ഒരു സായംകാല ചിന്ത!
ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഒരു സുഹൃത്ത് അയച്ച മെയിലാണിത്, ‘ഒരുപക്ഷെ ഒരു കഥ എഴുതാനുള്ള സ്‌കോപ്പ് ഇതിനുണ്ടാവും’ എന്നൊരു അടിക്കുറിപ്പോടെ! വായിച്ച് കഴിഞ്ഞപ്പോള്‍ ആ ചിന്തകള്‍ കൂട്ടുകാരുമായി പങ്കുവെച്ചാലോ എന്നെനിക്ക് തോന്നി, ഒപ്പം എന്റെ കഴിഞ്ഞ പോസ്റ്റ് ‘അമ്മ’ക്ക് ഒരനുബന്ധവുമാകും ഇതെന്നും!
‘ബ്ലോഗുകളിലേയും, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേയും’ തിളക്കുന്ന യൌവ്വനങ്ങളുടെ ആവേശവും, മറ്റ് പലരും നെയ്ത് കൂട്ടുന്ന സ്വപ്നങ്ങളും, പിന്നെ പരിപക്വമായ മറ്റനേകം കുറിപ്പുകളും ഒക്കെ കാണുമ്പോള്‍ എന്റെയീ ചിന്തകളും പങ്കുവെച്ചാലോ എന്നൊരു തോന്നല്‍.
ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഞാന്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഒറ്റയാനാകുമോ എന്നറിയില്ല. ക്ഷുഭിതയൌവ്വനങ്ങളുടെ തീഷ്ണ വികാരങ്ങള്‍ക്കും, നിറമുള്ള സ്വപ്നങ്ങള്‍ക്കും ഇടയില്‍ ജീവിതത്തില്‍ സന്ധ്യയുടെ പോക്കുവെയില്‍ പരക്കാന്‍ തുടങ്ങിയ ഒരാളെന്ന നിലയില്‍ എന്റെയീ ചിന്തകള്‍ അപ്രസക്തവും അരോചകവും ആകുമോ എന്ന ഭയവും എനിക്കുണ്ട്. പിന്നെ, എല്ലാ ‘ഇന്നു’കള്‍ക്കും ഒരു ‘നാളെ’ ഇല്ലാതെ പറ്റില്ലല്ലോ !
ദിവസത്തിന് ആവശ്യത്തിലേറെ നീളമുള്ള ഇന്നിന്റെ പകലുകളും, രാവുകളും പലപ്പോഴും മനസ്സിനെ ഏറെ പിന്നിലേക്ക് കൊണ്ടുപോകുന്നു.
രാജകീയ പ്രൌഡിയുടെ കുട്ടിക്കാലം, കളിച്ചും ചിരിച്ചും ഓടിക്കയറിയ ബാല്യത്തിന്റേയും കൌമാരത്തിന്റേയും പടവുകള്‍. കണ്ണുകളില്‍ തിളക്കവും, സിരകളില്‍ എരിയുന്ന അഗ്നിയും, മനസ്സില്‍ സ്‌നേഹത്തിന്റേയും, പ്രേമത്തിന്റേയും, കാമത്തിന്റേയും ജ്വാലയുമായി യൌവ്വനം. പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ പടവെട്ടലുകള്‍. ജിവിതത്തിന് പുതിയ അര്‍ത്ഥതലങ്ങളുമായി ജീവിതം പങ്കു വക്കാനെത്തിയ പങ്കാളി. ഒത്തിരി സന്തോഷങ്ങള്‍ക്കും കുറെ കണ്ണീരുകള്‍ക്കുമിടയില്‍ സ്‌നേഹ സാക്ഷാത്ക്കാരമായി വിരുന്നു വന്ന കുഞ്ഞുങ്ങള്‍. പല്ലില്ലാമോണ കാട്ടിയുള്ള ചിരി കണ്ട്, കയ്യോ കാലോ വളരുന്നോ എന്ന് നോക്കിയിരുന്ന് അവര്‍ വളര്‍ന്നതും കാലം കടന്ന് പോയതും അറിഞ്ഞില്ല. അവര്‍ വളരുന്നതോടൊപ്പം ഞങ്ങള്‍ തളരുകയായിരുന്നു എന്നതും, കാലം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍കാതെ കടന്നു പോയി എന്നതും അറിഞ്ഞില്ല!
അതിനിടയില്‍ കൊക്കുരുമ്മി കഥകള്‍ പറഞ്ഞ്, ചിറകിനുള്ളിലെ ചൂട് പകര്‍ന്ന് എന്നും സാന്ത്വനമായി കൂടെ ഉണ്ടായിരുന്ന പങ്കാളി ഓര്‍ത്തിരിക്കാത്ത നിമിഷത്തില്‍ യാത്രയായപ്പോള്‍ പിടിച്ച് നില്‍കാന്‍ ശക്തി തന്നത് പറക്ക മുറ്റാത്ത കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മയായിരുന്നു.
നെഞ്ചിലെ ചൂടേറ്റുറങ്ങിയ കുഞ്ഞുങ്ങള്‍ എത്ര വേഗമാണ് വളര്‍ന്നത്! ഇര തേടാന്‍ പ്രാപ്തരായപ്പോള്‍, സ്വന്തം കൂട് തേടി, കൂട്ട് തേടി ഒരോരുത്തരായി അവര്‍ ദൂരേക്ക് ദൂരേക്ക് പറന്ന് പോയി. പിന്നെ കൂട് തേടിയുള്ള അവരുടെ വരവുകള്‍ക്ക് അകലം കൂടി വന്നപ്പോള്‍ അത് മനസ്സിന്റെ വിങ്ങല്‍ ആയി മാറി! കാറ്റിലുലയുന്ന കൂട്ടില്‍ തനിച്ചായപ്പോഴാണ് ഏകാന്തതയുടെ ക്രൂരത വേട്ടയാടാന്‍ തുടങ്ങിയത്. അവസാന യാത്രയില്‍ കൈ പിടിച്ച് കൂടെ നടക്കാന്‍ ഒരു കൂട്ടില്ലാത്തതിന്റെ നൊമ്പരം, ആരവങ്ങള്‍ക്കിടയിലെ, ആള്‍ക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിന്റെ നൊമ്പരം!
അതിനിടയില്‍ സ്വന്തം കൂട് തേടിയ കുരുവിക്കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇനി മടങ്ങാനാവാത്ത ലോകത്തേക്ക് പറന്ന് പോയി എന്ന അറിവ് ഉണ്ടാക്കിയ മരവിപ്പ്!!
ഇനി എത്ര ദൂരം നടന്ന് തീര്‍ക്കണം; അറിയില്ല... കൂട്ടിന് എന്റെ നിഴല്‍പ്പാട് മാത്രം!!!

