ഒരു സായംകാല ചിന്ത!

ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഒരു സുഹൃത്ത് അയച്ച മെയിലാണിത്, ‘ഒരുപക്ഷെ ഒരു കഥ എഴുതാനുള്ള സ്‌കോപ്പ് ഇതിനുണ്ടാവും’ എന്നൊരു അടിക്കുറിപ്പോടെ! വായിച്ച് കഴിഞ്ഞപ്പോള്‍ ആ ചിന്തകള്‍ കൂട്ടുകാരുമായി പങ്കുവെച്ചാലോ എന്നെനിക്ക് തോന്നി, ഒപ്പം എന്റെ കഴിഞ്ഞ പോസ്റ്റ് ‘അമ്മ’ക്ക് ഒരനുബന്ധവുമാകും ഇതെന്നും!

‘ബ്ലോഗുകളിലേയും, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേയും’ തിളക്കുന്ന യൌവ്വനങ്ങളുടെ ആവേശവും, മറ്റ് പലരും നെയ്ത് കൂട്ടുന്ന സ്വപ്നങ്ങളും, പിന്നെ പരിപക്വമായ മറ്റനേകം കുറിപ്പുകളും ഒക്കെ കാണുമ്പോള്‍ എന്റെയീ ചിന്തകളും പങ്കുവെച്ചാലോ എന്നൊരു തോന്നല്‍.

ജീവിതത്തിന്റെ സായംകാലത്തിലെത്തി നില്‍ക്കുന്ന ഞാന്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഒറ്റയാനാകുമോ എന്നറിയില്ല. ക്ഷുഭിതയൌവ്വനങ്ങളുടെ തീഷ്ണ വികാരങ്ങള്‍ക്കും, നിറമുള്ള സ്വപ്നങ്ങള്‍ക്കും ഇടയില്‍ ജീവിതത്തില്‍ സന്ധ്യയുടെ പോക്കുവെയില്‍ പരക്കാന്‍ തുടങ്ങിയ ഒരാളെന്ന നിലയില്‍ എന്റെയീ ചിന്തകള്‍ അപ്രസക്തവും അരോചകവും ആകുമോ എന്ന ഭയവും എനിക്കുണ്ട്. പിന്നെ, എല്ലാ ‘ഇന്നു’കള്‍ക്കും ഒരു ‘നാളെ’ ഇല്ലാതെ പറ്റില്ലല്ലോ !

ദിവസത്തിന് ആവശ്യത്തിലേറെ നീളമുള്ള ഇന്നിന്റെ പകലുകളും, രാവുകളും പലപ്പോഴും മനസ്സിനെ ഏറെ പിന്നിലേക്ക് കൊണ്ടുപോകുന്നു.

രാജകീയ പ്രൌഡിയുടെ കുട്ടിക്കാലം, കളിച്ചും ചിരിച്ചും ഓടിക്കയറിയ ബാല്യത്തിന്റേയും കൌമാരത്തിന്റേയും പടവുകള്‍. കണ്ണുകളില്‍ തിളക്കവും, സിരകളില്‍ എരിയുന്ന അഗ്നിയും, മനസ്സില്‍ സ്‌നേഹത്തിന്റേയും, പ്രേമത്തിന്റേയും, കാമത്തിന്റേയും ജ്വാലയുമായി യൌവ്വനം. പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ പടവെട്ടലുകള്‍. ജിവിതത്തിന് പുതിയ അര്‍ത്ഥതല‍ങ്ങളുമായി ജീവിതം പങ്കു വക്കാനെത്തിയ പങ്കാളി. ഒത്തിരി സന്തോഷങ്ങള്‍ക്കും കുറെ കണ്ണീരുകള്‍ക്കുമിടയില്‍ സ്‌നേഹ സാക്ഷാത്ക്കാരമായി വിരുന്നു വന്ന കുഞ്ഞുങ്ങള്‍. പല്ലില്ലാമോണ കാട്ടിയുള്ള ചിരി കണ്ട്, കയ്യോ കാലോ വളരുന്നോ എന്ന് നോക്കിയിരുന്ന് അവര്‍ വളര്‍ന്നതും കാലം കടന്ന് പോയതും അറിഞ്ഞില്ല. അവര്‍ വളരുന്നതോടൊപ്പം ഞങ്ങള്‍ തളരുകയായിരുന്നു എന്നതും, കാലം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍കാതെ കടന്നു പോയി എന്നതും അറിഞ്ഞില്ല!

അതിനിടയില്‍ കൊക്കുരുമ്മി കഥകള്‍ പറഞ്ഞ്, ചിറകിനുള്ളിലെ ചൂട് പകര്‍ന്ന് എന്നും സാന്ത്വനമായി കൂടെ ഉണ്ടായിരുന്ന പങ്കാളി ഓര്‍ത്തിരിക്കാത്ത നിമിഷത്തില്‍ യാത്രയായപ്പോള്‍ പിടിച്ച് നില്‍കാന്‍ ശക്തി തന്നത് പറക്ക മുറ്റാത്ത കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മയായിരുന്നു.

നെഞ്ചിലെ ചൂടേറ്റുറങ്ങിയ കുഞ്ഞുങ്ങള്‍ എത്ര വേഗമാണ് വളര്‍ന്നത്! ഇര തേടാന്‍ പ്രാപ്തരായപ്പോള്‍, സ്വന്തം കൂട് തേടി, കൂട്ട് തേടി ഒരോരുത്തരായി അവര്‍ ദൂരേക്ക് ദൂരേക്ക് പറന്ന് പോയി. പിന്നെ കൂട് തേടിയുള്ള അവരുടെ വരവുകള്‍ക്ക് അകലം കൂടി വന്നപ്പോള്‍ അത് മനസ്സിന്റെ വിങ്ങല്‍ ആയി മാറി! കാറ്റിലുലയുന്ന കൂട്ടില്‍ തനിച്ചായപ്പോഴാണ് ഏകാന്തതയുടെ ക്രൂരത വേട്ടയാടാന്‍ തുടങ്ങിയത്. അവസാന യാത്രയില്‍ കൈ പിടിച്ച് കൂടെ നടക്കാന്‍ ഒരു കൂട്ടില്ലാത്തതിന്റെ നൊമ്പരം, ആരവങ്ങള്‍ക്കിടയിലെ, ആള്‍ക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിന്റെ നൊമ്പരം!

അതിനിടയില്‍ സ്വന്തം കൂട് തേടിയ കുരുവിക്കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇനി മടങ്ങാനാവാത്ത ലോകത്തേക്ക് പറന്ന് പോയി എന്ന അറിവ് ഉണ്ടാക്കിയ മരവിപ്പ്!!

ഇനി എത്ര ദൂരം നടന്ന് തീര്‍ക്കണം; അറിയില്ല... കൂട്ടിന് എന്റെ നിഴല്‍പ്പാട് മാത്രം!!! 

39 Response to "ഒരു സായംകാല ചിന്ത!"

 1. ഒരു സായംകാലം എല്ലാവര്ക്കും ഉണ്ട് , എന്നാല്‍ ഉച്ചയ്ക്ക് തന്നെ തിരികെ പോകേണ്ടി വരുമ്പോള്‍ , ഒരു കൂട്ട് പോലും ഇല്ലാതെയാവുന്ന്താണ് ദുഖകരം ..
  പങ്കുവെച്ചതില്‍ നന്ദി മാഷേ ...

  ഒട്ടപെടല്‍ ഒരു വല്ലാത്ത അവസ്ഥ തന്നെ
  ജീവിക്കാന്‍ പിന്നെ ഒരു രസവുമുണ്ടാവില്ലാ

  ഏകാന്തത ജീവിതം ജയില്‍വാസത്തിനു തുല്യം.

  വളരെ നന്നായി ചേട്ടാ. നല്ല ഭാഷ.

  ചന്ദനം പൂശിയ സായന്തനങ്ങള്‍ നമുക്കവര്‍ക്ക് സമ്മാനിക്കാന്‍ കഴിയണം..

  sayahnangalute true copy aanee katha. ennu nee nale njaan...

  നെഞ്ചിലെ ചൂടേറ്റുറങ്ങിയ കുഞ്ഞുങ്ങള്‍ എത്ര വേഗമാണ് വളര്‍ന്നത്! ഇര തേടാന്‍ പ്രാപ്തരായപ്പോള്‍, സ്വന്തം കൂട് തേടി, കൂട്ട് തേടി ഒരോരുത്തരായി അവര്‍ ദൂരേക്ക് ദൂരേക്ക് പറന്ന് പോയി. പിന്നെ കൂട് തേടിയുള്ള അവരുടെ വരവുകള്‍ക്ക് അകലം കൂടി
  nammale ororuththareyum
  kaththirikkunnu ii varikal.
  be prepared

  ഹംസ says:

  ഇനി എത്ര ദൂരം നടന്ന് തീര്‍ക്കണം; അറിയില്ല... കൂട്ടിന് എന്റെ നിഴല്‍പ്പാട് മാത്രം!!!

  Junaiths says:

  ഒരു സായംകാലം എല്ലാര്‍ക്കും മുന്നിലുണ്ട് എന്നൊരു ഓര്‍മപ്പെടുത്തല്‍...നന്നായി..

  അമ്മമാർക്കുമാത്രമല്ല ..അച്ഛന്മാർക്കും വിരഹവും,ദു:ഖവും ഉണ്ട്...!

  രാജകീയ പ്രൌഡിയുടെ കുട്ടിക്കാലം, കളിച്ചും ചിരിച്ചും ഓടിക്കയറിയ ബാല്യത്തിന്റേയും കൌമാരത്തിന്റേയും പടവുകള്‍....
  കണ്ണുകളില്‍ തിളക്കവും, സിരകളില്‍ എരിയുന്ന അഗ്നിയും, മനസ്സില്‍ സ്‌നേഹത്തിന്റേയും, പ്രേമത്തിന്റേയും, കാമത്തിന്റേയും ജ്വാലയുമായി യൌവ്വനം.....
  പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ പടവെട്ടലുകള്‍. ജിവിതത്തിന് പുതിയ അര്‍ത്ഥതല‍ങ്ങളുമായി ജീവിതം പങ്കു വക്കാനെത്തിയ പങ്കാളി......
  ഒത്തിരി സന്തോഷങ്ങള്‍ക്കും കുറെ കണ്ണീരുകള്‍ക്കുമിടയില്‍ സ്‌നേഹ സാക്ഷാത്ക്കാരമായി വിരുന്നു വന്ന കുഞ്ഞുങ്ങള്‍. പല്ലില്ലാമോണ കാട്ടിയുള്ള ചിരി കണ്ട്, കയ്യോ കാലോ വളരുന്നോ എന്ന് നോക്കിയിരുന്ന് അവര്‍ വളര്‍ന്നതും കാലം കടന്ന് പോയതും അറിഞ്ഞില്ല....

  അവര്‍ വളരുന്നതോടൊപ്പം ഞങ്ങള്‍ തളരുകയായിരുന്നു എന്നതും, കാലം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍കാതെ കടന്നു പോയി എന്നതും അറിഞ്ഞില്ല....

  ഒരാളുടെ ആയുർചരിത്രം മുഴുവനായി പകർത്തിയ കുറച്ച് വരികളാണിവ..കേട്ടൊ അനിൽ,വളരെ നന്നായി ഈ ചിന്ത.

  ഇദ്ദേഹത്തെ ബൂലൊഗത്തേക്കാനയിക്കൂ...

  nalla post
  best wishes-
  ee vishayathodu bandhamulla vishayam-oru real incident- postaaki

  അക്ഷരം,
  ഹാഷിം,
  ജിഷാദ്,
  ആളവന്‍‌‌താന്‍,
  മേയ്ഫ്ലവര്‍,
  ഭാനു,
  കുസുമംജി,
  ജുനൈദ്,
  ഹംസ,
  ബിലാത്തിപ്പട്ടണം,
  ദി മാന്‍,

  നമുക്കായും കാത്തിരിക്കുന്ന ഒരു ‘സായംകാലത്തിന്റെ’ ഓര്‍മ്മപ്പെടുത്തലാകാന്‍ ഇതിനു കഴിഞ്ഞുവല്ലോ, സന്തോഷം.

  ബിലാത്തിപ്പട്ടണം: “ആ ആള്‍’ അങ്ങനെതന്നെ കഴിഞ്ഞോട്ടെ:).

  "എന്നും സാന്ത്വനമായി കൂടെ ഉണ്ടായിരുന്ന പങ്കാളി ഓര്‍ത്തിരിക്കാത്ത നിമിഷത്തില്‍ യാത്രയായപ്പോള്‍......."

  എന്തു ചെയ്യണം എന്നറിയാത്ത അമ്പരപ്പിലാണ് ഞാനും.

  ഒരുപാട് നാളുകള്‍ക്കു ശേഷം ബൂലോഗത്തു വന്നു ആദ്യം വായിച്ച പോസ്റ്റ്,കമെന്റും.

  ഗീത says:

  ഒരു ജീവിതകഥ മുഴുവന്‍ ഒതുക്കിയിരിക്കുന്നല്ലോ ഈ കാച്ചിക്കുറുക്കിയ വരികളില്‍.
  നാമെല്ലാം മനസ്സിലാക്കേണ്ട സത്യം- അവസാനം കൂട്ടായി സ്വന്തം നിഴല്‍പ്പാട് മാത്രം.
  ബിലാത്തിപ്പട്ടണം പറഞ്ഞപോലെ ഈ സുഹൃത്തിനെ ബൂലോകത്തേക്ക് ക്ഷണിക്കൂ. അദ്ദേഹത്തിന്റെ ഏകാന്തതയ്ക്കും ഒരു പരിഹാരമാകും.

  ജീവിതത്തിന്റെ നേര്നിറഞ്ഞ വരികള്‍...!!
  മാറുന്ന ഋതുക്കള്‍ മനുഷ്യ ജീവിതത്തെ എത്രപെട്ടെന്നാണ് മാറ്റിമറിക്കുന്നത്‌...!!
  പങ്കുവച്ചത് നന്നായി..!!

  Anonymous says:

  ഞാന്‍ എപ്പോഴും ഓര്‍മിക്കുന്ന ഒരു ജീവിതം ...

  നല്ലകാലത്തും ഇങ്ങിനെ ഒരു കാലം കൂടി നമ്മള്‍ക്ക് ദൈവം അനുഗ്രഹിച്ചു വരാന്‍ ഇരിക്കുന്നുണ്ട്‌ എന്നാ ചിന്ത ഇടയ്ക്കു ഓര്‍ക്കുന്നത് നന്ന് ...

  നല്ല ഹ്രസ്വമായ അവതരണം ...മനസ്സില്‍ തട്ടുന്നവ ....

  അണമുറിഞ്ഞ ജീവിതം...
  ഒറ്റപ്പെടലെന്ന ദുരന്തം,
  സാന്ത്വനപ്പെടുത്താനാവില്ല നമുക്കവരെ!
  എന്നാല്‍,വരികള്‍ക്കിടയില്‍ ഏറെ
  സമാശ്വാസം ലഭ്യമാവുന്നുണ്ട്!
  എഴുത്ത്കാരി ചേച്ചിയുടെ കമന്‍റില്‍
  നമുക്കാ സമാശ്വാസം വായിച്ചെടുക്കാം...

  ഓർമ്മകൾ പങ്ക് വെക്കാൻ ഇങ്ങനെയൊരു ബ്ലോഗ് മുന്നിൽ തുറന്നിരിക്കുന്നത് ഒത്തിരി ആശ്വാസമാണ്.

  പഴുത്തിലകള്‍ പൊഴിയുമ്പോള്‍ ....പച്ചിലകള്‍
  ചിരിക്കും ...........പക്ഷെ ഒരുനാള്‍ വരും .....
  അതോര്താല്‍ നല്ലത് ..............

  എഴുത്തുകാരി,
  ബൂലോഗത്ത് പുതിയ ആളായത് കോണ്ട് നേരത്തേ എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പലരുടേയും കമന്റുകളിലൂടെയും മറ്റും കണ്ടിട്ടുണ്ട്. ഇപ്പോള്‍ അറിയുന്നു.

  വാക്കുകള്‍ ചിലപ്പോഴെങ്കിലും അനാവശ്യമാണല്ലോ. ഒന്നും പറയാനില്ല, പ്രാര്‍ത്ഥനകള്‍ മാത്രം.

  ഇവിടേക്ക് വീണ്ടും വരിക.

  ഗീത:ശരിയാണ്, അവസാനം നമുക്ക് കൂട്ട് നമ്മുടെ നിഴല്‍പ്പാട് മാത്രം. നേരത്തേ എഴുതിയ മറുപടി വീണ്ടും, “ആ ആള്‍’ അങ്ങനെതന്നെ കഴിഞ്ഞോട്ടെ:).

  ഫൈസല്‍: നല്ല വാക്കുകള്‍ക്ക് നന്ദി.

  ആദില: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

  നുറുങ്ങ്: നഷ്ടപ്പെടുമ്പോഴെ ആ നഷ്ടത്തിന്റെ തീവ്രത അനുഭവിച്ചറിയാന്‍ കഴിയൂ, അല്ലേ?

  മിനിടീച്ചര്‍: അതേ, അതും അനുഭവിച്ചു തന്നെ അറിയണം.

  സ്വതന്ത്രന്‍: പലപ്പോഴും നമുക്കായി കാത്തിരിക്കുന്ന നാളകളെ സൌകര്യപൂര്‍വ്വം നമ്മളെ മറക്കുന്നു.
  ഈ സന്ദറ്ശനത്തിനും അഭിപ്രായത്തിനും നന്ദി, വീണ്ടും വരൂ.

  "അവര്‍ വളരുന്നതോടൊപ്പം ഞങ്ങള്‍ തളരുകയായിരുന്നു "

  വളരെ റ്റച്ചിങ്ങായ..ഒരു പച്ചയായ സത്യം വളരെ സത്യസന്ധമായ്‌ അവതരിപ്പിച്ചു..ആശംസകൾ അനിൽ സാബ്‌

  വളരെ നന്നായി

  മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒത്ത് പോകാന്‍ ശ്രമിക്കുക എന്നതല്ലാതെ പഴയവയെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ കാലത്ത്‌. അനുകുടുമ്പം, ഭാര്യക്കും ഭര്‍ത്താവിനും ജോലി എന്നൊക്കെ വരുമ്പോള്‍ പലതും പലര്‍ക്കും നിലനിര്‍ത്താന്‍ കഴിയില്ല എന്നത്‌ യാഥ്
  യാഥാര്‍ത്ഥ്യമാവുന്നുണ്ട്.അതില്‍ ഏറ്റവും ഒറ്റപ്പെടുന്നത് പ്രായമായവരെയാണ് എന്നത് സത്യം.

  അലി says:

  അനിവാര്യമായ സായംകാലത്തിലെ ഒറ്റപ്പെടലിൽ നിന്നുള്ള തിരിഞ്ഞു നോട്ടം ഹൃദയസ്പർശിയായി ഏതാനും വരികളിലൂടെ വരച്ചുകാണിച്ചു!

  Vayady says:

  വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് ഒരു ജീവിതപങ്കാളിയെ കണ്ടെത്തി ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയാണ്‌ വേണ്ടത്. അതിനു പകരം നമ്മള്‍ അവരെ ഏകാന്തതയുടെ കൂരിരുട്ടിലേയ്ക്ക് തള്ളിവിടുന്നത് ശരിയല്ല. അതു നമ്മുടെ സമൂഹത്തിന്റെ ക്രൂരമായ ഒരു രീതിയാണ്‌. അത്തരം മനോഭാവങ്ങള്‍ മാറുന്നതിനെ കുറിച്ച് നമ്മള്‍ ഗൗരവ്വപൂര്‍‌വ്വം ചിന്തിക്കുകയും, ചര്‍ച്ച ചെയ്യുകയും വേണം.
  നല്ല പോസ്റ്റാണ്‌.

  അദ്ദേഹത്തിനോട് ഒരു ബ്ലോഗ് തുടങ്ങാന്‍ പറയൂ. ഇതിലൂടെ കുറേ നല്ല നല്ല സുഹൃത്തുക്കളെ അദ്ദേഹത്തിന്‌ ലഭിക്കും.

  ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഇതിലെ കഥാ പാത്രം ഞാനാണെന്നു തോന്നി. എന്നാല്‍ ഒരു വിത്യാസമുണ്ട്. വായാടി പറഞ്ഞ പോലെ ഞാന്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു. കാരണം എന്റെ കുഞ്ഞുങ്ങളെല്ലാം വളര്‍ന്നു വലുതായിരുന്നു. അപ്പോള്‍ സായം കാലത്ത് ഒരു തുണ വേണ്ടി വരുമെന്ന ബന്ധുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു.പിന്നെ ബ്ലോഗും ഒരാശ്വാസമായി.അതെല്ലാം ഇവിടെ കാണും

  മന്‍‌സൂര്‍ജി,പാവപ്പെട്ടവന്‍: നന്ദി

  റാംജി: ചില യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പേടാന്‍ ഏറെ സമയമെടുക്കുമെന്ന് തോന്നുന്നു.

  അലി: നല്ല വാക്കുകള്‍ക്ക് നന്ദി.

  വായാടി: പ്രായമായവര്‍ ഒരു ബാധ്യതയാണ് എന്ന നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.

  ഇക്ക: ആ തീരുമാനം നന്നായി. പിന്നെ ബ്ലോഗുകള്‍ ഞാന്‍ കാണാറുണ്ട്.

  വാര്‍ദ്ധക്യവും ഒറ്റപ്പെടലും. അതു പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ ആണു.സമാനമായ അനുഭവം നിരീക്ഷിക്കേണ്ടി വന്നപ്പോള്‍ അതു ഒരു കഥ ആയി.അതു ഇവിടെവായിക്കാം.http://sheriffkottarakara.blogspot.com/2009/12/blog-post_7460.html

  കാറ്റിലുലയുന്ന കൂട്ടില്‍ തനിച്ചായപ്പോഴാണ് ഏകാന്തതയുടെ ക്രൂരത വേട്ടയാടാന്‍ തുടങ്ങിയത്. അവസാന യാത്രയില്‍ കൈ പിടിച്ച് കൂടെ നടക്കാന്‍ ഒരു കൂട്ടില്ലാത്തതിന്റെ നൊമ്പരം, ആരവങ്ങള്‍ക്കിടയിലെ, ആള്‍ക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിന്റെ നൊമ്പരം!

  ഒറ്റപെടലിനെ കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തുന്നില്ല
  (പക്ഷേ….) എന്ന വാക്കാണു എന്നെ ഭയപെടുത്തുന്നത്
  എങ്കിലും, ഒറ്റപ്പെടലിനെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൊള്ളാം
  നന്നായി……

  സായംകാലത്തിലേക്ക് നടന്നടുക്കുന്നു എന്നു അറിയുക, ദൈവവരദാനമായി കിട്ടിയ മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതും അവര്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയ്യറുന്നതും കണ്ട് ഈശ്വരനു നന്ദി പറയാം ...തനിച്ചാണീ ലോകത്തില്‍ വന്നത് തിരികെ പോകേണ്ടുന്നതും തനിയെ ... ഈ ജീവിതയാത്രയില്‍ പലരും കൂടെ വന്നുപോയി എന്നേ കരുതാന്‍ പറ്റൂ .. മരണവും വിരഹവും അനിവാര്യം എപ്പോഴും എന്തെങ്കിലും കര്‍മ്മത്തില്‍ പങ്കുകൊള്ളുക .. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അന്യരെ സഹായിക്കുക അതു വാക്കില്‍ കൂടി ആവാം അല്ലങ്കില്‍ ഒരു നല്ല സ്രോതാവായിട്ട് ആവാം, അനില്‍ ജീവിതത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തിയതിനു നന്ദി നാളെയുടെ മുഖം ഒന്നു മുങ്കൂട്ടിക്കാണാന്‍ ഇടയാക്കിയ പോസ്റ്റ്

  ഷെറീഫ്: ഇവിടെയെത്തിയതിനും അഭിപ്രായം അറിയച്ചതിനും നന്ദി. താങ്കളുടെ ആ നല്ല കഥയും വായിച്ചു.

  സാദിക്: വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി.

  മാണിക്യം ചേച്ചി: സായംകാലത്തിലെ ഒറ്റപ്പേടല്‍ ഭീതിജനകമാണെന്ന് തോന്നുന്നു. വിശദമായ അഭിപ്രായത്തിന് നന്ദി.

  I just now read a similar lines of Shereefji..
  loneliness is horible indeed!!!

  ജീവിതത്തിൽ തുടക്കമായാലും മധ്യത്തിലായാലും ഒടുക്കമായാലും അതി ദയനീയമായി ഒറ്റപ്പെട്ടു പോയ ഒരുപാട് മനുഷ്യരെ കണ്ട് വളർന്ന ഒരാളെന്ന നിലയ്ക്ക്, ഈ പോസ്റ്റ് എന്നെ ഒരുപാട് ഓർമ്മകളിലേയ്ക്ക് കൊണ്ടു പോയി.......
  ജീവിത സമരം ഓരോരുത്തർക്കും ഓരോ രീതിയിലാണ്......
  നല്ല ഭാഷയും അവതരണവുമായിരുന്നു.

  .. says:

  ..
  ജീവിതസായാഹ്നത്തിലെ ഒറ്റപ്പെടല്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ
  ..

  പാവം: ഏകാന്തതയുടെ തീവ്രത അതനുഭവിക്കുന്നവര്‍ക്കേ അറിയൂ, അല്ലേ?

  എച്മു: ഇവിടെ എത്തീയതിനും, വായനക്കും, നല്ല വാക്കുകള്‍ക്കും നന്ദി.

  രവി: ഈ സന്ദര്‍ശനം ഏറെ സന്തോഷം തരുന്നു, വീണ്ടും വരിക.

  ഇനി എത്ര ദൂരം നടന്ന് തീര്‍ക്കണം; അറിയില്ല... കൂട്ടിന് എന്റെ നിഴല്‍പ്പാട് മാത്രം!!!

  കൊലുസ്: വൈഖരിയിലേക്ക് സ്വാഗതം. വീണ്ടും വരൂ.

  Unknown says:

  ottappedal....atharkkum undavaruthe ennanu prarthana...

Post a Comment

Related Posts Plugin for WordPress, Blogger...