വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ...

യാന്ത്രികതയുടേയും, പ്രായോഗികതയുടേതുമായ പുതിയ കാലത്തിന്റെ മുഖമുദ്രയാണെല്ലൊ ഇ-മെയില്‍ കത്തുകള്‍. തിരക്കിന്റേയും, വേഗത്തിന്റേയുമായ കാലത്ത് ഊഷ്മളമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ കത്തുകള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിരുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലാണ് ഞാന്‍.

ഹൈസ്കൂള്‍ ക്ലാസ്സിന്റെ അവസാന നാളുകളില്‍ കൂട്ടൂകാരിയുടെ വിടര്‍ന്ന മിഴികളില്‍ പ്രേമത്തിന്റെ ആദ്യകിരണങ്ങള്‍ കണ്ടതും, പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച ‘കത്തുകള്‍’ അഛന്റെ കയ്യില്‍ എത്തിയതും, പ്രണയം ഒരു ചൂരല്‍ പ്രയോഗത്തില്‍ പിടഞ്ഞ് ഒടുങ്ങിയതും ചുണ്ടിന്റെ കോണില്‍ ഇപ്പൊഴും പുഞ്ചിരി വിടര്‍ത്തുന്ന ഒരോര്‍മ.

നീണ്ട വരാന്തകളിലെ തൂണുകള്‍ക്ക്‌ പിന്നിലും, ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലും, കാമ്പസ്സിലെ മരച്ചോട്ടിലും കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന കാമ്പസ്സ് പ്രണയത്തിന്റെ നാളുകള്‍. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കാര്യങ്ങള്‍, ഒരുപാട് ഒരുപാട് സ്വപ്നങ്ങള്‍ പങ്ക് വച്ച സ്‌നേഹാക്ഷരങ്ങളുടെ നൂറ് നൂറ് കത്തുകള്‍! കാമ്പസ്സ് പ്രണയങ്ങള്‍ക്ക് ഊഷ്മളമായ ഭാവമുണ്ടായിരുന്ന, സ്വപ്നങ്ങളുടെ നിറക്കൂട്ടുകളുണ്ടായിരുന്ന, കവിതകളുടെ ഈണമുണ്ടായിരുന്ന ഇന്നലെകളുടെ പ്രണയകാലമാണെന്റെ മനസ്സില്‍; പ്രായോഗിക പ്രണയങ്ങളുടെ പുതിയ നാളുകളല്ല!!

പിന്നെ പ്രവാസത്തിന്റെ നാളുകള്‍ക്ക് തുടക്കമായപ്പോള്‍ കാത്തിരിക്കാന്‍ കത്തുകള്‍ മാത്രം ബാക്കി! ചെറിയ ചെറിയ അക്ഷരങ്ങളില്‍ സാന്ത്വനമായി അഛന്റെ, സ്‌നേഹസ്പര്‍ശമായി അമ്മയുടെ, കൊച്ചുവര്‍ത്തമാനങ്ങളുമായി കൂട്ടുകാരെന്റെ ഒക്കെ കത്തുകള്‍. ഗൃഹാതുരത്വം ചുര മാന്തിയ പകലറുതികളില്‍, മടുപ്പിക്കുന്ന ഓഫീസ് ജീവിതത്തിന്റെ വിരസതകളില്‍, ഒറ്റപ്പെടലിന്റെ അസ്വാസ്ഥ്യങ്ങളില്‍ കത്തുകള്‍ കുളിര്‍തെന്നലായി മന‍സ്സിനെ തഴുകി.

ജീവനില്‍ കൂട് കൂട്ടാന്‍ ഒരു പങ്കാളിയുണ്ടായ പിന്നീടുള്ള നാളുകളില്‍ കത്തുകള്‍ക്ക് പുതിയ രൂപവും ഭാവവും ഉണ്ടായി. കാത്തിരിപ്പുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉണ്ടായി. മോഹവും, മോഹഭംഗങ്ങളും, സ്വപ്നവും, പ്രതീക്ഷയും ഒക്കെ കനലായെരിച്ചെഴുതിയ കത്തുകള്‍! ജ്വലിച്ചും, തപിച്ചും, കുളിരായി പൊതിഞ്ഞും, ഇക്കിളിപ്പൂക്കളായ് വിരിഞ്ഞും എത്രയൊ കത്തുകള്‍!

വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്.

അതെ, ഓരോ കത്തും ഓരൊ അനുഭവമായിരുന്നു. സ്‌നേഹത്തിന്റെ തലോടലും, കണ്ണുനീരിന്റെ നനവും, പ്രണയത്തിന്റെ മധുരവും പരിഭവവും, ഹൃദയതാളങ്ങളും ഒക്കെ തൊട്ടറിയാന്‍ കഴിഞ്ഞിരുന്ന ജീവനുള്ള കത്തുകള്‍. ഒരു നിധി പോലെ കാത്ത് വക്കാന്‍, പിന്നെ സ്വകാര്യ നിമിഷങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍, ഹൃദയബന്ധങ്ങളുടെ നേരറിയാന്‍ കഴിഞ്ഞിരുന്ന കത്തുകള്‍!

ഇന്ന്, കാലത്തിനൊപ്പം നാമൊക്കെ മാറിയപ്പോള്‍, ഇ-മെയിലുകളുടെ യാന്ത്രികത ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള്‍ അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ? ഹൃദയ ബന്ധങ്ങളെ തൊട്ടറിഞ്ഞിരുന്ന ഒരു നല്ല കാലത്തിന്റെ തുടിപ്പുകളല്ലെ?

ജീവതാളത്തിന്‍ തുടിപ്പൂകളില്ലാത്ത ഇ-മെയില്‍ കത്തുകള്‍
ഇന്നിന്റെ നേരായി തീര്‍ന്നിട്ടും
പിന്നെയും കാക്കുന്നു എനിക്കായൊരു കത്ത്,
ആത്മാവിന്‍ നേരായൊരു കത്ത്!!

10 Response to "വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ..."

 1. നന്നായിരിക്കുന്നു
  ‘വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്’
  :)

  വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശം നിറഞ്ഞ കത്തുകളുടെ ഗൃഹാതുരത്വം തുളുമ്പുന്ന പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു.
  ആത്മാവിന്‍ നേരായൊരു കത്ത് കിട്ടട്ടെ എന്ന് ആശസിക്കുന്നു.

  കത്തുകള്‍ എന്നും ഒരു അനുഭൂതി തന്നെയായിരുന്നു.അന്നൊക്കെ ഓരോ കത്തും എത്രനാള്‍ സൂക്ഷിച്ചു വെക്കുമായിരുന്നു,വീണ്ടും വീണ്ടും എടുത്തു വായിക്കാന്‍!.പോസ്റ്റ് മാന്റെ വരവിനായുള്ള ആ കാത്തിരിപ്പ് ,അതൊക്കെ ഓര്‍ക്കുമ്പോള്‍....ഇന്നും ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. 8-ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ ബോമ്പെയിലുള്ള ഒരു സുഹൃത്തിനു ഒരു പേനക്കു വേണ്ടി ഞാനൊരു കത്തയച്ചതും അദ്ദേഹം വന്നപ്പോള്‍ എനിക്കൊരു “വിത്സണ്‍” പേന കൊണ്ടു വന്നതും!.ആ പേന പിന്നീട് കോളേജില്‍ വരെ ഉപയോഗിച്ചു,സ്വന്തമായി ഒരു ഹീറോ പേന വാങ്ങുന്നതു വരെ!

  കത്തുകള്‍ വായിക്കുംബോള്‍ ഉള്ള സുഖം മറ്റൊന്നിനും കിട്ടില്ല...

  ഞാന്‍ എനിക്കു കിട്ട്യ പഴയ കത്തുകള്‍ കുറച്ചൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. ഇപ്പോ ഇടക്ക് അതെക്കെ എടുത്ത് ഒന്നു വായിക്കുംബോള്‍ എന്റെ മനസ് ആ പഴയ കാലത്തേക്ക് ഒക്കെ ഒന്നു പോയി വരും

  അവയില്‍ പലതും പ്രേമ ലേഖനങ്ങള്‍ കൂടി ആകുംബോള്‍ പിന്നെ പറയണ്ടാലോ..ഹി ഹിഹി

  കത്തുകൾ ശരിക്കും ഒരു അനുഭവം തന്നെ ആയിരുന്നു.പണ്ടു കിട്ടിയ എല്ലാ കത്തുകളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.പ്രണയിച്ചു നടന്ന കാലത്തെഴുതിയ കത്തുകൾ ഇന്നു രണ്ടു പേരും കൂടെയിരുന്നു വായിച്ചു ചിരിക്കാറുണ്ട്.ഇന്ന് ഈ മെയിൽ ഒക്കെ ആയപ്പോൾ കത്തുകൾ അയക്കാൻ ആർക്കു സമയം.എന്നാലും കത്തുകൾ ലഭിച്ചിക്കുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.നല്ല പോസ്റ്റ്

  പ്രിയ ഹാഷിം, കുഞ്ഞൂസ്സ്, മുഹമ്മദ്കുട്ടി,ജിത്തു, കാന്താരി:

  വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും ഏറെ നന്ദി.

  ഈ കൊച്ചു കത്ത് വായിക്കാനും
  നല്ല സുഖം ...കുഞ്ഞുസിന്റെ പോസ്റ്റില്‍
  നിന്നും തെന്നി മാറി വന്നതാണ്‌
  അനില്‍ ..ആശംസകള്‍ ...

  എല്ലാ കത്തുകളും സൂക്ഷിക്കാന്‍ ആയിട്ടില്ല. കുടുംബത്തില്‍ കലഹമുണ്ടാക്കാന്‍ പലതിനും കഴിയുമായിരുന്നല്ലോ! പഴയ കത്തുകള്‍ ഒരു പാട് ഓര്‍മകളുടെ ചെപ്പുക ളാണ്. നന്നായിട്ടുണ്ട്

  നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള്‍ അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ?

  തീര്‍ച്ചയായും... പണ്ട് ഉപ്പയ്ക്ക് കത്തെഴുതുംബോള്‍ പേജിന്റെ ഒരു ചെറിയ ഭാഗം എനിക്കും മാറ്റിവച്ചിട്ടുണ്ടാകും ഉമ്മ. വിശേഷങ്ങളൊക്കെ എഴുതി മറുപടിക്കായി കാത്തിരിക്കും. കത്ത് കിട്ടി 'എന്റെ പ്രിയപ്പെട്ട മോന്' എന്ന് വായിക്കുംബോള്‍ കിട്ടുന്ന ആ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വളരെ നന്നായി പറഞ്ഞു അനിലേട്ടാ...

  Latha says:

  Ormakallae orupaadu dooram pinnilottukondu poyyi ee post........

  Nandi

Post a Comment

Related Posts Plugin for WordPress, Blogger...