ഊന്നുവടികള്‍ ...

രാവിലെ തന്നെ മുറ്റത്തേക്കിറങ്ങി ... ഇന്നലെ സന്ധ്യക്ക് മഞ്ഞ റോസയില്‍ ഒരു മൊട്ട് വിരിയാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴത് വിടര്‍ന്ന് പുലര്‍മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടാവണം. പിന്നെ മുറ്റത്തിന്റെ അതിരിലെ ഒട്ടുമാവില്‍ നിറയെ മുല്ലപ്പൂക്കളും വിരിഞ്ഞ് നില്‍ക്കുന്നുണ്ടാവണം. ഇന്നലെ നട്ട ആ ശംഖുപുഷ്പം വാടിപ്പോയിട്ടുണ്ടാവുമോ എന്തോ?

പണ്ട് മുതലേയുള്ള ശീലമാണ് അതിരാവിലെ തന്നെ ഉണരുക എന്നുള്ളത്. ഇപ്പോള്‍ പെന്‍ഷന്‍ ആയി വര്‍ഷങ്ങള്‍ ആയെങ്കിലും അതിന് മാറ്റമില്ല.

അപ്പോഴേക്കും ചന്ദ്ര ചായയുമായി എത്തി. നെറ്റിയില്‍ പതിവുള്ള ഭസ്മക്കുറി. രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. പെന്‍ഷനായെങ്കിലും അവളും പഴയ ടീച്ചറുടെ കൃത്യനിഷ്ടകള്‍ തുടരുന്നു. മുറ്റത്തിറങ്ങി ഈറന്‍ മാറാത്ത, അവിടവിടെ നര കയറിയ, അറ്റം കെട്ടിയ മുടിത്തുമ്പില്‍ അവള്‍ രണ്ട് തുളസിയിലകള്‍ പൊട്ടിച്ച് തിരുകി വച്ചു.

പെന്‍ഷനായതില്‍ പിന്നെ രണ്ടാളും സമയം കളയാന്‍ കണ്ടുപിടിച്ച വഴിയാണ് പൂന്തോട്ട നിര്‍മാണവും പരിപാലനവും. വിശാലമായ മുറ്റത്തും, കല്‍പ്പടവുകള്‍ക്കരികിലും നിറയെ പല‍തരം ചെടികള്‍. പൂക്കളോടും ചെടികളോടും ഒപ്പം എത്ര നേരം     ചിലവഴിക്കുന്നതും രണ്ട് പേര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. നിശാഗന്ധി വിരിയുന്നത് കാണാനായി മാത്രം പാതിരാവ് വരെ ഉണര്‍ന്നിരുന്ന എത്ര ദിവസങ്ങള്‍!

പെട്ടെന്ന് സന്തോഷത്തോടെ ചന്ദ്ര വിളിച്ചു, ‘ദേ നോക്കിയെ ഈ കിളിക്കുട്ടിലിരുന്ന മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു’

ചെമ്പരത്തിച്ചില്ലകള്‍ക്കിടയിലെ കൂട്ടില്‍ കുഞ്ഞിച്ചുണ്ട് പിളര്‍ത്തി കരയുന്ന കുഞ്ഞുങ്ങള്‍.

രണ്ടാളേയും ഒന്നിച്ച് കണ്ടതോടെ മുറ്റത്തിന്റെ മൂലക്കുള്ള കൂട്ടില്‍ നിന്നും ലവ് ബേര്‍ഡ്സ് കലപില കൂട്ടാന്‍ തുടങ്ങി. അവക്ക് തീറ്റ കൊടുത്ത് കഴിഞ്ഞതോടെ അടുത്ത കൂട്ടില്‍ നിന്നും തത്തമ്മയും വിളി‍ തുടങ്ങി. അപ്പോഴേക്കും പടിക്കെട്ടിന് താഴെ നിന്നും പത്രക്കാരന്റെ സൈക്കിള്‍ ബെല്‍... മുറ്റത്തേക്ക് വന്ന് വീണ പത്രങ്ങളുമെടുത്ത് സിറ്റൌട്ടിലെ ഈസിചെയറിലേക്ക് കിടന്നു. ഒരു വാരികയും തുറന്ന് ചന്ദ്രയും അടുത്ത് ഒരു കസേരയിലിരുന്നു.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് താഴെ ഇടവഴിയില്‍ കൂടി കലപില കൂട്ടി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ബഹളം.

‘സാറമ്മേ, സാറച്ഛാ ... റ്റാ .. റ്റാ ...’ അടുത്ത വീട്ടിലെ കുട്ടിയാണ്.

തിരിച്ച് കൈ വീശി ആ കുട്ടികളേയും നോക്കിയിരുന്ന‍പ്പോള്‍ മനസ്സ് ഒരുപാട് പിന്നിലേക്ക് പോയി.

ഒറ്റ മകനായിരുന്നു കുട്ടന്‍. രാവിലെ മൂന്ന് പേരും കൂടിയാണ് വീട്ടില്‍ നിന്നിറങ്ങുക. കുട്ടന്‍ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു. അമ്പലക്കുളത്തിനടുത്തെത്തി വഴി പിരിയാന്‍ തുടങ്ങുമ്പോള്‍ ചന്ദ്ര ഓര്‍മ്മിപ്പിക്കും,

‘അച്ഛനും മോനും കൂടി കിന്നാരം പറഞ്ഞ് പറഞ്ഞ് സ്കൂളില്‍ എത്താന്‍ വൈകണ്ട കേട്ടോ’

പിന്നെ ഒരു കയ്യില്‍ മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച്, കക്ഷത്തില്‍ ബാഗും മറ്റേ കൈവിരല്‍ തുമ്പില്‍ കുട്ടനേയും പിടിച്ച് നടക്കുമ്പോള്‍ അവന് ഒരായിരം സംശയങ്ങളാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ കുശലം പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ മരക്കൊമ്പത്ത് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരോട് കുശലം പറയുകയാകും. പിന്നെ കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുയിലിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അവന്‍ ചോദിക്കും,

‘അച്ഛാ, ഞാനും കൂവട്ടേ?’

 
കുയിലിനൊപ്പം കുട്ടന്‍ മറുപാട്ട് പാടുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ഞാനും അവന്റെ കൂടെ കൂടും!

രാവിലേയും വൈകുന്നേരവും ഉളള നടത്തത്തിനിടയിലാണ് ഞാന്‍ കുട്ടന് കഥകളും കവിതയും ഒക്കെ പറഞ്ഞ് കൊടുക്കുക.

കുട്ടന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും സന്തോഷത്തോടെയാണ് ഞങ്ങള്‍ കണ്ട് നിന്നത്. പഠിത്തത്തിലും, കളിയിലും, സാഹിത്യത്തിലും ഒക്കെ മികവ് കാട്ടിയ അവന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും സ്‌നേഹിക്കുന്നതിലും മുന്നിലായിരുന്നു. കോളേജ് ക്ലാസ്സുകളിലെത്തി ഹോസ്റ്റലുകളിലൊക്കെ താമസിക്കേണ്ടി വന്നപ്പോഴും അവന്‍ എല്ലാ വിശേഷങ്ങളും പറഞ്ഞ് തുടര്‍ച്ചയായി കത്തുകള്‍ എഴുതുമായിരുന്നു. അവധിക്ക് വീട്ടിലെത്തുമ്പോഴൊക്കെ അടുക്കളയിലെത്തി അവിടെയുള്ള ‘അരിപ്പെട്ടിയുടെ’ മുകളിലിരുന്ന് അമ്മയോട് എല്ലാ വിശേഷങ്ങളും ഒരു കൊച്ച് കുട്ടിയേ പോലെ അവന്‍ പറയുമായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ ചന്ദ്ര എല്ലാം മൂളിക്കേള്‍ക്കും.

പിന്നെ കാമ്പസ് സെലക്ഷന്‍ കിട്ടി സ്കോളാര്‍ഷിപ്പോടെ അവന്‍ വിദേശത്ത് പോയപ്പോള്‍ അവന്റെ ഉയര്‍ച്ചയില്‍ സന്തോഷത്തെക്കാളേറെ അഭിമാനമായിരുന്നു. അവന്റെ പുതിയ പുതിയ സ്ഥാനലബ്ധികള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം തന്നു. പക്ഷെ അതോടെ കുട്ടന്റെ കത്തുകളുടെ എണ്ണം കുറയാന്‍ തുടങ്ങി, പിന്നെ അവ ഫോണ്‍കോളുകളായി. പലപ്പോഴും അവന്റെ തിരക്കുകള്‍ക്കിടയില്‍ അതിന്റെ എണ്ണവും കുറഞ്ഞു വന്നു.

കുട്ടന്റെ വിവാഹം; ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. നല്ലൊരു പെണ്‍കുട്ടി അവന്റെ ഭാര്യയായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് അവള്‍ മരുമകളല്ല, മോളായി. പക്ഷെ, സ്നേഹിച്ച് കൊതി തീരും മുമ്പ് അവള്‍ അവനോടൊപ്പം പോയപ്പോഴും‍ ഞങ്ങള്‍ ആശ്വസിച്ചു; അവര്‍ ഒന്നിച്ചാണല്ലോ കഴിയേണ്ടത്.

പിന്നെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊച്ചുമക്കളെ ചുറ്റിപ്പറ്റിയായി. കുട്ടന്‍ ഓടിക്കളിച്ച, മണ്ണപ്പം ചുട്ട് കളിച്ച, ഊഞ്ഞാലാടിയ, തുമ്പികളുടെ പിന്നാലെ ഓടിയ ഈ വീട്ടുമുറ്റത്ത് ഓടിക്കളിക്കാന്‍, ഞങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍, അമ്പിളിമാമനെ കാട്ടിക്കൊടുക്കാനും, കഥ പറഞ്ഞ് ഉരുള ഉരുട്ടിക്കൊടുക്കാനുമൊക്കെ ഞങ്ങളുടെ കുഞ്ഞുമക്കള്‍, കുട്ടന്റെ മക്കള്‍.

കൊച്ചുമക്കള്‍ അപ്പുവും, അമ്മുവും വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രം വന്ന്, കണ്ട് കൊതിതീരും മുമ്പെ തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ സ്വപ്നങ്ങളുടെ നിറം മങ്ങുന്നത് ഞങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി.

കഴിഞ്ഞ തവണ വന്ന് മടങ്ങിപ്പോകുമ്പോള്‍ അപ്പു കെട്ടിപ്പിടിച്ച് നിലവിളിച്ചു,

‘അപ്പൂപ്പാ ഞാന്‍ പോകുന്നില്ല, എനിക്കിവിടെ മതി ... അമ്മുമ്മേ ഞങ്ങളെ വിടണ്ടാ ...‘

ഒന്നും പറയനാവാതെ നിറകണ്ണുകളോടെ അവര്‍ പോകുന്നത് നോക്കി നിന്നപ്പോള്‍ നിറയുന്ന കുട്ടന്റെ കണ്ണുകളും‍ കണ്ടില്ല എന്ന് നടിച്ചു.

ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു; മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ.

ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഫോണ്‍ ശബ്ദിച്ചു. ചന്ദ്രയാണ് ഫോണ്‍ ഏടുത്തത്. തിരിച്ച് വരുമ്പോള്‍ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു!

‘കുട്ടനാണ്, ഇത്തവണ സ്‌കൂളടക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ കഴിയില്ല എന്ന്’‘

കുഞ്ഞുമക്കള്‍ വരുന്ന ദിവസവും കണക്കു കൂട്ടിയിരുന്ന എനിക്കു അത് അമ്പരപ്പോടെ കേട്ടിരിക്കാനേ കഴിഞ്ഞൊള്ളു.

‘ഇപ്പോഴത്തെ അവസ്ഥയില്‍ അവന് ലീവ് കൊടുക്കില്ലെന്ന്. പിന്നെ മക്കള്‍ക്ക് വെക്കേഷന്‍ ക്ലാസ്സ് ഉണ്ടത്രെ’.

‘ഉം’

വെറുതെ മൂളാനേ എനിക്ക് കഴിഞ്ഞുള്ളൂ. കൊച്ചുമക്കള്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും അവലോസുണ്ടയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന, കുട്ടന് ഇഷ്ടമുള്ള കാച്ചിലും, ചേമ്പും ഒക്കെ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്ന അവളോട് വേറെ എന്ത് പറയാന്‍!

കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാലൊന്ന് ഇടറി. വീഴാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്ര പെട്ടെന്നു പിടിച്ചു.

‘എന്ത് പറ്റി, കുട്ടികളെ ഓര്‍ത്തു, അല്ലേ?’

അവളുടെ തോളില്‍ പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചന്ദ്രയുടെ മനസ്സ് മന്ത്രിക്കുന്നത് പോലെ തൊന്നി,

‘എന്തിനാ വിഷമിക്കുന്നത്, ഇനിയീ അവസാനയാത്രയില്‍ പര‍സ്പരം ഊന്നുവടികളായി നമ്മളില്ലേ?’

ഒരു ധനുമാസക്കുളിരിന്റെ ഓര്‍മയില്‍ !

മഴയും മഞ്ഞും തണുപ്പും ഒക്കെയായി ഒരു തണുത്ത പ്രഭാതം വീണ്ടും ദുബായില്‍; ധനുമാസക്കുളിരിന്റെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തുന്ന ഒരു പ്രഭാതം!
ഇഴഞ്ഞ് നീങ്ങുന്ന ദുബായ് നിരത്തിലെ ട്രാഫിക് കുരുക്കില്‍ കാറിന്റെ പിടച്ചില്‍. കാറിന്റെ മുന്‍‌ഗ്ലാസ്സില്‍ വീണ് ചിതറുന്ന മഴത്തുള്ളികളെ ഇരുകൈകളും കൊണ്ട് തുടച്ചു നീക്കാന്‍ പാടുപെടുന്ന ‘വൈപ്പറിന്റെ’ ക്രമാനുഗതമായ ചലനങ്ങള്‍. ഒരു ധനുമാസക്കുളിരു പോലെ മനസ്സിലേക്ക് ഓര്‍മ്മകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.

വൃശ്ചികം ധനു മാസങ്ങളിലെ കുളിരുള്ള പുലര്‍കാലങ്ങളും, തണുത്ത രാവുകളും ഉണ്ടായിരുന്ന പഴയ കാലം. കുടുംബവീടിന് കിഴക്കുവശത്തെ വിശാലമായ തൊഴുത്തിന് സമീപത്തുള്ള വലിയ വരിക്കപ്ലാവ്. മുറ്റമടിച്ചുകൂട്ടിയ കരിയിലകള്‍ പ്ലാവിന്റെ ചുവട്ടിലെ‍ ഒരു കോണില്‍ കൂന പോലെ.

ചുവന്ന നൂലുകള്‍ അതിരുടുന്ന കറുത്ത കമ്പിളി പുതച്ച്, തലയില്‍ ചുട്ടിത്തോര്‍ത്ത് വട്ടം കെട്ടി മുത്തശ്ശന്‍. തണുപ്പിന്റെ കരങ്ങള്‍ ശരീരത്തില്‍ ആഴ്ന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുത്തശ്ശന്‍ പ്ലാവിന്‍ ചുവട്ടിലെത്തും. കുറെ കരിയിലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടുത്ത് കിടക്കുന്ന ഒരു ചെത്തിയൊരുക്കിയ വെട്ടുകല്ലില്‍ കുന്തിച്ചിരിക്കും. ഇടുപ്പില്‍ കരുതിയ ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് കത്തിച്ച്, പിന്നെ ആ തീപ്പെട്ടിക്കൊള്ളി കരിയിലക്കൂട്ടത്തിലേക്ക് ഇടും. മെല്ലെ മെല്ലെ കരിയിലകളില്‍ കൊച്ചു കൊച്ച് ചിറകടി ശബ്ദങ്ങളുമായി തീ പടരാന്‍ തുടങ്ങും. ഒപ്പം മുത്തശ്ശന്റെ ചുണ്ടിലെരിയുന്ന ബീഡിയുടെ അറ്റം ഒരു കല്ലുകടുക്കന്‍ പോലെ തിളങ്ങാനും. കരിയിലകളില്‍ തീ പടര്‍ന്ന് പിടിക്കുമ്പോള്‍ മുത്തശ്ശന്‍ അകത്തേക്ക് നോക്കി നീട്ടിവിളിക്കും:

‘ജാനകിയേ ...’

വിളി കാത്തിരുന്നത് പോലെ മുത്തശ്ശി പുറത്തേക്ക് വരും. ആ കൈകളില്‍ അപ്പോള്‍‍ ചായ്പിലെ പത്തായത്തിന് താഴെ നിരത്തിയിട്ടിരിക്കുന്നവയില്‍ നിന്നെടുത്ത കിഴങ്ങും, കാച്ചിക്കായും (കാച്ചില്‍ വള്ളിയില്‍ ഉണ്ടാകുന്ന ചെറിയ കാച്ചില്‍) ഉണ്ടാകും. മുത്തശ്ശന്‍ അത് വാങ്ങി എരിയുന്ന കരിയിലക്കൂട്ടത്തിലേക്ക് ഇട്ട് ഒരു കമ്പ്‌ കൊണ്ട് മെല്ലെ ഇളക്കും. എരിയുന്ന കരിയിലകള്‍ ഇളകുമ്പോള്‍ തീപ്പൊരികള്‍ മിന്നാമിനുങ്ങുകള്‍ പോലെ പറന്നുയരും.

അടുത്തുള്ള മറ്റൊരു കല്ലില്‍ മുത്തശ്ശിയും ഇരിക്കും. കൈവിരലുകളും ഒക്കെ തീയുടെ അടുത്തുകാട്ടി തീ കായുന്നതിനിടയിലാകും ശ്രദ്ധ ക്ഷണിക്കുന്നത് പോലെ
അടുത്തുള്ള തൊഴുത്തില്‍ നിന്നും പശു മെല്ലെ അമറുന്നത്.

‘എന്താ അമ്മിണീ, ഇവള് നിനക്ക് തീറ്റയൊന്നും തന്നില്ലേ?’ മുത്തശ്ശിയെ നോക്കി മുത്തശ്ശന്‍ പശുവിനോട് ചോദിക്കും.

‘അമ്മിണി ... കള്ളിയാ ഇവള്’‘ മുത്തശ്ശി പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു കുസൃതി ഒപ്പിച്ചത് പോലെ അമ്മിണി തൊഴുത്തില്‍ നിന്ന് തലയാട്ടും.

അപ്പോഴേക്കും കരിയിലകള്‍ക്കിടയില്‍ കിടന്ന് കിഴങ്ങും കാച്ചിലും ഒക്കെ വെന്ത് പരുവമായിട്ടുണ്ടായിരിക്കും. പിന്നെ അകത്തേക്ക് നോക്കി മുത്തശ്ശന്‍ നീട്ടിവിളിക്കും:

‘കുട്ടാ ...’

കേള്‍ക്കാത്ത താമസം നിലവിളക്കിനു മുന്നിലെ പ്രാര്‍ത്ഥനയും നിര്‍ത്തി ഞാന്‍ അവരുടെ അടുത്തേക്ക് ഓടും. മുത്തശ്ശന്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കമ്പിളിക്കുള്ളിലെ ചൂട് പോലെ മുത്തശ്ശന്റെ സ്‌നേഹവും എന്നിലേക്ക് പടരും. അപ്പോഴേക്കും, പുഴുങ്ങിയ കിഴങ്ങ് മെല്ലെ ഊതി തണുപ്പിച്ച് അതിന്റെ തൊലി പൊളിച്ച് മുത്തശ്ശി എനിക്ക് നീട്ടും. പിന്നീട്‌ അത് ഊതിയാറ്റി തിന്നുമ്പോള്‍ മുത്തശ്ശിയുടെ സ്‌നേഹത്തിന്റെ ഊഷ്മള സ്‌പര്‍ശവും ഞാന്‍ അനുഭവിച്ചറിയും.

* * * *

പിന്നിലെ കാറിന്റെ നിര്‍ത്താതെയുള്ള ഹോണ്‍ ആണ് വര്‍ത്തമാനത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്! ഓര്‍മ്മകളില്‍ നിന്നുണരുമ്പോള്‍  മുത്തശ്ശന്റെ കമ്പിളി ഒരു സ്‌നേഹ സ്‌പര്‍ശമായി എന്നേ പൊതിഞ്ഞിരിക്കുന്നത് പോലെ !!!

വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ...

യാന്ത്രികതയുടേയും, പ്രായോഗികതയുടേതുമായ പുതിയ കാലത്തിന്റെ മുഖമുദ്രയാണെല്ലൊ ഇ-മെയില്‍ കത്തുകള്‍. തിരക്കിന്റേയും, വേഗത്തിന്റേയുമായ കാലത്ത് ഊഷ്മളമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ കത്തുകള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിരുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലാണ് ഞാന്‍.

ഹൈസ്കൂള്‍ ക്ലാസ്സിന്റെ അവസാന നാളുകളില്‍ കൂട്ടൂകാരിയുടെ വിടര്‍ന്ന മിഴികളില്‍ പ്രേമത്തിന്റെ ആദ്യകിരണങ്ങള്‍ കണ്ടതും, പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച ‘കത്തുകള്‍’ അഛന്റെ കയ്യില്‍ എത്തിയതും, പ്രണയം ഒരു ചൂരല്‍ പ്രയോഗത്തില്‍ പിടഞ്ഞ് ഒടുങ്ങിയതും ചുണ്ടിന്റെ കോണില്‍ ഇപ്പൊഴും പുഞ്ചിരി വിടര്‍ത്തുന്ന ഒരോര്‍മ.

നീണ്ട വരാന്തകളിലെ തൂണുകള്‍ക്ക്‌ പിന്നിലും, ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലും, കാമ്പസ്സിലെ മരച്ചോട്ടിലും കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന കാമ്പസ്സ് പ്രണയത്തിന്റെ നാളുകള്‍. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കാര്യങ്ങള്‍, ഒരുപാട് ഒരുപാട് സ്വപ്നങ്ങള്‍ പങ്ക് വച്ച സ്‌നേഹാക്ഷരങ്ങളുടെ നൂറ് നൂറ് കത്തുകള്‍! കാമ്പസ്സ് പ്രണയങ്ങള്‍ക്ക് ഊഷ്മളമായ ഭാവമുണ്ടായിരുന്ന, സ്വപ്നങ്ങളുടെ നിറക്കൂട്ടുകളുണ്ടായിരുന്ന, കവിതകളുടെ ഈണമുണ്ടായിരുന്ന ഇന്നലെകളുടെ പ്രണയകാലമാണെന്റെ മനസ്സില്‍; പ്രായോഗിക പ്രണയങ്ങളുടെ പുതിയ നാളുകളല്ല!!

പിന്നെ പ്രവാസത്തിന്റെ നാളുകള്‍ക്ക് തുടക്കമായപ്പോള്‍ കാത്തിരിക്കാന്‍ കത്തുകള്‍ മാത്രം ബാക്കി! ചെറിയ ചെറിയ അക്ഷരങ്ങളില്‍ സാന്ത്വനമായി അഛന്റെ, സ്‌നേഹസ്പര്‍ശമായി അമ്മയുടെ, കൊച്ചുവര്‍ത്തമാനങ്ങളുമായി കൂട്ടുകാരെന്റെ ഒക്കെ കത്തുകള്‍. ഗൃഹാതുരത്വം ചുര മാന്തിയ പകലറുതികളില്‍, മടുപ്പിക്കുന്ന ഓഫീസ് ജീവിതത്തിന്റെ വിരസതകളില്‍, ഒറ്റപ്പെടലിന്റെ അസ്വാസ്ഥ്യങ്ങളില്‍ കത്തുകള്‍ കുളിര്‍തെന്നലായി മന‍സ്സിനെ തഴുകി.

ജീവനില്‍ കൂട് കൂട്ടാന്‍ ഒരു പങ്കാളിയുണ്ടായ പിന്നീടുള്ള നാളുകളില്‍ കത്തുകള്‍ക്ക് പുതിയ രൂപവും ഭാവവും ഉണ്ടായി. കാത്തിരിപ്പുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ടായി. മോഹവും, മോഹഭംഗങ്ങളും, സ്വപ്നവും, പ്രതീക്ഷയും ഒക്കെ കനലായെരിച്ചെഴുതിയ കത്തുകള്‍! ജ്വലിച്ചും, തപിച്ചും, കുളിരായി പൊതിഞ്ഞും, ഇക്കിളിപ്പൂക്കളായ് വിരിഞ്ഞും എത്രയൊ കത്തുകള്‍!

വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്.

അതെ, ഓരോ കത്തും ഓരൊ അനുഭവമായിരുന്നു. സ്‌നേഹത്തിന്റെ തലോടലും, കണ്ണുനീരിന്റെ നനവും, പ്രണയത്തിന്റെ മധുരവും പരിഭവവും, ഹൃദയതാളങ്ങളും ഒക്കെ തൊട്ടറിയാന്‍ കഴിഞ്ഞിരുന്ന ജീവനുള്ള കത്തുകള്‍. ഒരു നിധി പോലെ കാത്ത് വക്കാന്‍, പിന്നെ സ്വകാര്യ നിമിഷങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍, ഹൃദയബന്ധങ്ങളുടെ നേരറിയാന്‍ കഴിഞ്ഞിരുന്ന കത്തുകള്‍!

ഇന്ന്, കാലത്തിനൊപ്പം നാമൊക്കെ മാറിയപ്പോള്‍, ഇ-മെയിലുകളുടെ യാന്ത്രികത ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള്‍ അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ? ഹൃദയ ബന്ധങ്ങളെ തൊട്ടറിഞ്ഞിരുന്ന ഒരു നല്ല കാലത്തിന്റെ തുടിപ്പുകളല്ലെ?

ജീവതാളത്തിന്‍ തുടിപ്പൂകളില്ലാത്ത ഇ-മെയില്‍ കത്തുകള്‍
ഇന്നിന്റെ നേരായി തീര്‍ന്നിട്ടും
പിന്നെയും കാക്കുന്നു എനിക്കായൊരു കത്ത്,
ആത്മാവിന്‍ നേരായൊരു കത്ത്!!

ഭയം

ഭയമാണെനിക്കിന്ന്
മഴയെപ്പുകഴ്ത്തുവാന്‍.
കരിമ്പനത്തലപ്പില്‍
മുടിയാട്ടമാടുന്ന കാപാലിക-
യാണെനിക്കിന്ന് കര്‍ക്കിടകം.

ഇടിവെട്ടിലുലയുന്ന
പഴയൊരാ വീടിന്റെയോര്‍മ്മകള്‍
പേമാരിയായെന്റെയുള്ളിലും
പ്രചണ്ഡമായ് പെയ്യുന്നു!
ഉമ്മാറക്കോണിലെ വന്‍‌മരം
തലയറഞ്ഞുലയുമ്പോള്‍
ദൂരെയാണെങ്കിലും
പൊട്ടിച്ചിതറുന്നൊരായിരം
കൊള്ളിയാനിന്നെന്റെയുള്ളിലും.
ചെങ്കല്ലിന്‍ ഭിത്തിയിലൂര്‍ന്നി‌റങ്ങുന്ന
ഹൃദയരക്തം പോലെ
ചുവന്ന നീര്‍ച്ചാലുകള്‍,
ഭയമാണെനിക്കിന്ന്
കര്‍ക്കിടകത്തെക്കുറിച്ചോര്‍ക്കുവാന്‍!

അലറിക്കരഞ്ഞുകൊണ്ടുമ്മറ-
പ്പടിയെ തഴുകിയൊഴുകുന്ന
മലവെള്ളപ്പാച്ചിലിന്‍
നടുക്കുന്ന ഓര്‍മ്മകള്‍.
ആര്‍ത്തിരമ്പുന്നൊരാ
പെരുമഴക്കൊപ്പം ക്രുദ്ധനായ്
മുരളുന്നുവോ മലമുടി?

കാറ്റിലുലയുന്ന തെച്ചിയില്‍
വീണ് പോകാതെ തന്‍ മക്കളെ
ചിറകിലൊളിപ്പിക്കുവാന്‍
പിടയ്ക്കുന്ന പൈങ്കിളി.
പേടിച്ചരണ്ടൊരെന്‍ കുഞ്ഞിനെ
നെഞ്ചോട് ചേര്‍ത്താശ്വസിപ്പിക്കാന്‍
കഴിയാതെ തേങ്ങുന്നൊരെന്‍
സഖിയെയോര്‍ക്കുമ്പോള്‍
ഭയമാണെനിക്കിന്ന്
മഴയെ പുകഴ്ത്തുവാന്‍!

നിഴലായ് മറഞ്ഞൊരു പെണ്‍കുട്ടി

തെല്ലൊരു ആകാംക്ഷയോടെയാണ് അന്നും മെയില്‍ ബോക്സ് തുറന്നത്, ഒപ്പം പ്രതീക്ഷയും; അമ്മുവിന്റെ ഒരു വരിയെങ്കിലും മെസ്സേജായി ഉണ്ടാവാതിരിക്കില്ല. ഇല്ല, പതിവ് കുസൃതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അവള്‍ വാക്ക് പാലിച്ചിരിക്കുന്നു!

വെറുതെ പഴയ ബ്ലോഗുകളിലൂടെ കണ്ണോടിച്ചു. ‘സ്വര്‍ണമത്സ്യം’ എന്ന എന്റെ ബ്ലോഗില്‍ കണ്ണുകളുടക്കിയപ്പോള്‍ ആദ്യമായി അമ്മുവിനെ പരിചയപ്പെട്ടത് മനസ്സിലെത്തി. അന്ന് ആ കവിതക്ക് പലരും എഴുതിയ പതിവ് കമന്റുകള്‍ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് വേറിട്ട ഒരു കമന്റ് ശ്രദ്ധയില്‍ പെട്ടത്.

‘സുഹൃത്തെ, ഞാനും ഒരു സ്വര്‍ണമത്സ്യം തന്നെ ... അലങ്കാര ചില്ലുകൂട്ടില്‍ പ്രദര്‍ശന വസ്തുവായി മാത്രം കഴിയാന്‍ വിധിക്കപ്പെട്ടൊരു സ്വര്‍ണമത്സ്യം”.

കമന്റെഴുതിയ ആളിനെപ്പറ്റി കൂടുതല്‍ അറിയാനുള്ള ശ്രമം പ്രൊഫൈലിലെ വിവരങ്ങളുടെ അഭാവത്തില്‍ വൃഥാ ആയി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്:

‘ഞാന്‍, ‘സ്വര്‍ണമത്സ്യം’ ... ഇടക്കൊക്കെ ഒന്ന് ശല്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാനെടുത്തോട്ടേ?

ഈ തുറന്ന പെരുമാറ്റം മെയില്‍ ചെയ്ത ആളോട് എന്തോ ഒരടുപ്പം തോന്നിച്ചു. മറുപടിയില്‍ എന്റെ ഇ-മെയില്‍ വിലാസം കൊടുക്കുമ്പോള്‍ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്നറിഞ്ഞില്ല.

പിന്നെ ഇ-മെയിലുകളിലൂടെ സൌഹൃദം പങ്ക് വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പരസ്പരം അറിയാന്‍ തുടങ്ങി. ആദ്യമെയിലുകളില്‍ ഒന്നില്‍ അവള്‍ പറഞ്ഞു,

‘നന്ദൂ, ഒരു പേരില്‍ എന്തിരിക്കുന്നു, എങ്കിലും നിനക്ക് വിളിക്കാന്‍ മാത്രം ഞാനൊരു പേരു തരാം, അമ്മു‘.

അങ്ങനെ അവളെനിക്ക് അമ്മുവായി.

ഒരിക്കല്‍ അവളെനിക്ക് എഴുതി;

‘നന്ദൂ, നമ്മള്‍ ഒരിക്കലും നേരിട്ട് കാണില്ല ... ഇങ്ങനെ കാണാമറയത്ത് ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍, മനസ്സുകള്‍ കൊണ്ട് തൊട്ടറിയാനാവുന്ന രണ്ട് കൂട്ടുകാര്‍ ... അങ്ങനെ മതി, അല്ലേടാ?’

പിന്നെ വന്ന ദിവസങ്ങളിലെ മെയിലുകളിലൂടെ ഞങ്ങള്‍ പര‍സ്പരം അറിഞ്ഞു. സംഭവബഹുലമായ ഒരു പ്രേമത്തിന്റെ വിജയകരമായ അന്ത്യത്തില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം മണല്‍നഗരത്തിലെത്തിയതാ‍ണവള്‍. എങ്കിലും അമ്മുവിന്റെ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന നെടുവീര്‍പ്പുകള്‍ ചിലപ്പോഴെങ്കിലും അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.

“നന്ദൂ, ഇപ്പോള്‍ രാത്രി ഏറെയായിരിക്കുന്നു. നാലാം നിലയിലെ എന്റെയീ കിടപ്പുമറിയുടെ ജന്നലരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ആകാശത്തെ തൊട്ട് നോക്കാം. പക്ഷെ എനിക്കീ ആകാശത്തോട് വെറുപ്പാണ്, നര‍ച്ച ഈ മേലാപ്പ് എന്റെ ആകാശത്തിന്റെ വര്‍ണവും, തിളങ്ങുന്ന നക്ഷത്രങ്ങളേയും എനിക്ക് നഷ്ടമാക്കുന്നു. നക്ഷത്രങ്ങളെപ്പോലും നമുക്ക് നിഷേധിക്കുന്ന ഈ നാടിനോട് നിനക്ക് വെറുപ്പ് തോന്നുന്നില്ലേ നന്ദൂ?’

ഓരോ മെയിലിലും അമ്മുവിന്റെ വ്യത്യസ്തമായ മുഖങ്ങള്‍ ഞാന്‍ കണ്ടു. ചിലപ്പോഴൊക്കെ അമര്‍ത്തിയ ചില തേങ്ങലുകള്‍, പൊട്ടിച്ചിരികള്‍, കുസൃതികള്‍ ...

പാട്ടും, കവിതയും ഒക്കെ എഴുതുമായിരുന്ന, ചിരിക്കുകയും ചിരിപ്പിക്കയും ഒക്കെ ചെയ്യുന്ന, കുസൃതി കാട്ടുന്ന വീട്ടുകാരുടെയും കൂട്ടുകാരുടേയും ഒക്കെ ഓമനയായിരുന്നത്രെ അമ്മു.

ഒരു പകലില്‍ അവള്‍ എഴുതി,

‘നന്ദൂ, എന്റെ ജന്നലിനു പുറത്ത് ഇപ്പോള്‍ തകര്‍ത്ത് പെയ്യുന്ന മഴ. ജന്നല്‍ച്ചില്ലുകളില്‍ വീണ് തകരുന്ന ആലിപ്പഴങ്ങള്‍. ഈ മണല്‍ നഗരത്തിലും മഴ! എനിക്കൊന്ന് മഴ നനയാന്‍, ഇരു കൈകളും ഉയര്‍ത്തി ഒന്ന് ഓടിക്കളിക്കാന്‍ കൊതി. പക്ഷെ ഈ നാ‍ലാം നിലയിലെ ഫ്ലാറ്റിന് മുറ്റമില്ലല്ലോടാ!’

പലപ്പോഴും അമ്മുവിന്റെ മെയിലുകള്‍ ഉത്തരം കിട്ടാത്ത സമസ്യകളുടേത് ആയിരുന്നു.

‘നന്ദൂ, ഇപ്പോള്‍ രാവേറെയായിരിക്കുന്നു. എന്റെ ടേബിള്‍ ലാമ്പിന് എന്ത് വെളിച്ചമാണെന്നോ. പക്ഷെ, ഈ വെളിച്ചത്തിലേക്ക് ഓടിയണയാന്‍, പിന്നെ വീണ് പിടഞ്ഞൊടുങ്ങാന്‍ ഇവിടെ ഇയ്യാമ്പാറ്റകള്‍ ഇല്ലല്ലൊ. പക്ഷെ ഇപ്പോള്‍ എന്റെ മാറിലെ നഖപ്പാടുകളില്‍ വേളിച്ചം വീഴുമ്പോള്‍ എനിക്ക് തോന്നുന്നു ഞാനും ഒരു ഇയ്യാം‌പാറ്റ അല്ലേ എന്ന്!’

വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്നു. പ്രിയമുള്ളൊരാള്‍ അടുത്തുണ്ടെന്ന തോന്നല്‍ ഇരുവര്‍ക്കും. കാത്തിരിക്കുവാന്‍ ആത്മസ്പര്‍ശമുള്ള മെയിലുകള്‍.

മറ്റൊരു മെയിലില്‍ അമ്മു ഏറെ വികാരവിക്ഷോഭത്തോടെ മനസ്സ് തുറന്നു:

‘നന്ദൂ, നീ ഇപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു, ഒന്നിനുമല്ല വെറുതെ ഒന്ന് പൊട്ടിക്കരയാന്‍. ഈ രാവില്‍ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഈ പ്രണയം എന്നൊക്കെ പറയുന്നത് വെറുമൊരു കാപട്യമാണെന്ന്. നിനക്കറിയുമോ, അടുത്ത് എന്റെ ഭര്‍ത്താവ് സുഖമായുറങ്ങുന്നു ... എന്റെയീ ശരീരം ഉഴുതു മറിച്ച വികാരപൂര്‍ണതയുടെ ആലസ്യത്തില്‍. ഏത് ഷവറിന് കീഴില്‍ നിന്നാലാണിനി എന്റെ മന‍സ്സിന്റെ പോറലുകള്‍ക്ക് ആശ്വാസമാവുക?’

പിന്നെയുള്ള നാളുകളില്‍ അമ്മുവിനെ ഏറെ അറിഞ്ഞു. സ്വന്തം കഴിവുകള്‍ കൊണ്ട്, നല്ല പെരുമാറ്റം കൊണ്ട് ഏത് സദസ്സിലും പെട്ടെന്ന് തന്നെ ശ്രദ്ധാകേന്ദ്രമാകാന്‍ അമ്മുവിന് കഴിയുമായിരുന്നു. മറ്റുള്ളവര്‍ അമ്മുവിനോട് അടുപ്പം കാട്ടുന്നത് ഏറെ കോംമ്പ്ലക്സുകള്‍ ഉള്ള അവളുടെ ഭര്‍ത്താവിന് ദുസ്സഹമായിരുന്നു. സുഹൃത് സന്ദര്‍ശനങ്ങള്‍ പോലും അയാള്‍ ഒഴിവാക്കി. എഴുത്തും, വായനയും പോലും അയാളുടെ അപ്രീതിക്ക് പാത്രമായി. സുഹൃത്തുക്കള്‍ക്കുള്ള ടെലഫോണ്‍ വിളികള്‍‍ പോലും ചോദ്യച്ചിഹ്നങ്ങളായപ്പോള്‍ അമ്മു അതും നിര്‍ത്തി.

ഏതാനം ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ ഒരു മെയില്‍ വന്നത്.

‘നന്ദൂ, ഇതൊരു യാത്ര പറച്ചിലാണ്. ഞാന്‍ മടങ്ങിപ്പോകുന്നു, എന്റെ മുറ്റത്തേക്ക് ... എന്റെ തുളസിത്തറയിലേക്ക് ... എന്നിലേക്ക്! നിന്നോട് മാത്രം എങ്ങനെ യാത്ര പറയണം എന്നെനിക്കറിയില്ല. കഴിഞ്ഞ കുറെ നാളുകളില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ് നിന്നെക്കുറിച്ചുള്ള, നമ്മുടെ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഈ ഓര്‍മ്മകള്‍. നീ എനിക്കാരായിരുന്നു എന്നെനിക്കറിയില്ല, പക്ഷെ നിന്നെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഒരിക്കല്‍ നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷെ ഒരു വക്കു പോലും മിണ്ടാതെ, ഒരു നോക്ക് കാണാതെ ഇങ്ങനെയൊരു ബന്ധം ... അതിന് വല്ലാത്തൊരു സുഖമുണ്ടല്ലേ? ഒരു പക്ഷെ ഇനിയൊരിക്കലും ഞാന്‍ നിനക്കെഴുതി എന്ന് വരില്ല.

പിന്നെ, ഇപ്പോള്‍ നിന്നോട് പറയാന്‍ എനിക്കൊരു പ്രധാന വിശേഷം കൂടി ഉണ്ട്. എല്ലാ പൊരുത്തക്കേടുകള്‍ക്കും വിട ചൊല്ലി അവസാനം ഞങ്ങള്‍ വേര്‍‌പിരിയാന്‍ തീരുമാനിച്ചു, ഉഭയസമ്മതപ്രകാരമുള്ള ഒരു വിവാഹ മോചനം!’
Related Posts Plugin for WordPress, Blogger...