ഓണം ... പോന്നോണം!!!

 
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു  പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.


49 Response to "ഓണം ... പോന്നോണം!!!"

  1. ഇഷ്ടായി അനില്‍ ജീ
    ഓണാശംസകളും നേരുന്നു

    അനിലേട്ടാ,
    വളരെ ഹൃദയസ്പര്‍ശിയായി..
    കൂടാതെ ഒരു coincidence -ഉം ഉണ്ടായി. ഉറക്കം വരാതെ വെറുതെ നെറ്റില്‍ പരത്തി നടക്കുമ്പോ ഏറ്റവും പ്രിയപ്പെട്ട പാട്ടുകേള്‍ക്കാന്‍ ഒരു മോഹം. ഇവിടെ ക്ലിക്കൂ
    അപ്പോഴാണ് ബ്ലോഗ്‌ updates എടുത്തു നോക്കിയത്. അതില്‍ ദാ ഈ പോസ്റ്റും കണ്ടു.. വായിച്ചു കഴിഞ്ഞപ്പോ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.. കേട്ടുകൊണ്ടിരുന്ന പാട്ടിനു താളം പിടിക്കുന്നത് പോലെ..
    (പാവം ബാച്ചിലേഴ്സ് -നെ സൂചിപ്പിച്ചത് ഇഷ്ടപ്പെട്ടു.. ഹി ഹി... ഞങ്ങളും അതെ പോലെ പാവങ്ങളാണ്...)
    അനിലേട്ടാ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
    കാണാം..കാണും.
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌

    വീണ്ടും ഒരു പ്രവാസ ദുഖം. ജോലി ഇല്ലാത്തതിന്റെയും, സാമ്പത്തിക മാന്ദ്യത്തിന്റെയും ഭാരങ്ങള്‍ അറിയാവുന്നത് കൊണ്ട് ഇത്തവണയും നൊമ്പരപ്പെടുത്തി.

    സന്തോഷത്തിന്‍റെ ഐശ്വര്യത്തിന്‍റെ.. ഓണാശംസകള്‍.

    ഏതൊരു പ്രവാസിയുടേയും ദു:ഖത്തിൽ ചാലിച്ച , കനിവുള്ള ഒരു ഓണക്കഥ...
    ഹൃദയസ്പര്‍ശിയായി തന്നെ വിവരിച്ചിരിക്കുന്നു, കേട്ടൊ അനിൽ ഭായ്.
    ഓണംശസകളോടെ....
    സസ്നേഹം,
    മുരളി.

    നല്ല കഥ ..
    പ്രവാസിയുടെ നൊമ്പരം നന്നായി പറഞ്ഞു
    ഓണാശംസകള്‍

    Vayady says:

    പ്രവാസിയുടെ വേദനയില്‍ ചാലിച്ച ഓണക്കഥ മനസ്സിനെ നൊമ്പരപ്പെടുത്തി.

    എന്റെ ഓണാശംസകള്‍

    Happy Onam!!!!

    ഓണാശംസകള്‍..

    ഓണാഘോഷങ്ങൾ പലതരത്തിലായിപ്പോകുന്നു…
    ഓണാശംസകൾ..

    അനിലേട്ടാ.. പതിവ് പോലെ നന്നായി. ആശംസകള്‍.... ഓണത്തിനും..!

    സോണ,
    ചെറുവാടി,
    ബാചിലേഴ്സ്,
    സിബൂ,
    മുരളി,
    മാണിക്യം ചേച്ചി,
    വായാടി,
    പ്രണവം,
    മേയ്ഫ്ലവേര്‍സ്,
    മുകില്‍,
    വിമല്‍,

    - ഓണം മിക്കവര്‍ക്കും ആര്‍പ്പും, കുരവയും, ആഘോഷവുമാകുമ്പോള്‍, ഇണ്‍ഗനെ ഒരു ഓണത്തേക്കുറിച്ചുള്ള ഓര്‍മകളും സ്വീകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഒപ്പം എല്ലവര്‍ക്കും ഹൃദ്യമായ ഓണാശംസകളും.

    ഈയ്യിടെ ഇത്തരം ആളുകളെ എന്നും കണ്ടുമുട്ടുന്നു. അതുകൊണ്ട് കഥ വേദനിപ്പിച്ചില്ല. മുറിവിനേക്കാള്‍ വലുതല്ലല്ലോ മുറിഞ്ഞു എന്ന തോന്നല്‍ .

    ഓണാശംസകള്‍..
    ഈ പോസ്റ്റ് നേരത്തെ വായിച്ചിരുന്നു.

    ഓണാശംസകൾ

    ശ്രീ.അനില്‍കുമാര്‍ , താങ്കളുടെ രചനകളിലെ മൂന്നു കഴിവുകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. മതിപ്പുളവാക്കുന്നു .
    1 .നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളിലൂടെ താങ്കള്‍ വലിയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു .
    2 .വായനക്കാരന്റെ ഹൃദയത്തില്‍ സ്പര്‍ശിക്കും വിധമാണ് താങ്കള്‍ വെരികളെ മെരുക്കുന്നത്.
    3 .ധാര്‍മ്മികതയുടെയും ആര്‍ദ്രതയുടെയും മഹത്വ തലങ്ങളെ അനായാസമായി എഴുത്തിലൂടെ താങ്കള്‍ ഉയര്‍ത്തുന്നു.
    മതിപ്പിനോടോപ്പം തന്നെ എന്നില്‍ അസൂയയും ജനിപ്പിക്കുന്നു. അനുവാചകരില്‍ അസൂയ ജനിപ്പിക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്‍ സംതുപ്തനായി .
    ബ്ലോഗിന്റെ ചട്ടക്കൂടുകള്‍ ഭേദിച്ച് ആനുകാലികങ്ങളുടെ താളുകളിലേക്ക് താങ്കള്‍ക്കു പറന്നുയരാം. കഥ നന്നായിരിക്കുന്നു .ഭാവുകങ്ങള്‍ .

    നല്ല ഹൃദയസ്പർശിയായ കഥ. ഓണാശംസകൾ..

    ഒരു പ്രവാസിയുടെ നൊമ്പരത്തെ മറ്റാരെക്കാളും നന്നായി അറിയുക പ്രവാസി തന്നെ ല്ലേ....?
    അനിലേട്ടന്റെ കയ്യൊപ്പ് പതിഞ്ഞ ഹൃദയഹാരിയായ കഥ!

    ഓണാശംസകൾ

    വിഷമിപ്പിക്കുന്ന ഒരു പ്രവാസി കഥ കൂടി.

    എത്ര സുന്ദരമായാണ് ഈ കഥ പറഞ്ഞിരിക്കുന്നത്..... അനിലിന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ..ഒപ്പം ഓണാശംസകളും

    ശ്രീ. അബ്ദുള്‍ഖാദര്‍: നല്ല വാക്കുകള്‍ക്ക് നന്ദി.
    ഭാനു,
    റാംജി,
    ഒഴാക്കന്‍‍,
    വേണുഗോപാല്‍,
    മിനിടീച്ചര്‍,
    കുഞ്ഞൂസ്സ്,
    കുമാരന്‍,
    മഞ്ജു,
    ആയിരത്തൊന്നാം രാവ്,

    വായനക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി.ഒപ്പം എല്ലാവര്‍ക്കും എന്റെ ഓണാശംസകളും.

    ‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.
    അവര്‍ക്ക് ഉറക്കം ഉണ്ടാവില്ല നമ്മള്‍ക്ക് അതല്ലേ കാണു

    ഓണാശംസകള്‍...

    so touching ishtaayi ..
    ഓണാശംസകള്‍

    jayaraj says:

    ഒരു ജോലി തേടി അന്യ നാട്ടില്‍ എത്തി പെടുന്നവന്റെ വേദന വരച്ചു കാട്ടിയിരിക്കുന്നു. നാട്ടില്‍ നിന്നും ഉള്ളതെല്ലാം വിറ്റിട്ടയിരിക്കും ജോലി തേടി വരുന്നത്. പക്ഷെ ജോലി കിട്ടാതെ അലയുകയാവും ചെയ്യുക. എന്തായാലും നന്നായിരിക്കുന്നു.

    ദു:ഖത്തിൽ ചാലിച്ച , ഒരു ഓണക്കഥ നന്നായി പറഞ്ഞു അനില്‍....

    Manoraj says:

    കഥ കൊള്ളാം. ഓണാശംസകള്‍

    പാവപ്പെട്ടവന്‍,
    ജിഷാദ്,
    കൃഷ്ണകുമാര്‍,
    ജയരാജ്,
    ദി മാന്‍,
    മനോരാജ്,

    - നന്ദിയും ഒപ്പം ഓണാശംസകളും.

    ഓണാശംസകള്‍

    സി.പി,
    വളരെ സിംപിളും മനോഹരമായും എഴുതിയിരിക്കുന്നു..
    "രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം". ഈ വരികള്‍ ആണിതില്‍ ആദ്യമായി നൊമ്പരപ്പെടുതിയിത്.

    നല്ല കഥ. അഭിനന്ദനങ്ങള്‍ ഒപ്പം സി.പി-ക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകളും.
    ഫോളോ ചെയ്യാന്‍ മറന്നു പോയിരുന്നു. അതുകൊണ്ട് വരാന്‍ ഇത്തിരി വൈകി.

    Unknown says:

    അനില്‍ ,
    തുടകത്തില്‍ കിട്ടിയ ഊരജ്ജം അവസാനം വരെ ഉണ്ടായോ എന്ന് ഒരു സംശയം
    കഥ കൊള്ളാം ....
    തിരുവോണാശംസകൾ..!

    നല്ല കഥ........ അഭിനന്ദനങ്ങള്‍
    ഓണാശംസകളും....

    ജേക്കേ,
    മഹേഷ്,
    ഡ്രീംസ്,
    മനോജ്,

    നന്ദിയും, ഒപ്പം ഓണാശംസകളും.

    കഥ നന്നായി പറഞ്ഞു.
    ഈ ജീവിതാവസ്ഥ എല്ലായിടത്തും ഉണ്ടല്ലോ.

    Nice one. Keep it up

    ഈ പോസ്റ്റ് നേരത്തെ വായിച്ചിരുന്നു...

    ഓണത്തിന് ഒറ്റക്കിരിക്കുമ്പോളുള്ള വേദന ഈ പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്നു, ഓണമിലാത്ത ഒരുവന്റെ പാട്ടു കേട്ട് അവനൊപ്പം നിന്നല്ലോ താങ്കൾ! മാവേലിയെന്ന മഹാദാനശീലനെ ഇതിലും നന്നായി എങ്ങനെ സ്മരിക്കും, സ്നേഹം!

    ‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’...a universal truth..nice Anil
    wishes
    joe

    എച്മു,
    ബിഗു,
    ഒഴാക്കന്‍,
    ശ്രീ,
    ജോ,

    വായനക്കും, അഭിപ്രായത്തിനും നന്ദി.

    നല്ലഓണമായിട്ട് ഇത്തരം വേദനിപ്പിക്കുന്ന ഒരു കഥയെഴുതിയ അനില്‍കുമാര്‍ കഥഹൃദയസ്പര്‍ശിയായി..

    സഹായിക്കാനുള്ള മനസ്സ് ഇഷ്ടായി അനില്‍.ഓണം നന്നായി ആഘോഷിച്ചെന്നു കരുതുന്നു.

    കുസുമം,
    അരുണ്‍,

    നന്ദി.

    jayaraj says:

    in free time pls visit

    http://niracharthu-jayaraj.blogspot.com

    http://pularveela.blogspot.com

    jayaraj

    പ്രവാസിയായതുകൊണ്ടാവാം ഈ കഥ കൂടുതല്‍ ആഴാത്തില്‍ മനസ്സില്‍ തട്ടിയത്.

    നന്നായിരിക്കുനു..

    ആശംസകൾ....

    ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ .ഇതിനു മുന്‍പുള്ള കഥയും വായിച്ചു. ഇതും വായിച്ചു. ഇതൊന്നും കഥയല്ലല്ലോ സത്യങ്ങള്‍ അല്ലേ,.
    മനസ്സിനു വല്ലാത്ത ഒരു വിങ്ങല്‍ .

    നല്ല രചനാശൈലി. എല്ലാ ആശംസകളും.

    ജയരാജ്,
    സ്മിത,
    വി.കെ.,
    ഉഷശ്രീ,

    സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

    മനസിലെ നന്മ കെടാതെ സൂക്ഷിക്കുക.
    ഒരു നല്ല ഓണാനുഭവം നല്ലതെന്ന് പറയാന്‍ പറ്റില്ല. പക്ഷേ മനസിനെ സ്പര്‍ശിച്ച എന്ന് പറയാം. ഇത്തരം നല്ല എഴുത്തുകള്‍ ആവട്ടെ സമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കുന്നത്.
    നന്‍മയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന വരികള്‍.

    List your blog for FREE in Malayalam Blog Directory Powered By Malayalam Songs

Post a Comment

Related Posts Plugin for WordPress, Blogger...