ഭയം

ഭയമാണെനിക്കിന്ന്
മഴയെപ്പുകഴ്ത്തുവാന്‍.
കരിമ്പനത്തലപ്പില്‍
മുടിയാട്ടമാടുന്ന കാപാലിക-
യാണെനിക്കിന്ന് കര്‍ക്കിടകം.

ഇടിവെട്ടിലുലയുന്ന
പഴയൊരാ വീടിന്റെയോര്‍മ്മകള്‍
പേമാരിയായെന്റെയുള്ളിലും
പ്രചണ്ഡമായ് പെയ്യുന്നു!
ഉമ്മാറക്കോണിലെ വന്‍‌മരം
തലയറഞ്ഞുലയുമ്പോള്‍
ദൂരെയാണെങ്കിലും
പൊട്ടിച്ചിതറുന്നൊരായിരം
കൊള്ളിയാനിന്നെന്റെയുള്ളിലും.
ചെങ്കല്ലിന്‍ ഭിത്തിയിലൂര്‍ന്നി‌റങ്ങുന്ന
ഹൃദയരക്തം പോലെ
ചുവന്ന നീര്‍ച്ചാലുകള്‍,
ഭയമാണെനിക്കിന്ന്
കര്‍ക്കിടകത്തെക്കുറിച്ചോര്‍ക്കുവാന്‍!

അലറിക്കരഞ്ഞുകൊണ്ടുമ്മറ-
പ്പടിയെ തഴുകിയൊഴുകുന്ന
മലവെള്ളപ്പാച്ചിലിന്‍
നടുക്കുന്ന ഓര്‍മ്മകള്‍.
ആര്‍ത്തിരമ്പുന്നൊരാ
പെരുമഴക്കൊപ്പം ക്രുദ്ധനായ്
മുരളുന്നുവോ മലമുടി?

കാറ്റിലുലയുന്ന തെച്ചിയില്‍
വീണ് പോകാതെ തന്‍ മക്കളെ
ചിറകിലൊളിപ്പിക്കുവാന്‍
പിടയ്ക്കുന്ന പൈങ്കിളി.
പേടിച്ചരണ്ടൊരെന്‍ കുഞ്ഞിനെ
നെഞ്ചോട് ചേര്‍ത്താശ്വസിപ്പിക്കാന്‍
കഴിയാതെ തേങ്ങുന്നൊരെന്‍
സഖിയെയോര്‍ക്കുമ്പോള്‍
ഭയമാണെനിക്കിന്ന്
മഴയെ പുകഴ്ത്തുവാന്‍!

2 Response to "ഭയം"

 1. കൊള്ളാം...താളത്തിനു വേണ്ടി ശ്രമിക്കുമ്പോൾ
  കവിതയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ടപോലെ തോന്നി...

  പ്രിയ രഞ്ജിത്,

  കവിതയെഴുതാന്‍ ഒരു സാഹസം കാട്ടിയതാണ്, എന്റെ മേഖല അല്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെ.

  സ്നേഹം,
  അനില്‍.

Post a Comment

Related Posts Plugin for WordPress, Blogger...