പാപസങ്കീര്‍ത്തനം


(ശ്രീ. എം. കെ. ഹരികുമാറിന്റെ 'സാഹിത്യ സമീക്ഷയില്‍ ' പ്രസിദ്ധീകരിച്ചത്‌)

ജനലഴികളില്‍ പിടിച്ച് ഗോപന്‍ ദൂരേക്ക്‌ നോക്കി നിന്നു. വെയില്‍നാമ്പുകള്‍ നക്കിത്തുടക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലെ മൺപാത ശൂന്യമായിരിക്കുന്നു ... ഇനി അതുവഴി ആരും വരാനില്ല!


ഒരു മുരള്‍ച്ചയോടെ കറങ്ങുന്ന ഫാനിന്റെ ചൂടുകാറ്റ്‌ അസഹ്യമായപ്പോള്‍ അയാള്‍ പുറത്തേക്ക് ഇറങ്ങി. 


ലവ്ബേര്‍ഡ്ര്‍സിന്റെ കൂട്ടില്‍ പോടുന്നെ ശബ്ദം നിലച്ചു. അടുത്തെത്തിയപ്പോഴേക്കും ചിതറിപ്പറന്ന കിളികള്‍ കൂടിന്റെ ഭിത്തിയില്‍ തട്ടി താഴെ വീണു. അവക്ക്‌ തീറ്റ കൊടുത്ത പഴം ഉറുമ്പരിക്കുന്നു. 

മുറ്റത്തെ ചെടികളൊക്കെ വെള്ളം കിട്ടാതെ വാടി നില്‍ക്കുന്നു.

തൊടിയിലെ വാഴക്കയ്യിലിരുന്നു തന്നെ ഉറ്റുനോക്കുന്ന അണ്ണാറക്കണ്ണന്റെ കണ്ണുകള്‍ കത്തുന്നതുപോലെ ... പ്രകൃതി പോലും തന്നോട് പക വീട്ടാന്‍ ഒരുങ്ങിനില്‍ക്കുന്നു!

കാലില്‍ ചാരി നിന്ന് മെല്ലെ കുറുകിയ കുറിഞ്ഞിപ്പൂച്ചയെ കയ്യിലെടുത്തു... ദിവ്യമോളുടെ പ്രിയപ്പെട്ട പൂച്ച. 

വല്ലാത്ത പുകച്ചില്‍ ... അകവും പുറവും നീറുന്നു... അയാള്‍ അകത്തേക്ക് തന്നെ നടന്നു. 

വാടിയ പൂപ്പാത്രത്തിനരികെയുള്ള തങ്ങളുടെ കുടുംബ ചിത്രത്തില്‍ കണ്ണുടക്കി. തന്റെയും ദേവിയുടെയും തോളിലൂടെ കയ്യിട്ട് കണ്ണുകളില്‍ കുസൃതിയുമായി ദിവ്യമോള്‍ . 

അയാള്‍ വീണ്ടും നോക്കി ... 

ദിവ്യയുടെ കണ്ണില്‍ അടര്‍ന്നു വിഴാന്‍ തുടങ്ങുന്ന ഒരു തുള്ളി കണ്ണീര്‍ ! 

ദേവിയുടെ കണ്ണുകളില്‍ നിന്ന്‍ തന്റെ നേര്‍ക്ക്‌ നീളുന്ന തീ ജ്വാലകള്‍ ... അറിയാതെ അയാള്‍ ഇരു കൈകളും കൊണ്ടു കണ്ണുകള്‍ പൊത്തി ! 

വീടിനുള്ളിലെ ഏകാന്തത ഭയപ്പെടുത്താന്‍ തുടങ്ങി. ഇരുള്‍ വീണ മൂലകളില്‍ ആരൊക്കെയോ പതുങ്ങി നില്‍ക്കുന്നത് പോലെ. 

മുകളിലേക്കുള്ള പടികള്‍ക്കരികില്‍ ദിവ്യമോളുടെ മുറി തുറന്നു കിടക്കുന്നു. 

കട്ടിലില്‍ അലമാരയില്‍ നിന്ന് വലിച്ചു വാരിയിട്ട  തുണികള്‍ .... 

ചുവരിനോട് ചേര്‍ന്ന്‍ മേശപ്പുറത്ത് അടുക്കിവെച്ച പുസ്തകങ്ങളും നോട്ടുബുക്കുകളും. 

കട്ടിലിനടുത്തുള്ള സൈഡ് ടേബിളില്‍ തന്റെ നെഞ്ചിലിരുന്നു പല്ലില്ലാമോണകാട്ടി ചിരിക്കുന്ന മോളുടെ ഫോട്ടോ; അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം! 

മുറിയിലേക്ക്‌ കാലെടുത്തു കുത്താന്‍ തുടങ്ങിയ അയാള്‍ പൊടുന്നനെ നിന്നു ... ആരോ പിന്നില്‍ നിന്നു വലിച്ചതുപോലെ! 

മുകള്‍നിലയിലെ സിറ്റൌട്ടില്‍  ചൂരല്‍ കസേരയില്‍ അയാള്‍ ഇരുന്നു. തൊട്ടടുത്ത്‌ ടീപോയില്‍ പകുതിയൊഴിഞ്ഞ വിസ്കിക്കുപ്പിയും ഗ്ലാസ്സും. കുപ്പി  എടുത്ത് ഗ്ലാസ്സിലേക്ക് പകരാനോരുങ്ങുമ്പോള്‍ ഓര്‍ത്തു, 'ഇല്ല ... വേണ്ടാ... ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം..!' 

കയ്യിലിരുന്ന കുപ്പി ആരോടോ പക തീര്‍ക്കാനെന്നതുപോലെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു. 

കസേരയിലേക്ക്‌ ചാരിക്കിടന്ന അയാളുടെ മനസ്സില്‍ ഓര്‍മ്മകള്‍ തീക്കാറ്റായി. 

തങ്ങളുടെ കൊച്ചു കുടുംബം. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും എന്നും സന്തോഷത്തിന്റെ ദിനങ്ങള്‍ . 

എല്ലാ സ്നേഹവും ഒരാള്‍ക്ക് തന്നെ കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ഒരു കുട്ടി മതി എന്ന് തീരുമാനിച്ചു. ഭാര്യ എന്നതിനേക്കാളുപരി ഒരു നല്ല കൂട്ടുകാരിയായി എന്നും ദേവി. മോളുടെ കളിയിലും ചിരിയിലും ഒക്കെ ലോകം തന്നെ മറന്ന ദിവസങ്ങള്‍ . പലപ്പോഴും ദേവി കളിയാക്കി, 

'ഇങ്ങനെ ഒരു അച്ഛനും മകളും ... കൊഞ്ചിച്ച് വഷളാക്കണ്ട കേട്ടോ ...' 

മകള്‍ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയതോടെയാണ് ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്‌. ദേവി പലപ്പോഴും ഓര്‍മ്മിപ്പിച്ചു, 

'മോള്‍ കൊച്ചു കുട്ടിയൊന്നുമല്ല ... ഇനി നോക്കിയിരിക്കുമ്പോള്‍ അവള്‍ അങ്ങ് വളരും ...' 

'എന്റെ മോളുടെ കാര്യമൊന്നും ഓര്‍ത്തു നീ വിഷമിക്കണ്ട' 

അങ്ങനെ പറഞ്ഞെങ്കിലും അത് അയാളുടെ മനസ്സിലും ഒരു ചോദ്യചിഹ്നമായി. സുന്ദരിയായ മകള്‍ , പ്രായത്തിലും കവിഞ്ഞ വളര്‍ച്ച ... പഠിത്തത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥ. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം ... പിന്നെ വാടകവീടിന്റെ ഭാരം ഒഴിവാക്കണം. 

ഗള്‍ഫിലേക്ക് യാത്രയാകുമ്പോള്‍ മോളെ പിരിയുന്ന വിഷമമായിരുന്നു. നിറയുന്ന മിഴികള്‍ തന്നില്‍ നിന്നു മറക്കാന്‍ പാടുപെട്ട് ദേവി ആശ്വസിപ്പിച്ചു, 

'നമ്മുടെ മോള്‍ക്ക്‌ വേണ്ടിയല്ലേ?' 

പിന്നെ ഓരോ വര്‍ഷവും അവധിക്കാലത്തിനായി താനും, ദേവിയും, മോളും കാത്തിരുന്നു. സന്തോഷത്തിന്റെ ദിവസങ്ങള്‍ ... ആഗ്രഹങ്ങളൊക്കെ ഒന്നൊന്നായി സാധിച്ചു കൊണ്ടിരുന്നു. 

അവധിക്കാലം എപ്പോഴും ഒരു ഉത്സവമായി. കിടപ്പറയില്‍ താനും ദേവിയും എന്നും പുതുമകള്‍ തേടുന്ന കൌമാര മനസ്സ് സൂക്ഷിച്ചു. ഓരോ അവധിക്കാലത്തും ദേവിക്കും മകള്‍ക്കുമായി വാങ്ങുന്ന സമ്മാനങ്ങള്‍ക്കൊപ്പം ദേവിക്ക്‌ മാത്രമായി ഒരു സ്പെഷ്യല്‍ സമ്മാനപ്പൊതിയുണ്ടാകുമായിരുന്നു; ബൂട്ടീക്കുകളില്‍ നിന്ന് വാങ്ങുന്ന മനോഹരമായ അടിവസ്ത്രങ്ങള്‍ ! എബ്രോയ്ഡറിയും, ഫ്രില്ലുകളുമൊക്കെയുള്ള അത്തരം അടിവസ്ത്രങ്ങളില്‍ ദേവിയെ കാണുന്നത് എന്നും തനിക്കൊരു ലഹരിയായിരുന്നു. 

പ്ലസ്‌ ടു കഴിഞ്ഞതോടെ ദിവ്യയ്ക്ക് പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. അതോടെ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി. സ്വസ്ഥമായ കുടുംബജീവിതത്തിന്റെ നല്ല നാളുകള്‍ . 

മോള്‍ പോയിക്കഴിഞ്ഞാല്‍ തൊടിയിലേക്കിറങ്ങും. അവിടെ സമൃദ്ധമായി വളരുന്ന പച്ചക്കറികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ വീട്ടുജോലികളൊക്കെ തീര്‍ത്ത്‌ ദേവിയും കൂട്ടിനെത്തും. ചിരിയും കളിയുമായി സമയം പോകുന്നതറിയില്ല. 

ഉച്ചഭക്ഷണത്തിനു മുമ്പ് പതിവായുള്ള ഒരു പെഗ് വിസ്ക്കിക്ക് വേണ്ടി കുപ്പിയെടുത്ത് വെക്കുമ്പോള്‍ മാത്രം ദേവിയുടെ മുഖം കറുക്കും... 

'വേണ്ടാത്ത ദുശ്ശീലങ്ങളൊക്കെ പഠിച്ചു വെച്ചോളൂ ...' 

മുഖം വെട്ടിച്ച് അവള്‍ നടന്നുപോകുമ്പോള്‍ ചിരിയാണ് വരിക. 

ഒരു ഞായറാഴ്ച... ദേവി വനിതാ സോസൈറ്റിയുടെ എന്തോ മീറ്റിങ്ങിനു പോയിരിക്കുന്നു. മോള്‍ താഴെ അവളുടെ മുറിയിലാണെന്നു തോന്നുന്നു. അന്ന്‍ പതിവില്‍ കൂടുതല്‍ മദ്യപിച്ചു. അടുത്ത ഗ്ലാസ്സ് നിറക്കാന്‍ തുടങ്ങുമ്പോഴാണ് ഐസ് വാട്ടര്‍ തീര്‍ന്നല്ലോ എന്നോര്‍ത്തത്. താഴേക്ക് നോക്കി നീട്ടി വിളിച്ചു, 

'മോളെ ... മോളേ ...' 

'ഈ കൊച്ചിതെവിടെ പോയി' ... അയാള്‍ താഴേക്ക്‌ ചെന്നു. 

ഫ്രിഡ്ജില്‍ നിന്ന് ഐസ് വാട്ടറും എടുത്ത്‌ മടങ്ങുമ്പോള്‍ ശ്രദ്ധിച്ചു, മോളേ അവിടെയെങ്ങും കാണാനില്ല. അവളുടെ മുറിയുടെ കതക്‌ ചാരിയിട്ടേ ഉള്ളു. 

വാതിലിനടുത്തെത്തി വിളിച്ചു നോക്കിയിട്ടും മറുപടി കാണാതെ വന്നപ്പോള്‍ അയാള്‍ കതക്‌ തള്ളിത്തുറന്ന് ഉള്ളിലേക്ക് നോക്കി. ബാത്ത്റുമില്‍ നിന്ന്‍ ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ട്. തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോഴാണ് കതകു തുറക്കുന്ന ശബ്ദം കേട്ടത്. 

തിരിഞ്ഞുനോക്കിയ അയാള്‍ സ്ഥബ്ധനായിപ്പോയി... തലയില്‍ ടവ്വല്‍ ചുറ്റി, അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ദിവ്യ... വെളുത്ത ശരീരത്തില്‍ കറുത്ത, ഫ്രില്ലു വെച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു നില്‍ക്കുന്ന മോള്‍ ദേവിയുടെ മറ്റോരു പതിപ്പ് പോലെ തോന്നി. ഒരു നിമിഷം കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. 

പെട്ടെന്നു പരിസരബോധം വന്നപ്പോള്‍ അയാള്‍ ഞെട്ടി, 'ഛെ ... എന്താണു തനിക്കു പറ്റിയത്! മോൾ കാണാഞ്ഞത് നന്നായി‘. തല കുമ്പിട്ട് അയാള്‍ മുകളിലേക്ക് പോയി. 

ഗ്ലാസ്സിനുള്ളില്‍ പതഞ്ഞുയരുന്ന വിസ്കി. വിസ്കിക്കുള്ളില്‍ തുള്ളിക്കളിക്കുന്ന ഐസ് ക്യുബിനു രൂപം മാറുന്നത് പോലെ! ഐസ് ക്യുബിനിപ്പോള്‍ അല്പവസ്ത്രധാരിണിയായി, വന്യമായി അരക്കെട്ടിളക്കി നൃത്തം ചെയ്യുന്ന ബെല്ലിഡാന്‍സറുടെ രൂപം ... അയാള്‍ നോക്കിയിരിക്കുമ്പോള്‍ പിന്നെയും അതിനു  രൂപം മാറുന്നു ... വെളുത്ത തുടുത്ത ശരീരത്തില്‍ കറുത്ത അടിയുടുപ്പുകളുമായി ദേവി ... അല്ല ... അയാള്‍ തല കുടഞ്ഞു ... ദിവ്യമോള്‍ !!! 

തല പെരുക്കുന്നു എന്ന് തോന്നിയപ്പോള്‍ ഗ്ളാസ്സിലെ മദ്യം അയാള്‍ ഒറ്റ വലിക്ക്‌ അകത്താക്കി. തൊണ്ടയിലൂടെ അത് എരിഞ്ഞിറങ്ങി. 

എന്തൊക്കെയാണ് താനീ ഓര്‍ക്കുന്നത് ... തന്റെ പൊന്നുമോള്‍ ... അയാള്‍ ഓര്‍മ്മകളെ  കുടഞ്ഞെറിയാന്‍ ശ്രമിച്ചു! 

മനസ്സ്‌ പുകയാന്‍ തുടങ്ങിയപ്പോള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് അയാള്‍ ദൂരേക്ക് നോക്കി നിന്നു. 

'പപ്പാ...' മോള്‍ ഓടിവന്നു പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. 

അവള്‍ എപ്പോഴും അങ്ങനെയാണ്. പതിനെട്ട്  വയസ്സായെങ്കിലും തന്‍റെ അടുത്ത്‌ എപ്പോഴും കൊച്ചു കുട്ടിയായിരുന്നു.

'ഈ പെണ്ണിന് വളര്‍ന്നു എന്നൊരു വിചാരവുമില്ല' 

ദേവി മോളെ വഴക്ക് പറയുമ്പോഴൊക്കെ താന്‍ പറയും ... 

'അവള്‍ എനിക്ക് എന്നും കുഞ്ഞല്ലേ ദേവീ?' 

അയാളെ ചുറ്റിപ്പിടിച്ച് ദിവ്യമോള്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല! 

ദിവ്യയുടെ മാംസളത പുറത്തമര്‍ന്നതോടെ അയാള്‍ ആകെ അസ്വസ്ഥനാകാന്‍ തുടങ്ങി. 

മോള്‍ എന്തോ ചോദിച്ചതിനു യാന്ത്രികമായി മൂളി. സന്തോഷത്തോടെ കവിളിലൊരുമ്മ നല്‍കി അവള്‍ പടികളിറങ്ങിപ്പോയി. സിരകളില്‍ ലഹരി നിറക്കുന്ന നേര്‍ത്ത സുഗന്ധവും, കുളികഴിഞ്ഞ ശരീരത്തിന്റെ നേര്‍ത്ത തണുപ്പും ... 

തലച്ചോറില്‍ കടന്നലുകള്‍ മൂളുന്നു. അയാള്‍ കണ്ണുകൾ ഇറുക്കിയടച്ചു. 

അടുത്ത കാലത്ത്‌ ഏതോ ഇംഗ്ലിഷ് ചാനലില്‍ കണ്ട 'സ്റ്റീവ് വില്‍ക്കോസ് ഷോ' അയ്യാളുടെ മനസ്സിലെത്തി. ആ ടോക് ഷോയില്‍ പരസ്പരം ശാരീരിക ബന്ധം പുലര്‍ത്തുകയും അത് ശരിയാണെന്ന് ന്യായീകരിക്കുകയും ചെയ്യുന്ന ഒരു അഛനെയും മകളെയും  കാണിച്ചത്‌ അയ്യാള്‍ ഓര്‍ത്തു. 

മനസ്സില്‍ എവിടെയോ ഒരു കഴുകന്റെ ചിറകടികള്‍ ... മറ്റൊരു കോണില്‍ അമര്‍ത്തിയ ഒരു നിലവിളി ... 

കുപ്പിയില്‍ അവശേഷിച്ച മദ്യം അങ്ങനെ തന്നെ വായിലേക്ക് കമഴ്ത്തി. 

അയാളുടെ മനസ്സില്‍ ചെകുത്താന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, നിലത്തുറക്കാത്ത കാലുകളുമായി താഴേക്കുള്ള പടികള്‍ ഇറങ്ങി. 

ദിവ്യമോളുടെ മുറിവാതില്‍ക്കല്‍  അയാള്‍ ഒരു നിമിഷം നിന്നു... അവള്‍ എന്തോ വായിച്ച് കൊണ്ട് കട്ടിലില്‍ കിടക്കുന്നു. മിഡിക്ക് പുറത്തേക്ക് കാണുന്ന വെളുത്ത കൊഴുത്ത കണങ്കാല്‍ ... 

ഒരു ചെന്നായ്‌ അയ്യാളുടെ ഉള്ളില്‍ ഓരിയിട്ടു ... 

അടുത്തേക്ക്‌ വരുന്ന പപ്പായുടെ കണ്ണുകള്‍ കണ്ടു ദിവ്യ ഞെട്ടി ... 

'പപ്പാ ...’   പേടിച്ചരണ്ട ഒരു നിലവിളി പുറത്തുവരും മുമ്പു തന്നെ അയ്യാൾ അവളുടെ മുകളിലേക്ക് ചാടിവീണു! കുതറി മാറാൻ ശ്രമിക്കുന്ന ദിവ്യയെ ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു അലര്‍ച്ച കേട്ടത്, 

'ദ്രോഹീ ...' 

തീനാളങ്ങള്‍ പോലെ കത്തുന്ന കണ്ണുകളുമായി തന്റെ നേര്‍ക്ക് പാഞ്ഞു വരുന്ന ദേവിയെ ഒരു നോക്ക് കണ്ടതേയുള്ളൂ... 

ബോധം വീഴുമ്പോള്‍ ചുറ്റിനും ഇരുട്ട്. തലയുടെ പിന്‍ഭാഗത്ത്‌ നല്ല വേദന. പരിസരബോധം വീണ്ടുകിട്ടാന്‍ ഏതാനം നിമിഷങ്ങളെടുത്തു. താന്‍ മോളുടെ കിടക്കയിലാണിപ്പോഴും. എന്താണ് സംഭവിച്ചത്‌ എന്നോര്‍ത്തപ്പോള്‍ അയാളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി! തപ്പിത്തടഞ്ഞ് ലൈറ്റിട്ടു, അലമാരിയിലെ തുണികളൊക്കെ വലിച്ചു വാരിയിട്ടിരിക്കുന്നു. 

മേശപ്പുറത്ത്‌ രണ്ടായി മടക്കിയ ഒരു പേപ്പര്‍ . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അയാള്‍ അത് നിവര്‍ത്തി. 

'ഞങ്ങള്‍ പോകുന്നു. എനിക്ക് ഇനി ഇങ്ങനെ ഒരു ഭര്‍ത്താവില്ല, മോള്‍ക്ക്‌ ഇങ്ങനെ  ഒരഛനും' 

രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു അവര്‍ പോയിട്ട് ... 

പുറത്ത്‌ വെയില്‍ ഉരുകുന്നു. ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതം പുകയുന്നു. 

ഏതു അഗ്നിയില്‍ എരിഞ്ഞാലാണ് തനിക്കൊന്നാശ്വസിക്കാനാകുക ... ഏതു ഉമിത്തീയില്‍ നീറിയാലാണ് തനിക്ക്‌ ശിക്ഷയാവുക ... ഏതു ഗംഗയില്‍ മുങ്ങിയാലാണ് തന്റെ പാപങ്ങള്‍ക്ക്‌ മോക്ഷം ലഭിക്കുക ...

അയ്യാളുടെ മുഖം ഒരു നിമിഷം ശാന്തമായി. ഇടത് കയ്യിലെ പിടയുന്ന  ഞരമ്പുകള്‍ അയ്യാളെ ക്ഷണിച്ചു,  മേശവലിപ്പ് തുറന്ന്‍ ബ്ലേഡ്‌ കയ്യിലെടുത്തു... ഇല്ല ... താന്‍ മരിക്കാന്‍ പാടില്ല ... ഒരു നിമിഷം കൊണ്ടു കിട്ടുന്ന മരണം തനിക്കുള്ള ശിക്ഷയല്ല ...അശാന്തമായ കാത്തിരിപ്പ് , മരണത്തിനു വേണ്ടി ... അതാണ് തനിക്ക് വിധിച്ചിട്ടുള്ളത്. തന്റെ പൊന്നുമോളെ തനിക്കെങ്ങനെ...പാപഭാരം താങ്ങാനാവാതെ തലച്ചോര്‍ പൊട്ടിച്ചിതറുന്നതുപോലെ.  അസ്ഥികള്‍ക്കുള്ളില്‍ അരിച്ചെത്തുന്ന വിശപ്പിന്റെയും  ദാഹത്തിന്റെയും ഭ്രാന്തമായ വേദനയില്‍ പിടഞ്ഞു  പിടഞ്ഞു  ഈ ഒറ്റമുറിയില്‍ ഒടുങ്ങണം ഈ ജന്മം. പുഴുക്കള്‍ പോലും തൊടാന്‍ മടിച്ച്  നിന്നേക്കാവുന്ന ഈ ശരീരത്തെ ഇനി എന്റെ പൊന്നുമോള്‍ കാണരുത്.

അയാള്‍ അകത്ത്‌ നിന്ന്‍ മുറി പൂട്ടി താക്കോല്‍ ജനല്‍ തുറന്ന്‍ വലിച്ചെറിഞ്ഞു ... മോളുടെ കുഞ്ഞിക്കാലടികള്‍ ഓടിനടന്ന മുറ്റത്തെ മണല്‍ത്തരികളില്‍ ഒന്ന് കൂടി നോക്കി ... പിന്നെ പതുക്കെ ജനാലയുടെ കതകുകള്‍ അടച്ചു കൊളുത്തിട്ടു. തന്റെ ദേവിയെ ഒരിക്കല്‍ കൂടി മനസ്സില്‍ കണ്ടു. പിന്നെ തണുത്ത സിമന്റു തറയില്‍ അയാള്‍ കിടന്നു പതിയെ കണ്ണുകള്‍ അടച്ചു... എന്നോ വന്നെത്തുന്ന മരണത്തിനുവേണ്ടി അശാന്തമായി കാത്തുകിടന്നു.


(Pic courtsey: Google)
Related Posts Plugin for WordPress, Blogger...