ഒരു ധനുമാസക്കുളിരിന്റെ ഓര്‍മയില്‍ !

മഴയും മഞ്ഞും തണുപ്പും ഒക്കെയായി ഒരു തണുത്ത പ്രഭാതം വീണ്ടും ദുബായില്‍; ധനുമാസക്കുളിരിന്റെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തുന്ന ഒരു പ്രഭാതം!
ഇഴഞ്ഞ് നീങ്ങുന്ന ദുബായ് നിരത്തിലെ ട്രാഫിക് കുരുക്കില്‍ കാറിന്റെ പിടച്ചില്‍. കാറിന്റെ മുന്‍‌ഗ്ലാസ്സില്‍ വീണ് ചിതറുന്ന മഴത്തുള്ളികളെ ഇരുകൈകളും കൊണ്ട് തുടച്ചു നീക്കാന്‍ പാടുപെടുന്ന ‘വൈപ്പറിന്റെ’ ക്രമാനുഗതമായ ചലനങ്ങള്‍. ഒരു ധനുമാസക്കുളിരു പോലെ മനസ്സിലേക്ക് ഓര്‍മ്മകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.

വൃശ്ചികം ധനു മാസങ്ങളിലെ കുളിരുള്ള പുലര്‍കാലങ്ങളും, തണുത്ത രാവുകളും ഉണ്ടായിരുന്ന പഴയ കാലം. കുടുംബവീടിന് കിഴക്കുവശത്തെ വിശാലമായ തൊഴുത്തിന് സമീപത്തുള്ള വലിയ വരിക്കപ്ലാവ്. മുറ്റമടിച്ചുകൂട്ടിയ കരിയിലകള്‍ പ്ലാവിന്റെ ചുവട്ടിലെ‍ ഒരു കോണില്‍ കൂന പോലെ.

ചുവന്ന നൂലുകള്‍ അതിരുടുന്ന കറുത്ത കമ്പിളി പുതച്ച്, തലയില്‍ ചുട്ടിത്തോര്‍ത്ത് വട്ടം കെട്ടി മുത്തശ്ശന്‍. തണുപ്പിന്റെ കരങ്ങള്‍ ശരീരത്തില്‍ ആഴ്ന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുത്തശ്ശന്‍ പ്ലാവിന്‍ ചുവട്ടിലെത്തും. കുറെ കരിയിലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടുത്ത് കിടക്കുന്ന ഒരു ചെത്തിയൊരുക്കിയ വെട്ടുകല്ലില്‍ കുന്തിച്ചിരിക്കും. ഇടുപ്പില്‍ കരുതിയ ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് കത്തിച്ച്, പിന്നെ ആ തീപ്പെട്ടിക്കൊള്ളി കരിയിലക്കൂട്ടത്തിലേക്ക് ഇടും. മെല്ലെ മെല്ലെ കരിയിലകളില്‍ കൊച്ചു കൊച്ച് ചിറകടി ശബ്ദങ്ങളുമായി തീ പടരാന്‍ തുടങ്ങും. ഒപ്പം മുത്തശ്ശന്റെ ചുണ്ടിലെരിയുന്ന ബീഡിയുടെ അറ്റം ഒരു കല്ലുകടുക്കന്‍ പോലെ തിളങ്ങാനും. കരിയിലകളില്‍ തീ പടര്‍ന്ന് പിടിക്കുമ്പോള്‍ മുത്തശ്ശന്‍ അകത്തേക്ക് നോക്കി നീട്ടിവിളിക്കും:

‘ജാനകിയേ ...’

വിളി കാത്തിരുന്നത് പോലെ മുത്തശ്ശി പുറത്തേക്ക് വരും. ആ കൈകളില്‍ അപ്പോള്‍‍ ചായ്പിലെ പത്തായത്തിന് താഴെ നിരത്തിയിട്ടിരിക്കുന്നവയില്‍ നിന്നെടുത്ത കിഴങ്ങും, കാച്ചിക്കായും (കാച്ചില്‍ വള്ളിയില്‍ ഉണ്ടാകുന്ന ചെറിയ കാച്ചില്‍) ഉണ്ടാകും. മുത്തശ്ശന്‍ അത് വാങ്ങി എരിയുന്ന കരിയിലക്കൂട്ടത്തിലേക്ക് ഇട്ട് ഒരു കമ്പ്‌ കൊണ്ട് മെല്ലെ ഇളക്കും. എരിയുന്ന കരിയിലകള്‍ ഇളകുമ്പോള്‍ തീപ്പൊരികള്‍ മിന്നാമിനുങ്ങുകള്‍ പോലെ പറന്നുയരും.

അടുത്തുള്ള മറ്റൊരു കല്ലില്‍ മുത്തശ്ശിയും ഇരിക്കും. കൈവിരലുകളും ഒക്കെ തീയുടെ അടുത്തുകാട്ടി തീ കായുന്നതിനിടയിലാകും ശ്രദ്ധ ക്ഷണിക്കുന്നത് പോലെ
അടുത്തുള്ള തൊഴുത്തില്‍ നിന്നും പശു മെല്ലെ അമറുന്നത്.

‘എന്താ അമ്മിണീ, ഇവള് നിനക്ക് തീറ്റയൊന്നും തന്നില്ലേ?’ മുത്തശ്ശിയെ നോക്കി മുത്തശ്ശന്‍ പശുവിനോട് ചോദിക്കും.

‘അമ്മിണി ... കള്ളിയാ ഇവള്’‘ മുത്തശ്ശി പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു കുസൃതി ഒപ്പിച്ചത് പോലെ അമ്മിണി തൊഴുത്തില്‍ നിന്ന് തലയാട്ടും.

അപ്പോഴേക്കും കരിയിലകള്‍ക്കിടയില്‍ കിടന്ന് കിഴങ്ങും കാച്ചിലും ഒക്കെ വെന്ത് പരുവമായിട്ടുണ്ടായിരിക്കും. പിന്നെ അകത്തേക്ക് നോക്കി മുത്തശ്ശന്‍ നീട്ടിവിളിക്കും:

‘കുട്ടാ ...’

കേള്‍ക്കാത്ത താമസം നിലവിളക്കിനു മുന്നിലെ പ്രാര്‍ത്ഥനയും നിര്‍ത്തി ഞാന്‍ അവരുടെ അടുത്തേക്ക് ഓടും. മുത്തശ്ശന്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കമ്പിളിക്കുള്ളിലെ ചൂട് പോലെ മുത്തശ്ശന്റെ സ്‌നേഹവും എന്നിലേക്ക് പടരും. അപ്പോഴേക്കും, പുഴുങ്ങിയ കിഴങ്ങ് മെല്ലെ ഊതി തണുപ്പിച്ച് അതിന്റെ തൊലി പൊളിച്ച് മുത്തശ്ശി എനിക്ക് നീട്ടും. പിന്നീട്‌ അത് ഊതിയാറ്റി തിന്നുമ്പോള്‍ മുത്തശ്ശിയുടെ സ്‌നേഹത്തിന്റെ ഊഷ്മള സ്‌പര്‍ശവും ഞാന്‍ അനുഭവിച്ചറിയും.

* * * *

പിന്നിലെ കാറിന്റെ നിര്‍ത്താതെയുള്ള ഹോണ്‍ ആണ് വര്‍ത്തമാനത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്! ഓര്‍മ്മകളില്‍ നിന്നുണരുമ്പോള്‍  മുത്തശ്ശന്റെ കമ്പിളി ഒരു സ്‌നേഹ സ്‌പര്‍ശമായി എന്നേ പൊതിഞ്ഞിരിക്കുന്നത് പോലെ !!!

4 Response to "ഒരു ധനുമാസക്കുളിരിന്റെ ഓര്‍മയില്‍ !"

  1. അറിയാതെ കണ്ണു നിറഞ്ഞല്ലോ മാഷേ...

    നല്ല മുത്തശ്ശന്‍ ... :)

    ശ്രീ: നമ്മുടെയൊക്കെ മനസ്സില്‍ ഇങ്ങനെ കുറെ നനുത്ത ഗൃഹാതുരതകള്‍ ഉല്ലതു കൊണ്ടാവും കണ്ണ് നിറഞ്ഞത്.

    ഹാഷിം: അഭിപ്രായത്തിനു നന്ദി.

    അനില്‍...... ആദ്യായിട്ടാ ഇവിടെ..
    നല്ല വരികള്‍.... നല്ല ഭാഷ.... ഇഷ്ടായി. നന്നായി...
    നമ്മുടെയൊക്കെ ബാല്യകാലങ്ങളില്‍ ഉണ്ടിങ്ങനെ ഇത്തരം നല്ല ഓര്‍മ്മകള്‍.....
    ഞാനും തണുപ്പത്തു എന്‍റെ ഉപ്പ രാവിലെ കരിയിലകള്‍ കത്തിച്ചു ചൂട് കൊള്ളാന്‍ വിളിക്കുന്നത്‌ ഓര്‍ത്തു പോയി.
    പായയില്‍ നിന്ന് എഴുന്നേറ്റു അങ്ങിനെ തന്നെ നേരെ തീ കായാന്‍ പോയി ഇരിക്കുമായിരുന്നു. അതിനു ശേഷമേ പല്ല് തേപ്പു പോലും ഉണ്ടായിരുന്നുള്ളൂ.
    നന്ദി.. ഓര്‍മകളിലേക്ക് പായിച്ചതിനു. ഒരു പക്ഷെ പുതു തലമുറക്കിതോന്നും അറിവുണ്ടാവില്ല. കേട്ടിട്ട് പോലുമുണ്ടാവില്ല.
    അതിനു ഇന്ന് കരിയിലകള്‍ എവിടെ.... എല്ലായിടത്തും അംബര ചുംബികളായ കെട്ടിടങ്ങള്‍ അല്ലെ.
    നഷ്ട്ടപ്പെട്ടുപോയ കരിയിലകളും, ഇത്തരം സുന്ദര പ്രഭാതങ്ങളും ഓര്‍ത്തു നമുക്ക് നെടുവീര്‍പ്പിടാം അല്ലെ.
    വായിച്ചു തുടങ്ങിയതെ ഉള്ളൂ. ഓരോന്നായി വായിക്കാം. ഫോളോ ചെയ്തിട്ടുണ്ട് ഞാന്‍. കാരണം ഇത്തരം ഓര്‍മ്മകള്‍ വരുമ്പോള്‍ ഇനിയുമെഴുതുമ്പോള്‍. അത് നഷ്ട്ടപെടുതരുതല്ലോ.
    അഭിനന്ദനങ്ങള്‍.

Post a Comment

Related Posts Plugin for WordPress, Blogger...