ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടികയ്യിലിരുന്ന സ്പ്രേ ഗണ്ണില്‍ നിന്നും റോസയ്യ യാന്ത്രികമായി ക്ലീനിംഗ് ലിക്വിഡ്‌ മോര്‍ച്ചറി ട്രേയിലേക്ക് സ്പ്രേ ചെയ്തു. പേരറിയാത്ത ഏതോ പൂവിന്‍റെ സുഗന്ധം മുറിയിൽ നിറഞ്ഞു.

ഇതാകുമോ മരണത്തിന്‍റെ ഗന്ധം?

ഈ സുഗന്ധം ആയിരുന്നോ ഉണങ്ങിവരണ്ട പാടവരമ്പിലെ ഒറ്റമരക്കൊമ്പിലേക്ക് തന്‍റെ ബസന്തിയെ കൂട്ടിക്കൊണ്ടു പോയത്?

റോസയ്യ, വേഗം ആ ട്രേ വൃത്തിയാക്കു 

അടുത്തുകൂടി പോയ സൂപ്പര്‍വൈസർ ഓര്‍മ്മിപ്പിച്ചു.

അയാള്‍ ക്ലീനിംഗ് ടവ്വൽ കൊണ്ട് സ്റ്റീൽ ട്രേ വൃത്തിയാക്കാൻ തുടങ്ങി. കുറച്ചപ്പുറത്ത് തറ വൃത്തിയാക്കുന്ന ബംഗാളി പയ്യൻ കേട്ടുമറന്ന ഒരു ഗാനം പതുക്കെ മൂളുന്നു. ഇന്നത്തെ സ്പെഷ്യല്‍ അലവന്‍സിന്റെ സന്തോഷം!

സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കൽ മോര്‍ച്ചറി ക്ലീനിംഗ് ഡ്യുട്ടി ചോദിച്ചു വാങ്ങാൻ നില്‍ക്കുന്നവരുടെ  ചെറിയ നിര കാണുമ്പോഴൊക്കെ തോന്നാറുണ്ട് അവരെല്ലാം സെമിത്തേരിയില്‍ നിന്നും എണീറ്റ് വന്നു നില്‍ക്കുകയാണെന്ന്.. അത്രയ്ക്കും നിര്‍വ്വികാരമായിരുന്നു ആ മുഖങ്ങള്‍!

കഴിഞ്ഞ കുറെ ദിവസങ്ങളായി വേദന കൊണ്ട് പുളയുന്ന അമ്മയുടെ ദയനീയ രൂപം ഉറക്കം കെടുത്തിയപ്പോഴാണു തൊട്ടടുത്ത് കിടക്കുന്ന റാംസിംഗ് ധൈര്യം തന്നത്

നീ ഈ മാസം മോര്‍ച്ചറി ഡ്യുട്ടി എടുക്കു. അമ്മയുടെ ഓപ്പറേഷന് കൊടുക്കേണ്ട കൈക്കൂലിക്കുള്ള തുക കൂടുതല്‍ കിട്ടും. നമുക്ക് രാവിലെ സൂപ്പര്‍വൈസറെ പോയി കാണാം. ഇപ്പോള്‍ കുറച്ച് ഉറങ്ങാൻ നോക്ക്.

പിറ്റേ ദിവസം അതിരാവിലെ തന്നെ സൂപ്പര്‍വൈസറുടെ മുറിവാതില്‍ക്കലെത്തി. ആ കസേരയില്‍ ഇരിക്കേണ്ട ആളായിരുന്നു താനും. പക്ഷെ തന്നത് ക്ലീനിംഗ് ജോലി. ആറു മാസം കഴിയുമ്പോള്‍ ജോലി മാറ്റി തരാമെന്നു മാനേജർ പറയുന്നു... പ്രതീക്ഷയില്‍ കുരുക്കിയിടുന്ന വെറും പാഴ്വാക്ക്!

"ഭാഗ്യം ഇന്ന് ക്യു ഇല്ല..."

റാംസിങ്ങിന്‍റെ ആത്മഗതം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ റോസയ്യ നിന്നു.

ക്ലീനിംഗ് വര്‍ക്കെഴ്സിന്‍റെ ഇടയിലെ ഏക ബിരുദാനന്തര ബിരുദക്കാരനായ തന്നോടു അല്പം പരിഗണന ഉള്ളത് കൊണ്ട് വേഗം ഡ്യുട്ടി ശെരിയായി. സൂപ്പര്‍വൈസർ ജോലി വിവരിച്ചു കൊണ്ട് മോര്‍ച്ചറിയിലേക്ക് തനിക്കൊപ്പം നടന്നു. തൊണ്ട വരളുന്നു... കാലുകള്‍ മരവിക്കുന്ന പോലെ.

നിരനിരയായി ബാങ്ക്‌ലോക്കറുകള്‍ പോലെ അടുക്കി വെച്ചിരിക്കുന്ന പെട്ടികള്‍. ഓരോ പെട്ടിയുടെ മുൻ‌വശത്തും രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങൾ ...   സൂപ്പര്‍വൈസർ ഒരു വശത്തെ പെട്ടികൾ ചൂണ്ടിക്കാട്ടി.

ഇതിലെ ബോഡികളെല്ലാം കൊണ്ടുപോകുന്നതുവരെ ആഴ്ചയിലൊരിക്കൽ അവ മാറ്റി ട്രേ വൃത്തിയാക്കണം. ഇപ്പോള്‍ ആ ട്രേ വൃത്തിയാക്കു

ശെരി സര്‍ എന്നുപറയാൻ പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇന്നലെവരെ താന്‍ ഇതിന്റെ വാതിലിനു നേരെ പോലും നോക്കുകയില്ലായിരുന്നു. കുറെ നിര്‍ദ്ദേശങ്ങൾ തന്നും, ചെയ്യേണ്ട ജോലികള്‍ കാണിച്ചു തന്നും അയാൾ പോയി.
  
ആദ്യം വൃത്തിയാക്കേണ്ട പെട്ടി നോക്കി റോസയ്യ നിന്നു, 358 ... ജീവിതത്തിന്‍റെ കണക്ക് തെറ്റിയവരുടെ അക്കങ്ങൾ! അയാള്‍ വീണ്ടും ആ നമ്പരിലെയ്ക്ക് ഒന്നുകൂടി നോക്കി. എന്തോ മനസ്സില്‍ കൊള്ളുന്നതുപോലെ... അല്ലെങ്കിലും തനിക്കുള്ളതാണ്, ചില കാര്യങ്ങൾ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം കാഴചകൾ നിറയുന്നതുപോലെ...

അന്നത്തെ വേനലവധിയക്ക് കോളേജിൽ നിന്നും വന്നപ്പോൾ ഗ്രാമത്തിൽ മുഴുവൻ പുതിയ കമ്പനിയുടെ സൌജന്യ പരുത്തി വിത്തും, വളവും വിതരണം ചെയ്യുന്നതിന്‍റെ വിശേഷങ്ങൾ ആയിരുന്നു.

എന്തോ കുഴപ്പുമുണ്ട് അപ്പാ, നമുക്കിത് വേണ്ട" എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ വിളവില്‍ നല്ല ലാഭം കിട്ടിയവരുടെ കാര്യം അദ്ദേഹം പറഞ്ഞു.

എന്നാലും വേണ്ടപ്പാ ... വലിയവരുടെ സൌജന്യങ്ങളുടെ പിന്നില്‍ പലപ്പോഴും ഒളിച്ചിരിക്കുന്ന ചതി ഉണ്ടാകും"

ഇപ്പോള്‍ ഞാനും ബസയ്യയും മാത്രമേ കമ്പനിവിത്ത് വാങ്ങാതെ കൃഷി ചെയ്യുന്നവരായിട്ടുള്ളു, എന്നാലും നീ പറയുന്നതില്‍ കാര്യം ഉണ്ടാകും... അപ്പനറിയാം.
.
അപ്പന്‍ അഭിമാനത്തോടെ തന്നെ നോക്കി.

അദ്ദേഹത്തിനറിയാത്ത കാര്യങ്ങളില്‍ തന്റെ വാക്കുകൾ ആയിരുന്നു അപ്പന് അവസാന തീരുമാനം. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു രണ്ടു കുടുംബങ്ങൾക്കും. കമ്പനിയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ നിന്നതിനു തനിക്ക് അപ്പനും, ബസയ്യക്ക് തന്റെ മകളും നഷ്ടമായി. പിച്ചിച്ചീന്തിയ ബസന്തി ഒരുപകല്‍ മുഴുവൻ ഒറ്റമരക്കൊമ്പിൽ തൂങ്ങി ആടി.

കൃഷിക്കാരുടെ വിശ്വാസം നേടിക്കഴിഞ്ഞപ്പോൾ അന്തകൻ വിത്തു നല്‍കി അവർ എല്ലാവരെയും ചതിച്ചു. പരുത്തി കൃഷിയില്‍ നഷടം വന്നു ആത്മഹത്യ ചെയ്തവർ എന്ന പേരില്‍ തന്റെ ഗ്രാമത്തിലെ മിക്കവാറും കൃഷിക്കാർ സര്‍ക്കാർ കണക്കുപുസ്തകത്തിലെ വെറും അടയാളങ്ങൾ മാത്രമായി. ഇരകള്‍ മാത്രമാകാൻ വിധിക്കപ്പെട്ടവര്‍ക്ക് അതില്‍ കൂടുതൽ എന്ത് മേല്‍വിലാസം ഉണ്ടാകാനാണ്!

സര്‍ക്കാർ ദുരിതാശ്വാസം  ഇടനിലക്കാരിലൂടെ പലരുടെയും കയ്യിലെത്തിയപ്പോള്‍ ശവമടക്കിന്റെ കടം വീട്ടാൻ പോലും തികയാതായി. കമ്പനിക്കെതിരെ പ്രതിഷേധജ്വാലകളുമായി ഇറങ്ങിത്തിരിച്ചവരെ  അന്തകന്‍ വിത്ത് കമ്പനിയുടെ ബിനാമിയായ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആള്‍ക്കാർ തൊഴില്‍ വാഗ്ദാനങ്ങൾ നല്‍കി വശത്താക്കി. വരണ്ടുണങ്ങിയ പരുത്തി പാടങ്ങള്‍ ഉപേക്ഷിച്ചു നാട് വിട്ടവര്‍ക്കൊപ്പം ജീവിതം നെയ്തെടുക്കാൻ ഈ മണല്‍നഗരത്തിൽ  ഒരുപാടുപേര്‍ എത്തി. എഴുത്തും വായനയും അറിയുന്നവരും അറിയാത്തവരും. അവര്‍ക്കൊപ്പം താനും.

ആഹാ, താന്‍ ഇതുവരെ അത് വൃത്തിയാക്കിയില്ലേ? ഇങ്ങനെ ആലോചിച്ചു നിന്നാല്‍ പണി തീരില്ല... 

സൂപ്പര്‍വൈസർ അല്പം ഈര്‍ഷ്യയോടെ നോക്കി. പിന്നെ 358-ആം നമ്പര്‍ പെട്ടിയുടെ മൂടി തുറന്നു. കട്ടിയുള്ള വെള്ളത്തുണിയിൽ പൊതിഞ്ഞിരുന്ന രൂപത്തിൽ നിറയെ ഐസ് പറ്റിപിടിച്ചിരുന്നു.... നാവു കുഴയുന്നു ... ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.. അയാള്‍ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. റാംസിങ്ങിന്റെ സഹായത്തോടെ ട്രേയില്‍ നിന്നും ബോഡി എടുത്ത് വൃത്തിയാക്കിയ മറ്റൊരു ട്രെയിലേക്ക് മാറ്റി.. ഗ്ലൌസുകള്‍ക്കുള്ളിലും കൈ വിരലുകൾ തണുത്തു മരവിച്ചു.

ആരായിരിക്കും ഇതില്‍... ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയതാണോ? അതോ ഇഷ്ടത്തോടെ മരണത്തിനോപ്പം പോയതാണോ? ഒന്ന് മുഖം കണ്ടിരുന്നെങ്കില്‍..

അയാളുടെ ചിന്തയില്‍ മിന്നൽ പിണരുകൾ പോലെ ഒരു രൂപം മിന്നി മറഞ്ഞു. അടച്ചു വെച്ചിരിക്കുന്ന പെട്ടിയില്‍ നിന്നും ഒരു സുതാര്യമായ നിഴൽരൂപം തന്റെ മുന്നിൽ വന്നു നില്‍ക്കുന്നപോലെ... അതിന്റെ വയറിന്റെ ഭാഗത്ത് പതിച്ചിരിക്കുന്ന നമ്പര്‍ 358! ആ രൂപത്തിന്‍റെ ചുണ്ടുകൾ പതുക്കെ അനങ്ങി  

"ഹേയ്.. എന്തിനാ എന്നെപറ്റി ഇങ്ങനെ ആലോചിക്കുന്നത്ഞാന്‍ ആരെന്നറിയണോ .. അതാ നോക്ക്.. "

അയാളുടെ ബോധമണ്ഡലങ്ങളുടെ പാളികൾ ഒന്നൊന്നായി അടര്‍ന്നു വീണു. ഗോദാവരിയുടെ കരയിലെ ആശ്രമ മണ്‍പാതയിൽ പുലർ മഞ്ഞിൽ നടന്നു പോകുന്ന ഗുരുജി... കയ്യില്‍ താൻ വരച്ച ബസന്തിയുടെ ചിത്രം... അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നുണ്ട്... 

"നിന്‍റെ ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്... കല കച്ചവടം ചെയ്യാനുള്ളതല്ല, പക്ഷെ കലയും കണക്കും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ഇത് ‘ഗോള്‍ഡൻ റേഷ്യോയിലുള്ള‘ ചിത്രമാണ്. നീ കേട്ടിട്ടുണ്ടോ, 3,5.8,13 ... ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി. അതിലെ സംഖ്യകള്‍ക്ക് നിയതമായ ഒരു താളമുണ്ട്, ദൂരമുണ്ട്. ഭൂമിയിലെ അതിമനോഹരമായവ എല്ലാം ഈ ക്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്... നിന്‍റെ ബസന്തിയും. ഈ അനുപാതത്തില്‍ അവയവങ്ങൾ ഉള്ളവള്‍ ആരെയും മോഹിപ്പിക്കുന്നവൾ ആയിരിക്കും...

ചിത്രകലയില്‍ മാത്രമല്ല എല്ലാ മേഖയിലയിലും ഇതിന്‍റെ സിദ്ധാന്തം പ്രയോഗിക്കുന്നുണ്ട്. വ്യവസായത്തില്‍, ആര്‍ക്കിടെക്ചറിൽ, എന്തിനു ഫിനാന്‍സിൽ പോലും ഉപയോഗിക്കുന്നു. നീ ചരിത്രം പഠിക്കാനുള്ളവന്‍ അല്ല, നിന്റെ ലോകം ചിത്രകലയാണ്. ദരിദ്രന്റെ ശരീരഭാഷ നീ ആദ്യം മാറ്റ്... നിന്റെ കഴിവുകള്‍ വില്‍ക്കാൻ പഠിക്ക് കുഞ്ഞേ...

തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നും, ഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു  .. അയാള്‍ അലറിക്കരഞ്ഞു...

റോസയ്യാ ... കണ്ണ് തുറക്കു..

ആരാണ് തന്നെ കുലുക്കി വിളിക്കുന്നത്‌? ചുണ്ടില്‍ തണുത്ത വെള്ളത്തിന്‍റെ നനവ്‌... ബസന്തി ചൂടാറുള്ള കൊളുന്തിന്‍റെ മണം.

താന്‍ എന്‍റെ ജോലി കൂടി കളയുമല്ലോ.

താഴെ വീണുകിടന്ന അയാളെ താങ്ങി എഴുനേൽ‌പ്പിച്ച് സൂപ്പര്‍വൈസർ പറഞ്ഞു.

നാശം ... ഇനി ഡ്യുട്ടി മാറ്റാനും പറ്റില്ല.

ഇല്ല സര്‍, ഞാൻ ... ഇനി ഇങ്ങനെ ഉണ്ടാവില്ല

റോസയ്യ തളര്‍ന്ന മുഖത്തോടെ അയാളെ നോക്കി.

ജീവിതത്തിന്‍റെ നോവും വേവുമായി ഭൂമിയുടെ അങ്ങേ തലയ്ക്കലോളം നടന്നു തളർന്നവനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കുന്ന റോസയ്യയുടെ മുഖത്തേയ്ക്ക് നോക്കുവാനാവാതെ അയാൾ കയ്യിലിരുന്ന വെള്ളത്തിന്‍റെ കുപ്പി നീട്ടി. പിന്നെ അവന്‍റെ ശോഷിച്ച ചുമലിൽ തട്ടി ചോദിച്ചു...

ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

റോസയ്യ വേച്ച് വേച്ച് എഴുന്നേറ്റ് ജോലി ചെയ്യാന്‍ തുടങ്ങി. 358-ആം നമ്പർ ശവപ്പെട്ടിയില്‍   നിന്നും ഇറങ്ങിയ രൂപരഹിതമായ ഒരു നിഴൽ അപ്പോഴും അയാള്‍ക്ക് ചുറ്റും ഒഴുകുന്നുണ്ടായിരുന്നു ...
(Pic courtsey:Google)

51 Response to "ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി"

 1. "ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

  നല്ലെഴുത്തിന് ആശംസകള്‍ ....!

  khaadu.. says:

  കഥ നന്നായി...

  ''ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

  നിന്റെ കഴിവുകള്‍ വില്‍ക്കാൻ പഠിക്ക് കുഞ്ഞേ...

  മനുഷ്യന് ജീവിക്കാന്‍ അവന്റെ കഴിവുകള്‍ വില്‍ക്കെണ്ടിയിരിക്കുന്നു..ചിത്രകലയല്ല ഏതു കലയാണെന്കില്‍ പോലും.
  കഴിവുകള്‍ക്കനുസരിച്ച് ജോലി ലഭിക്കാതെ വരുമ്പോള്‍ മറ്റൊന്ന് സ്വീകരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥ ഭീകരം തന്നെ.
  ഓര്‍മ്മകളും വര്‍ത്തമാനവുമായി കഥ.

  ശെരിയാണ്."ചില കാര്യങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും അറിയാതെ മനസ്സില്‍ ചില കാഴചകള്‍ നിറയും "..


  ആ കാഴ്ചകള്‍ നോക്കിയുള്ള കഥപറച്ചില്‍ നന്നായി ..
  കഥയുടെ ക്രാഫ്ടിലും വിഷയ സ്വീകരണത്തിലും മാറ്റം വന്നിട്ടുണ്ട് .

  ആശംസകള്‍

  കഥാ രചനയുടെ രസതന്ത്രം അറിയുന്ന നിങ്ങളോട് ഒറ്റ ക്കാര്യമേ പറയാനുള്ളൂ.
  ഇത്രയും ചെറിയ ഫോണ്ടില്‍ എഴുതി വായനക്കാരനെ ബുദ്ധിമുട്ടിക്കരുത്. മണല്‍ തരികളില്‍
  തൂവിയ പഞ്ചസാര നുണയുന്ന അത്ര കഷ്ടപ്പാട് അനുഭവിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്ന കഥ.
  ആശംസകള്‍ ....

  shahjahan says:

  തണുത്ത കാറ്റില്‍ ഒരു മഞ്ഞുപാളിക്കൊപ്പം അദ്ദേഹം മറഞ്ഞു. ഗോദാവരിയില്‍ നിന്നും വന്ന ശക്തമായ കാറ്റ് ഗുരുജിയുടെ കയ്യിലിരുന്ന ചിത്രം തട്ടിയെടുത്തു. കുറേനേരം അത് പലയിടത്തും തട്ടിയും തടഞ്ഞും കീറി പറിഞ്ഞു തന്റെ മുഖത്ത് വന്നു വീണു. അതില്‍ നിന്നും, ഇറുന്നു വീഴുന്ന ചുണ്ടും മുലക്കണ്ണുകളുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. നഖങ്ങള്‍ ആഴ്ന്നിറങ്ങിയ അടിവയറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു... റോസയ്യ ഒന്നുകൂടി സൂക്ഷിച്ചു നോക്കി 358! പിന്നെ അത് രൂപരഹിതമായ ഒരു നിഴലായി അയാളെ ആലിംഗനം ചെയ്തു .. അയാള്‍ അലറിക്കരഞ്ഞു...
  -----------------------------------------------------------------------പലപ്പോഴും താങ്കളുടെ രചനകളുടെ വശ്യത എന്നെ അല്ഭുതപ്പെടുത്താരുന്ദ്..എത്ര മനോഹരമായി ഹൃദയ സ്പര്‍ശിയായി രചിച്ചിരിക്കുന്നു ഈ രചന..... അഭിനന്ദനങ്ങളും..ആശംസകളും അനിലേട്ടാ..

  വളരെ മനോഹരം നല്ല കഥയായി പറഞ്ഞ ജീവിതങ്ങള്‍....

  അവസ്ഥകളും, സാഹചര്യങ്ങളും ഒരാളെ എവിടെയൊക്കെയെത്തിയ്ക്കുമെന്ന് ഈ കഥയിലൂടെ വരച്ച് കാണിച്ചിരിയ്ക്കുന്നു. ഈ കഥ അനിലേട്ടന്റെ മറ്റുകഥകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.

  കാട് കയറാതെ കാമ്പ് മാത്രം ഉള്ള

  നല്ല ഒതുക്കത്തില്‍ പറഞ്ഞ കഥ...

  ജീവിതത്തിന്റെ വഴിത്താരയില്‍ എത്തേണ്ടിടത്

  എത്താതെ എവിടെ ഒക്കെയോ അലഞ്ഞു തിരിയുമ്പോഴും

  ലക്ഷ്യത്തിനു വേണ്ടി കിതക്കുന്ന കുറെ ജന്മങ്ങള്‍...

  അഭിനന്ദനങ്ങള്‍ അനില്‍....

  Unknown says:

  കർക്കിടക മാസത്തിലെ മഴ തോർന്നു പോയൊരു സന്ധ്യയ്ക്ക് വീടിന്റെ വരാന്തയിലിരുന്ന ഒരു സുഖം.

  കഥ ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  നല്ല കഥ,,,ഇഷ്ടപെട്ടു,,,അധികം വലിച്ചു നീട്ടാതെ ഭംഗിയായി എഴുതി,,,ഭാവുകങ്ങള്‍,,,

  അനിൽ, ഈ കഥ വളരെ നന്നായി......അഭിനന്ദനങ്ങൾ.

  This comment has been removed by the author.

  നല്ല കഥ അനിലേട്ടാ...

  മരണവും ജീവിതവും ...നല്ല കഥ.

  വളരെ നല്ല കഥ. അഭിനന്ദനങ്ങള്‍. പിന്നെ ഈ മോര്‍ച്ചറി ട്രേ ക്ലീനിംഗ്...ഇവിടെ ഗവണ്‍മെന്‍റ് ആശുപത്രിയിലൊന്നും ഇല്ല. സത്യം പറയാമല്ലോ ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്നുള്ളത് ആദ്യമായാണ് അറിയുന്നതു തന്നെ.

  Manoraj says:

  പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് കഥ നന്നായി.

  നന്നായിരിക്കുന്നു രചന.
  ആശംസകള്‍

  ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലല്ലെ..!
  നന്നായിരിക്കുന്നു കഥ...
  ആശംസകൾ....

  അനിലേട്ടാ..വീണ്ടും വായിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ തുടിക്കുന്നു. അത്യും മനോഹരം ഈ രചന.

  നല്ല കഥ. അഭിനന്ദനങ്ങള്‍.

  ajith says:

  അനില്‍ നന്നായി കഥ പറഞ്ഞുതന്നു. ആശംസകള്‍

  good one

  അവസ്ഥാന്തരങ്ങള്‍ ..എന്നത്തേയും പോലെ നല്ലൊരു കഥ ,മനുഷ്യന്റെ ബലഹീനതകളും നിസ്സഹായതകളും വരികളില്‍ അങ്ങിങ്ങായി ഉടക്കിക്കിടക്കുന്നത് കണ്ടു..വീണ്ടും പ്രതീക്ഷകളോടെ.

  Unknown says:

  കഥ ഇഷ്ട്ടമായി..
  കഥയ്ക്ക് കൊടുത്ത ചിത്രം എന്തോ എനിക്കത്ര പിടിച്ചില്ല
  :)

  കഥ നന്നായിട്ടുണ്ട്

  “ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

  പ്രമേയത്തിലെ പുതുമയും..ഭാഷയുടെ ഭംഗിയും കൊണ്ട് ഒരുപാട് ഇഷ്ടായി ഈ എഴുത്ത്

  Smile says:

  “ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“

  ആയിരിക്കാം അല്ലെ , വളരെ നന്നായിട്ടുണ്ട്

  nannayi, katha. jeevithathinte kadina vasangal varanju kaanichirikkunnu.

  ഞാന്‍ മുമ്പ് വായിച്ചിട്ടുണ്ട്..നല്ല കഥ...അഭിനന്ദനങ്ങള്‍ അനിലേട്ടാ....

  Latha says:

  Vythyasthamayya vishayam Valarae othukki ezhuthiyirikunoo..enthayallum oru nalla change kannunoo....Abhinandanagal Anil...

  ആശംസകള്‍

  കഥയുടെ ക്രാഫ്റ്റ് എന്തന്ന് നന്നായി അറിയുന്ന അനിലില്‍ നിന്നു മികച്ച ഒരു കഥ. കഥയുടെ സുന്ദരമായ ഒഴുക്കിനൊപ്പം ഗോദാവരി ജില്ലയിലെ പരുത്തിക്കര്‍ഷകര്‍ അനുഭവിച്ച പ്രശ്നങ്ങളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്തുകൊണ്ട് എഴുത്തുകാരന്‍ തന്റെ സാമൂഹ്യപ്രതിബദ്ധതയും വിളിച്ചു പറയുന്നു....

  മികച്ച രചന.....

  good, try to more better .....

  Unknown says:

  എല്ലാം നല്ലതിന്..... എനിക്ക് ഏറെ ഇഷ്ടായി

  "ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ ആവാത്തവര്‍ക്ക് ശവമുറികളും വരാന്തകളും ഒരുപോലല്ലേ റോസയ്യാ?“
  കഥ വളരെ നന്നായി......അഭിനന്ദനങ്ങൾ.!!

  Unknown says:

  കഥയെഴുത്ത് ഭദ്രം തന്നെ കയ്യില്‍ :)
  കാലികപ്രാധാന്യവും അതിലെ ഉള്ളുകള്ളികളിലെ പലതും തുറന്ന് പറയുന്ന കഥ..
  ആശംസകള്‍..

  ഗോദാവരിയിലെ കാറ്റും മോര്‍ച്ചറിയിലെ തണുപ്പും ഒരുമിച്ചരിഞ്ഞ പോലെ...!
  വ്യത്യസ്തമായ പ്രമേയവും.. കഥയെ ശ്രദ്ധേയമാക്കുന്നു.
  കാത്തിരിക്കുന്നു നല്ല കഥകള്‍ക്കായ്‌

  aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane.............

  Akbar says:

  കഥ വായിച്ചു. ബിരുദധാരിയയിട്ടും മോര്‍ച്ചറി ക്ലീനിംഗ് ജോലി ചെയ്യേണ്ട വന്ന ചെറുപ്പക്കാരന്റെ മനോതലം നന്നായി പകര്‍ത്തി. എങ്കിലും അനിലിന്റെ മികച്ച കഥയാണ്‌ ഇതെന്ന് പറയാനാവില്ല. 358 എന്ന നമ്പര്‍ കാണുമ്പോള്‍ ഗോദാവരിയിലെ പരുത്തി കര്‍ഷകരിലേക്ക്‌ അയാളുടെ ചിന്തയെ നയിക്കാനുള്ള കാരണം വ്യക്തമല്ല. ആ വിഷയത്തിലേക്ക് കടന്നു ചെല്ലാനുള്ള ഒരു നല്ല നിമിത്തം കഥയില്‍ കൊണ്ട് വരാന്‍ കഥാകാരന്‍ ശ്രമിച്ചില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

  3 5 8 13 ഇങ്ങനെ ഒരു പ്രത്യക ശ്രേണിയിലുള്ള സംഖ്യകളെ പറ്റി ഗുരുജി പറയുന്നുണ്ടല്ലോ. അപ്പോള്‍ 358 എന്ന അക്കം ടെഡ്ബോഡിയില്‍ കാണുമ്പോള്‍ അയാളുടെ ചിന്ത ഗുരുജിയിലേക്ക് പോകുകയും തുടര്‍ന്ന് പരുത്തി കര്‍ഷകരുടെ കാര്യം പറയുകയും ചെയ്തിരുന്നെങ്കില്‍ വായന കുറച്ചൂടെ അനായാസമാകുമായിരുന്നു എന്ന് ഒരു അഭിപ്രായം മാത്രം.

  കഥയുടെ ക്രാഫ്റ്റും ഭാഷയും കഥാ പശ്ചാത്തല നിര്‍മ്മിതിയും എടുത്തു പറയാവുന്ന മേന്മയോടെ ആവിഷ്കരിച്ചു. അനിലിലെ നല്ല കഥാകാരന് എന്റെ അഭിനന്ദനങ്ങള്‍.

  Arif Zain says:

  അനില്‍ സര്‍, എന്ത് കൊണ്ടാണ് ഞാന്‍ ഇവിടെ വരാന്‍ ഇത്ര വൈകിയത് എന്നെനിക്കരിഞ്ഞു കൂടാ. വന്ധ്യംകരണത്തിന് വിധേയമായ തങ്ങളുടെ ജീവിതോപാധി അവരെ എത്രമേല്‍ ദാരിദ്രരാക്കിയെന്നു നോക്കൂ. ഒരു പ്രദേശത്തിന്‍റെ ഭാവിയിലേക്കുള്ള വാതിലുകള്‍ വലിച്ചടച്ച് ബഹുരാഷ്ട്രക്കുത്തകകള്‍ സമ്മാനിച്ച നിസ്സഹായതയെ ഒരു കഥയില്‍ മനോഹരമായി താങ്കള്‍ ഒതുക്കിവെച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  358 എന്ന നമ്പര്‍ കാണുമ്പോള്‍ ഗോദാവരിയിലെ പരുത്തി കര്‍ഷകരിലേക്ക്‌ അയാളുടെ ചിന്തയെ നയിക്കാനുള്ള കാരണം വ്യക്തമല്ല. ആ വിഷയത്തിലേക്ക് കടന്നു ചെല്ലാനുള്ള ഒരു നല്ല നിമിത്തം കഥയില്‍ കൊണ്ട് വരാന്‍ കഥാകാരന്‍ ശ്രമിച്ചില്ല ...ശ്രീ അക്ബര്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു .

  നല്ല കഥ വളരെ ഒതുക്കി പറഞ്ഞു.ഒട്ടും കുറയാതെ ഒട്ടും കൂടാതെ.

  അനിൽ നമസ്കാരം. ഇത് നല്ലൊരു കഥ അതുകൊണ്ട് തന്നെ"കിടീലം" "മനോഹരം " എന്ന് മാത്രം പറഞ്ഞ് പോകുന്നില്ലാ..കാരണം ഞാൻ പറയാനുദ്ദേശിച്ചത് തന്നെ അക്ബർ പറഞ്ഞ് കഴിഞ്ഞു.കഥപ്പറഞ്ഞരീതിയും,ഭാഷയും മനോഹരം തന്നെ..കേരളത്തിലെ നെൽകൃഷിയെപ്പൊലെ,ഗോദാവരിയിലെ പരുത്തി കര്‍ഷകരിലേക്ക് താങ്കൾ കടന്നു..പക്ഷേ അത് കഥയിലേക്ക് സംക്രമിപ്പിച്ചപ്പോൾ.... മുന്ന് വ്യത്യസ്ത്ഥമായ ചിന്തകൾ(ബിരുദാനന്തര ബിരുദധാരിയുടെ മോര്‍ച്ചറി ക്ലീനിംഗ് ജോലി,358 എന്ന സംഖ്യ,ഇവ കഥയിൽ വിളക്കിച്ചേർത്തപ്പള്ളുള്ള പാളിച്ച തനിതങ്കത്ത് സ്വർണ്ണമാക്കിത്തിർത്ത് കളഞ്ഞു. നല്ല കഥയായത് കൊണ്ടാണുഞ്ഞാൻ ഇത്രയും പറഞ്ഞത്..അല്പംനീട്ടിപ്പറഞ്ഞിരുന്നെങ്കിൽ ഇതല്ലാം നല്ലവണ്ണം, താങ്ങൾക്ക് ഉപയോഗപ്പെടുത്താമായിരുന്നു. പക്ഷേ ബ്ബ്ലോഗ് വായനക്കാർക്ക് അതിനുള്ള ക്ഷമ കാണില്ലാല്ലേ....ഞാൻ ബ്ലോഗ് വായനക്ക് പുറത്ത് നിന്നുകൊണ്ടാണു ഇത് നോക്കികണ്ടത്..സ്ത്യത്തിൽ താങ്കളൂടെ രചനാപാഠവത്തെ ഞാൻ അനുമോദിക്കുന്നു.കഥകൾ ഇടുമ്പോൾ എനിക്കും ഒരു മെയിൽ ദയവായി അയക്കുക...എല്ലാ നന്മകളൂം......

  അനിലേട്ടാ,
  പല മേഖലകളെ സംയോജിപ്പിച്ച് എഴുതിയ നല്ലൊരു ആഖ്യാനം.
  അക്കങ്ങളിലൂടെ മൈക്കില്‍ ആഞ്ജലോയുടെ ചിതങ്ങളിലെ കൃത്യതയും അന്തകവിത്തിന്റെ വിഷയവും ഉള്‍ക്കൊള്ളിച്ചു സമകാലിക വിഷയത്തിനെ കഥയിലൂടെ വിജ്ഞാനപ്രദമായി പകര്‍ന്നു തന്നത് അഭിനന്ദനീയമാണ്.

  (മറ്റു രചനകള്‍ ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ താരതമ്യ നിരൂപണം ചെയ്യാന്‍ ഞാന്‍ അയോഗ്യനാണ്. എങ്കിലും വിഷയങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചക്കുറവും അകബരിന്റെ അഭിപ്രായവും വിശകലനം ചെയ്യപ്പെടെണ്ടതുണ്ട്.)

  , ശവത്തിന്റെ തണുത്തുറഞ്ഞ മരവിപ്പ്...പിന്നെ വല്ലാത്ത നിസ്സംഗത ..! ആദ്യമായിട്ടാണ് ഇവിടെ.. എന്ത് കൊണ്ട് എന്നെനിക്കറിയില്ല! ഇങ്ങനെ ഒരു ബ്ലോഗിനെ കുറിച്ചു എനിക്ക് അറിയില്ലായിരുന്നു. മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന് നന്ദി.."ഞാനും നീയും" പ്രമേയമാകുന്ന സമകാലീന എഴുത്തിന്റെ മേഘലകളില്‍ നിന്ന് മറ്റൊരു ഇടതെക്കാന് കൊണ്ട് പോയാത് ഈയെഴുത്ത്! ബസന്തിയോ രോസയ്യയോ രാം സിനഗോ അന്തക വിത്തോ എന്താണ് ഹൃദയ മിടിപ്പ് കൂട്ടിയത് എന്ന് അറിയില്ല! വായിച്ചു തീര്‍ന്നപ്പോഴേക്കും സ്വസോചാസം ദ്രുത ഗതിയില്‍ ആയിരിക്കുന്നു...ശ്രീ അനില്‍.. നന്ദി

  Unknown says:

  വ്യത്യസ്ഥമായ പ്രമേയത്തോടെ നല്ലൊരു കഥ

  നല്ല കഥ! പക്ഷെ, ഒരു സംശയം! പീച്ചിച്ചീന്തിയ ബസന്തി എന്നാണോ? പീച്ചിച്ചീന്തപ്പെട്ട ബസന്തി എന്നല്ലേ ശരി.

  so unique...but beatiful...

  വ്യത്യസ്തമായ പശ്ചാത്തലത്തില്‍ സമകാലികമായ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച നല്ല കഥ ...

  Admin says:

  ഈ കഥ മലയാള സമീക്ഷയില്‍ കണ്ടപ്പോള്‍ തോന്നി താങ്കളുടെ ബ്ലോഗിലേക്കൊന്നു വന്നുനോക്കാന്‍..
  പലമാനങ്ങളുള്ള കഥ.. ആശംകള്‍..

Post a Comment

Related Posts Plugin for WordPress, Blogger...