കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (മൂന്നാം ഭാഗം)


സായാഹ്നസൂര്യന്‍ ജനല്‍കര്‍ട്ടനുകള്‍ക്കിടയിലൂടെ ഒളിഞ്ഞു  നോക്കാന്‍ തുടങ്ങിയപ്പോഴാണ് ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്ണ് തുറന്നത്. ഉച്ചയൂണൊക്കെ കഴിഞ്ഞ് കിടപ്പ് മുറിയുടെ സ്വകാര്യതയില്‍ പ്രിയതമയുടെ കഥകളും കേട്ട് കിടന്നതാണ്. അതിനിടയില്‍ എപ്പോഴാണ് ഉറങ്ങിപ്പോയത്? നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടന്ന്, അവള്‍ പറഞ്ഞ അവസാനമില്ലാത്ത കഥകള്‍ക്ക് കാതോര്‍ത്ത് കിടന്ന ഏതോ നിമിഷത്തിലാണല്ലോ നിശ്വാസങ്ങള്‍ക്ക് വേഗം കൂടിയതും, പിന്നെ മനസ്സിലും ശരീരത്തിലും അടക്കി വച്ചിരുന്ന വികാരങ്ങളുടെ ഉഷ്ണജ്വാലകള്‍ ഇളംതെന്നലായി, ചാറ്റല്‍മഴയായി, പിന്നെ പെരുമഴയായി പെയ്തിറങ്ങിയതും! പെയ്തൊഴിഞ്ഞ മഴമേഘങ്ങളുടെ സുഖാലസ്യത്തില്‍ മയങ്ങി അങ്ങനെ എത്ര നേരം!
 
കടുപ്പമുള്ള ചായയുമായി വന്ന പ്രിയതമയുടെ കണ്ണില്‍ ഒരു നവോഢയുടെ നാണം. ചായകുടി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറേക്ക് ചായാന്‍ തുടങ്ങിയിരുന്നു. ഒരു കാലത്ത് കരിമ്പിന്‍‌തോട്ടങ്ങള്‍ അതിരുകള്‍ തീര്‍ത്തിരുന്ന വഴിയിലൂടെ മെല്ലെ നടന്നു. പഴയ ഇടവഴി ഇപ്പോള്‍ പഞ്ചായത്ത് റോഡ്. വഴിയുടെ ഇരുവശങ്ങളിലും ഇരുള്‍ പരത്തി റബ്ബര്‍ മരങ്ങള്‍. ഇടവഴി ചെന്നിറങ്ങുന്ന പുഞ്ചപ്പാടം; പുഞ്ചക്കിടയിലൂടെയുള്ള ചെമ്മണ്‍പാതക്ക് മാത്രം ഒരു മാറ്റവുമില്ല. പാതക്കിരുവശവും തരിശായിക്കിടക്കുന്ന പുഞ്ച!

ഇടവഴി ചെന്ന് കയറുന്നത് ടാര്‍ നിരത്തിലേക്ക്. വലിയ വളവിനപ്പുറം റോഡരികിലായി പടര്‍ന്ന് പന്തലിച്ച ആല്‍‌മരം. പിന്നെ അമ്പലവും കുളപ്പടവും. കരിങ്കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആല്‍ത്തറ. ആല്‍ത്തറയുടെ ഒരു മൂല ഇടിഞ്ഞു വീണിരിക്കുന്നു. കാലത്തിന് ഒരു നിശ്ശബ്ദസാക്ഷിയായി വയസ്സന്‍ ആല്‍മരം! മെല്ലെ ആളൊഴിഞ്ഞ ആല്‍ത്തറയിലിരുന്നു. തങ്ങളുടെ സ്വകാര്യതയില്‍ ഭംഗം വരുത്തിയതില്‍ ഉച്ചത്തില്‍ പ്രതിഷേധിച്ച് കുറെ കാക്കകള്‍ പറന്നകന്നു. കൌമാരത്തിന്റേയും, യൌവ്വനാരംഭത്തിന്റേയും ഒരുപാട് നല്ല നിമിഷങ്ങള്‍ക്കു സാക്ഷിയായ ആല്‍ത്തറ! ആലിലച്ചാര്‍ത്തില്‍ വീണു ചിതറുന്ന ഇളംകാറ്റ് പോലെ ഇന്നലെയുടെ ഓര്‍മകള്‍.

ആല്‍ത്തറക്ക് മുന്നില്‍ നിരത്തിനെതിര്‍വശത്തായി വായനശാല. പഴയ ഒറ്റമുറി വായനശാല രണ്ട് മുറികള്‍ കൂട്ടിച്ചേര്‍ത്ത് നല്ലൊരു കെട്ടിടമാക്കിയിരിയ്ക്കുന്നു. വായനശാലക്കപ്പുറത്തെ പ്രൈമറി സ്‌കൂള്‍ ചുറ്റുമതില്‍ ഒക്കെ കെട്ടിത്തിരിച്ച് മോടിയാക്കിയിരിയ്ക്കുന്നു. വിശാലമായ ക്ഷേത്രമൈതാനത്തിന്റെ അങ്ങേ അറ്റത്ത് ഉത്സവപ്പരിപാടികള്‍ക്കായി കെട്ടിയുയര്‍ത്തിയ സ്ഥിരം സ്‌റ്റേജ്.

നെരേ മുന്നിലുള്ള സ്റ്റോപ്പില്‍ വന്ന് നിന്ന ബസ്സ് ചിന്തകളെ മുറിച്ചു. ബസ്സില്‍ നിന്നിറങ്ങിയ കുട്ടികള്‍ കലപില ബഹളം കൂട്ടി നടന്ന് പോയി. നിറപ്പകിട്ടാര്‍ന്ന യൂണീഫോമുകളില്‍ പൂത്തുമ്പികളേ പോലെ കൌമാരങ്ങള്‍. മനസ്സില്‍ ഇന്നലെകളുടെ കുറെ തെളിവാര്‍ന്ന ചിത്രങ്ങള്‍ കടന്ന് വന്നു. വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം ആല്‍ത്തറയില്‍ വെടി പറഞ്ഞിരിക്കുന്നതും, പിന്നെ പതിവായി എത്തുന്ന ബസ്സിന്റെ സൈഡ്‌സീറ്റില്‍ നിന്ന് വീണ് കിട്ടുന്ന പ്രേമാര്‍ദ്രമായ കടാക്ഷത്തിനും, നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിക്കുമായുള്ള കാത്തിരിപ്പും മറ്റും ...

നിരത്ത് കടന്ന് വായനശാലയിലേക്ക് ചെന്നു. വായനാമുറിയിലിരുന്ന് പത്രം വായിക്കുന്ന പ്രായമായ ഒന്നുരണ്ടാളുകള്‍ മുഖമൊന്നുയര്‍ത്തി, പിന്നെ അപരിചിതത്വത്തിന്റെ കണ്ണട ഒന്നുകൂടി ഉറപ്പിച്ച് പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി! പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞ അലമാരകള്‍ അതിരുകള്‍ തീര്‍ക്കുന്ന വായനശാലാ മുറിയിലേക്ക് കയറി. അക്ഷരങ്ങളുടെ ലോകം എനിക്കായി തുറന്നു തന്ന, പ്രിയപ്പെട്ട എഴുത്തുകാരെ എനിക്കു പരിചയപ്പെടുത്തി തന്ന, അറിവിന്റെ വെളിച്ചത്തിലേക്ക് കണ്‍‌തുറക്കാന്‍ സഹായിച്ച എന്റെ പ്രിയപ്പെട്ട വായനശാല. അലമാരകളൊക്കെ പൊടിപിടിച്ച് കിടക്കുന്നു. പ്രശസ്ഥരായ പല എഴുത്തുകാരുടേയും പുസ്തകങ്ങളിലെ പൊടി അവയൊന്നും ആരും ഉപയോഗിക്കാറില്ല എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു!

‘ആരാ മനസ്സിലായില്ലല്ലോ?’

നേരത്തേ കണ്ട് പരിചയമില്ലാത്ത ഒരു മനുഷ്യന്‍. ലൈബ്രേറിയനാണെന്ന് തോന്നുന്നു.

‘ഇവിടെങ്ങും കണ്ടിട്ടില്ലല്ലൊ നേരത്തേ, എവിടുന്നാ?’

‘ഞാന്‍ ഇവിടെ അടുത്ത് തന്നെ, ഇതുവഴി പൊയപ്പോള്‍ വെറുതെ ഒന്ന് കയറിയതാ’

‘അല്ലാ, ഞാനോര്‍ക്കുകയായിരുന്നു... പുസ്തകമെടുക്കാനാണെങ്കില്‍ ഇപ്പോള്‍ അതിനൊന്നും ആര്‍ക്കും താല്പര്യമില്ലാതായിരിക്കുന്നു. എല്ലാര്‍ക്കും ഇപ്പോള്‍ കമ്പ്യൂട്ടര്‍ മതിയത്രേ!’

ആരോടോ, എന്തിനോടൊ ഒക്കെയുള്ള അമര്‍ഷം അയാളുടെ വാക്കുകളില്‍.

പുസ്തകമുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് മുറിയുടെ മൂലക്കായി പെയിന്റിളകിയ ഒരു പഴയ തകര ബോര്‍ഡ് ചാരി വച്ചിരിക്കുന്നത് കണ്ടത്, ‘യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്’! മനസ്സ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പാഞ്ഞത് നൊടിയിടയിലായിരുന്നു! ബോര്‍ഡ് കിടന്നതിന് അടുത്തുണ്ടായിരുന്ന ജനലിലൂടെ പുറത്തേക്ക് നോക്കി. തൊട്ടപ്പുറത്ത് സ്‌കൂള്‍ മൈതാനം, അതിനും അപ്പുറത്തായി ക്ഷേത്രമൈതാനത്തെ സ്‌റ്റേജ്; അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞു!

കോളേജ് കാലത്ത് വൈകുന്നേരങ്ങളിലെ പ്രധാന നേരമ്പൊക്കുകളായിരുന്നു ആല്‍ത്തറയിലെ വെടിപറച്ചില്‍, സ്‌കൂള്‍ മൈതാനത്തെ വോളീബാള്‍ കളി, പിന്നെ തിരിച്ച് പോകുമ്പോള്‍ വായനശാലയില്‍ നിന്ന് കൈ നിറയെ പുസ്തകങ്ങളും. പിന്നെ ആണ്ടുതോറും കെങ്കേമമായി ആഘോഷിക്കാറുള്ള ‘യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ’ വാര്‍ഷികാഘോഷങ്ങളും.

പതിവ് പോലെ ആ വര്‍ഷത്തെ വാര്‍ഷികാഘോഷവും ഗംഭീരമാക്കാനുള്ള ശ്രമത്തിലായിരുന്നു ക്ലബ്ബ് അംഗങ്ങള്‍. പകല്‍ മുഴുവന്‍ നീളുന്ന കലാ കായിക മത്സരങ്ങള്‍, രാത്രിയില്‍ ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന മുഴുനീള സംഗീത നാടകം. മാസങ്ങള്‍ നീണ്ട പരിശീലനത്തിനും മറ്റും ഒടുവില്‍ അമ്പലപ്പറമ്പിലെ നിറഞ്ഞ സദസ്സിന്റെ മുന്നില്‍ നാടകത്തിന്റെ വിജയകരമായ അവതരണം. സദസ്സിന്റെ കയ്യടിയുടെ ലഹരിയില്‍ ലയിച്ചു നിന്നപ്പോഴാണ് ക്ലബ്ബിന്റെ ഖജാന്‍‌ജി വന്ന് വിളിച്ചത്.

‘അല്ല ഇങ്ങനെ നിന്നാല്‍ കര്‍ട്ടന്‍‌കാരനും, പിന്നണിക്കാര്‍ക്കും, നടിക്കും മറ്റുള്ളവര്‍ക്കും ഒന്നും പൈസ കൊടുക്കണ്ടേ?’
 
അപ്പോഴാണ് പിരിവൊന്നും കാര്യമായി വിജയിച്ചില്ല എന്നതും, പലരുടേയും സംഭാവനകള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ചെയ്തല്ലൊ എന്നതും ഓര്‍ത്തത്! നായകനായി അഭിനയിച്ച പ്രസിഡന്റും, ഇല്ലാത്ത താടി ഒട്ടിച്ച് വെച്ച് വിരഹഗാനം പാടി അഭിനയിച്ച സെക്രട്ടറിയായ ഞാനും, ഖജാന്‍‌ജിയും മറ്റൊരു വിഷാദരംഗം അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ താടിക്ക് കയ്യും കൊടുത്ത് പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നു!

അപ്പോഴെക്കും പിന്നണിക്കാര്‍ കെട്ടും ഭാണ്ഡവുമായി എത്തി.

‘നിങ്ങളിങ്ങനെ ഇരുന്നാല്‍ ഞങ്ങള്‍ക്ക് പോകണ്ടേ?’

‘അല്ല, അത് പിന്നെ .. ഒന്ന് നേരം വെളുത്തിട്ട് ...’

ഞങ്ങളുടെ പരിഭ്രമം കണ്ടതോടെ മറ്റുള്ളവരും അടുത്തെത്തി. വായിലെ മുറുക്കാന്‍ചണ്ടി സ്റ്റേജിന് പുറത്തേക്ക് നീട്ടിത്തുപ്പി നടിയുടെ അമ്മയും ഞങ്ങളുടെ നേര്‍ക്ക് എത്തി. ഇനി താമസിച്ചാല്‍ കുത്തിന് പിടി കിട്ടും എന്ന കാര്യം ഉറപ്പ്. ഒപ്പം നടിയുടെ അമ്മയുടെ വായില്‍ നിന്നു വീഴാനിടയുള്ള തെറിയുടെ കാഠിന്യത്തെക്കുറിച്ചുള്ള ഓര്‍മ്മ നട്ടെല്ലില്‍ ഒരു തണുപ്പായി പടരാനും തുടങ്ങി. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല, നായകനായ പ്രസിഡന്റിന്റെ കയ്യിലെ മോതിരവും, സെക്രട്ടറിയായ എന്റെ കയ്യിലെ വാച്ചും പണയമായി അടുത്ത വീട്ടിലെ ജോസച്ചായന്റെ വീട്ടിലെത്തി! കിട്ടിയ പൈസ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി കഴിഞ്ഞപ്പോള്‍ നാടകത്തിലില്ലാത്ത ഒരു വിഷാദരംഗം അഭിനയിച്ചു തീര്‍ത്ത ആശ്വാസത്തില്‍ ആയിരുന്നു ഞങ്ങള്‍!

‘എന്താ ഒറ്റക്ക് നിന്ന് ചിരിക്കുന്നത്?’ ലൈബ്രേറിയന്റെ ചോദ്യമാണ് വര്‍ത്തമാനകാലത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

ഒന്നും പറയാതെ പുറത്തേക്ക് നടന്നു. മെല്ലെ നടന്ന് നാട്ടിന്‍‌പുറത്തിന്റെ പഴയ സിരാകേന്ദ്രമായിരുന്ന നാല്‍ക്കവലയിലെത്തി. വല്ലപ്പോഴും ഒരു ബസ്സ് പൊടിപറത്തി പോകുമായിരുന്ന നിരത്തിലുള്ള ആ ‘മുക്ക്’ ആകെ മാറിയിരിക്കുന്നു. നാട്ടിലെ പ്രധാന സ്ഥാപനങ്ങളായിരുന്ന പിള്ളച്ചേട്ടന്റെ ചായക്കടയുടെ സ്ഥാനത്ത് ഒരു ‘ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്’! പഴയ സുകുമാരന്റെ ബാര്‍ബര്‍ഷോപ്പ്, ‘ഹെയര്‍ കട്ടിങ് സലൂണ്‍’ ആയിരിയ്ക്കുന്നു! തൊട്ടപ്പുറത്ത് രണ്ട് നിലകളായുള്ള കടയുടെ താഴേ മുറിയില്‍ ‘ടെയിലറീങ്ങ് ആന്റ് എംബ്രോയിഡറി ഷോപ്പ്’, അതിന് മുകളില്‍ തിളങ്ങുന്ന ഒരു ബോര്‍ഡ്, ‘ഷഹനാസ് ബ്യൂട്ടി പാര്‍ലര്‍’! തൊട്ടടുത്ത് തന്നെ മില്‍മായുടെ കട. അതിന് പുറകിലുള്ള പറമ്പിലേക്ക് ചൂണ്ടുപലകയായി മറ്റൊരു ബോര്‍ഡ്, ‘കള്ള്’!!

പഴയ അന്തിച്ചന്ത ഓട്ടൊസ്റ്റാന്‍ഡിന് വഴി മാറിയിരിക്കുന്നു!

കടത്തിണ്ണയിലും, ഓട്ടോസ്റ്റാന്‍ഡിലുമൊക്കെ വാചകമടിച്ചു നില്‍ക്കുകയും, നിരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ധൃതിവെച്ച് പോകുകയും ചെയ്യുന്നവരുടെ ഇടയില്‍ ഒരു പരിചിത മുഖത്തിനായി തിരഞ്ഞു. നിരാശ തന്നെ ഫലം! ജനിച്ച് വളര്‍ന്ന നാട്ടില്‍ പ്രവാസിയാകേണ്ടി വരുന്ന ഗതികേട്!!

ഇരുള്‍ പരക്കാന്‍ തുടങ്ങിയതോടെ ചേക്കേറാനായി കിളികള്‍ അകലങ്ങളിലേക്ക് പറന്നകലാന്‍ തുടങ്ങി. ഒപ്പം തൃക്കാര്‍ത്തികയുടെ വരവറിയിച്ച് കൊണ്ട് ചിരാതുകള്‍ അവിടവിടെ കണ്‍‌മിഴിക്കാനും.

(തുടരും..)

18 Response to "കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (മൂന്നാം ഭാഗം)"

  1. പഴയകാല ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്കിന് സഹായിച്ചുവല്ലോ ഗൃഹാതുരതയുടെ ഈ പോസ്റ്റ്‌. തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    Nileenam says:

    തുടര്‍ഭാഗങ്ങള്‍ക്കായ് കാത്തിരിക്കുന്നു

    ഒരു പ്രവാസിയുടെ ഉള്‍ത്തുടിപ്പുകള്‍ അറ്റങ്ങിയിരിക്കുന്നു.കുറഞ്ഞ വാക്കുകളില്‍ വിവരിച്ച:
    അവള്‍ പറഞ്ഞ അവസാനമില്ലാത്ത കഥകള്‍ക്ക് കാതോര്‍ത്ത് കിടന്ന ഏതോ നിമിഷത്തിലാണല്ലോ നിശ്വാസങ്ങള്‍ക്ക് വേഗം കൂടിയതും, പിന്നെ മനസ്സിലും ശരീരത്തിലും അടക്കി വച്ചിരുന്ന വികാരങ്ങളുടെ ഉഷ്ണജ്വാലകള്‍ ഇളംതെന്നലായി, ചാറ്റല്‍മഴയായി, പിന്നെ പെരുമഴയായി പെയ്തിറങ്ങിയതും! അസ്സലായി!.

    ആദ്യം വായിച്ചത് മൂന്നാം ഭാഗം. ലിങ്ക് അയച്ചു തന്നതിനു ആദ്യത്തെ നന്ദി കുഞ്ഞൂസിന് മനസ്സിന്റെ ഒരു നല്ല ഭാഗത്ത് നിലയുറപ്പിച്ച വായനശാലയും ആല്‍ത്തറയും ആര്‍‌ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബുകളും ഒക്കെ ഇന്ന് നാട്ടില്‍ കാണാമറയത്താവുന്നു. പകരം ഇന്റെര്‍നെറ്റ് കഫെയും ബ്യൂട്ടി പാര്‍ലറും...
    നാടിന്റെ മുഖം മാറി നാട്ടുകാരുടെയും. തിരികെ എത്തിയാല്‍ എത്ര ചേര്‍ന്നു പോവാന്‍ ശ്രമിച്ചാലും ഏതോ ഒരു അകല്‍ച്ച എവിടെയോ ...
    "‘ആരാ മനസ്സിലായില്ലല്ലോ?’"
    സ്വന്ത നാട്ടില്‍ ഇതു കേള്‍ക്കുമ്പോള്‍ പ്രവാസിയുടെ നഷ്ടത്തില്‍ അതും കൂടീ കൂട്ടം വിട്ട കിളിപോലെ ഒറ്റപ്പെടുന്ന.....

    Unknown says:

    ഇതെല്ലാവരേയും ഭൂതകാലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു...നന്നായിരിക്കുന്നു...ഭാവുകങ്ങള്‍

    തുടര്‍ഭാഗങ്ങള്‍ക്കായ് കാത്തിരിക്കുന്നു......

    കുഞ്ഞൂസ്സ്: ഇന്നലകളുടെ ഈ ഓര്‍മകളല്ലെ ഇന്നിന്റെ ശക്തി. നന്ദി.

    നിലീനം: വായനയ്ക്കു് നന്ദി.

    ശ്രീ:മുഹമ്മദ്കുട്ടി: ഒരു പ്രവാസിയുടെ ഉള്‍ത്തുടിപ്പുകള്‍ അവന് മാത്രമല്ലേ നന്നായി മനസ്സിലാവൂ.

    മാണിക്യം: എന്റെ പേജിലെത്തിയതില്‍ സന്തോഷം. വിശദമായ ഈ അഭിപ്രായത്തിന് നന്ദി. പിന്നെ, സ്വന്തം നാട്ടില്‍ പ്രവാസിയകേണ്ടി വരുന്നത് ഒരു ഗതികേട് തന്നെയല്ലേ?

    ശ്രീ. ബാലകൃഷ്ണന്‍:ഈ ഭൂതകാലത്തിന്റെ ഓര്‍മകളല്ലേ പ്രവാസത്തിന്റെ ബാക്കിപത്രം? നല്ല വാക്കുകള്‍ക്ക് നന്ദി.

    വിപിന്‍: സന്തോഷം.

    ഞാനും ഇങ്ങനെ ഒക്കെ തന്നെ...നാട്ടില്‍ പോയാല്‍ പഠിച്ച സ്കൂളുകളിലും കോളേജിലും വെറുതെ യെങ്കിലും ഒന്ന് പോവും....ആള്‍കൂട്ടത്തില്‍ പരിചയമുള്ള മുഖങ്ങള്‍ തിരയും....പക്ഷെ......സസ്നേഹം

    യാത്രികന്‍: നടന്നു കാല്‍പ്പാടുകള്‍ പതിഞ്ഞ വഴികളില്‍ അന്യനാകേണ്ടി വരുന്ന ദുരന്തം ... !

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    മൂന്നു ഭാഗങ്ങളും വായിച്ചു. ഒന്നിനൊന്നു മെച്ചമായി പറയുന്ന എഴുത്ത്‌.
    നാട്ടില്‍ പോലും പ്രവാസിയാകെണ്ടിവരുന്ന അവസ്ഥ....
    വളരെ ഇഷ്ടപ്പെടുന്നു മാഷെ.

    വായിക്കാനും അഭിപ്രായങ്ങളറിയിക്കാനും സമയം കണ്ടെത്തിയതിൽ സന്തോഷം റാംജി. തുടർന്നും ഇതുവഴി വരിക.

    Vayady says:

    നാട്ടിന്‍പുറവും, ആല്‍ത്തറയും, നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിക്കുവേണ്ടി കാത്തിരിക്കുന്ന കൗമാരക്കാരനേയും, ആര്‍ക്കും വേണ്ടാത്ത വായനശാലയും, ചെമ്മണ്‍പാതയും എല്ലാം ഞാന്‍ ഭാവനയില്‍ കണ്ടു. മനോഹരമായ ആ ഗ്രാമത്തെ മനക്കണ്ണില്‍ കാണിച്ചു തന്നതിന്‌ നന്ദി.

    'വായാടിക്കിളി വായാടിക്കിളി മാനത്തെന്ത് വിശേഷം..’ ഐ.ഡി. കണ്ടപ്പോള്‍ ഈ പാട്ടൊന്ന് ഓര്‍ത്ത്പോയതാണേ!
    പിന്നെ നല്ല വാക്കുകള്‍ക്കും, ആ നല്ല പാട്ട് ഓര്‍മിപ്പിച്ചതിനും നന്ദി.

    Anonymous says:

    ഇവിടെ വന്നു വായിച്ചു തീർന്നിട്ടില്ല ബാക്കി കുറച്ചു കഴിഞ്ഞിട്ട്.. അപ്പൊ വിശദമായ അഭിപ്രായം പറയാം..

    ഉമ്മുഅമ്മാര്‍: സന്തോഷം, അഭിപ്രായത്തിനായി കാത്തിരിക്കുന്നു.

    ഓര്‍മകള്‍ എല്ലാവര്‍ക്കും പ്രൈയങ്കരമല്ലേ സുഹൃത്തേ.
    നന്നായി അവതരിപ്പിച്ചു.
    :-)
    ഉപാസന

    ഉപാസന: ഈ ഓര്‍മ്മകള്‍ മാത്രമല്ലേ ഇന്നിന്റെ ബാക്കിപത്രം. നന്ദി ഇതു വഴി വന്നതിനും അഭിപ്രാ‍യം കുറിച്ചതിനും.

Post a Comment

Related Posts Plugin for WordPress, Blogger...