കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (നാലാം ഭാഗം)

കിളികളുടെ കളകളനാദം കേട്ടാണ് കണ്ണ് തുറന്നത്. തൊടിയുടെ അതിരിലുള്ള വയണമരത്തില്‍ നിന്നും ഒരു കുയിലിന്റെ പ്രഭാതഭേരി. മുറ്റത്തെ മാവിന്റെ ഇലകളീല്‍ ‍തട്ടിച്ചിതറുന്ന പുലര്‍‌കാല സൂര്യന്റെ രശ്മികള്‍. ജനലിലൂടെ അരിച്ചെത്തുന്ന വൃശ്ചികക്കുളിരിന്റെ നനുത്ത തലോടല്‍. വെറുതെയങ്ങനെ അലസമായി കിടക്കാന്‍ കൊതി തോന്നി. ജനല്‍കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കി, ഇളംകാറ്റില്‍ തലയാട്ടി വിടര്‍ന്ന് വിരിഞ്ഞൊരു ചുവന്ന റോസപ്പൂവ്... അതില്‍ പറ്റിനിന്ന് തിളങ്ങുന്ന മഞ്ഞുതുള്ളിയുടെ ഭാരത്തില്‍ ഒരല്പം തലകുനിഞ്ഞിരിക്കുന്നു റോസാപ്പൂവിന്. പിന്നെ അതിനേ ചുറ്റിപ്പറന്നൊരു കരിവണ്ട്, എന്തോ കിന്നാരം പറഞ്ഞ് മെല്ലെയാ റോസാപ്പുവിന്റെ കവിളിലൊരു മുത്തം കൊടുത്തു പറന്നകന്നു! ഇളവെയിലില്‍ കൂട്ടമായി പറന്ന് കളിക്കുന്ന സ്വര്‍ണത്തുമ്പികള്‍.

‘എന്താ രാവിലെ തനിച്ചിരുന്നു സ്വപ്നം കാണുന്നേ?’

ചൂടുകാപ്പിയുമായി പ്രിയതമ. കുളിച്ചീറന്‍ മാറാത്ത മുടിയില്‍ നിന്നും അപ്പോഴും പൊഴിഞ്ഞുവീഴുന്ന നീര്‍ത്തുള്ളികള്‍. മുടിത്തുമ്പില്‍ തിരുകിയ തുളസിയില, നെറ്റിയില്‍ അലസമായൊരു ഭസ്മക്കുറി, ചെറിയ കരയുള്ള സെറ്റ്മുണ്ട്. അവളുടെ കയ്യില്‍ പിടിച്ച് മെല്ലെ അടുത്തേക്ക് വലിച്ചു.

‘ഉം, എന്താ രാവിലെ ഒരു കൊഞ്ചല്‍? എനിക്കേ അടുക്കളയില്‍ ജോലി ഉണ്ട് കേട്ടൊ. സാറിവിടെയിരുന്നു തുമ്പികളുടെ ഒക്കെ എണ്ണമെടുക്കൂ’

കൈ വലിച്ചെടുത്ത്, കവിളില്‍ ഒന്ന് നുള്ളി അവള്‍ പുറത്തേക്ക് പോയി.

കുറേനേരം കഴിഞ്ഞ് പ്രിയസ്‌നേഹിതനും കുടുംബവും എത്തിയതോടെ വീട് ആഹ്ലാദാരാവങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ തവണയും ‘അനിമാമനെ’ വിടാതെ കൂടുമായിരുന്നു കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നിരിക്കുന്നു. കാര്യമാത്രപ്രസക്തമായ അവരുടെ സംസാരം കേട്ടപ്പോള്‍ കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമായി ഇരുന്നാല്‍ മതിയായിരുന്നു എന്ന് വെറുതെ ഓര്‍ത്തു! നേര‍ത്തേ വരുമ്പോഴൊക്കെ ക്രിക്കറ്റ് കളിയിലോ, കാരംസ് കളിയിലോ ഒക്കെ മുഴുകുമായിരുന്ന കുട്ടികള്‍ ഇപ്പോള്‍ നേരേ കമ്പ്യൂട്ടറിനു മുന്നില്‍ എത്തി, അപ്പുവും ചേര്‍ന്ന് ഗെയിംസില്‍ മുഴുകി.

പിന്നെ പ്രിയതമയെ വിളിച്ച് രണ്ട് ഗ്ലാസ്സുകളും വാങ്ങി, ദുബായ് ഡ്യൂട്ടി ഫ്രീയുടെ ‘ടക്കീലയുടെ’ കുപ്പിയുമായി ടെറസ്സിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അവള്‍ പറയുന്നുണ്ടായിരുന്നു,

‘അമ്മ കാണണ്ടാ കേട്ടോ’

പ്രായമേറെയായെങ്കിലും അവര്‍ക്ക് ഞാനിപ്പോഴും കുഞ്ഞ് തന്നെ!

വെയിലിലും മഴയിലും നിന്ന് വീടിന്റെ സംരക്ഷണത്തിനായി കെട്ടിയുണ്ടാക്കിയ മേല്‍ക്കൂരയിലേ ഷേഡിനു താഴെ വളര്‍ത്തിയ ചെടികളും, വള്ളിച്ചെടികളും അവ നല്‍കുന്ന തണുപ്പും, വയല്‍ കടന്നെത്തിയ ഇളംകാറ്റും ഒക്കെക്കൂടിയായപ്പോള്‍ ഒരു റൂഫ് ഗാര്‍ഡന്റെ സുഖമുള്ള അന്തരിക്ഷം.

നാരങ്ങയും ഉപ്പും ചേര്‍ത്ത് ടക്കീലയുടെ രണ്ട് ഷോട്ട് ഉള്ളില്‍ ചെന്നതോടെ നന്നായി പാടാന്‍ കഴിയുന്ന കൂട്ടുകാരന്റെ ചുണ്ടില്‍ എനിക്കേറ്റവും പ്രിയപ്പെട്ട പഴയ പാട്ടുകള്‍ പിറന്ന് വീഴാന്‍ തുടങ്ങി. മന‍സ്സ് ഇന്നലകളിലേക്ക് മുങ്ങാംകുഴിയിടുമ്പോഴാണ് പൊടുന്നനെ മന‍സ്സിലേക്ക് ആ ചിന്ത എത്തിയത്.

‘മൊഹന്‍, നമുക്ക് നമ്മുടെ പഴയ കോളേജ് കാമ്പസ്സിലൊന്ന് കറങ്ങിയാലോ?’

മോഹന് സമ്മതം മൂളാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.

ഉച്ചയൂണ് കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഭാര്യമാരും എത്തി.

‘ഞങ്ങളും വരുന്നുണ്ട്, സാറുന്മാരുടെ പഴയ വിഹാര കേന്ദ്രങ്ങളൊക്കെ ഒന്ന് കാണാമല്ലോ’.

അപ്പോള്‍ കുട്ടികളും ഒപ്പം വരാന്‍ തയ്യാറായി. അതോടെ പഴയ ചെത്തുശൈലിയില്‍ ബൈക്കില്‍ ഒന്ന് കറങ്ങാമെന്ന മോഹം ഉപേക്ഷിച്ച് അനിയന്റെ കാറെടുത്തു. നാട്ടില്‍ നിന്നും അധികം ദൂരയല്ലാത്ത കോളേജ് പടിക്കലെത്താന്‍ കുറച്ച് സമയമേ വേണ്ടി വന്നൊള്ളു. പണ്ട് തുറന്ന് കിടന്നിരുന്ന കോളേജ് ഗേറ്റില്‍ വലിയ ഇരുമ്പ് ഗേറ്റ് പിടിപ്പിച്ചിരിക്കുന്നു. കാവല്‍ക്കാരന്റെ അനുവാദം വാങ്ങിയിട്ടേ ഉള്ളിലേക്ക് പോകാന്‍ കഴിഞ്ഞൊള്ളു. വര്‍ഷങ്ങള്‍ കാല്‍ക്കീഴിലാക്കി നടന്നുപോയ വഴിത്താരകള്‍! കോളേജ് രാഷ്ട്രീയം കോടതി നിരോധിച്ചത് കൊണ്ടാവാം വഴിയുടെ ഇരുവശങ്ങളിലുമുള്ള മതിലുകള്‍ വൃത്തിയായി കിടക്കുന്നു.

സ്കൂളിന് എതിര്‍വശത്തായുള്ള ഭിത്തിക്കടുത്തെത്തിയപ്പോള്‍ കാറ് നിര്‍ത്തി. പഴയ ഒരു കോളേജ് തിരഞ്ഞെടുപ്പ് കാലം മനസ്സിലെത്തി. തിരഞ്ഞെടുപ്പിന്റെ വാശിയും വീറും സിരകളില്‍ കത്തിപ്പടര്‍ന്ന് നിന്ന കാലം! പകലെപ്പോഴൊ ‘ബുക്ക്‘ ചെയ്ത ചുമരില്‍ രാത്രി മുദ്രാവക്യങ്ങള്‍ എഴുതാന്‍ വേണ്ടി കൂട്ടം കൂടിയ രാത്രി. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യമായി ബീയറിന്റെ രുചിയറിഞ്ഞ ദിവസം. തലയിലൊരു വട്ടക്കെട്ടും കെട്ടി, മുണ്ടും മടക്കിക്കുത്തി നിന്ന് സുഹൃത്തുക്കള്‍ കാണിച്ചു തന്ന പെട്രോമാക്സ് വെളിച്ചത്തില്‍ എഴുതി,

‘ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍!’

‘ക്യാച്ച്...!’ തൊട്ടപ്പുറത്തെ മൈതാനത്തു നിന്നും ഉയര്‍ന്ന ആക്രോശമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. ഫുട്ബാള്‍ ഗ്രൌണ്ടിലുണ്ടാക്കിയ പിച്ചില്‍ ഏതൊ രണ്ട് ടീമുകളുടെ ക്രിക്കറ്റ് കളി നടക്കുന്നു. അത് കണ്ടതോടെ കുട്ടികള്‍ കാറില്‍ നിന്നിറങ്ങി അങ്ങോട്ട് പോയി. അതിനിടയില്‍ മോഹനില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു! പഴയ കോളേജ് ഫുട്ബാള്‍ ടീം മെംബര്‍ ആയിരുന്ന മോഹന്‍ പഴയകാലത്തിലേക്ക് മടങ്ങിയതാവാം.

കോളേജിലേക്ക് കയറുന്ന പടിക്കെട്ടുകള്‍ക്ക് താഴെ പഴയ വാകമരം ഇപ്പോഴും. വാകമരത്തിന് കീഴെ കാര്‍ പാര്‍ക്ക് ചെയ്ത് പടികയറിച്ചെന്നപ്പോള്‍ ആദ്യം കണ്ണുകള്‍ ഉടക്കിയത് തലമുറകള്‍ക്കൊപ്പം തളരാതെ യാത്ര ചെയ്യുന്ന മുത്തശ്ശിക്ലോക്കിലാണ്. ക്ലോക്ക്ടവറിലേക്ക് നോക്കി നിശബ്ദനായി നിന്നപ്പോള്‍ ഇരുകൈകളും നീട്ടി കോളേജ് മുത്തശ്ശി ചോദിക്കുന്നത് പോലെ തോന്നി,

‘എവിടായിരുന്നു മക്കളേ നിങ്ങള്‍ ഇതുവരെ?’

പടിക്കെട്ട് കയറിച്ചെല്ലുമ്പോള്‍ നിറയെ പൂത്ത ചെമ്പകമരം. മഞ്ഞയും വെള്ളയും ചേര്‍ന്ന മനോഹരമായ പൂവുകളില്‍ ചിലവ അടര്‍ന്ന് താഴെ കിടക്കുന്നു.

അവധി ദിവസം ആയതുകൊണ്ടാവണം വിശാലമായ കാമ്പസ്സ് ഏറെക്കുറെ ശൂന്യമായിരുന്നു. മധ്യകേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കോളേജുകളില്‍ ഒന്നായിരുന്ന ഇവിടേക്ക് ആദ്യമായി വന്ന ദിവസം ഓര്‍മയിലെത്തി. നവാഗതരേ സ്വീകരിക്കുവാന്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടേയും ബാനറും പോസ്റ്ററും മറ്റും. എവിടേയും പലതരം കൊടികള്‍. ഒറ്റക്കും കൂട്ടമായും ഒഴുകി നീങ്ങുന്ന ചേച്ചിമാര്‍, പേടിച്ചരണ്ട മിഴികളുമായി പട്ടുപാവാടയും, നീളന്‍ ബ്ലൌസും ധരിച്ച് ആദ്യമായി കോളേജിലെത്തുന്ന പ്രീ-ഡിഗ്രി പെണ്‍കുട്ടികള്‍... പഞ്ചാരക്കമന്റുകളുമായി ചേട്ടന്മാര്‍. വിസ്മയങ്ങളുടെ പുതിയ ഒരു ലോകം! പിന്നെ കോളേജ് ജീവിതത്തിന്റെ പുതുമകളുമായി ഇഴുകിച്ചേരാന്‍ ആഴ്ചകളെടുത്തു.

‘എന്താ ആലോചിച്ചു നില്‍ക്കുന്നേ?’ പ്രിയതമയുടെ വിളിയാണ് ഓര്‍മകളില്‍ നിന്നുണര്‍ത്തിയത്.

വിജനമായ, നീണ്ട് നീണ്ട് പോകുന്ന ഇടനാഴികള്‍. എവിടെ നിന്നൊക്കെയോ പ്രാവുകള്‍ കുറുകുന്നു.

പ്രീ-ഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ഇതേ കോളെജില്‍ തന്നെ ചേര്‍ന്നപ്പോഴോക്കും കോളേജ് സ്വന്തം തറവാട് പോലെ ആയിത്തീര്‍ന്നിരുന്നു. പരിചയമുള്ള കൂട്ടുകാര്‍, പരിചയക്കാരായ അധ്യാപകര്‍, അടുപ്പക്കാരായിത്തീര്‍ന്നിരുന്ന കാന്റീനിലെ ആള്‍ക്കാര്‍, നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സജീവ പ്രവര്‍ത്തനം, എല്ലാത്തിലുമുപരി വിപ്ലവവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തനം... അതിനെല്ലാമുപരി നാട്ടുകാരനെന്ന ആനുകൂല്യവും.

നടന്നെത്തിയത് ഇക്കണോമിക്സ് ഡിപാര്‍ട്മെന്റിനു മുന്നില്‍.

‘എന്താടോ ക്ലാസ്സ് കട്ട് ചെയ്ത് നടന്ന് പഞ്ചാരയടിയാണ് അല്ലേ?’

വെളുക്കെച്ചിരിച്ച് കൊണ്ട് തുളസീധരന്‍ സാര്‍!

വീണ്ടും നോക്കി... ഇല്ല, അടഞ്ഞ് കിടക്കുന്ന വലിയ വാതില്‍ മാത്രം. തുളസിസാര്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ പലതായല്ലോ! കോളേജ് ജീവിതത്തിന് ശേഷവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൂട്ടുകാരേ കാണുമ്പോഴൊക്ക സ്‌നേഹപൂര്‍വ്വം അന്വേഷിക്കാറുണ്ടായിരുന്ന പാവം സാര്‍.

വരാന്തയുടെ അങ്ങേക്കോണിലെ കല്‍പ്പടവുകളിറങ്ങി വരുന്നത് ശോഭേച്ചി അല്ലേ? ചുരുണ്ട് കിളിക്കൂട് പോലുള്ള മുടി കെട്ടിയിട്ട് കൂട്ടുകാരോടൊപ്പം തമാശകള്‍ പറഞ്ഞ്, മഞ്ഞ സാരി ചുറ്റിയ ശോഭേച്ചി. അടുത്തെത്തി എന്നേക്കണ്ടതോടെ കൂട്ടുകാരികള്‍ എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. കോളേജില്‍ അക്കാ‍ലത്ത് ‘രതിനിര്‍വേദം’ എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ ബന്ധം! ശോഭേച്ചി എനിക്കാരായിരുന്നു? ഒന്നാം വര്‍ഷ ഡിഗ്രിക്കാരനായിരുന്ന ഞാനും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ശോഭേച്ചിയും! വാക മരത്തിനു ചുവട്ടിലും, ലൈബ്രറിയുടെ പുറത്തെ ഇടനാഴികളിലും, കാന്റീനിലെ ഒഴിഞ്ഞ കോണിലും എന്തെന്ത് കഥകളും, കഥയില്ലായ്മകളും ഞങ്ങള്‍ കൈമാറി. പോസ്റ്റിലൂടെ അയച്ച എത്ര കത്തുകള്‍. പിന്നെ കോളേജ് ജീവിതത്തിന്റെ അവസാന നാളുകളില്‍ നടന്ന ശോഭേച്ചിയുടെ വിവാഹദിവസം യാത്ര പറയുമ്പോള്‍ എന്തിനായിരുന്നു ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞത്?

‘ഇതെന്താ അനീ ഇവിടെത്തന്നെ ആലോചിച്ചു നില്‍ക്കുന്നത്?’ മോഹനാണ്.

തുറന്ന് കിടന്ന മുകളിലേക്കുള്ള പടികളിലൂടെ ഫിസിക്സ് ഡിപാര്‍ട്ട്മെന്റില്‍ എത്തി. പഴയൊരു സഹപ്രവര്‍ത്തകനെ ഈ ക്ലാസ്സ്മുറിയിലിട്ടാണ് തല നിലത്തിടിച്ച് തലച്ചോറ് ചിതറിച്ച് അഹിംസാവാദികളുടെ ഇളമുറക്കാര്‍ കൊലപ്പെടുത്തിയത്!

അടുത്തുള്ള ഡിഗ്രിക്ക്ലാസ്സിലെ സ്റ്റേജില്‍ നിന്നല്ലേ ഒരു നേതാവിന്റെ ഘൊരഘോരമുള്ള പ്രസംഗം ഉയര്‍ന്ന് കേള്‍ക്കുന്നത്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ മലീമസമാക്കുന്ന യുവമനസ്സുകളേക്കുറിച്ചും, അത്തരം പ്രസിദ്ധീകരണങ്ങള്‍ വര്‍ജ്ജിക്കേണ്ടതിനെക്കുറിച്ചുമാണ് ഉടന്‍ നടക്കാന്‍ പോകുന്ന യൂണിയന്‍ ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായ സഖാവിന്റെ പ്രസംഗം! ആ രംഗം മനസ്സില്‍ കണ്ടതോടെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വിരിഞ്ഞു, അന്നത്തെ ആ സഖാവാണല്ലോ ഇപ്പോള്‍ പ്രമുഖമായ ഒരു ‘മ’ പ്രസിദ്ധീകരണത്തിന്റെ സാരഥി!

ലൈബ്രറി ഹാളിന്റെ പുറകുവശത്തേ ഇടനാഴിയിലൂടെ ലേഡീസ് ഹൊസ്റ്റലിലേക്ക് പോകുന്ന വഴി. അതിന്‍് സൈഡിലുള്ള കെമിസ്ട്രി ലാബിന്റെ ഇരുണ്ട ഇടാനാഴികളോട് ചേര്‍ന്ന് ഇപ്പോഴും വളര്‍ന്ന് പടര്‍ന്ന് കിടക്കുന്ന കോഴിവാലന്‍ ചെടികള്‍! വിശാലമായ വരാന്തയിലെ ഓരൊ തൂണുകളോടും ചേര്‍ന്ന് പരിസരം തന്നെ മറന്ന് തങ്ങളുടെ സ്വകാര്യലോകത്ത് ലയിച്ചിരിക്കുമായിരുന്ന ‘ഇണക്കുരുവികളെ’ ഓര്‍മ വന്നു!

ലൈബ്രറിക്കും ആഡിറ്റോറിയത്തിനും അപ്പുറം മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒഴിഞ്ഞ്മാറി ബുദ്ധിജീവി നാട്യങ്ങളുമായി നടക്കുമായിരുന്ന ഇംഗ്ലീഷ്, മലയാളം ബിരുദാനന്തര ബിരുദക്കാരുടെ ക്ലാസ്സ് മുറികള്‍.

പൊടുന്നനെയാണ് തൊട്ടടുത്ത ആഡിറ്റോറിയത്തില്‍ നിന്ന് ഉച്ചത്തില്‍ കൂവല്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഒപ്പം സ്റ്റേജില്‍ നിന്നും തട്ടുപൊളിപ്പന്‍ പരിപാടികളും. ഹാളിന്റെ പുറകില്‍ നിന്ന് കൂവി ബഹളം കൂട്ടുന്നത് ഞങ്ങളുടെ കൂട്ടരല്ലേ? ഓഹ് ... എതിര്‍കൂട്ടത്തില്‍ പെട്ട ആരെങ്കിലുമാവണം സ്റ്റേജില്‍ പരിപാടി നടത്തുന്നത്!

‘എന്താ അനീ, ഒന്ന് കൂവണമെന്ന് തോന്നുന്നോ?’ അടഞ്ഞ് കിടക്കുന്ന ആഡിറ്റോറിയത്തിലേക്ക് നോക്കിനില്‍ക്കുന്ന എന്നേ തോണ്ടിവിളിച്ച്, മനസ്സ് വായിച്ചത് പോലെ മോഹന്‍ ചോദിച്ചു.

കോളേജിന് പുറക് വശത്ത് കൂടിയുള്ള വഴിയിലേക്ക് നടന്നു. ഒരുപാട് കുസൃതികള്‍ക്ക് വേദിയായിട്ടുള്ള കാന്റീന്‍ കെട്ടിടം ഒറ്റപ്പെട്ട് നില്‍ക്കുന്നു. തുറന്ന് കിടക്കുന്ന ജനലില്‍ കൂടി കാന്റീനിന്റെ പുക പിടിച്ച ഭിത്തി. അവിടെ മൂലക്കായി കാണുന്ന ബെഞ്ചും ഡെസ്കും മനസ്സിലേക്ക് ഓര്‍മകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാക്കി. പഴയൊരു കോളേജ് പ്രണയത്തിന്റെ മധുരമുള്ള ഓര്‍മ!

ഒന്നാം വര്‍ഷ ഡിഗ്രിക്കാലത്തെ തിളച്ചു മറിയുന്ന കോളേജ് ഇലക്ഷന്‍ കാലം. കോളേജ് വരാന്തയില്‍ രണ്ട് സംഘടനകളുടേയും പ്രകടനങ്ങള്‍ മുഖാമുഖം എത്തിയ ഒരു സന്ദര്‍ഭത്തിലാണ് എതിര്‍കൂട്ടത്തില്‍ നേതാവായി വിലസുന്ന ഒരു പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. ഖദര്‍ ഷര്‍ട്ടൊക്കെ ധരിച്ചിരുന്ന അവളെ കളിയാക്കുമ്പോള്‍ അവളുടെ പ്രതികരണം അത്ര രൂക്ഷമാകുമെന്നോ, സംഘട്ടനത്തോളം എത്തിയ പ്രശ്നം പിന്നെ പ്രിന്‍സിപ്പലിന്റെ മുന്നില്‍ എത്തുമെന്നോ ഒന്നും ഓര്‍ത്തില്ല.

ഇലക്ഷന്‍ കാലത്തിന് ശേഷം ഒരു ദിവസം ലൈബ്രറിയില്‍ ഏതോ പുസ്തകത്തില്‍ തലയും പൂഴ്‌ത്തിയിരിക്കുമ്പോഴാണ് അവള്‍ അടുത്തെത്തിയത്,

‘അനില്‍...’
‘ഉം’ അലോസരം മറച്ചു വെക്കാതെയാണ് മൂളിയത്.

‘അനീ... അന്ന് അങ്ങനെ പറ്റിപ്പോയി, ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. മറ്റൊരു കോളേജില്‍ നിന്ന് വന്നത് കൊണ്ട് ഒന്ന് ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചതാണ്’

‘അനി എന്റെ പേര് പോലും ചോദിച്ചില്ലല്ലൊ!’

‘എനിക്കറിയാവുന്ന പേര് വീണ്ടും ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ് ജാസ്മിന്‍?’

അതോടെ ഞങ്ങള്‍ക്കിടയില്‍ മഞ്ഞുരുകാന്‍ തുടങ്ങി. പിന്നെ മൂന്ന് വര്‍ഷം നീണ്ട സംഭവബഹുലമായ ഒരു കോളേജ് പ്രണയം. വാകമരത്തിന്റെ ചുവട്ടില്‍, ലൈബ്രറിയുടെ ഇടനാഴികളില്‍, കാന്റീനിലെ ഇരുണ്ട കോണില്‍, എന്‍. എസ്സ്. എസ്സ്. ക്യാമ്പില്‍ ഒന്നിച്ച് കഴിഞ്ഞ ദിവസങ്ങളില്‍, ഐസ്ക്രീം പര്‍ലറില്‍ ഒക്കെ ഒന്നിച്ചിരുന്നു പറഞ്ഞാലും പറഞ്ഞാലും തീരാത്ത എന്തെന്ത് കഥകള്‍ പറഞ്ഞ് തീര്‍ത്തു! നിറമുള്ള എത്രയോ സ്വപ്നങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു. കാന്റീനിലെ ഒഴിഞ്ഞ കോണിലെ ബഞ്ചും ഡസ്കും പോലും ഞങ്ങള്‍ക്കായി ഒഴിച്ചിടുമായിരുന്നു മറ്റുള്ളവര്‍! ചായക്കറ പിടിച്ച ഗ്ലാസ്സിലെ ചായ കുടിച്ച്, കടിച്ചാല്‍ പൊട്ടാത്ത പരിപ്പുവട പങ്കുവെച്ച് എത്രയോ സമയം അവിടെ ചിലവഴിച്ചു.

കോളേജിലെ അവസാന ദിവസം പൂത്തുലഞ്ഞ വാകമരത്തിന്റെ ചുവട്ടില്‍ ഏറെനേരം കണ്ണില്‍ കണ്ണില്‍ നോക്കി ഒന്നും മിണ്ടാനാവാതെ ഞങ്ങള്‍ ഇരുന്നു. പിന്നെ എപ്പോഴോ അവള്‍ നീട്ടിയ ഓട്ടൊഗ്രാഫില്‍ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ കുറിച്ചിടുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു...

‘എനിക്കുണ്ടൊരു ലോകം,
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം!’

പിന്നെ, പോകാനെഴുനേറ്റ ജാസ്മിന്റെ കൈ പിടിച്ച് ആദ്യവും അവസാനവുമായി മൃദുവായൊരു മുത്തം നല്‍കുമ്പോള്‍ അവളില്‍ നിന്നൊരു തേങ്ങല്‍ ഉയര്‍ന്നു. പിന്നെ കണ്ണീര്‍ നനവ് പടര്‍ന്ന മിഴികളില്‍ അവള്‍ ദൂരെ നടന്ന് അപ്രത്യക്ഷമാ‍കുന്നത് നോക്കി നിന്നു!

‘എന്താ സാറേ ഒരു ദീര്‍ഘനിശ്വാസം, പഴയ കൂട്ടുകാരിയുടെ ഓര്‍മ വന്നോ?’ പ്രിയതമയാണ്.

കോളേജിനെ ചുറ്റിപ്പോകുന്ന വഴിയിലൂടെ മുന്‍‌വശത്തേക്ക് നടന്നു. അവിടവിടെയായി നില്‍ക്കുന്ന വാകമരങ്ങളില്‍ ചുവന്ന പൂവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

കാറില്‍ കയറും മുമ്പ് കോളേജിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. ഇരുകൈകളും ഉയര്‍ത്തി മുത്തശ്ശി അനുഗ്രഹിക്കുന്നത് പോലെ. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നുവോ,

‘പോയി വരൂ മക്കളേ, നിങ്ങളേ കാത്ത് മുത്തശ്ശി എന്നും ഇവിടെത്തന്നെ ഉണ്ടാവും’

കാറിലേക്ക് കയറുമ്പോള്‍ ചെറുകാറ്റില്‍ ഏതാനം വാകപ്പൂവുകള്‍ നെറുകയിലേക്ക് പൊഴിഞ്ഞ് വീണു.
(തുടരും)

12 Response to "കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (നാലാം ഭാഗം)"

 1. Vayady says:

  തകര്‍ത്തു മാഷേ...നന്നായി എഴുതുന്നുണ്ട്. കുറച്ചു നേരം ഞാന്‍ കോളേജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങിപ്പോയി. ശരിക്കും അതൊക്കെ മിസ്സ് ചെയ്യുന്നു. ശ്ശോ! മന:സമാധാനം പോയിയെന്നു പറഞ്ഞാല്‍ മതിയല്ലേ? :)

  പഴയ ഓര്‍മ്മകള്‍ക്ക് ചിറക് മുളക്കുന്നു.നന്നായിട്ടുണ്ട്.ആശംസകള്‍....

  വായാടി: അയ്യയ്യോ മന:സ്സമാധാനം പോയി അല്ലേ? ഉം, എന്നാലും ആ മനസ്സ്മാധാനക്കേടിനും ഒരു സുഖമുണ്ട് അല്ലേ? :). നല്ല വാക്കുകള്‍ക്ക് നന്ദി.

  കൃഷ്ണകുമാര്‍: നന്ദി.

  ഒരു കഥയ്ക്കുള്ള എല്ലാ ചേരുവയും അനില്‍കുമാറിന്റെ കൈവശമുണ്ടല്ലോ..പിന്നെന്താ താമസം?

  കഴിഞ്ഞ മൂന്നു ഭാഗവും വായിച്ചിരുന്നു. ഓര്‍മ്മകളിലൂടെ ഊളയിട്ടുകൊണ്ടുള്ള എഴുത്ത് ഇത്തവണ കോളേജിന്റെ ഇടനാഴിയിലൂടെ കയറി ഇറങ്ങിയപ്പോള്‍ പഴയ കാലത്തെ കണ്മുന്നിലെത്തിച്ചു.
  ഭാവുകങ്ങള്‍ മാഷെ.

  മെയ്ഫ്ലൊവെര്‍സ്: കഥ പോലെ ഒന്നു രണ്ടെണ്ണം എന്റെ ബ്ലോഗിലുണ്ട്. വായിച്ച് അഭിപ്രായം പറയില്ലേ?

  റാംജി:വായന്യ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി.

  ഹംസ says:

  മൂന്നാം ഭാഗം വായിച്ചിരുന്നില്ല അതുകൊണ്ട് മൂന്നും നാലും ഇപ്പോള്‍ വായിച്ചു.! നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന പോസ്റ്റുകള്‍..

  സന്തോഷം ഹംസ.

  dreams says:

  ഞാന്‍ എന്‍റെ ഓര്‍മകളിലേക്ക് പോകുന്നതിനുമുന്‍പ് ചിന്തിച്ചത് അനിലേട്ടന്‍റെ കോളേജ് ജീവിതത്തെ കുറിച്ചുള്ള വര്‍ണനയാണ് നന്നായി എഴിതിയിട്ടുണ്ട് ശരിക്കും നേരില്‍ കാണുന്ന ഒരു പ്രതീതിയായിരുന്നു.
  കോളേജില്‍ പഠിച്ച ഏതൊരാള്‍ക്കും ഇതുവായിച്ചാല്‍ ആ ഓര്‍മകളിലേക്ക് ഒന്നുഎത്തിനോക്കാന്‍ തോന്നും.......
  നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്‍റെ എല്ലാ ആശംസകളും .........

  dreams says:

  ഞാന്‍ എന്‍റെ ഓര്‍മകളിലേക്ക് പോകുന്നതിനുമുന്‍പ് ചിന്തിച്ചത് അനിലേട്ടന്‍റെ കോളേജ് ജീവിതത്തെ കുറിച്ചുള്ള വര്‍ണനയാണ് നന്നായി എഴിതിയിട്ടുണ്ട് ശരിക്കും നേരില്‍ കാണുന്ന ഒരു പ്രതീതിയായിരുന്നു.
  കോളേജില്‍ പഠിച്ച ഏതൊരാള്‍ക്കും ഇതുവായിച്ചാല്‍ ആ ഓര്‍മകളിലേക്ക് ഒന്നുഎത്തിനോക്കാന്‍ തോന്നും.......
  നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്‍റെ എല്ലാ ആശംസകളും .........

  എന്തൊക്കെ മറന്നാലും എന്നും പുഞ്ചിരിയോടെ
  ഒരു കുളിരോടെ എക്കാലവും എല്ലാവരുടെ മനസ്സിലും പച്ച പിടിച്ചു നില്‍ക്കുന്ന ക്യമ്പസ് ദിവസങ്ങള്‍ മനോഹരമായി ചിത്രീകരിച്ചു. ചായയും പരിപ്പുവടയും ഒക്കെ പങ്കുവയ്കുന്ന സൗഹൃതം ഒരു കാലവും ക്യമ്പസിലും മനസ്സിലും നിന്ന് മായില്ല ..

  Unknown says:

  വായന തുടരുന്നു.

Post a Comment

Related Posts Plugin for WordPress, Blogger...