ഓര്മ്മകളുടെ ജാലകം – പുസ്തക പരിചയം
Labels: പുസ്തക പരിചയം
.(2012 ആഗസ്റ്റ്17,ചിങ്ങം 1നു
പത്തനംതിട്ടയിലെ പുസ്തകശാലയില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍
ശ്രീമതി.ധനലക്ഷ്മി പി.വി നടത്തിയ പുസ്തക പരിചയം.)
വിശാലമായ മണല്‍പ്പരപ്പില്‍ കിടക്കുന്ന ഒരു
ചിപ്പി. കാറ്റ് എവിടെനിന്നെങ്കിലും
കൊണ്ടിട്ടതോ ,തിരകള്‍ തട്ടിത്തട്ടി എറിഞ്ഞിട്ടതോ ആവാം. അനേകം പാദങ്ങള്‍ അതിനു മീതെ
നടന്നു പോയിട്ടുണ്ടാവാം.പക്ഷെ അതെടുത്ത് അല്‍പനേരം കാതോര്‍ത്താല്‍ ആ കുഞ്ഞു
ചിപ്പിക്കുള്ളില്‍ ഒരു കടലിരമ്പം നമുക്ക് കേള്‍ക്കാന്‍ കഴിയും. ശ്രീ അനില്‍കുമാര്‍
സി.പി തന്‍റെ ഹൃദയത്തിലെ ഓര്‍മ്മകളുടെ കടലിരമ്പങ്ങള്‍ കേള്‍ക്കുകയും കാല്പനികതയുടെ
ജാലകത്തിലൂടെ വയാനക്കാരന്‍റെ മനസ്സിലേക്ക് അത് പകരുകയും ചെയ്യുന്നു. ഓര്‍മ്മകളുടെ
ജാലകം എന്ന തന്‍റെ പുസ്തകത്തിലെ 18 കഥകള്‍ വായനക്കാരനെ ചിന്തിപ്പിക്കുകയും
ആത്മസംഘര്ഷങ്ങളിലേക്ക് തള്ളിവിടുകയും കരയിപ്പിക്കുകയും വേദനിപ്പിക്കുകയും മധുരിപ്പിക്കുകയും
ചെയ്യുന്നു. അതിശയിപ്പിക്കുന്ന കൈയ്യടക്കവും അതിമനോഹരമായ പ്രയോഗങ്ങളും ബിംബങ്ങളും
അദ്ദേഹത്തിന്‍റെ കഥകളില്‍ കാണാന്‍ കഴിയും. പ്രണയത്തിന്‍റെയും ഗൃഹാതുരതയുടെയും
ചിറകുകളില്‍ കഥാകാരന്‍റെ തൂലിക മാറിമാറി സഞ്ചരിക്കുമ്പോഴും സമൂഹത്തിന്‍റെ
ഭയവിഹ്വലതകളിലും കെട്ടകാലത്തിന്‍റെ നെറികേടുകളിലേക്കും ചെന്നെത്തുന്നുമുണ്ട്.
എത്രതന്നെ തയ്യാറെടുപ്പുകള്‍
നടത്തി അതിസൂക്ഷ്മമായി മുന്നോട്ട് നീങ്ങിയാലും ഒരു നിമിഷംകൊണ്ട് അതുവരെ കണ്ട സ്വപ്‌നങ്ങള്‍
ഒക്കെയും കടലാഴങ്ങളിലെക്ക് മറഞ്ഞു പോകുമെന്നു ‘വൈഖരി’ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അഗാധമായി
സ്നേഹിക്കുന്നവര്‍ ഹൃദയത്തിന്‍റെ ഭാഷ കേള്‍ക്കുക തന്നെ വേണമെന്ന് പറയുന്ന വൈഖരി,
മൂന്നാമത്തെ നദി,ചുവരുകളുടെ ചുംബനങ്ങള്‍ എന്ന കഥകള്‍ അതി തീവ്രമായ പ്രണയത്തിന്‍റെ
ഉപ്പും മോഹങ്ങളുടെ വിയര്‍പ്പും പുരണ്ടാതാണ്.ജീവിതത്തിന്‍റെ തിക്താനുഭവങ്ങളുടെ
ചുഴിയില്പെട്ടു ഒരാള്‍ സ്വയം നഷട്പ്പെടുന്നതും തന്‍റെ പ്രിയപ്പെട്ടവര്‍ പോലും ആ
അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ നിരന്തരം കുറ്റപ്പെടുത്തുമ്പോള്‍ അയാള്‍ എങ്ങനെ
നിശബ്ദനായി പോകുമെന്നതും ‘നിലാവ് പരത്തിയൊരു മിന്നമിനുങ്ങി’ല്‍ വായിച്ചെടുക്കാം.ചിത്രകാരനാവാന്‍
ആഗ്രഹിച്ചവന്‍ ശവമുറിയിലെ പെട്ടികള്‍ വൃത്തിയാക്കേണ്ടിവരുമ്പോള്‍ ഭയത്തിന്‍റെയും
അവഗണനയുടെയും ജീവിതത്തിന്‍റെ നിസ്സഹായതയുടെയും,ചതിയുടെയും ഉള്താപങ്ങളില്‍ വീണു
ജീവിതവും മരണവും സ്വയം തെരഞ്ഞെടുക്കാന്‍ ആവാത്തവന്റെ ശൂന്യതയില്‍ തളര്‍ന്നു
വീഴുന്നതു വായനക്കാരന്‍റെ ഹൃദയത്തിലെക്കു കൂടിയാണ്.
വ്യത്യസ്തയുള്ള പെണ്ണിന് ഉന്മാദം
കല്പിച്ചുകൊടുക്കുകയും ഈ ഭൂമിയില്‍ ജീവിക്കാന്‍ കൊള്ളത്തവളായി ആത്മഹത്യയിലേക്ക്
തള്ളിവിടുകയും ചെയ്യുന്ന പുരഷാധിപത്യ സമൂഹത്തിന്‍റെ നിര്‍ലജ്ജതയില്‍ ‘ചുവരുകളുടെ
ചുംബനത്തിലെ’ കഥാപാത്രം മാളവികയ്കൊപ്പം വായനക്കാരന്‍റെ
മനസ്സും ക്ഷോഭിക്കുന്നു.പുരുഷനും സ്ത്രീക്കുമിടയിലുള്ള സൗഹൃദം ശരീരങ്ങളില്‍ എപ്പോഴും
അവസാനിക്കുന്നു എന്നുള്ള സമൂഹത്തിന്‍റെ ഉറച്ച വിശ്വാസം തിരുത്തി എഴുതപ്പെടുന്നു ‘മേഘമായ്
മധുമാത്യുസ്’ എന്ന കഥയില്‍. ഇതൊരു അനുഭവ സാക്ഷ്യമായാലും അല്ലെങ്കിലും ചില
തിരുത്തലുകള്‍ക്ക് സമൂഹം തയ്യാറാകെണ്ടതുണ്ട് എന്നുള്ള ഓര്‍മ്മപെടുത്തല്‍ കൂടിയാണ്
ഈ കഥ. ആസക്തികളില്‍ നഷ്ടപെടുന്ന ബന്ധങ്ങളുടെ ‘പാപസന്കീര്ത്തനവും’ ടഫ്ലോണ്‍
കോട്ടിങ്ങുള്ള ഹൃദയമുള്ളവരുടെ ഹൃദയമില്ലായ്മയും (അമ്മ ,ഊന്നുവടികള്‍ )നമ്മെ ആത്മസംഘര്‍ഷങ്ങളിലാക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി
സ്വന്തം ജീവിതം മണല്നഗരങ്ങളില്‍ എരിച്ചുകളയുന്ന പ്രവാസികളുടെ അതിതീവ്രമായ
അനുഭവങ്ങള്‍ ‘എരിഞ്ഞോടുങ്ങാത്ത ചിത’,ആഘോഷമില്ലാത്തവര്‍ എന്നീ കഥകളില്‍ ചിതറികിടപ്പുണ്ട്.വേദനിപ്പിക്കുന്ന
അനുഭവങ്ങളിലും കരുണയുടെയും നന്മയുടെയും വഴികളില്‍ സഞ്ചരിക്കുന്നതിനു പ്രേരിപ്പിക്കുന്നതാണ്
കണ്ണുകള്‍, ആഘോഷമില്ലാത്തവര്‍ എന്ന കൊച്ചു കഥകള്‍.കൊഴിഞ്ഞുപോയൊരു കൊന്നപൂ ,ഗുല്‍മോഹര്‍
പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി ..ഈ കഥകളില്‍ സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പവും അത്
നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും അനുഭവിക്കാന്‍ സാധിക്കുന്നു.ലോകത്തിന്‍റെ ഏതു
അതിരിലേക്ക് പോയാലും ഒരു പ്രവാസിയുടെ ഒട്ടും വ്യത്യസ്തയില്ലാത്ത ജീവിതത്തെ
മുന്നോട്ടു കൊണ്ടുപോകുന്നത് ഗൃഹാതുരതയുടെ ഓര്‍മ്മകളാണ്.അവന്‍റെ അവധിക്കാലങ്ങള്‍ ഈ
ഓര്‍മകളുടെ ആഘോഷമാണ്. ഓര്‍മ്മകളുടെ ജാലകം എന്നകഥയില്‍ കഥാകാരന്‍തന്നെ
കഥാപാത്രമാകുമ്പോള്‍ അദ്ദേഹത്തിനൊപ്പം വായനക്കാരനും നാട്ടുവഴിയിലും വായനശാലയിലും കോളേജ്
ക്യംപസ്സിലും ഒക്കെ കൂടെപ്പോകാന്‍ സാധിക്കുന്നത് എഴുത്തിന്‍റെ മികവ്കൊണ്ടാണ്.
ആര്‍ദ്രഹൃദയത്തിന്‍റെ നൈര്‍മല്യം നിറഞ്ഞ ലളിതമായ
ഭാഷ കഥകള്ക്കൊപ്പം വായനക്കാരനെ കൈപിടിച്ചു നടത്തുന്നുണ്ട്.എങ്കിലും പഴകി തേഞ്ഞ
ശൈലി അവടവിടെയായി കാണപ്പെടുന്നതും ചില ബിംബങ്ങളുടെ
ആവര്‍ത്തനവും കഥാപാത്രങ്ങളുടെ ഓര്‍മകളില്‍ കൂടി മിക്ക കഥകളും വികസിച്ചു വരുന്നതും
കഥാകാരന്‍റെ പരിമിതികള്‍ ആണ്. പുതുകാല കഥാശൈലി പൂര്‍ണ്ണമായും സ്വീകരിക്കുന്നതിനു കഴിഞ്ഞിട്ടില്ല.ബൌദ്ധികതലത്തിന്‍റെ
അങ്ങേ തലയ്ക്കല്‍ നിന്ന് നോക്കുന്നവര്‍ക്ക് ഇനിയും പല കുറവുകളും കണ്ടെത്താന്‍
കഴിഞ്ഞെക്കാം.എഴുതി തുടങ്ങുന്നവന്‍റെ ഹൃദയത്തില്‍ ചോരച്ചാലുകള്‍ കീറിയിടുന്ന അത്തരം
വിമര്‍ശനങ്ങള്‍ കൂടുതല്‍ മികച്ച കഥകള്‍ എഴുതാനുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍
കഴിയണം.
മികച്ച
പ്രസാധകരായ ഫേബിയന്‍ ബുക്ക്സ് ഓര്‍മ്മകളുടെ ജാലകം പ്രസാധനം ചെയ്യുകയും ദൈവത്തിന്‍റെ
കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും
കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ ശ്രീ .പെരുമ്പടവം ശ്രീധരന്‍,പുകസയുടെ
ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ ശ്രീ.വി.എന്‍.മുരളി,ചൂഷണത്തിനെതിരെ
പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്
ജ്വലിക്കുന്ന പ്രിയ സഖാവും നോവലിസ്റ്റുമായ ശ്രീ .സൈമണ്‍ ബ്രിട്ടോ
എന്നിവരുടെ സാന്നിധ്യത്തില്‍ , ഒരു സംസ്കൃതിയുടെ ചടുലതാളങ്ങള്‍ മണ്‍മറയാതെ കൊണ്ട്
നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള ,നന്മയുടെയും സമൃദ്ധിയുടെയും
പുതുവര്‍ഷദിനമായ ചിങ്ങം 1നു പ്രകാശനം ചെയ്യുന്നതും ഒരു തുടക്കക്കാരനായ ശ്രീ.അനില്‍കുമാറിന്
ലഭിച്ച കാലത്തിന്‍റെ ആനുകൂല്യങ്ങളാണ്, അനുഗ്രഹങ്ങള്‍ ആണ്. ഋതുക്കളുടെ കലണ്ടര്‍
മറിച്ചു നോക്കി മഴ എവിടെപ്പോയി എന്ന് ആശങ്കപെട്ടിരുന്ന ഭൂമിയെ നനയിച്ചു കൊണ്ട് പുസ്തകപ്രകാശന
നേരം പെയ്തിറങ്ങുന്ന ഈ മഴ അദ്ദേഹത്തിന് പ്രകൃതിനല്‍കുന്ന അനുഗ്രഹാശിസ്സുകള്‍
കൂടിയാണെന്നെനിക്കു തോന്നുന്നു.
പുസ്തക പരിചയം നടത്തേണ്ടിയിരുന്ന പ്രൊഫസര്‍ സുജ
സൂസന്‍ ജോര്‍ജ്ജിന് എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി
ഒരു പകരക്കാരിയായി എന്‍റെ പ്രിയ സുഹൃത്ത് അനില്‍കുമാറിന്‍റെ ഓര്‍മ്മകളുടെ ജാലകം പരിചയപ്പെടുത്താന്‍
അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. വായനയുടെ ഓര്‍മ്മയില്‍ നിന്നുള്ള
പരിചയപ്പെടുത്തല്‍ മാത്രമാണിത്.പ്രവാസലോകത്ത് അറിയപ്പെടുന്ന ഈ കഥാകൃത്തിനു ഇതിനകം
പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .ഇ-എഴുത്തിലും അദ്ദേഹത്തിന്‍റെ വൈഖരി എന്ന
ബ്ലോഗ് പ്രശസ്തമാണ് .സ്വയംനവീകരിച്ച്, കാലത്തിന്‍റെ മാറ്റത്തിനൊപ്പം ഭാഷയും കഥാവിഷയങ്ങളും പുതുക്കി
കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന കഥകളുടെ എഴുത്തുകാരനാവാന്‍ ശ്രീ.അനില്‍കുമാറിന് കഴിയട്ടെ
എന്നാശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു