്പിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന തമിഴന്മാര്‍ മുഖമുയര്‍ത്തി നോക്കിയിട്ട് വീണ്ടും അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. കയ്യില്‍ ചോറ്റുപാത്രങ്ങളും മറ്റുമായി എതിരേ വന്ന, കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോകുന്ന ഒരു പറ്റം സ്ത്രീകള്‍ എന്തോ കമന്റ് പറഞ്ഞ് ഉറക്കെ ചിരിച്ച് കടന്ന് പോയി.

പൊടുന്നനെയാണ് ആകാശം കറുത്തത്. ഒപ്പം മലയുടെ അങ്ങേച്ചരിവില്‍ നിന്ന് മഴയുടെ ഇരമ്പം കേട്ട് തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ചരല്‍ വാരിയെറിയുന്നത് പോലെ മഴത്തുള്ളികള്‍ ആഞ്ഞ് പതിക്കാനും തുടങ്ങി. റബ്ബര്‍ ചില്ലകള്‍ കാറ്റില്‍ ആടിയുലഞ്ഞു. ഇലച്ചാര്‍ത്തില്‍ വീഴുന്ന മഴയുടെ വന്യമായ താളം. ശരീരം മഴയില്‍ നനഞ്ഞ് കുതിരാന്‍ തുടങ്ങിയപ്പോള്‍ മനസ്സിന്റെ ഏതൊ കോണില്‍ ഒളിച്ചിരുന്ന ‘കുട്ടി’ ഉണരാന്‍ തുടങ്ങി - മഴയില്‍, കൈകൊട്ടി, ആര്‍പ്പു വിളിച്ച് ഒന്ന് തുള്ളിച്ചാടാന്‍ പറ്റിയിരുന്നെകില്‍! മണ്ണില്‍ വീണ മഴത്തുള്ളികള്‍ പിന്നെ ചാലു കീറി ഒഴുകാന്‍ തുടങ്ങി. മലയില്‍ നിന്ന് ഒഴുകി വരാന്‍ തുടങ്ങിയ കലക്കവെള്ളം പാദങ്ങളെ ഉമ്മവച്ച് ഒഴുകിയകന്നു.

നനഞ്ഞ് കുതിര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെ അഛന്‍.

‘പതിവില്ലാതെ മഴ നനഞ്ഞ് ഇനി പനി പിടിപ്പിക്കണം!’

‘ഇതെന്താ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം?’ ഒരല്പം പരിഭവത്തോടെ ഭാര്യ ഒരു തോര്‍ത്തുമായി വന്ന് തല തുവര്‍ത്താന്‍ തുടങ്ങി.

‘മോളെ, ഇത് കൂടി അവന്റെ നെറുകയില്‍ അല്പം തിരുമ്മി കൊടുക്കൂ, പനി പിടിക്കാതിരിക്കട്ടെ’ രാസ്നാദിപ്പൊടിയുടെ ഡബ്ബയുമായി അമ്മ.
(തുടരും)

കാര്‍ത്തിക വിളക്കുകള്‍ വീണ്ടും കണ്ണുതുറന്നപ്പോള്‍!

അപ്രതീക്ഷിതമായി വീണ്ടുമൊരു യാത്ര; മഴയിലേക്ക്, സ്‌നേഹത്തിന്റെ തണുപ്പിലേക്ക്, എന്റെ പ്രിയപ്പെട്ടവരിലേക്ക്...

പെരുന്നാളും, പുതുവര്‍ഷവും, വാരാന്ത്യവും എല്ലാം ചേര്‍ന്ന് ഏതാനും ദിവസത്തെ അവധി ഒന്നിച്ച് കിട്ടിയപ്പോഴാണ് ഒന്നു നാട്ടില്‍ പോയി വന്നാലോ എന്ന ചിന്ത മനസ്സിനെ വിടാതെ പിടി കൂടിയത്. ജനറല്‍ മാനേജരുടെ സമ്മതം കൂടി ആയപ്പോള്‍ പിന്നെ എങ്ങനെയും ഒരു വിമാനടിക്കറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടമായി. അവസാനം നവംബര്‍ കുളിരുള്ള പ്രഭാതത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ സമയത്തിന് വേഗം പോരാ എന്ന് തോന്നാന്‍ തുടങ്ങി! പുലര്‍‌വെളിച്ചത്തില്‍ നിരനിരയായി മുനിഞ്ഞ് കത്തുന്ന റണ്‍‌വേ വിളക്കുകള്‍ കാര്‍ത്തികവിളക്കുകളേ ഓര്‍മ്മിപ്പിച്ചു.

ദൂരെ നിഴല്‍ പോലെ കാണുന്ന മലനിരകളില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.

‘മോന്‍ നാട്ടിലേക്കാണല്ലേ?’

ഇതെന്തൊരു ചോദ്യം എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോഴാണ് തൊട്ടടുത്ത സീറ്റില്‍ കുറച്ച് പ്രായമായ ഒരു സ്ത്രീ. വീശദമായ ഒരു സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് അവരെന്ന് തോന്നി. അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പ് തന്നെ അവര്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങി. നാട്ടില്‍ നിന്നും മകളുടെ പ്രസവം പ്രമാണിച്ച് കൂട്ടിന് വന്നതാണ്, ഇപ്പോള്‍ തിരിച്ച് പോകുന്നു. തന്നേയുള്ളു, ഇടയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിക്കണം.

അധികം സംസാരിക്കാന്‍ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാവണം അവര്‍ നിശ്ശബ്ദയായി ഇരുന്നു. സീറ്റ്ബെല്‍റ്റ് ചിഹ്നം അപ്രത്യക്ഷമായതോടെ ആള്‍ക്കാര്‍ ട്രെയിന്‍ യാത്രയെ ഓര്‍മിപ്പിച്ച് കൊണ്ട് ഭക്ഷണപ്പൊതികള്‍ പുറത്തെടുക്കാന്‍ തുടങ്ങി! ഇക്കണോമി ഫ്ലൈറ്റ് ആയത് കാരണം സൌജന്യ ഭക്ഷണം കിട്ടില്ല എന്നറിയാവുന്ന മിക്കവരും ഭക്ഷണപ്പൊതികള്‍ ഒപ്പം കരുതിയിരുന്നു! മെനുകാര്‍ഡില്‍ ഒരു വെജിറ്റബള്‍ സമോസക്ക് 12 ദിര്‍ഹംസ് എന്ന് കണ്ടപ്പോള്‍ കൂടുതല്‍ നോക്കാതെ അത് മടക്കി വച്ചു.

ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വിമനത്തിന്റെ ചിറകുകളില്‍ തട്ടിത്തിളങ്ങുന്ന പുലര്‍കാല സൂര്യന്റെ രശ്മികള്‍. താഴെ പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകിമറയുന്ന വെള്ളിമേഘങ്ങള്‍. മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു, മനസ്സില്‍ വീടും, നാടും, വീട്ടുകാരും ...

‘ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നു...’

എയര്‍ഹോസ്റ്റസിന്റെ അനൌണ്‍‌സ്‌മെന്റാണ് മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്! ജാലകത്തിലൂടെ പുറത്തേക്ക് നോക്കി, താഴെ പച്ചപ്പിന്റെ വിശാലത ... അതിനുമപ്പുറം കരയിലേക്ക് ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. കടലിന്റെ വന്യമായ സൗന്ദര്യം.

ഒരു ശക്തമായ കുലുക്കത്തോടെ വിമാനം നിന്നു. ഹാന്‍‌‌ബാഗുമെടുത്ത് പുറത്തിറാങ്ങാന്‍ തിരക്കു കൂട്ടുമ്പോള്‍ അടുത്തിരുന്ന വല്യമ്മ വീണ്ടും,

‘മോനെ, ഒരു പെട്ടിയുണ്ട്, അതെവിടെയാ വരിക എന്നറിയില്ല ... പിന്നെയീ കസ്റ്റംസിലൊക്കെ ...?’

താമസം ഉണ്ടാകുമല്ലൊ എന്നോര്‍ത്ത് ഒരല്പം അലോസരം തോന്നിയെങ്കിലും അവരുടെ കൂടെ തിരക്കു കഴിയുന്നത് വരെ നിന്നു. എന്തെല്ലാമോ കുത്തിനിറച്ച ഒരു ബാഗ്, പിന്നെ ഒരു ഹാന്‍ഡ് ബാഗും! അവരുടെ ബാഗും, എന്റെ ബാഗും രണ്ട് കൈകളിലും തൂക്കിപ്പിടിച്ച് പുറത്തേക്ക് നടന്നു. എയര്‍ഹോസ്റ്റസ്സിന്റെ ചുണ്ടത്ത് ഫിറ്റ് ചെയ്ത കൃത്രിമച്ചിരിയും ശുഭദിനവും കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയത്!

രണ്ട് ട്രോളികളുമായാണ് കണ്‍‌വേയര്‍ ബെല്‍റ്റിനടുത്തേക്ക് പോയത്. അവസാനം സാമാന്യത്തിലധികം വലിപ്പമുള്ള ഒരു സ്യൂട്കേസ് കാണിച്ച് അവര്‍ പറഞ്ഞു, ‘ഇതാണ് മോനേ എന്റെ പെട്ടി’. ഒരു വിധത്തില്‍ അത് വലിച്ചെടുത്ത് അവരുടെ ട്രോളിയില്‍ വച്ചു കൊടുത്തു. ഏറെ നേരം കാത്ത് നിന്നിട്ടും എന്റെ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നത് വന്നില്ല.

‘മോനെ, എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നവരൊക്കെ പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടാവും!’ അവര്‍ അക്ഷമ കാട്ടാന്‍ തുടങ്ങി!!

കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവില്‍ വിമാനക്കമ്പിനിക്കാരുടെ അറിയിപ്പ് വന്നു, ‘കുറേപ്പേരുടെ ലഗ്ഗേജ് രാത്രിയിലെ വിമാനത്തിലെ വരൂ’. നാട്ടില്‍ പോയിട്ട് പിന്നെയും വരുന്ന കാര്യം ഓര്‍ത്തപ്പോള്‍ രാത്രി വരെ കാത്ത് നില്‍ക്കാം എന്ന് തീരുമാനിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത് വല്യമ്മയുടെ ട്രോളിയും തള്ളി പുറത്തെത്തുമ്പോള്‍ അവരെ സ്വീകരിക്കാനായി ഒരു ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ! അതിനിടയില്‍ അവരില്‍ ഒരാള്‍ വന്ന് ട്രോളി വാങ്ങി. പിന്നെ ഒരു യാത്ര പറയാനുള്ള മര്യാദ പോലും കാണിക്കാതെ വല്യമ്മ അവരോടൊപ്പം പോയി!

പിന്നെ എന്റെ കണ്ണുകള്‍ കൂട്ടുകാരനെ തിരഞ്ഞു. അധികം തിരയേണ്ടി വന്നില്ല, പബ്ബ്ലിക് ടെലഫോണ്‍ ബൂത്തിന്റെ മുന്നില്‍ പതിവ് സ്ഥാനത്ത് അയാളെ കണ്ടു. തെളിഞ്ഞ ഒരു പുഞ്ചിരിയില്‍, മൃദുവായ ഒരു ഹസ്തദാനത്തില്‍ 30 വര്‍ഷത്തെ ഹൃദയബന്ധത്തിന്റെ ഊഷ്മള സ്പര്‍ശം.

വിമാനത്താവളത്തിന് പുറത്ത് പകലിന് വല്ലാതെ ചൂട് പിടിച്ച് തുടങ്ങിയിരുന്നു. വൈകുന്നേരം വരെ സമയം കളയേണ്ടിയിരിക്കുന്നു. നഗരത്തിലെ പ്രശസ്തമായ ബാറിനുള്ളില്‍ നുരഞ്ഞു പതയുന്ന ബിയറും മൊത്തിക്കുടിച്ചിരിക്കുമ്പോള്‍ പതിവു പോലെ തന്നെ ഞങ്ങള്‍ വാചാലരായിരുന്നില്ല. വര്‍ഷങ്ങള്‍ കൂടുംതോറും ഇഴയടുപ്പം കൂടുന്ന ഞങ്ങളുടെ സൌഹൃദത്തില്‍ എന്നും ഹൃദയങ്ങള്‍ കൊണ്ടായിരുന്നല്ലോ ഞങ്ങള്‍ സംവദിച്ചിരുന്നത്!

പിന്നെ, നാടന്‍ രുചികള്‍ സ്‌നേഹത്തില്‍ ചാലിച്ചു വിളമ്പിയ കൂട്ടുകാരന്റെ പ്രിയതമ. സുഖമുള്ള ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരുന്നു. അടുത്തുള്ള ഏതോ അമ്പലത്തില്‍ നിന്നും സന്ധ്യാവന്ദനത്തെ കര്‍ണകഠോരമാക്കിക്കൊണ്ട് മൈക്കിന്റെ ശബ്ദം. വീട്ടിലെത്താന്‍ മനസ്സ് വല്ലാതെ തുടിക്കുന്നതിനിനിടയില്‍ വിമാനക്കമ്പിനിക്കാരുടെ ഫോണ്‍ വന്നു, ലഗ്ഗേജ് ആടുത്ത ദിവസത്തെ വിമാനത്തിലെ വരൂ പോലും!

ആരെയെല്ലാമോ ശപിച്ച് കൊണ്ട് ടാക്സിയിലിരിക്കുമ്പോള്‍, അപ്രതീക്ഷിതമായി കാണുമ്പോള്‍ അമ്മക്കും, അഛനും ഭാര്യക്കും ഉണ്ടായേക്കാവുന്ന അമ്പരപ്പും മറ്റുമായിരുന്നു മനസ്സില്‍. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡില്‍ എതിരേ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നത് കണ്ടപ്പോള്‍ പലപ്പോഴും ഭയം തോന്നി!

നാട്ടിലെത്തുമ്പോഴേക്കും  പാതിരാക്കിളികള്‍ പാടാന്‍ തുടങ്ങിയിരുന്നു. പഞ്ചായത്ത് റോഡിലേക്ക് തിരിയുന്ന ഭാഗത്തുണ്ടായിരുന്ന വഴിവിളക്ക് എന്നോ കത്താതായിരിക്കുന്നു. അങ്ങിങ്ങായി മിന്നാമിനുങ്ങുകള്‍ പോലെ വൈദ്യുത തൂണുകളില്‍ മങ്ങിക്കത്തുന്ന ബള്‍ബുകള്‍. വഴിയോരത്തെ പൊന്തക്കാടുകളില്‍ നിന്ന് തവളകള്‍ കൂട്ടത്തോടെ കരയാന്‍ തുടങ്ങി. കാറിന്റെ വെളിച്ചം കണ്ടതോടെ അമ്പലക്കാവിലെ മുത്തശ്ശിമാവില്‍ നിന്നും കടവാവലുകള്‍ കൂട്ടത്തോടെ ചിറകടിച്ചുയര്‍ന്നു.

വീട്ടിലേക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ കാറ് നിര്‍ത്തി. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം, പുഞ്ചപ്പാടവും കടന്നെത്തുന്ന രാക്കാറ്റിന് ഈറന്‍ കുളിര്. റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ചിതറിവീഴുന്ന നിലാവ് ഇടവഴിയില്‍ പരന്നു  കിടന്നു. ബാഗ് തോളില്‍ തൂക്കി മുന്നോട്ട് നടക്കുമ്പോള്‍ ചുറ്റുവട്ടത്തെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ചീവീടുകളുടെ നിര്‍ത്താത്ത ചിലമ്പല്‍. പാടത്തിനക്കരെ നിന്നും ഒരു നായയുടെ ഓരിയിടല്‍. പൊടുന്നനെയാണ് തൊട്ടുമുന്നില്‍ ഒരു മിന്നല്‍പ്പിണര്‍ വീണുചിതറിയത് ... ഒപ്പം ഇടിമുഴക്കവും! ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എവീടെ നിന്നോ ഒരു മഴത്തുള്ളി നെറുകയില്‍ വീണുടഞ്ഞു... ആ മഴത്തുള്ളിയുടെ നനുത്ത കുളിര്‍ മനസ്സിലേക്ക് അരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ വേഗം വീട്ടിലേക്ക് നടന്നു.

നിലാവില്‍ കുളിച്ചുറങ്ങുന്ന വീട്! കല്‍പ്പടികള്‍ കടന്നെത്തുമ്പോള്‍ മുറ്റം നിറയെ ചട്ടികളിലും അല്ലാതെയും ചെടികള്‍ - അച്ഛന്റെയും അമ്മയുടേയും വിശ്രമ ജീവിതത്തിലെ നേരമ്പോക്ക്. പടവുകളുടെ ഇരുവശങ്ങളിലുമുള്ള ചട്ടികളില്‍ കണ്‍‌മിഴിക്കാന്‍ തുടങ്ങുന്ന നിശാഗന്ധികളാണ് ആദ്യം കണ്ണില്‍ പെട്ടത്. അവയെ തഴുകി വരുന്ന ചെറുകാറ്റില്‍ നിശാഗന്ധിയുടെ വശ്യമായ മണം.

പൊടുന്നനെ ചെന്ന് കതകില്‍ മുട്ടാം എന്നോര്‍ത്ത് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ നായ നിര്‍ത്താതെ കുര തുടങ്ങിയത്! അതോടെ വീടിനുള്ളിലെ ലൈറ്റുകള്‍ തെളിഞ്ഞൂ. കള്ളന്മാരുടേയും മോഷണങ്ങളുടേയും കഥകള്‍ മാത്രം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതുകൊണ്ടാവണം അകത്ത് നിന്ന് ഉയര്‍ന്ന് കേട്ട അച്ഛന്റെ ശബ്ദത്തില്‍ വല്ലാത്ത ഉത്കണ്ഠ!

കതക് തുറന്ന അച്ഛന്റേയും, പിന്നില്‍ നിന്ന അമ്മയുടേയും കണ്ണുകളില്‍ അവിശ്വസനീയതയും ഒപ്പം അമ്പരപ്പും. ദുബായിലെ തൊഴില്‍ മേഖലയില്‍ ഡി. പി. വേള്‍ഡ് ഉണ്ടാക്കിയ പുതിയ പ്രശ്നങ്ങളും മറ്റും നാട്ടിലെ മാധ്യമങ്ങളുടെ നിത്യവാര്‍ത്ത ആയതു കൊണ്ടാവണം അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു ചോദ്യചിഹ്നം!

‘മോനേ, എന്താ പെട്ടെന്ന് ... ഒരു മുന്നറിയിപ്പും ഇല്ലാതെ?’

കിടപ്പുമുറിയില്‍ നിന്നും ഇറങ്ങി വന്ന ഭാര്യയൂടെ കണ്ണുകളിലും അമ്പരപ്പ്, ഒപ്പം നേരത്തേ അറിയിക്കാഞ്ഞതിന്റെ പരിഭവവും.

‘മോനേ ജോലിക്ക് .... ?’ അച്ഛന് ആകാംക്ഷ അടക്കാന്‍ കഴിയുന്നില്ല.

ചിരിയടക്കാന്‍ കഴിഞ്ഞില്ല.

‘ഒന്നുമില്ലച്ഛാ, പെരുന്നാളിന് കുറച്ച് ദിവസം അവധി കിട്ടിയപ്പോള്‍ നിങ്ങളെയൊക്കെ കണ്ട് പോകാം എന്ന് കരുതി’.

അച്ഛന്റെ മുഖത്തെ ആശ്വാസം ഒരു പുഞ്ചിരിയായി തെളിഞ്ഞു, ഒപ്പം അമ്മയുടെ നിശ്വാസവും!

കിടപ്പുമുറിയില്‍ പ്രിയതമയുടെ പരിഭവം,

‘ഉം... അറിയിക്കണ്ട .. അത്താഴം ഒക്കെ കഴിഞ്ഞു, ഇന്ന് പട്ടിണി കിടന്നോ!’

കിണര്‍വെള്ളത്തിന്റെ കുളിര്‍മയില്‍ ക്ഷീണം ഒഴുകിപ്പോയതോടെ അറിയാതെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് വിരുന്നു വന്നു!

അടുക്കളയില്‍ അപ്പോഴേക്കും ചപ്പാത്തി കുഴക്കാന്‍ തുടങ്ങിയിരുന്നു ശ്രീമതി. അടുത്ത് ചെന്നപ്പോള്‍ നാണം തുടുപ്പിച്ച മുഖത്തോടെ അവള്‍ പറഞ്ഞു,

‘ഉം ... കൊഞ്ചണ്ട, മോന്‍ വളര്‍ന്നു ട്ടോ’

പിന്നെ, കിടപ്പുമുറിയുടെ സ്വകാര്യതയില്‍ നെഞ്ചിലേക്ക് മുഖം ചേര്‍ത്ത് അവള്‍ ചോദിച്ചു,

‘ജോലിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? ഉണ്ടെങ്കിലും വിഷമിക്കണ്ട, നമുക്ക് ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞാല്‍ മതി.’

കര്‍പ്പൂരത്തിന്റേയും, തുളസിയുടേയും മണമുള്ള അവളുടെ മുടിയില്‍ മെല്ലെ തഴുകുമ്പോള്‍ ഒന്നും പറയാനായില്ല.

ജനല്‍പ്പാളികള്‍ക്കിടയിലൂടെ കടന്ന് വന്ന്‌ തഴുകിയ കാറ്റില്‍ പുതുതായി വിരിഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...