‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’
നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ഹോംവര്‍ക്കിന്റെ തിരക്കില്‍. ഒരാഴ്ച കാത്തിരുന്നതിന് ശേഷമാണ് മോന്‍ വീട്ടിലുണ്ടാകാനിടയുള്ള സമയം നോക്കിത്തന്നെ ഫോണ്‍ ചെയ്തത്.
‘ഹല്ലൊ’ ഫോണിന്റെ അങ്ങേത്തലക്കല്‍ നന്ദു തന്നെ. കുട്ടിത്തം വിട്ടകലാന്‍ തുടങ്ങുന്ന അവന്റെ ശബ്ദം ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടാക്കിയത്.
‘നന്ദുവിന് സുഖമല്ലേ മോനെ?’
‘ഉം’ ഒരു മൂളലില്‍ ഒതുങ്ങുന്ന ഉത്തരം!
‘നന്നായി പഠിക്കുന്നില്ലേ മോന്‍?’
‘ഉം’ ..വീണ്ടും!
‘സ്‌കൂളില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’
‘ഒന്നൂല്ലാ’
‘അച്ഛാ ഞാന്‍ ഫോണ്‍ അമ്മക്ക് കൊടുക്കട്ടെ?’ ... നന്ദുവിന് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു! അമ്മയെ വിളിച്ച് ഫോണ്‍ ഏല്‍പ്പിച്ചിട്ട് അവന്‍ എങ്ങോട്ടോ ഓടിപ്പോയി!
പൊന്നുമോന്റെ കുസൃതികള്‍ കേള്‍ക്കാന്‍, കളിയും ചിരിയും തമാശകളും കേള്‍ക്കാന്‍, സ്കൂളിലെ വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായി നിന്ന എന്റെ മനസ്സില്‍ എന്തൊക്കെയോ വീണുടയുന്നത് പോലെ!
നന്ദു വളര്‍ന്നിരിക്കുന്നു!
എന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നിര്‍ത്താതെ സംശയങ്ങള്‍ ചോദിക്കുകയും, അവന്റെ ലോകത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഓഫീസ്സില്‍ നിന്നും വരുന്നതും കാത്തിരിക്കുകയും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞ് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ പൊന്നുമോന്‍ പെട്ടെന്ന് വളര്‍ന്നത് പോലെ ... അവന്‍ എനിക്ക് അന്യനായത് പോലെ!
എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു അകലം ഉണ്ടായത്? എപ്പോഴാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയില്‍ ഒരല്പം നഷ്ടം ഉണ്ടാകാന്‍ തുടങ്ങിയത്?!
ഒരു കുട്ടിക്ക് അവന്റെ അച്ഛനമ്മമാരോട് ഏറ്റവും ഊഷ്മളമായ അടുപ്പമുണ്ടാകുന്നതും, ബന്ധത്തിന്റെ ഇഴയടുപ്പം ഏറ്റവും കൂടുന്നതും അച്ഛനമ്മമാരും മക്കളും ഒന്നിച്ച് കഴിയുന്ന ബാല്യത്തിലാണ്. പിന്നെ കൌമാരത്തിലെ വളര്‍ച്ചയുടെ പടവുകളില്‍ അവര്‍ക്ക് അച്ഛനമ്മമാരുമായി നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നു.
പക്ഷെ വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത ... ഒരു മാസത്തെ അടുപ്പം അപരിചതത്വത്തിന്റെ മഞ്ഞ് ഉരുക്കുമ്പോഴേക്കും അടുത്ത തിരിച്ച് പോക്ക്! പിന്നേയും കൂടുതല്‍ അകന്നു പോകുന്ന മക്കള്‍!
അല്ലെങ്കില്‍ തന്നെ നാമൊക്കെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു മധുരമുള്ള ബാല്യം നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി തൊടിയിലും പറമ്പിലും നടന്നതും, അച്ഛന്‍ ഓലപ്പമ്പരവും, കാറ്റാടിയും ഉണ്ടാക്കിത്തന്നതും, തൂക്കണാംകുരുവിയുടെ കൂട് കാട്ടിത്തന്നതും, കഥകള്‍ പറഞ്ഞ് തന്നതും, പുഴയിലെ മുട്ടോളം വെള്ളത്തില്‍ നഗ്നനാക്കി നിര്‍ത്തി മേല് തേച്ച് കുളിപ്പിച്ചതും ... ഇത്തരം ഒരു ബാല്യം നമ്മുടെ കുഞ്ഞൂങ്ങള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയാറില്ലല്ലോ !
മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!
ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.
പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പോള്‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്!’.
മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!
ഒന്നുകൂടി അടിവരയിടുന്നു...
താങ്കളുടെ ഈ അനുഭവം മകനൊപ്പം ജീവിക്കുമ്പോൾ തന്നെ എനിക്കുണ്ടായിട്ടുണ്ട്, കുട്ടിയുടെ വളർച്ചയുടെ ഭാഗമാണ് അച്ഛനിൽ താത്പര്യമില്ലാതാകൽ, അഛനപ്പുറമുള്ള മഹാകാശങ്ങളിലേക്ക് കുട്ടി ചിറകു വിരുത്തുന്നു- എന്നാൽ ഇന്ന് അകലെപ്പോയി പഠിക്കുന്ന മകൻ കൂടുതൽ അടുത്ത് നിൽക്കുന്നുണ്ടെന്റെ മനസ്സിൽ- അപ്പോൾ ഇതൊരു passing phase മാത്രം-ഓകെ?
മാതാപിതാക്കളുമായി കുട്ടികള്‍ ടീനേജ് പ്രായത്തില്‍ മാനസികമായി അകലുന്നത് സ്വാഭാവികമാണ്. അത് അവരുടെ വളര്‍ച്ചയുടെ ഭാഗമാണ്. അച്ഛന്‍ കൂടെയുണ്ടെങ്കിലും ഇങ്ങിനെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
പിന്നെ ഇപ്പോഴത്തെ കുട്ടികള്‍ക്കും ബാല്യത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ധാരാളം ഉണ്ടാകും. വീഡിയോ ഗെയിമുകളും, ഇന്റെര്‍നെറ്റ് സാഹസങ്ങളും, കൂട്ടുകാരുമൊത്തുമുള്ള വികൃതികളും അങ്ങിനെ പലതും. ഒന്നുമില്ലെന്ന് നമുക്ക് വെറുതെ തോന്നുന്നതാണ്.
പ്രവാസിയായ ഒരച്ഛന്റെ വ്യാകുലതകള്‍ മനസ്സില്‍ തട്ടും വിധം നന്നായി എഴുതിയിട്ടുണ്ട്.
ITHANU PRAVASIYUDE NOMBARAM
ഒരു പ്രവാസി അച്ഛന്റെ വ്യാകുലതകള്‍ നന്നായി അവതരിപ്പിച്ചു
അനുഭവമാകുമ്പോഴുള്ള വേദന പകരാനാവുന്നുണ്ട് എഴുതിയ വാക്കുകൾക്ക്.
പ്രവാസിയായ അച്ഛന്റെ വിഷമം ശരിക്കും വരച്ചുകാട്ടി.
ആധുനിക ജീവിതത്തില്‍ അച്ഛന്മാര്‍ക്ക് നഷ്ടമാവുന്നത്. തലക്കെട്ട് വളരെ നന്നായിട്ടുണ്ട്.
പ്രവാസിയുടെ അനുഭവങ്ങളില്‍ ഇതും
ചർച്ച ചെയ്യപ്പെടേണ്ട ആശങ്കകൾ നന്നായി പങ്കുവച്ചിരിക്കുന്നു,അനിൽ
ഒപ്പം താമസ്സിക്കുന്നു എന്നുള്ളതുകൊണ്ട് മക്കളുടെ മനസ്സില്‍ സ്ഥാനം പിടിക്കാം എന്ന് ധരിക്കണ്ട. ഒരു പക്ഷെ കൂടെ ഉണ്ടായിട്ടും മകന്‍ അകന്നു പോയല്ലോ എന്ന വിഷമം ഒഴിവാകും പ്രവാസിക്ക് .
വളരെ നല്ല പോസ്റ്റ്. ഒരുപാട് വലിച്ചുനീട്ടാതെ കാര്യമാത്രപ്രസക്തമായി പറഞ്ഞു.
ഞാനാലോചിച്ചത്, ഫോൺ ദുർല്ലഭമായിരുന്ന ഇന്നലെകളിൽ ഇത്തരം പ്രവാസി അച്ഛന്മാർ എങ്ങിനെ മക്കളുമായി സംവദിച്ചിരുന്നു ആവോ?
പ്രവാസ ജീവിതത്തിലെ ആകുലതകള്‍ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറഞ്ഞത് നന്നായി. ചുവരില്‍ തൂക്കിയ വെറും ചിത്രമാകാതെ അവരുടെ ജീവിതത്തിനൊരു മാതൃകയാകാന്‍ കഴിയട്ടെ.
എല്ലാവരും കൂടെയുണ്ടായിട്ടും അവരെ നോക്കാൻ സമയം കണ്ടെത്താൻ മടിക്കുന്ന അച്ഛനമ്മമാരെക്കാളും ഭേദമല്ലെ,വല്ലപ്പോഴെങ്കിലും സ്നേഹം വാരിക്കോരി കൊടുക്കാൻ സാധിക്കുന്ന അച്ഛനമ്മമാർ എന്നു ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതരീതികൾ കാണുമ്പോൾ ചിലപ്പോഴൊക്കെ തോന്നുന്നു..
സത്യം...
നീണ്ട കാലത്തെ പ്രവാസജീവിതം നയിച്ച ഒരാളുടെ മകനെന്ന നിലയില്‍ , എന്നെ ചിലതൊക്കെ ഓര്‍മ്മപ്പെടുത്തുന്നു ഈ പോസ്റ്റ്.
അച്ഛനും, മക്കള്‍ക്കും പ്രവാസം ഒരു നഷ്ടമാണ്. അമ്മയ്ക്ക് ഭാരിച്ച ഉത്തരവാദിത്വവും.
അമ്മയേക്കാള്‍ വലിയ ദൈവവും, അച്ഛനെക്കാള്‍ വലിയ ഗുരുവും ഇല്ലെന്നല്ലേ..!
രണ്ടും ഒരുപോലെ വേണ്ടത് തന്നെ.
നന്നായി പറഞ്ഞു :-)
പ്രവാസിയുടെ വിഷമങ്ങള്‍ തീവ്രമായി അവതരിപ്പിച്ചു.
ആശംസകള്‍
എന്ത് ചെയ്യാ ...
എന്റെയീ ആകുലതകള്‍ ഏറ്റ്വാങ്ങിയ എല്ലാ പ്രിയ കൂട്ടുകര്‍ക്കും നന്ദി.
ഇപ്പോൾ മനസ്സിലായില്ലെ? മാതാപിതാക്കളെ വയോജന മന്ദിരത്തിലും വഴിവക്കിലും ഉപേക്ഷിക്കുന്ന മക്കൾ ഉണ്ടാകുന്നവിധം.
അകന്നു കഴിയുന്ന അച്ഛനും മക്കള്‍ക്കും ഇടയിലെ പാലം ആവേണ്ടത് അമ്മയല്ലേ... അച്ഛനെപ്പറ്റി,അദ്ദേഹം എന്തിനായി ദൂരെക്കഴിയുന്നു എന്നതിനെപ്പറ്റിയൊക്കെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തു,അവരില്‍ അച്ഛനോടുള്ള സ്നേഹവും ആദരവും ഉണ്ടാക്കാന്‍ ഒരമ്മക്ക് കഴിയും.അതുപോലെ മക്കളോടൊപ്പം കിട്ടുന്ന സമയം ഫലപ്രദമായി വിനിയോഗിച്ചാല്‍,എത്ര ദൂരെയാണെങ്കിലും ആ സ്നേഹത്തിലേക്കു ഓടിയെത്താന്‍ മക്കള്‍ക്കും എന്നും സന്തോഷമായിരിക്കും.(അനുഭവത്തിന്റെ വെളിച്ചത്തില്‍....)
പലരും പറഞ്ഞപോലെ, അച്ഛന്‍ കൂടെ ഉണ്ടെങ്കിലും കൌമാര പ്രായത്തില്‍ കുട്ടികള്‍ ഇങ്ങനെയേ പെരുമാറു... അത് പ്രായത്തിന്റെ ആണ്....വിഷമം തോന്നുമെങ്കിലും നമ്മളും അങ്ങനെ തന്നെ ആയിരുന്നു എന്ന് ഓര്‍ത്താല്‍ കുറച്ചു സമാധാനം ആകും.... നല്ല പോസ്റ്റ് അനില്‍.
താങ്കളുടെ വരികളില്‍ കാണുന്ന വ്യാകുലത സത്യമാണ് നമുക്ക് നല്‍കാന്‍ കഴിയാത്ത സ്നേഹത്തെ കുറിച്ച് ദുഖിച്ചു കാര്യമില്ലല്ലോ .
ശരിയാണ് അവനു അച്ഛന്റെ സാന്നിത്യം നഷ്ടപ്പെട്ടതുപോലെ ബാല്യത്തിന്റെ ഓര്‍മയില്‍ പുഴയും പാടവും തോടും ഒന്നും കരുതുവാനും ഇല്ല .
ആത്മബന്ധത്തിന്റെ നൂലിഴകള്‍ മുറിഞ്ഞു പോകുന്ന തികച്ചും സ്വകാര്യമാകുന്ന ദുഖമാണ് പ്രവാസത്തിന്റെ ഈ കാലങ്ങളില്‍ മനസ്സില്‍ ഒതുക്കി വെക്കുന്നത് . മക്കള്‍ മാത്രമല്ല ആ കൂട്ടത്തില്‍ .ഒരിക്കല്‍ ഉണ്ടായിരുന്ന പലതും പ്രവാസി ആയികഴിഞ്ഞപ്പോള്‍ അന്യമായിട്ടുണ്ട് .
മേലെ പലരും പറഞ്ഞ പോലെ പ്രവാസിയായത് കൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കണം എന്നില്ല.
നമ്മുടെ കാലഘട്ടം അങ്ങിനെയാണിപ്പോള്‍.അതിനെ മറികടക്കാന്‍ കുറച്ചു പാടുപെടണം..
അകലത്തിരിക്കുന്നവന്റെ ആധികള്‍ നന്നായി അനുഭവപ്പെട്ടു.
പ്രവാസികളുടെ വേദന .മക്കളുടെ കുട്ടിക്കാലം അനുഭവിക്കാനാകാത്തത് കഷ്ടം തന്നെയാണ്.
മക്കളോടൊത്തില്ലാത്ത പ്രവാസി പിതാക്കന്മാരുടെ ദുരവസ്ഥ/ ദു:ഖം...!
“മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം“
പക്ഷെ മക്കൾക്കൊപ്പമുണ്ടായിട്ടും ....!
പറഞ്ഞാല്‍ തീരാത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. അതിനു ഒരു പരിധി വരെ നമ്മള്‍ക്ക് കിട്ടുന്ന വെറുതെ വരുന്ന ഒഴിവു സമയങ്ങളാണ് എന്നാണ് എന്റെ പക്ഷം. വേറുതെ ആലോചിച്ച് നമ്മള്‍ കാട് കയറുന്നും ഉണ്ട്. ഇല്ലാത്തതും വാങ്ങി നമ്മളെക്കൊണ്ട് താങ്ങാന്‍ കഴിയാത്തതില്‍ അധികം സംഘടിപ്പിച്ച് അവരെ പഠിപ്പിക്കുമ്പോഴും നമ്മുടെ മനസ്സില്‍ പഴയ മധുരമായ ജീവിതം തന്നെ മുന്നിട്ട് വരുന്നു. കാലത്തിന്റെ മാറ്റം നമ്മളില്‍ വേണ്ടവിധം സ്വാധീനിക്കുന്നില്ല എന്നെനിക്ക് തോന്നുന്നു. അവര്‍ പുതിയ ജീവിതത്തിന്റെ വഴി തേടുമ്പോള്‍ നമ്മള്‍ നിരാശരാകുന്നില്ലേ? നമ്മള്‍ അപ്പോഴും പണ്ടത്തെ കാഴ്ചകളില്‍ കുടുങ്ങുന്നില്ലേ എന്നൊരു തോന്നല്‍.
സ്നേഹത്തിന്റെ ആഴം വ്യക്തമാക്കിയ പോസ്റ്റ്.
നല്ല വായനക്കും, അഭിപ്രായങ്ങള്‍ക്കും എല്ലാ കൂട്ടുകാരോടും നന്ദീ.
ജ്യൊത്സ്യന്റെ പ്രവചനത്തിൽ വിശ്വസ്സിച്ചു സ്വന്തം മകനെ നിലത്തടിച്ചു കൊല്ലുന്ന അച്ഛനേയും, കൂടേതാമസിച്ചു കള്ളൂകുടിച്ചു കടം കയറി മക്കളേയും ഭാര്യയേയും വിഷം കൊടുത്തു കൊന്നു ആത്മഹത്ത്യചെയ്യുന്ന അച്ഛനേകാളും ഒക്കെ എത്രയൊ മഹാനാണ് അകലേആണെൻകിലും കുടൂമ്പത്തിനായി കഷ്ടപ്പെടുന്ന പ്രവാസി അച്ഛൻ...?
എന്‍റെ പ്രവാസിയായിരുന്നു പപ്പയെ ഓര്‍ത്തു പോയി ....ഈയിടക്ക് ഞാന്‍ എഴുതി ഒരു പിറന്നാള്‍ സമ്മാനം
ഇതാ ഇവിടെ കാണാം.തലകെട്ട് കണ്ടപ്പോള്‍ സത്യത്തില്‍ ഇതിന്‍റെ ഇതിവൃത്തം ഇങ്ങിനെ ആണെന്ന് കരുതിയില്ലാര്‍ന്നു ..."മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, ....!" അതെ അതാണ് വേണ്ടത് ...അതുണ്ടെങ്കില്‍ പകുതിയില്‍ അധികം നമ്മള്‍ക്ക് ആശ്വാസം തന്നെ ...
നന്ദി വേണു.
ആദില: പപ്പയേക്കുറിച്ചെഴുതിയത് വായിച്ചു, ആര്‍ദ്രമായ വരികള്‍.
പപ്പക്ക് ഒരല്പം വൈകിയെത്തുന്ന ജന്മദിനാശംസകള്‍. അദ്ദേഹത്തിനു എല്ലാ ആയുരാരോഗ്യവും നേരുന്നു.
സത്യമാണ് അത്. നന്നായി എഴുതി അനിയേട്ടാ.
കാലികമായ നിരീക്ഷണം ..എവിടെയോ വാത്സല്യത്തിന്റെ നേര്‍ത്ത ചരട് മുറിയുന്നു ..പിന്നെ എല്ലാം മാറുന്നു
പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പോള്‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്‍!’.
വളരെ നന്നായിട്ടുണ്ട് സമ കാലിക യാഥാര്‍ത്യങ്ങള്‍ ...
അനിലേട്ടാ, അല്പം വൈകി. പ്രവാസിയായ ഒരച്ഛന്റെ വ്യാകുലതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ശീർഷകം വളരെ ആപ്റ്റാണ്. അഭിനന്ദനങ്ങൾ
അനിലേട്ടന്റെ എല്ലാ പോസ്റ്റുകളിലും ഉള്ള സിഗ്നേച്ചർ “പ്രവാസിയുടെ ആകുലതകൾ” ഇതിലും പതിഞ്ഞിരിക്കുന്നു.
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
നന്ദിയും, സ്നേഹവും മാത്രം - എല്ലാവരോടും.
അനില്‍...എന്റെ മകനും നന്ദു തന്നെ. ആകുലത മനസ്സിലാവുന്നു.....സസ്നേഹം
കുഞ്ഞൂസിന്റെ കമന്റ് ശ്രദ്ദേയമാണ്...വളരെ കൃത്യമായ ഒരു നിരീക്ഷണമാണത്......സസ്നേഹം
വളരെ നല്ല പോസ്റ്റ്.
അച്ഹന്റെ ആകുലതകളെയും , വ്യാകുലതകളെയും , അതിന്‍റെ എല്ലാതലങ്ങളും സ്പര്‍ശിച്ചുകൊണ്ട് ശ്രീ അനില്‍കുമാര്‍ എഴുതിയത് കേവലം കഥയല്ല . അതില്‍ തെളിയുന്നത് ജീവിതമാണ് . പക്ഷെ പ്രവാസിയുടെ മാത്രം ദുഖമാണെന്ന് എനിക്കഭിപ്രായമില്ല കണ്ണിമ പൂട്ടാതെ മക്കളെ താലോലിക്കുന്നവരുടെയും കൂടിയാണ് . കുഞ്ഞൂസിന്റെ അഭിപ്രായത്തോടും ഒരു പരിധിവരെയേ യോജിക്കുവാന്‍ കഴിയുകയുള്ളൂ . അമ്മ അച്ഹനെക്കുറിച്ച് എത്ര പാടിപ്പുകഴ്ത്തിയാലും കൌമാരത്തോടടുക്കുംപോള്‍ അവന്റെ ചിന്തകള്‍ സ്വപ്ന ലോകത്തിലാണ് . യാഥാര്‍ത്യങ്ങളുമായി ഇണങ്ങുംപോഴേക്കും അവന്‍ അച്ഛനായി ട്ടുണ്ടാകും. കഥ നന്നായി . ഭാവുകങ്ങള്‍
വായനക്കും, അഭിപ്രായ്യത്തിനും എല്ലാ കൂട്ടൂകാര്‍ക്കും നന്ദി.
keep writing....
Entae Makannum vaeroru Nandu thannae...