നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് കടവാതിലുകളെപ്പോലെ തലകീഴായി കിടന്നു. ആകാശത്തേക്ക്‌  ഉയര്‍ത്തിയ ഉണങ്ങിച്ചുളുങ്ങിയ കൈവിരലുകളെ തഴുകാന്‍ മടിച്ച്  വഴിതെറ്റിയെത്തിയ കാറ്റ്‌. കശാപ്പ്  കാത്ത് കിടക്കുന്ന വയസ്സന്‍ മരങ്ങളുടെ മടുപ്പിക്കുന്ന ഉഛ്വാസഗന്ധം!

എത്ര നേരമായി ഞാനീ സിറ്റൌട്ടില്‍ ഇരിക്കുന്നു!

എവിടൊക്കെയോ പാതിരാക്കിളികള്‍ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. റബ്ബര്‍ മരങ്ങളുടെ ചില്ലകളിലെവിടെയോ പതുങ്ങിയിരുന്ന്‍ ചിലക്കുന്ന ചീവീടുകള്‍ കൂട്ടായി  കളിയാക്കുന്നത് പോലെ!

വെറുതെയോര്‍ത്തു, കിടപ്പുമുറിയില്‍ തണുപ്പരിച്ചെത്താന്‍ തുടങ്ങിയ ഈ ദിവസങ്ങളിലാണല്ലോ രാവുകള്‍ക്ക് നീളം കൂടാനും തുടങ്ങിയത്‌! തൊട്ടരികില്‍ കേള്‍ക്കുന്ന അമര്‍ത്തിയ വിതുമ്പലുകള്‍ കേട്ടില്ല എന്ന്‍ നടിക്കാന്‍ ശ്രമിച്ചു. ഉറക്കം വരാത്ത രാവുകളില്‍ തൊട്ടരികില്‍ വീണുടയുന്ന
നിശ്വാസങ്ങള്‍ കാണാതിരുന്നതും മനപ്പൂര്‍വ്വം തന്നെയായിരുന്നു.

ഉള്ളിലെരിയുന്ന കനലുകള്‍ ഊതിത്തെളിച്ച് തലക്ക് മുകളില്‍ ഫാനിന്‍റെ മൂളൽ‍. ഫാനിന്‍റെ  കറക്കം ചിന്തകളിലും ചുഴികളും മലരികളുമായി.

ഒരു നിശ്വാസത്തിന്‍റെ  അകലത്ത് നിന്നും എപ്പോഴെങ്കിലും തെറിച്ച് വീണേക്കാവുന്ന  ഒരു ചോദ്യം വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് സിറ്റൌട്ടില്‍ വന്നിരുന്നത്.

 പകലെപ്പോഴോ കാലംതെറ്റി പെയ്ത മഴ അന്തരീക്ഷത്തില്‍ ആവിയായി നിറഞ്ഞുനിന്നു.

എന്താണ് തനിക്കു പറ്റിയത് ... എവിടെയാണ്  തനിക്കു തന്നെ നഷ്ടമായത് ..?

കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടില്ലെന്ന് നടിക്കുന്ന ആ കണ്ണുകളിലെ ചോദ്യവും ഇതുതന്നെയല്ലേ?

കഴിഞ്ഞ കുറേ മാസങ്ങൾ ... നാലു ചുവരുകളുടെ സ്വകാര്യതയിൽ, ഒറ്റമുറിയുടെ നിശ്ശബ്ദതയിൽ, സ്വയം തീർത്ത ചിപ്പിക്കുള്ളിൽ മുത്താവാനാവാതെ ഒരു മണൽത്തരി ഹൃദയത്തിന്‍റെ  തീരാത്ത വേദനയായി  മാറി നോവിച്ചുകൊണ്ടിരുന്ന ദിവസങ്ങൾ ...

സൌഹൃദങ്ങൾ സൌകര്യപൂർവ്വം നിർവ്വചിക്കാനാവുന്ന പാഴ് വാക്കുകളെന്നറിഞ്ഞത് ആ
ദിവസങ്ങളിലായിരുന്നു. പുഞ്ചിരി അർത്ഥശൂന്യമായ മുഖപേശികളുടെ വക്രീകരണം മാത്രമാണെന്ന തിരിച്ചറിവും പുതിയതു തന്നെയായിരുന്നു.

അലസ നിമിഷങ്ങളിലെപ്പോഴോ കണ്ണാടിയിൽ ചെന്നുവീണ നോട്ടം ചെന്നു നിന്നത് തനിക്ക്
അപരിചിതമായ ഒരു രൂപത്തിലായിരുന്നു. കുഴിഞ്ഞുതാണ കണ്ണുകളിൽ തകർന്നുപോയ സ്വപ്നങ്ങൾ ചത്തുകിടന്നു.

മേശപ്പുറത്ത്  മുഴങ്ങാൻ മറന്നുപോയ ഫോൺ ... കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങളിൽ വിറ കോണ്ടിരുന്ന മൊബൈൽ ഫോൺ എത്ര പെട്ടെന്നാണ് വിസ്മൃതിയിലായത്! ക്ഷേമാന്വേഷണങ്ങൾക്ക് എന്നും സമയം കണ്ടെത്തിയിരുന്നവർക്ക്, ഫോൺ ചെയ്യാൻ ഒരല്പം വൈകിയാൽ പരിഭവം പറഞ്ഞിരുന്നവർക്ക്  എത്ര പെട്ടെന്നാണ് ഫോൺ അറ്റെൻഡ് ചെയ്യാൻ പോലും സമയമില്ലാത്തത്ര തിരക്കായത്!

ഒറ്റമുറിയിലെ ഇരുട്ട് എപ്പൊഴാണ് മനസ്സിലേക്ക് പടർന്ന്  കയറിയത്?

അപ്രതീക്ഷിതമായി ജോലി നഷ്ടമായപ്പോഴും മനസ്സിൽ പ്രത്യാശയുടെ തെളിച്ചമായിരുന്നു. വർഷങ്ങളുടെ തൊഴിൽ പരിചയവും, ആവിശ്യത്തിലധികമുള്ള യോഗ്യതകളും ആഡംബരങ്ങൾ  മാത്രമായപ്പോഴും തുരങ്കത്തിനപ്പുറം തനിക്കായി ഒരിറ്റു വെളിച്ചം ഇനിയും ബാക്കിയുണ്ടാകുമെല്ലോ എന്നാശ്വസിച്ചു.

നിരാസങ്ങളേക്കാളേറെ അവഗണനകളുടെ നോവ് ...

പിന്നെ, തെളിച്ചം കുറഞ്ഞു തുടങ്ങിയ പകലുകൾ അമാവാസി രാവുകൾ മാത്രമായി മാറിയത് എത്ര പെട്ടെന്നായിരുന്നു!

ഒടുവിൽ പാഴായി പോയ വർഷങ്ങളുടെ ഭാരവും, മറക്കാൻ മാത്രം ഇഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ മാറാപ്പുമായി മടങ്ങിയെത്തുമ്പോൾ മനസ്സു ശൂന്യമായിരുന്നു.

അടർന്നുവീഴുന്ന കണ്ണുനീർത്തുള്ളികളിൽ ഒരുപാട്‌ ചൊദ്യങ്ങൾ നീ ഒളിച്ചുവെക്കുമെന്ന് അറിയാമായിരുന്നു; അവക്കൊന്നും എനിക്ക്  ഉത്തരമുണ്ടാകില്ലെന്നും!

കിടപ്പുമറിയിൽ ശൈത്യം കൂടു കൂട്ടിയപ്പോൾ, വാക്കുകൾ ആവിശ്യത്തിനു മാത്രമായി മാറിയപ്പോൾ അടക്കിയ തേങ്ങലുകളിൽ, നീ അനുഭവിച്ച അവഗണനയുടെ നോവ് ഞാൻ അറിയുന്നുണ്ടായിരുന്നു.

നിന്‍റെ  സ്നേഹത്തിന്‍റെ  വെളിച്ചത്തിൽ നിഴലായൊതുങ്ങാനാണ് ഞാൻ കൊതിച്ചതെങ്കിലും, നിന്നെ നോവിക്കാതിരിക്കാനാണ്, നിന്‍റെ  സ്വപ്നങ്ങളിൽ ഇനിയും നിഴൽ വീഴ്ത്താതിരിക്കാനാണ് എന്‍റെ  വാക്കുകളിൽ പിശുക്ക് കാട്ടിയതെന്ന്... മരവിച്ചു തുടങ്ങിയ ഒരു മനസ്സിന്‍റെ  വിങ്ങലുകളാണ്
എനിക്ക് എന്നെ  നഷ്ടമാക്കുന്നതെന്ന് എങ്ങനെയാണ് നിന്നെ ഞാൻ പറഞ്ഞ് മനസ്സിലാക്കുക?

എവിടയാണ് ഞാൻ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും   എനിക്കൊന്നു കണ്ണടച്ചുറങ്ങാൻ ഒരു ആൽത്തറ വേണം... ഒരു ഉറക്കുപാട്ടായി ആലിലകൾ താളം പിടിക്കുമ്പോൾ നിഴൽ വീഴാത്ത സ്വപ്നങ്ങൾ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ കണക്ക് നോക്കി കരയാന്‍  വയ്യ. നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ .സ്വപ്നങ്ങള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെ
നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

റബ്ബർ മരങ്ങളെ ഉലച്ചെത്തിയ വരണ്ട കാറ്റ്. കുറ്റാക്കുറ്റിരുട്ടിൽ ഒരു മിന്നാമിനുങ്ങ് എന്‍റെ നേർക്ക് പറന്നുവന്നു. ആകാശത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞൊരു നഷത്രം പോലെ അത് കണ്ണ് ചിമ്മാൻ തുടങ്ങി. അതിന്‍റെ ഇത്തിരി വെട്ടം മനസ്സിനുള്ളിലേക്ക് സ്നേഹത്തിന്‍റെ  ഒരു പ്രകാശധാരയായി
ഒഴുകിയിറങ്ങി.

പിന്നെ  ഒരു സാന്ത്വന നിലാവായി അതെന്നെ പൊതിഞ്ഞു ... എന്‍റെ  ജീവിതത്തിൽ വൈകി ഉദിച്ചൊരു പിൻ‌നിലാവ്...
Related Posts Plugin for WordPress, Blogger...