കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (രണ്ടാം ഭാഗം)

കാക്കകളുടെ കലപില ശബ്ദം ... ഏതൊക്കെയോ കിളികള്‍ ചിലക്കുന്നു ... മെല്ലെ കണ്ണുകള്‍ തുറന്നു ... എന്തുപറ്റി ഇന്ന് അലാറം അടിച്ചില്ലേ? മൊബൈലിലും, ടൈം‌പീസിലും അലാറം വെക്കാറുള്ളതാണെല്ലോ! തുറന്ന് കിടന്ന ജനലിലൂടെ പുലര്‍വെളിച്ചം അരിച്ചെത്തുന്നു ... അല്ലാ, ഇതെവിടെയാണ് ... പരിസരബോധം ഉണ്ടാവാന്‍ വീണ്ടും ഒരു നിമിഷം എടുത്തു!

ഹോ, ഞാന്‍ നാട്ടിലാണെല്ലോ! ഓഫീസിലെത്താന്‍ താമസിക്കുമോ എന്ന് വേവലാതി വേണ്ടാ. മീറ്റിങ്ങുകളെക്കുറിച്ചോര്‍ത്ത് രാവിലെ തന്നെ തല പുകക്കേണ്ടി വരില്ല! ജനലിലൂടെ അരിച്ചെത്തുന്ന വൃശ്ചികക്കുളിര്‍. പുതപ്പ് ഒന്നുകൂടി വലിച്ചിട്ട് തിരിഞ്ഞ് കിടന്നു.

‘ഇതെന്തൊരു ഉറക്കമാ, ദേ ഒന്നെഴുന്നേറ്റേ ... മോന്‍ പോകാന്‍ തുടങ്ങുന്നു’ ഭാര്യ കുലുക്കി വിളിക്കാന്‍ തുടങ്ങി.

കണ്ണു തുറന്നപ്പോള്‍ സ്ക്കൂള്‍ യൂണിഫോമില്‍ മോന്‍ മുന്നില്‍. ഒരു നിമിഷം അവനെ തന്നെ നോക്കിയിരുന്നു പോയി. എത്ര പെട്ടെന്നാണ് അപ്പു വലിയ കുട്ടിയായത്. മേല്‍‌ചുണ്ടില്‍ ഒരു വര പോലെ കുരുത്തു തുടങ്ങിയ മീശ. തോളിലെ പുസ്തക സഞ്ചിയുടെ ഭാരം കാരണം അവന്‍ അല്പം മുന്നോട്ട് കൂനിയാണ് നില്പ്! ആ നടപ്പ് കണ്ടപ്പോള്‍ പട്ടാണികള്‍ വലിയ ചുമടും പുറത്ത് വച്ച് നടക്കുന്നതാണ് ഓര്‍മ്മ വന്നത്! കൈവീശി അവന്‍ റോഡിലേക്കിറങ്ങുമ്പോള്‍ മനസ്സില്‍ മറ്റൊരു ചിത്രം തെളിഞ്ഞ് വന്നു - ദുബായിലെ ഫ്ലാറ്റില്‍ നിന്ന് രാവിലെ ഓഫീസിലേക്കായി യാത്ര പറയുമ്പോള്‍ വാതിലില്‍ ഭാര്യയുടെ ഒക്കത്തിരുന്നു കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച്, പിന്നെ കവിളില്‍ മുത്തം തന്ന് യാത്രയാക്കിയിരുന്ന അപ്പുവിന്റെ ചിത്രം!

അമ്മ കൊണ്ടുത്തന്ന ചൂട് ചായയുമായി സിറ്റൌട്ടിലേക്ക് ഇറങ്ങി. നാടന്‍ പശുവിന്‍‌പാല് ചേര്‍ത്തുണ്ടാക്കിയ കടുപ്പമുള്ള ചായയ്ക്ക് വല്ലാത്ത രുചി. അച്ഛന്‍ രാവിലെ തന്നെ തന്റെ ഈസിചെയറില്‍ പത്രത്തില്‍ മുഖം പൂഴ്തിയിരിക്കുന്നു. കുറച്ച് കഴിഞ്ഞതോടെ അടുത്ത പത്രവുമെത്തി. വെറുതെയൊന്ന് ഓടിച്ച് നോക്കി, അതിലും മോഷണവും, മാല പൊട്ടിക്കലും, സ്വര്‍ണവിലയും, ദുബായിലെ തൊഴില്‍ പ്രശ്നവുമൊക്കെത്തന്നെ വാര്‍ത്തകള്‍!

പത്രം മടക്കി വച്ച് മുറ്റത്തേക്കിറങ്ങി. മുറ്റം നിറയെ ചെടികള്‍; രാത്രിയില്‍ ഇത്രയും ചെടികള്‍ ഉണ്ടെന്ന് മനസ്സിലായിരുന്നില്ല. തെച്ചിയും, മുല്ലയും, നന്ത്യാര്‍വട്ടവും, പലതരം റോസുകളും, ജമന്തികളും, സീനിയയും പിന്നെ പേരറിയാത്ത എന്തെല്ലാമോ ചെടികളും. പുലരിസൂര്യന്റെ തലോടലില്‍ തലയാട്ടി നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. മണമില്ലാത്ത പലതരം ബോഗണ്‍‌വില്ലകള്‍. വായുവില്‍ ഒരഭ്യാസിയെപ്പോലെ ചിറകടിച്ച് നിന്ന് തെച്ചിപ്പൂവില്‍ നിന്നും തന്റെ നീണ്ട് കൂര്‍ത്ത ചുണ്ടുകൊണ്ട് തേന്‍ കുടിക്കുന്ന തിളങ്ങുന്ന നീല നിറമുള്ള ഒരു കുഞ്ഞിക്കിളി. മുറ്റത്തിന്റെ കോണിലെ ഒട്ടുമാവില്‍ പടര്‍ന്ന് കയറിയ വള്ളിയില്‍ നിറയെ മുല്ലപ്പൂക്കള്‍.

മാവിന്റെ താണ് നിന്ന കൊമ്പില്‍ നിന്നും ഒരു പഴുത്തിലയെടുത്തു; അത് ചുരുട്ടി ബ്രഷ് പോലെയാക്കി പല്ലു തേക്കാന്‍ തുടങ്ങി. മാവിലയുടെ സുഖമുള്ള സ്വാദ് വായില്‍! പിന്നെ പടിക്കെട്ടിനപ്പുറമുണ്ടായിരുന്ന ചെന്തെങ്ങിന്റെ ഓലയില്‍ നിന്ന് ഒരു ഈര്‍ക്കില്‍ എടുത്ത് രണ്ടായി പിളര്‍ത്തി നാവ് വടിച്ചു. മെല്ലെ കിണറ്റ് കരയിലേക്ക് നടന്നു. പക്ഷെ തൊട്ടിയും കയറുമൊക്കെ എന്നേ അപ്രത്യക്ഷമായിരിക്കുന്നു! കിണറ്റിലേക്ക് നീണ്ട് പോകുന്ന പൈപ്പുകള്‍... പിന്നെ അടുത്തുണ്ടായിരുന്ന പൈപ്പിന്‍ ചുവട്ടിലേക്ക് പോയി.

അടുക്കളവാതിലിലൂടെ വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കിഴക്ക് വശത്ത് തൊഴുത്തില്‍ നിന്നും അമ്മിണിയുടെ കരച്ചില്‍ കേട്ടത്. അങ്ങോട്ട് നടന്നു... തൊഴുത്തില്‍ പച്ചപ്പുല്ല് ചവച്ച് തലയാട്ടി നില്‍ക്കുന്ന അമ്മിണി. അവളുടെ അകിടില്‍ നിന്നും പാല്‍ കുടിക്കുന്ന കിടാവ്.

‘നീ എന്താ ഇവിടെ നില്‍ക്കുന്നത്?’ അമ്മയുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.

ഒന്നും മിണ്ടാതെ തൊഴുത്തിനു നേരേ നോക്കി. എന്നോ ഒഴിഞ്ഞ തൊഴുത്തില്‍ നിറയെ വിറക്! തൊഴുത്തിന്റെ ഒരു കോണ് താവളമാക്കിയിരിക്കുന്നു ഏതോ ഒരു തെണ്ടിപ്പൂച്ച! അടുത്തു ചെന്നപ്പോള്‍ തന്റെ സാമ്രാജ്യം അതിക്രമിച്ച് കടക്കാന്‍ വന്നവനെ രൂക്ഷമായൊന്ന് നോക്കി അത് അവിടെ നിന്ന് പുറത്തേക്ക് ഓടി.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും പ്രിയതമ പ്രഭാതഭക്ഷണം എടുത്ത് വെച്ചു. പതിവ് പൊലെ ഇത്തവണയും അമ്മ എനിക്കായി കപ്പയും, കാച്ചിലും, കിഴങ്ങും, ചേമ്പും, ചേനയും ഒക്കെ സൂക്ഷിച്ചു വച്ചിരിക്കുന്നു. അവയോടൊപ്പം പച്ചേത്തക്കയും ചേര്‍ത്ത് പുഴുങ്ങിയത് ആവിയോടെ പ്ലേറ്റില്‍! കൂടെ പൊട്ടിച്ച കാന്താരി മുളകും കൊച്ചുള്ളിയും തൈരില്‍ ചാലിച്ച ചമ്മന്തി!! പുഴുക്കിന്റെ ചൂടും, കാന്താരിയുടെ സുഖമുള്ള എരിവും കൂടി കണ്ണ് നിറച്ചു!!!

ഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി.

‘ഞാന്‍ വെറുതെ പുറത്തൊക്കെയൊന്ന് നടക്കാന്‍ പോകുന്നു’ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

‘എപ്പഴാ മഴ വരിക എന്നറിയില്ല, വേഗം തിരിച്ചു പോന്നോളൂ, കേട്ടോ’ ഭാര്യ അകത്തു നിന്നും ഉറക്കെ പറഞ്ഞു.

ഇടവഴിയിലൂടെ പഞ്ചായത്ത് റോഡിലേക്ക് കടന്നു. പഴയ ചെമ്മണ്‍ പാത ഇപ്പോള്‍ ടാര്‍ റോഡായിരിയ്ക്കുന്നു. ടാര്‍ റോഡായിരുന്നു എന്നൊര്‍മിപ്പിച്ചു കോണ്ട് അവിടവിടെ അല്പം ടാറും റോഡ് മുഴുവന്‍ ഇളകിത്തെറിച്ച് കിടക്കുന്ന മെറ്റലും. ഒരു കാലത്ത് കാട്ടുറൊസയും, തുമ്പയും, പാണലും ഒക്കെ നിറഞ്ഞ് നിന്നിരുന്ന പാതയുടെ വശങ്ങളില്‍ ഇളകിവീണ മെറ്റലുകള്‍ മാത്രം! പുഞ്ചയുടെ തുടക്കത്തിലുണ്ടായിരുന്ന കുറ്റിച്ചെടികളൊക്കെ അപ്രത്യക്ഷമായിരിയ്ക്കുന്നു. എല്ലായിടത്തും വളര്‍ന്ന് പടര്‍ന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. അണ്ണാറക്കണ്ണന്റെയോ കിളികളുടേയോ ശബ്ദം എവിടെയും കേള്‍ക്കാനേ ഇല്ല! ഒരുകാലത്ത് പുഞ്ചയിലേക്ക് ചരിഞ്ഞ് നിന്നിരുന്ന കൊന്നത്തെങ്ങുകളും, അവയുടെ ഓലകളില്‍ ഞാന്നു കിടന്നിരുന്ന ഓലേഞ്ഞാലിക്കുരുവികളുടെ കൂടുകളും ഒരു നിമിഷം മനസ്സിലെത്തി!

പൊടുന്നനെയാണ് തൊട്ടടുത്ത്കൂടി ഒരു മോട്ടോര്‍സൈക്കിള്‍ ചീറിപ്പാഞ്ഞ് പോയത്. മോട്ടൊര്‍ സൈക്കിളിന്റെ വലിപ്പം പോലുമില്ലാത്ത മൂന്ന് പിള്ളാര്‍! ‘ഇവനാരെടാ എന്ന ഭാവത്തില്‍’ അവന്മാര്‍ എന്നെയൊന്ന് നോക്കി, പിന്നെ ദുബായിലെ ഇടവഴികളില്‍ അറബിപ്പിള്ളാര്‍ ബൈക്കുകള്‍ പറപ്പിക്കുന്നത് പോലെ അവന്മാരും കൂവി വിളിച്ച് ബൈക്കോടിച്ച് പോയി. പിന്നെ ആരോ പറഞ്ഞാണ് അറിഞ്ഞത് നാട്ടില്‍ ഇപ്പോള്‍ റെന്റ്-എ-കാര്‍ പോലുള്ളിടത്തു നിന്നും ആര്‍ക്ക് വേണമെങ്കിലും മോട്ടോര്‍ സൈക്കിള്‍ വാടകക്ക് കിട്ടുമത്രെ! റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ടാപ്പിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന തമിഴന്മാര്‍ മുഖമുയര്‍ത്തി നോക്കിയിട്ട് വീണ്ടും അവരുടെ ജോലിയിലേക്ക് തിരിഞ്ഞു. കയ്യില്‍ ചോറ്റുപാത്രങ്ങളും മറ്റുമായി എതിരേ വന്ന, കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോകുന്ന ഒരു പറ്റം സ്ത്രീകള്‍ എന്തോ കമന്റ് പറഞ്ഞ് ഉറക്കെ ചിരിച്ച് കടന്ന് പോയി.

പൊടുന്നനെയാണ് ആകാശം കറുത്തത്. ഒപ്പം മലയുടെ അങ്ങേച്ചരിവില്‍ നിന്ന് മഴയുടെ ഇരമ്പം കേട്ട് തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ചരല്‍ വാരിയെറിയുന്നത് പോലെ മഴത്തുള്ളികള്‍ ആഞ്ഞ് പതിക്കാനും തുടങ്ങി. റബ്ബര്‍ ചില്ലകള്‍ കാറ്റില്‍ ആടിയുലഞ്ഞു. ഇലച്ചാര്‍ത്തില്‍ വീഴുന്ന മഴയുടെ വന്യമായ താളം. ശരീരം മഴയില്‍ നനഞ്ഞ് കുതിരാന്‍ തുടങ്ങിയപ്പോള്‍ മനസ്സിന്റെ ഏതൊ കോണില്‍ ഒളിച്ചിരുന്ന ‘കുട്ടി’ ഉണരാന്‍ തുടങ്ങി - മഴയില്‍, കൈകൊട്ടി, ആര്‍പ്പു വിളിച്ച് ഒന്ന് തുള്ളിച്ചാടാന്‍ പറ്റിയിരുന്നെകില്‍! മണ്ണില്‍ വീണ മഴത്തുള്ളികള്‍ പിന്നെ ചാലു കീറി ഒഴുകാന്‍ തുടങ്ങി. മലയില്‍ നിന്ന് ഒഴുകി വരാന്‍ തുടങ്ങിയ കലക്കവെള്ളം പാദങ്ങളെ ഉമ്മവച്ച് ഒഴുകിയകന്നു.

നനഞ്ഞ് കുതിര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെ അഛന്‍.

‘പതിവില്ലാതെ മഴ നനഞ്ഞ് ഇനി പനി പിടിപ്പിക്കണം!’

‘ഇതെന്താ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം?’ ഒരല്പം പരിഭവത്തോടെ ഭാര്യ ഒരു തോര്‍ത്തുമായി വന്ന് തല തുവര്‍ത്താന്‍ തുടങ്ങി.

‘മോളെ, ഇത് കൂടി അവന്റെ നെറുകയില്‍ അല്പം തിരുമ്മി കൊടുക്കൂ, പനി പിടിക്കാതിരിക്കട്ടെ’ രാസ്നാദിപ്പൊടിയുടെ ഡബ്ബയുമായി അമ്മ.
(തുടരും)

15 Response to "കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (രണ്ടാം ഭാഗം)"

 1. ഗ്രാമ്യ ഭംഗിയുടെ ചാരുതകള്‍.

  വളരെ ഇഷ്ടായി.
  ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന ഗ്രാമീണ ഭംഗിയുടെ നഷ്ടപ്പെടലുകളില്‍ മനസ്സുടക്കുമ്പോള്‍ അറിയാതെ ഒരു നിശ്വാസം...
  നന്നായി മാഷെ.

  Vayady says:

  നല്ല പോസ്റ്റ്. വായിച്ചു തീര്‍ന്നപ്പോള്‍ ഗൃഹാതുരത്വം അനുഭവപ്പെട്ടു. ടൗണില്‍ ജനിച്ചു വളര്‍ന്ന എന്നെ ഈ ഗ്രാമാന്തരീക്ഷം എന്നും കൊതിപ്പിച്ചിട്ടുണ്ട്.

  എന്റെ ബ്ലോഗില്‍ വന്നതിന്‌ നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം.

  ശ്രീ. കുമാരന്‍, ശ്രീ. റാംജി, വായാടി: നല്ല വാക്കുകള്‍ക്ക് നന്ദി. വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതില്‍ സന്തോഷം.

  നേരത്തെ വന്നു വായിച്ചുപോയിരുന്നു. കമെന്റിടാന്‍ പറ്റിയില്ല.

  ഇതു വായിച്ചപ്പോള്‍ പഴയതുകൂടി- ഒന്നാം ഭാഗം)- ഒന്നു വായിക്കണമെന്നു തോന്നി. അതും വായിച്ചു.

  വളരെ രസകരമായി എഴുതിയിരിക്കുന്നു. ഗ്രാമവും വീടുമൊക്കെ ശരിക്കും അതുപോലെ.

  എഴുത്തുകാരി, ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

  ഹംസ says:

  ഒന്ന് നാട്ടില്‍ പോയി വന്ന സുഖം ! നന്നായിരിക്കുന്നു.

  ഹംസ: എന്റെ ബ്ലോഗിലെത്തിയതിനും കമന്റ് എഴുതിയതിലും സന്തോഷം.

  നന്നാവുന്നുണ്ടേ...കാര്‍ത്തിക വിളക്കുകള്‍..എല്ലാം കണ്‍‌തുറന്നു കഴിയട്ടെ...എന്നിട്ടാവാം യഥാര്‍ത്ഥ അഭിപ്രായം...

  നാട്ടിലേയ്ക്കുള്ള യാത്രാ വിവരണം നന്നായിട്ടുണ്ട്. ആരെയും കൊതിപ്പിക്കുന്ന പശ്ചാത്തല വിവരണം!.

  നാട്ടില്‍ എത്തിയപോലെ തോന്നി മാവിലകൊണ്ടു പല്ല് തേച്ച് അമ്മിണിപ്പയ്യിന്റെ നിറുകയില്‍ തലോടീ പുഴുക്കും കൂടെ പൊട്ടിച്ച കാന്താരി മുളകും കൊച്ചുള്ളിയും തൈരില്‍ ചാലിച്ച ചമ്മന്തിയും ഹോ എന്താ സ്വാദ് വല്ലതെ കൊതിപ്പിച്ചു...ചരല്‍ വാരിയെറിയുന്നത് പോലെ മഴത്തുള്ളികള്‍ എന്റെ മനസ്സിലും പതിച്ചു അതി മനോഹരമായി അവതരിപ്പിച്ചു
  ഈ എഴുത്തിന്റെ സുഖം ഒരു പ്രവാസിയായ ഞാന്‍ അങ്ങേയറ്റം ആസ്വദിച്ചു ....... :)

  കുഞ്ഞൂസ് വഴിയാണ് ഇവിടെ വന്നത്. എല്ലാം ഒന്നിച്ച് വായിക്കേണ്ടതുള്ളത്കൊണ്ട് വീണ്ടും വരാം

  ഇക്ക, മാണിക്യം, സുരേഷ്, സിദ്ധിക്ക്: ഏറെ സന്തോഷം, ഇനിയും വരിക, അഭിപ്രായങ്ങള്‍ അറിയിയ്ക്കുക.

  .. says:

  ..
  ബാക്കി വായിക്കട്ടെ
  ..

  .. says:

  സെറ്റിങ്ങില്‍ പോയി comment form placement below embeded post ആക്കൂ, വായനക്കാര്‍ക്ക് കമന്റാന്‍ സൗകര്യമാകും :)

Post a Comment

Related Posts Plugin for WordPress, Blogger...