പിതൃ ദേവോ ഭവ: !!!


ചുവരിലെ നാഴികമണിയില്‍ സൂചികള്‍ നിയതമായ വേഗത്തില്‍ വിറച്ചുതുള്ളി ... കോടതിമുറിയിലെ അടക്കിപ്പിടിച്ച നിശ്ശബ്ദതയില്‍ അതിന്റെ മിടിപ്പുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ചുറ്റിലും ഒരു ചെറുമര്‍മ്മരം പരന്നപ്പോഴാണ് തലയുയര്‍ത്തി നോക്കിയത്. വനിതാ പോലീസുകാരുടെ അകമ്പടിയോടെ മുറിയിലേക്ക്‌ കടന്നുവരുന്ന ദേവി. കൈകളില്‍ വിലങ്ങ്. മുഖം കുനിച്ചാണ് നടന്നിരുന്നതെങ്കിലും ആ മുഖത്തെ നിര്‍വ്വികാരത വ്യക്തമായിരുന്നു.

തൊട്ടടുത്ത് ചേര്‍ന്നിരുന്ന ദിവ്യമോളില്‍ നിന്നും അമര്‍ത്തിയ  ഒരു തേങ്ങലുയര്‍ന്നു,

'ആന്റീ ...'

അവളെ ചേര്‍ത്തു പിടിച്ച് ചുറ്റുമൊന്നു കണ്ണോടിച്ചു. കോടതിമുറിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. വരാന്തയിലും കാത്തുനില്‍ക്കുന്നവരുടെ തിരക്ക്‌. മുന്‍ഭാഗത്ത് നിരന്നിരിക്കുന്ന വക്കീലന്മാരുടെ മുഖത്തും വല്ലാത്ത ഗൌരവം. 

ക്ലോക്കിലെ സൂചി പതിനൊന്നു മണിയിലെത്തി വിറങ്ങലിച്ചുനിന്ന ആ നിമിഷാര്‍ദ്ധത്തില്‍ കോടതിമുറി പൊടുന്നനെ നിശ്ശബ്ദമായി. ചേംബറിന്റെ വാതില്‍ തുറന്ന്‍ ജഡ്ജി പുറത്തേക്ക് വന്നു. 

ശിപായി കേസിന്റെ നമ്പര്‍ വിളിച്ചതോടെ പോലീസുകാര്‍ ദേവിയുടെ കയ്യിലെ വിലങ്ങ് അഴിച്ച് അവളെ പ്രതിക്കൂട്ടിലെക്ക് കയറ്റി നിര്‍ത്തി.

ബഞ്ചുകളില്‍ നിരനിരയായിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ദേവിയുടെ കണ്ണുകള്‍ പരത്തി നടന്നു .... തന്നെയും കടന്നുപോയ ആ നോട്ടം ഒരു നിമിഷം ദിവ്യയുടെ മുഖത്ത്‌ തറഞ്ഞു നിന്നു. പിന്നെ വിണ്ടും തന്നിലേക്കെത്തിയ ആ കണ്ണുകള്‍ നനഞ്ഞിരുന്നു എന്ന് തോന്നി... അവ എന്തോ യാചിക്കുന്നതുപോലെ...!

മേശപ്പുറത്തിരുന്ന ഫയലിന്റെ നാടയഴിച്ച് ജഡ്ജി കട്ടിക്കണ്ണടയിലൂടെ തന്റെ മുന്നിലിരുന്നവരെ ഒന്നു നോക്കി. കോടതിമുറി ഒരു വിര്‍പ്പുമുട്ടലിന്റെ നിശ്ശബ്ദതയില്‍ പിടഞ്ഞു.

കേസിന്റെ വിചാരണ നേരത്തെ കഴിഞ്ഞിരുന്നതുകൊണ്ട് വിധിപ്രസ്താവന മാത്രമേ ബാക്കിയുണ്ടായിരുന്നൊള്ളു. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക്‌ അറുതി വരുത്തി ജഡ്ജി ഒന്ന് മുരടനക്കി, പിന്നെ വായിച്ചു തുടങ്ങി ...

'പ്രതി കറ്റം ചെയ്തു എന്ന്‍ കോടതിക്ക് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം, 302-ആം വകുപ്പ് പ്രകാരം പ്രതിയെ ജിവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരിക്കുന്നു!'

പലരില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങള്‍ ഒരു കനല്‍കാറ്റായി കോടതിമുറിയില്‍ ഒഴുകിനടന്നു!

ദൂരെ എവിടേക്കോ നോക്കിനിന്ന ദേവിയുടെ കണ്ണുകളില്‍ നിര്‍വ്വികാരത തണുത്തു മരവിച്ചു കിടന്നു. 

ശപിക്കപ്പെട്ട ആ രാത്രിയില്‍ വീട്ടിലേക്ക്  ഓടിവന്ന ദേവിയുടെ കണ്ണുകളിലും ഈ മരവിപ്പ് തന്നെയായിരുന്നല്ലോ!

തൊട്ടടുത്ത വീട്ടില്‍ ഒരു പുതിയ താമസക്കാര്‍ വരുന്നു എന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷമാണ് തോന്നിയത്. വൈകുന്നേരം പുതിയ അയല്‍ക്കാര്‍ പരിചയപ്പെടാന്‍ എത്തിയതോടെ ആ സന്തോഷം ഇരട്ടിയായി. ചെറുപ്പക്കാരായ ദമ്പതികള്‍ , പൂമ്പാറ്റയെ പോലെ ഓടിച്ചാടി നടക്കുന്ന അവരുടെ ഏക മകള്‍ ദിവ്യ.

ആദ്യസന്ദര്‍ശനത്തില്‍ തന്നെ ദിവ്യ വീട്ടിലെ ഒരംഗം ആയിമാറി. മക്കളൊക്കെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കൊക്കെയായി ദൂരസ്ഥലങ്ങളില്‍  ആയിരുന്നത് കാരണം ഞങ്ങള്‍ എപ്പോഴും തനിച്ചായിരുന്നു. ചെടികളിലും, പൂക്കളിലും, കിളികളിലും ഒക്കെ മക്കളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ദിവ്യ ഞങ്ങള്‍ക്കിടയിലേക്ക് വന്നത്.

മുറ്റത്തും പറമ്പിലും ഒക്കെ ഓരോ ജോലികളുമായി എപ്പോഴും കളിച്ചും ചിരിച്ചും നവദമ്പതികളെപ്പോലെ ദേവിയെയും, രാജനെയും കാണാമായിരുന്നു. ഒരു കിലുക്കാംപെട്ടിയായി ദിവ്യമോളും.

ഇടക്കെപ്പോഴോ ദേവിയോട് ചോദിച്ചു,

'ഒരു കുട്ടി മാത്രമാകുന്നത് അത്ര നല്ലതാണോ?'

'ചേച്ചീ, അത് കൂടുതല്‍ മക്കളായാല്‍ മോള്‍ക്ക്‌ കിട്ടണ്ട സ്നേഹം മുഴുവന്‍ പങ്ക് വെക്കപ്പെട്ടുപോകും, സ്നേഹവും ശ്രദ്ധയും എല്ലാം മോള്‍ക്ക്‌ മാത്രം കൊടുക്കാം എന്ന്‍ രാജേട്ടന് നിര്‍ബന്ധം.'

ഒരു കുഞ്ഞ് മാത്രം എന്ന ആശയത്തോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും രാജന്റെ മോളോടുള്ള സ്നേഹവും, കരുതലും, ലാളനയും   ഒക്കെ അവരുടെ തീരുമാനത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലെ തന്റെ ജോലിസ്ഥലത്തെക്ക് തിരിച്ചുപോകാന്‍  യാത്ര  പറയാനെത്തിയതായിരുന്നു  രാജന്‍ ... 

'ചേച്ചീ, നിങ്ങള്‍ ഇവിടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഞാന്‍ പോകുന്നത്. എന്റെ മോളെ പിരിഞ്ഞിരിക്കുന്ന കാര്യമോര്‍ക്കുമ്പോഴാ എനിക്ക് ...'

ദിവ്യമോളെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടുന്ന രാജനെ സമാധാനിപ്പിക്കാന്‍ അന്നേറെ പണിപ്പെടേണ്ടി വന്നു.

പിന്നെ അവധിക്കാലങ്ങള്‍ ഉല്‍സവങ്ങളാക്കി രാജന്‍ പലതവണ വന്നുപോയി. അതിനിടയില്‍ കൌമാരത്തിന്റെ പടവുകള്‍  ദിവ്യയും ഓടിക്കയറുകയായിരുന്നു. കഴിവും, സൌന്ദര്യവും, ബുദ്ധിയും ഒക്കെ ഏറെയുണ്ടായിരുന്ന ദിവ്യയുടെ വളര്‍ച്ചയും വളരെ വേഗമായിരുന്നു.

ദിവ്യയുടെ പത്താംക്ലാസ് കഴിഞ്ഞതോടെ ഗള്‍ഫ്‌ ജിവിതം മതിയാക്കി രാജന്‍ നാട്ടിലെത്തി.

കോളേജ് ക്ലാസ്സിലെത്തിയ ദിവ്യയുടെ ശരീരത്തില്‍ കാലം ചാരുത ചാര്‍ത്തി. 

എപ്പോഴൊക്കെയോ അയല്‍വീട്ടില്‍ നിന്നുയര്‍ന്നുകേട്ട ശബ്ദങ്ങളിലെ അസ്വാഭാവികതകള്‍  ഒരു പുഞ്ചിരിയുടെ ഉത്തരത്തില്‍ ഒതുക്കി ദേവി.

ഏതോ ഒരു രാവില്‍ ഒച്ചയും ബഹളവും കേട്ടാണ് കണ്ണ് തുറന്നത്. 'അയല്‍വക്കക്കാരന്റെ കാര്യങ്ങളില്‍ ആവിശ്യമില്ലാതെ തലയിടാന്‍ പോകണ്ട' എന്ന്‍ കേട്ടതോടെ എന്താണ് സംഭവിക്കുന്നത് എന്ന് പോയി തിരക്കാനുള്ള ആലോചന വേണ്ടെന്നു വെച്ചു.

ഏറെ നാളുകള്‍ക്ക്‌ ശേഷമാണ് അന്ന്‍ ദേവി തന്നെ കാണാനെത്തിയത്. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു .. കവിളുകളില്‍ അടികൊണ്ടു തിണര്‍ത്ത പാട്!

'ദേവീ, എന്താ എന്ത് പറ്റി?'

ഒരു പോട്ടിക്കരച്ചിലായിരുന്നു മറുപടി. തേങ്ങലൊരല്പം  അടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു,

'ചേച്ചീ, അഛനില്‍ നിന്ന് സ്വന്തം മോളുടെ മാനം കാക്കാന്‍ കാവലിരിക്കേണ്ടിവരുന്ന ഒരമ്മയുടെ ഗതികേട്‌ ചേച്ചിക്ക് മനസ്സിലാവില്ല'.

കേട്ടത് വിശ്വസിക്കാനാവാതെ അമ്പരന്നിരിക്കുമ്പോള്‍ അവള്‍ തുടര്‍ന്നു...

'കുറച്ച് നാളായി ഇത് തുടങ്ങിയിട്ട്. മോള് കുളിക്കുമ്പോഴും, തുണി മാറുമ്പോഴും മറ്റും ഒളിഞ്ഞു നോക്കുക ...പിന്നെ മറ്റ് പലതും. മാനക്കേടോര്‍ത്താ ആരോടും, ചേച്ചിയോട് പോലും പറയാതിരുന്നത്. എനിക്കിപ്പോള്‍ മോളെ തനിച്ചിരുത്തി ഒന്ന് കുളിമുറിയില്‍ പോകാന്‍ പോലും പേടിയാണ് ചേച്ചീ...'

തേങ്ങലടക്കാന്‍ പാടുപെടുന്ന ദേവിയെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. 

'ദേവീ, ഞങ്ങള്‍ രാജനോട് ഒന്ന് സംസാരിച്ചാലോ?'

'വേണ്ട ചേച്ചീ... രാജേട്ടന്‍ ആകെ മാറിയിരിക്കുന്നു. ആ മനസ്സില്‍ ഏതോ ചെകുത്താനാണിപ്പോള്‍ ... സ്വബോധമുള്ള സമയവും കുറവ്‌. കരഞ്ഞും, കാലു പിടിച്ചും, ഇണങ്ങിയും, പിണങ്ങിയും ഒക്കെ പറഞ്ഞുനോക്കി ചേച്ചീ ... ഒരു രക്ഷയുമില്ല ... ആ മനസ്സിലെല്ലാം ദുഷ്ടത്തരമാണിപ്പോള്‍ , ആര് പറഞ്ഞാലും കേള്‍ക്കില്ല ...'

ഒരു രാത്രി ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് കതകു തുറന്നത്. ഒരു ഭ്രാന്തിയെ പോലെ ദേവി ... കണ്ണുകളില്‍ പേടിപ്പെടുത്തുന്ന ഒരുതരം മരവിപ്പ്‌ .. ശരീരം മുഴുവന്‍ രക്തം ...

അമ്പരന്നു നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു,

'എന്റെ മോളെ അവന്‍ ... ആ ദുഷ്ടനെ ഞാന്‍ കൊന്നു ... ഞാന്‍ കൊന്നു !!'

പൊടുന്നനെ അലറിക്കരഞ്ഞുകൊണ്ട് അവള്‍ നിലത്തേക്ക് തളര്‍ന്നുവീണു.

കോടതിയില്‍ ഒരു വക്കീലിനെ വെക്കാന്‍ അവള്‍ സമ്മതിച്ചില്ല. വിചാരണക്കിടയിലും 'താന്‍ കൊന്നു' എന്നല്ലാതെ ഒരു വാക്കുപോലും അവള്‍ പറഞ്ഞില്ല!

'ആന്റീ ...' ദിവ്യമോള്‍ കുലുക്കി വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

കോടതിമുറി ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞിരിക്കുന്നു. വീണ്ടും  വിലങ്ങണിയിച്ച് ദേവിയെ പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുന്നു. 

അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. വിലങ്ങണിഞ്ഞ കൈ കൊണ്ട് ദിവ്യയുടെ നെറുകയില്‍ ഒന്ന്‍ തലോടി.

'ചേച്ചീ ... ഇനി എന്റെ മോള്‍ക്ക്‌ ....'

തളര്‍ന്നു വീഴാന്‍ തുടങ്ങിയ ദിവ്യമോളെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് തലകുലുക്കി.

മെല്ലെ നടന്നുപോയ ദേവിയുടെ മുഖം ശാന്തമായിരുന്നു ...

(Pic courtesy: Google)

52 Response to "പിതൃ ദേവോ ഭവ: !!!"

  1. ദേവി ചെയ്തത് ശരിയാണെന്ന് അഭിപ്രായമില്ല.
    കാരണം സ്വന്തം മകൾക്ക് ഇപ്പോൾ അച്ചനും അമ്മയും ഇല്ലാതായില്ലേ....? വേണ്ടപ്പെട്ടവരെ അറിയിച്ച് ഒരു പരിഹാരം കണ്ടിരുന്നെങ്കിൽ അമ്മയുടെ സംരക്ഷണമെങ്കിലും മകൾക്ക് കിട്ടിയേനേ..

    പെട്ടെന്നു തോന്നിയ വികാരത്തിൽ ചെയ്തുപോയതാണെന്നു ധരിച്ചാലും ഇങ്ങനെ ഒരു സിൻ കാണേണ്ടി വരുമെന്നു ദേവി നേരത്തേ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു.

    കഥ നന്നയി കെട്ടൊ...
    ആശംസകൾ...

    അനില്‍ ,ഗുണപാഠം ഉള്‍ക്കൊള്ളുന്ന കഥയ്ക്ക്‌ അഭിനന്ദനം .
    ഇത് പോലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ പുതുമ യില്ലാത്ത വാര്‍ത്തയായിരിക്കുന്നു !

    ഒരു സംഭവം അവതരിപ്പിച്ചു എന്ന് പറയാം .കഥാ ശില്പത്തിലേക്ക് ഈ രചന ഉയരാന്‍ കുറച്ചു കൂടി മിനുക്ക്‌ പണികള്‍ ആവശ്യമാണ്‌ എന്ന് തോന്നുന്നു ..

    എനിക്ക് തോന്നുന്നു ഇതേ തീം ഇതിനു മുന്‍പ്‌ ഏതോ ബ്ലോഗില്‍ തന്നെ വന്നിരുന്നു. ഏതായാലും ഇഷ്ട്ടായി അനിലേട്ടാ..

    വിഷയം അത്ര പുതുമയുള്ളതല്ല. അവതരണം വളരെ അധികം നന്നായിട്ടുണ്ട്. അനിലേട്ടാ ആശംസകള്‍..

    രമേഷ് പറഞ്ഞതുപോലെ ഇതൊരു യാഥാര്‍ത്ഥ സംഭവമായി വായിച്ചത് ഓര്‍ക്കുന്നു ,മദ്യകേരളം ഇങ്ങിനെ വളരുകയാണെങ്കില്‍ ഇതല്ല ഇതിലും വലുത് നമുക്ക് കാണേണ്ടിവരും..കേഴുക പ്രിയ നാടേ എന്നല്ലാതെ എന്ത് പറയാന്‍ ?

    Yasmin NK says:

    ശരിയാണു. കേരളത്തിനു ഭ്രാന്ത് പിടിച്ചിരിക്കുന്നു.

    സ്വന്തമെന്ന രീതിയിലെക്കു ഒതുങ്ങുന്ന കുടുംബ ചുറ്റുപാടില്‍ ഒരു അയല്‍വാസി ബന്ധവും നന്നായി കാണിച്ചിരിക്കുന്നു. വിഷയവും നന്നായി പറഞ്ഞു.. അനിലേട്ടാ ഹൃദയം നിറഞ്ഞ ആശംസകള്‍.. ബ്ലോഗും കാണാന്‍ ഭംഗിയുണ്ട്..

    അഭി says:

    കഥ നന്നായിരിക്കുന്നു
    ആശംസകള്‍

    മോശമില്ല

    ഇത്തരം സംഭവങ്ങള്‍ കഥകളായാല്‍ പോലും നടുക്കത്തോടെയാണ് വായിക്കുന്നത്.
    'എന്നിലെ മനുഷ്യന്‍ മരിക്കാത്തിടത്തോളം, എന്നിലെ പിതാവ് മരിക്കാത്തിടത്തോളം കാലം എന്റെ അവയവങ്ങളെ ഞാന്‍ ഭയക്കേണ്ടതില്ല'

    നല്ല അവതരണം.. കഥ ഇഷ്ടായി..

    Naushu says:

    നന്നായി അവതരിപ്പിച്ചു !!

    മനസ്സിൽ നൊമ്പരമുണർത്തിയ കഥ...കഥയെന്നുറപ്പിച്ച് വിശ്വസിക്കാൻ മനസ്സ് പറയുമ്പോഴും കീറി മുറിക്കാനെത്തുന്ന വാർത്തകൾ...

    നന്നായി പറഞ്ഞു അനിലേട്ടാ

    അനില്‍ ഈ വിഷയം പുതിയതോ പഴയതായോ എന്നതല്ല പ്രശ്നം ..ഇപ്പോഴും ഇത് നടക്കുന്നു.കൂടുതല്‍ തീവ്രമായി .അതുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യവും ആണ്.പക്ഷെ ആ കൊല ഒഴിവാക്കി ജീവിച്ചു മരിക്കാന്‍ വിട്ടവന്‍റെ അവസ്ഥ ആയിരുന്നു കുറച്ചുകൂടി നന്നാകുകഎന്നെനിക്ക് തോന്നി.നല്ല കൈയ്യടക്കവും narrating skill ഉം ഉള്ള അനിലിനെ വിമര്‍ശിക്കാന്‍ ഞാന്‍
    ആളല്ല..ഒരഭിപ്രായം പറഞ്ഞതാണ് .
    ആശംസകള്‍

    വികെ: ഒരമ്മയുടെ സഹനത്തിന്റെ അതിരുകള്‍ ആവാം. നന്ദി.

    രമേശ്‌: അതേ ഒരു സംഭവവുമായി അടുത്തു നില്‍ക്കുന്നത് കൊണ്ടു തന്നെ കാല്പനികത കടന്നു വന്നില്ല.പതിവ്പോലെ ഈ നല്ല വായനക്കും നന്ദി.

    ആളവന്‍,
    ശ്രീജിത്ത്‌: അതെ പലരും പലപ്പോഴും പറഞ്ഞ വിഷയം തന്നെ.വിഷയത്തിന്റെ കാലികത വിണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു എന്ന് മാത്രം.

    ഉണ്ണി: നന്ദി

    സിദ്ധിക്ക്,
    മുല്ല,
    നമ്മുടെ പോക്ക് എങ്ങോട്ടാണെന്നോര്‍ത്ത് വിഷമിക്കാനെ കഴിയുന്നോള്ളു.

    ജെഫു, അഭി - നന്ദിയുണ്ട്

    സാബു: വായിച്ചല്ലോ, സന്തോഷം.

    റാഹി: നന്ദി

    തിരച്ചിലാനെ, നമ്മിലെ മനുഷ്യത്വം മരിക്കാതിരിക്കട്ടെ, അല്ലേ?

    നൌഷു: സന്തോഷം

    സീത: ഇക്കഴിഞ്ഞ ദിവസങ്ങളിലെ ചില പത്രവാര്‍ത്തകള്‍ വല്ലാതെ നോവിച്ചു. അഭിപ്രായത്തിന് നന്ദി കെട്ടോ.

    ധനലക്ഷ്മി: തീര്‍ച്ചയായും വിമര്‍ശിക്കണം, അവയല്ലേ നന്നായെഴുതാന്‍ കരുത്ത് തരിക?

    വിമല്‍ പറഞ്ഞത് ശരിയാണ് ഇതേ തീം മിനി ടീച്ചറുടെ ഒരു കഥയില്‍ ഉണ്ടായിരുന്നു.
    രണ്ടും രചന രീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
    നന്നായി കേട്ടോ .ഇഷ്ടായി.

    Best Wishes

    ഇന്നത്തെ കാലത്ത് ചിന്തിപ്പിക്കുന്ന കഥ,
    ഈ കഥയുടെ ആശയം വരുന്ന കഥ;
    ‘മിനി കഥകളിൽ’ ഞാൻ എഴുതിയത് ലിങ്ക് ചേർക്കുന്നു.
    ചിക്കു ഷെയ്ക്ക്

    മനുഷ്യര്‍ക്ക്‌ ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു.
    സൂക്ഷിക്കുക....

    ajith says:

    ആപദി കിം കരണീയം??

    അച്ചൻ , വാപ്പ , ഡാഡി ... പിന്നെ പലപേരുകളിൽ വിളിക്കപ്പെടുന്ന ഇവർ എന്തേ ഇങ്ങനെ... ചിന്തിച്ച്... ചിന്തിച്ച്... എന്റെ കണ്ണ് നിറഞ്ഞു. ഇവർ സത്യത്തെ തിരിച്ചറിയട്ടെ ; ദൈവത്തെയും

    ഇത് എങ്ങനയോ സ്പാമില്‍ ‍ പോയത് കൊണ്ടു വായിക്കാന്‍ താമസിച്ചു ..

    കാലിക പ്രസക്തമായ വിഷയങ്ങള്‍ കലാ സൃഷ്ടികള്‍ ആവുമ്പോള്‍ ആവര്‍ത്തനം
    അല്ല അത് കൂടുതല്‍ ചിന്തനീയം ആവുക
    ആണ്‌ വേണ്ടത് ..അത് കൊണ്ടു തന്നെ ഈ ഒരു മാസം കൊണ്ടു പലരും അവതരിപ്പിച്ച ഈ
    വിഷയം ഒട്ടും പുതുമ കുറഞ്ഞത്‌ അല്ല ..


    വളരെ ഇരുത്തം വന്ന വാചക രചനയും അതി ഭാവുകത്വം ഇല്ലാത്ത മനസ്സില്‍ തറഞ്ഞു
    കയറുന്ന rachanaa shailiyum ..അഭിനന്ദനങ്ങള്‍ അനില്‍ ....

    Manoraj says:

    കമലിന്റെ ഒരു സിനിമയില്‍ ഇത് തന്നെയാണ് തീം. അതില്‍ ഭാനുപ്രിയയുടെ കഥാപാത്രം സുരേഷ് കൃഷ്ണയെ കൊല്ലുന്നു എന്ന് തോന്നുന്നു. പ്രമേയം കാലീകമാണ്. ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലക്ക് നന്നായി. അനിലിന്റെ കഥകളുടെ ഗുണനിലവാരം ഇതിനില്ല എന്നത് ഒരു പക്ഷെ വിഷയം സ്ഥിരമായി കുറേ കേട്ട് കഴിഞ്ഞതിനാലാവാം.

    ഒരു പാട് എഴുതുകയും പറയുകയും ചിത്രീകരിക്കുകയും ചെയ്ത കഥാതന്തു ആണെങ്കിലും എഴുത്തിന്റെ വേറിട്ട ശൈലി ഇഷ്ടപ്പെട്ടു. നന്നായി.

    തീം പുതിയതല്ലെങ്കിലും കാലിക പ്രസക്തമായ ഒരു വിഷയം.
    അവതരണം ഇഷ്ടമായെങ്കിലും അനിലേട്ടന്റെ പതിവ് തലത്തിലേക്ക് ഉയര്‍ന്നോന്നൊരു സംശയം

    അവതരണ മികവു കൊണ്ട് വളരെ മനോഹരമായിരിക്കുന്നു.
    ആശംസകള്‍,

    കഥ വായിച്ചു. വിഷയം കഠിനമാണ്. നന്നായി അവതരിപ്പിച്ചു.

    നന്നായി അവതരിപ്പിച്ചു

    സ്നേഹിത, മാന്‍ : നന്ദി

    മിനിടീച്ചര്‍: കഥ ഇന്നാണ് കണ്ടത്‌, എന്റെ അഭിപ്രായം എഴുതിയിട്ടുണ്ട് അവിടെ.

    റാംജി, സാദിഖ്‌: അമ്പരന്നു നില്‍ക്കണേ കഴിയുന്നൊള്ളു.

    അജിത്: നന്ദി അഭിപ്രായത്തിന്.

    എന്റെ ലോകം: സന്തോഷം, ഇനിയും വരൂ.

    മനു, ഇസ്മയില്‍ : ഒരല്പം തിരക്ക് കൂടിപ്പോയി, ശ്രദ്ധിക്കാം ഇനി.നന്ദി.

    ആര്‍ കെ,
    അഷ്‌റഫ്‌,
    മുകില്‍,
    ബിഗു,

    വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി.

    ഇങ്ങനെ ഒരു സാഹചര്യം എതമ്മയ്ക്കാണ് താങ്ങാന്‍ കഴിയുക?.. കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.

    ഭ്രാന്തുപിടിച്ച മനസ്സുമായി ജീവിക്കുന്ന ഒരു സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആള്‍ക്കാര്‍ക്ക് കാഴ്ചകള്‍ നഷ്ടമായിരിക്കുന്നു.തിരിച്ചറിയാനുള്ള കാഴ്ചകള്‍.ദേവിയെ ജീവപര്യന്തത്തിനു ശിക്ഷിക്കണ്ടായിരുന്നു....

    Sambhavikkavunnathu, sambhavichittullathu.

    തീം പഴയതോ പുതിയതോ എന്നതല്ല,അവതരണ ശൈലിയില്‍ വളരെ മികച്ചു നില്‍ക്കുന്നു ഈ കഥ....മൂല്യങ്ങള്‍ നഷ്ടമായ ഒരു സമൂഹം രാക്ഷസക്കണ്ണുകള്‍ തുറിച്ചു നോക്കുമ്പോള്‍ , ആശ്രയമായിരുന്ന വീടും അന്യമാവുകയാണോ...? വെട്ടിയരിയുന്ന കാവല്‍ക്കാരന്റെ മനശാസ്ത്രം , പുഴുക്കുത്തേറ്റ സമൂഹത്തിന്റെ സംഭാവനയല്ലേ....?
    വളരെ നന്നായി എഴുതി.

    ആദ്യം നൊമ്പരപ്പെടുത്തി...പിന്നെ ഭയപ്പെടുത്തി...
    ആനുകാലിക പ്രസക്ത വിഷയം വളരെ ലളിതമായി,ചിന്തിപ്പിയ്ക്കും വിധം പറഞ്ഞു, ആശംസകള്‍.

    പഴയകാലത്ത് പെണ്‍കുട്ടികള്‍ പ്രായമായാല്‍ പിന്നെ അച്ഛന്‍റെടുക്കല്‍ നിന്നുപോലും അകറ്റി നിര്‍ത്തും. അന്നെല്ലാം നല്ലൊരു മുത്തശ്ശി വീട്ടില്‍ കാണും. ഇന്നണു കുടുംബം. കഥ കൊള്ളാം.

    ഒരു പോലീസുകാരനായയെനിക്ക് ഇത് പുതുമയല്ലാതായി തീര്‍ന്നിരിക്കുന്നു.താങ്ങളുടെ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.ആശംസകളോടെ...

    Junaiths says:

    മനസ്സ് തൊടുന്ന കഥ..

    വായിച്ചു...കേട്ടൊ

    ശാലിനി,
    ശ്രീക്കുട്ടന്‍
    എഴുത്തുകാരി,
    - നന്ദി

    കുഞ്ഞൂസ്: നന്ദി, ഈ നോവ് പങ്കുവെച്ചതിന്.

    വര്‍ഷിണി,
    കുസുമംജി,
    ജുനൈദ്,
    മുരളി,
    സങ്കല്‍പ്പങ്ങള്‍

    വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി.

    നല്ല കഥ മനസ്സിനെ തൊട്ടുണർത്തി, കൂട്ടത്തിൽ എന്നും ഈ എഴുത്തുകാരനെ ശ്രദ്ധിക്കാറുണ്ടെങ്കിലും ആദ്യമായാണീയാളുടെ രചനയിലേക്ക് കണ്ണോടിക്കുന്നത്, നന്നായിട്ടുണ്ട് , അഭിനന്ദനം

    നന്നായി അവതരിപ്പിച്ചു.

    കഥ വായിച്ചു. അഭിനന്ദനങ്ങൾ.

    nannayi paranju...... bhavukangal...........

    അനില്‍,ഇതേ പേരില്‍ ഞാനും ഒരു കഥ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്തത്. ഒരേ പേര് കണ്ടാണ് ഇവിടെ എത്തിയത്‌.
    ഇതാനി എന്റെ കഥ.തലക്കെട്ടിലെ സാമ്യമുഉള്ളു കേട്ടോ.ഈ കഥ കൊള്ളാം.എന്നാലും കുറച്ചു കൂടെ തീവ്രമാക്കാമായിരുന്നു.

    http://rosappukkal.blogspot.com/2011/06/blog-post.html

    Harikrishnan

    നല്ല അവതരണം.. കഥ ഇഷ്ടായി..

    മ്മ്...
    എനിക്ക് തോന്നിയ ഒരു ട്വിസ്റ്റ്,
    മകളോടുള്ള അമിത ആകുലത കൊണ്ട് കാണുന്നതെന്തിനേയും ചീത്തയായി കാണാനും ചെയ്യുന്നതെല്ലാം വേണ്ടത്തരമായി വ്യക്യനിക്കാനും ശ്രമിച്ച അമ്മ മനസ്സാവാം വില്ലന്‍.
    യാധാര്‍ത്യങ്ങളോട് പ്രതികരിക്കേണ്ട രീതിയില്‍ ആയിരുന്നില്ലാ ആ അമ്മ പ്രതികരിച്ചത് എന്നു വന്നതിനാല്‍ തോന്നിയ ഒരു മണ്ടന്‍ ട്വിസ്റ്റാവാം ഇതു.
    (‘വെറുതെ ഒരു ഭാര്യ‘-യിലെ ജയറാമിന്റെ കഥാപാത്രത്തെ ഓര്‍ത്തു)

    അനിൽ ഭായി...കഥ പറച്ചിൽ നന്നായി,, പിന്നെ ഈ വിഷയം ഒരു മാനസ്സിക പ്രശ്നമാണു ചികിൽസിച്ചാൽ മാറുന്നത്...കഥയല്ലിത് എല്ലാ വർത്താ ചാനലുകളിലും നിത്യവും നിറയുന്ന സത്യം.

    മഹാ കഷ്ടം.ഇതല്ലാതെ എന്തുപറയാന്‍?
    കഥ അവതരണം നന്നായിരിക്കുന്നു

    സത്യമോ ,കഥയോ???നന്നായിട്ടുണ്ട്

    Enik thonnunu, a barya barthakanmarkidayil nalloru dambathya izhayadupam undayirunenkil oru pakshe ingane sambavikan sadyatha kuravayirunu. mathramalla, penkutikalk ikkalath prathyekich venda sex related teachings or guidance theere kitunilla. athum oru prasnaman.

    Froidian thathwangalk kooduthal oonal kodukenda kalamai enn thonunu. http://en.wikipedia.org/wiki/Sigmund_Freud#Major_works_by_Freud

    http://en.wikipedia.org/wiki/Three_Essays_on_the_Theory_of_Sexuality

    ഇന്നാണ് വായിച്ചത് ....നന്നായി പറഞ്ഞിരിക്കുന്നു സമകാലിക നാടിന്റെ അവസ്ഥകള്‍....

    sids says:

    ഇത്തരം വിഷയങ്ങൾ സാധാരണ സംഭവങ്ങളായതിൽ നമ്മുടെ പങ്കും വളരെ വലുതാണ്, മാധ്യമങ്ങൾ ആവേശപൂർവ്വം കൊട്ടിഘോഷിക്കുന്ന ഇത്തരം സഭവങ്ങൾ നമ്മൾ ഉത്സാഹപൂർവ്വം പറഞ്ഞു നടക്കുന്നു..തുടർന്ന് സമൂഹത്തിൽ അതൊരു സാധാരണ സഭവമായി മാറുന്നു...ബ്ലോഗ്ഗിലൂടെ നമ്മളും അതിന് വളമിടുകയാണ്..........

Post a Comment

Related Posts Plugin for WordPress, Blogger...