ഗുല്‍മോഹര്‍പ്പൂക്കളെ സ്‌നേഹിച്ച പെണ്‍കുട്ടി
Labels: കഥ
ഗ്രീഷ്മം ഒരു വട്ടം കൂടി വിരുന്നിനെത്തി! വെയില്‍നാമ്പുകള്‍ നക്കിത്തുടക്കുന്ന പകലുകള്‍ ... ഉഷ്ണതാപം പുകയുന്ന രാവുകള്‍.
ജനാലക്കല്‍ വന്ന് മുറ്റത്തിന്റെ അതിരിലുള്ള ഗുല്‍മോഹറിലേക്ക് നോക്കി, ഇലകാണാത്ത വിധം അവ പൂത്തുലഞ്ഞിരിക്കുന്നു. ചൂടുകാറ്റില്‍ തലയാട്ടി നില്‍ക്കുന്ന, കനല്‍ശോഭയുള്ള പൂവുകള്‍!
വെറുതെയോര്‍ത്തു, ഇപ്പോള്‍ പഴയ കോളനിയിലെ റോഡുകളൊക്കെ പൂവിട്ടു നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങളെ കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. ടെറസ്സിന് മുകളില്‍ നിന്ന് നോക്കുമ്പോള്‍ ആളിപ്പടരുന്ന തീജ്വാല പോലെ പരന്ന് കിടക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍.
മുറ്റത്തിന്റെ അതിരിലുള്ള ഗൂല്‍മോഹര്‍ മരം കൈമാടി വിളിയ്ക്കുന്നത് പോലെ. അല്ലെങ്കില്‍, അദൃശ്യമായ ഒരു കാന്തിക ശക്തി പോലെ പൂത്തുലഞ്ഞ ഗുല്‍മോഹര്‍ മരങ്ങള്‍ എന്നും തന്നെ അവയിലേക്ക് ആകര്‍ഷിച്ചിരുന്നല്ലോ!
മെല്ലെ, മുറ്റത്തിനരികിലുള്ള ഗുല്‍മോഹര്‍ മരത്തിനടുത്തേക്ക് നടക്കുമ്പോള്‍ മനസ്സ് തിരയുകയായിരുന്നു,
‘എന്നാണ് എന്റെ മനസ്സില്‍ ഗുല്‍മോഹര്‍ പൂവുകള്‍ പ്രണയം കൊളുത്തിയത്...?’
സ്‌കൂളിലേക്കുള്ള വഴിയരികില്‍ നിരനിരയായി നിന്നിരുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടിലൂടെ നടക്കുമ്പോള്‍ കൊഴിഞ്ഞ് വീണ പൂവുകളെയോര്‍ത്ത് ദുഖിച്ചിരുന്നല്ലോ. ഷൂസിട്ട കാലുകള്‍ കൊണ്ട് കൊഴിഞ്ഞു വീണ പൂവുകളെ ചവിട്ടാതെ നടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടുകാരികള്‍ കളിയാക്കിച്ചിരിച്ചിരുന്നു. പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍പ്പൂക്കളെ തല്ലിക്കൊഴിക്കാനെത്തുന്ന മഴയോട് പോലും തനിക്ക് വെറുപ്പായിരുന്നു അന്ന്! ചോരപ്പൊട്ടുകള്‍ പോലെ വീണ് കിടക്കുന്ന പൂവുകള്‍ കൈക്കുടന്നയിലാക്കി മേശപ്പുറത്ത് കൊണ്ട്പോയി നിധി പോലെ കാത്ത് വെച്ചതിന് അമ്മയുടെ എത്ര ശകാരം കിട്ടിയിരിക്കുന്നു. ഉണങ്ങിയ ഗുല്‍മോഹര്‍ പൂവുകള്‍ മയുല്‍പ്പീലിത്തുണ്ട് പോലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച് വെയ്ക്കുന്നതും തന്റെ പ്രിയ വിനോദമായിരുന്നു.
നിലാവുള്ള രാവുകളില്‍ അമ്മയറിയാതെ മുറ്റത്തെ ഗുല്‍മോഹറിന്റെ ചുവട്ടില്‍ ചെന്നിരുന്ന്, ആടയാഭരണങ്ങളണിഞ്ഞ ഗന്ധര്‍വന്‍ തന്നെ കാണാന്‍ വരുന്നതും കാത്തിരുന്ന കാര്യം പറഞ്ഞപ്പോള്‍ കൂട്ടുകാരികള്‍ കളിയാക്കുമായിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മിന്നാമിനുങ്ങുകള്‍ കണ്ണ് ചിമ്മുമ്പോള്‍ ഒരു ഗന്ധര്‍വന്റെ കിന്നരിക്കുപ്പായത്തിന്റെ സാമീപ്യം താന്‍ തിരിച്ചറിഞ്ഞിരുന്നു! പതുക്കെ പതുക്കെ തന്റെ സ്വപ്നങ്ങളിലെ ഗന്ധര്‍വന്റെ ആള്‍രൂപമായി മാറി ഗുല്‍മോഹര്‍ മരങ്ങള്‍. തന്റെ സ്വകാര്യ ദുഖങ്ങളും, സന്തോഷങ്ങളും പങ്ക് വെയ്ക്കാനൊരു കൂട്ടുകാരന്‍! ഗുല്‍മോഹറിന്റെ തടിയില്‍ മെല്ലെ തൊടുമ്പോള്‍ ഒരു പ്രിയപ്പെട്ടവന്റെ ഹൃദയ സ്പന്ദനങ്ങള്‍ താന്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. മരച്ചില്ലയില്‍ വീശുന്ന കാറ്റ് തന്നെ തഴുകുമ്പോള്‍ ഒരു കരലാളനത്തിന്റെ സാന്ത്വനസ്പര്‍ശം താന്‍ അനുഭവിച്ചറിഞ്ഞിരുന്നു. ഗുല്‍മോഹര്‍പ്പൂവിനെ തഴുകി വീഴുന്ന മഞ്ഞുതുള്ളികള്‍ തന്റെ ഉള്ളിലായിരുന്നല്ലോ കുളിര് തീര്‍ത്തത്! കൂട്ടുകാരി കയ്യെത്തി അടര്‍ത്തി തരുമായിരുന്ന പൂക്കുലകള്‍ മാറോട് ചേര്‍ക്കുമ്പോള്‍, പിന്നെ അതിന്റെ സുഗന്ധത്തില്‍ മതിമറന്നു നില്‍ക്കുമ്പോള്‍, “ഇത്ര സ്‌നേഹമാണെങ്കില്‍ നീയാ ഗുല്‍മോഹര്‍ മരത്തെ കല്യാണംകഴിച്ചോളൂ’ എന്ന കൂട്ടുകാരികളുടെ കളിയാക്കല്‍ പോലും തമാശയായി തോന്നിയിരുന്നില്ല!
പൊടുന്നനെ ഗുല്‍മോഹറില്‍ നിന്ന് അടര്‍ന്ന് നെറ്റിയില്‍ വീണ ഒരു പൂവ് ചിന്തകളെ മുറിച്ചു!
മരത്തിന് താഴെ ചുവന്ന പരവതാനി പോലെ വീണ് കിടക്കുന്ന പൂവുകള്‍. കഴിഞ്ഞ രാത്രിയില്‍ പെയ്ത മഴയില്‍ ആ പൂവുകള്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. വീണ് കിടക്കുന്ന പൂവുകളിലെ ജലകണങ്ങള്‍ അകാലത്തില്‍ കൊഴിഞ്ഞ് വീണ പൂവിന്റെ കണ്ണുനീരിനെ ഓര്‍മിപ്പിച്ചു!
മെല്ലെ മരത്തില്‍ ചാരി നിലത്തിരുന്നു. ചില്ലകളില്‍ ഇലയനക്കം, കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍ ആ മരച്ചില്ലകള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ. ചെറുകാറ്റില്‍ അടര്‍ന്നു വീണ പൂവുകളില്‍ ഒരു സ്‌നേഹസ്പര്‍ശം. കണ്ണുകള്‍ മെല്ലെ അടച്ചു ... അറിയാതെ ഉയര്‍ന്ന ഒരു നിശ്വാസത്തൊടൊപ്പം മനസ്സിലേക്ക് അകാലത്തില്‍ വീണ് പോയ ഒരു ഗുല്‍മോഹര്‍പ്പൂവിന്റെ ഓര്‍മ കടന്ന് വന്നു...
ഒരു പൂത്തുമ്പിയേപ്പോലെ പാറി നടക്കേണ്ട പ്രായത്തിലും തന്റെ ചിന്തകള്‍ക്ക് ഒരു മുതിര്‍ന്ന സ്‌ത്രീയുടെ പ്രായമായിരുന്നല്ലോ. തന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയിരുന്നത് കൗമാരചിന്തകള്‍ ആയിരുന്നില്ല! അപ്പോഴാണ് തന്റെ ജീവിതത്തിലേക്ക് ഗുല്‍മോഹര്‍ പൂക്കളെ സ്‌നേഹിക്കുന്ന മറ്റൊരാള്‍ കടന്ന് വന്നത്, തന്റെ ‘സര്‍ജി’. തന്റെ ഗുല്‍മോഹര്‍പ്പൂവിനെ സ്നേഹിക്കുന്ന മറ്റൊരാള്‍ തന്റേയും പ്രിയപ്പെട്ട ആള്‍ ആകാന്‍ അധികം താമസമുണ്ടായില്ല. പിന്നെ, പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ തണലില്‍ മറ്റൊരു തണലായി തന്റെ പ്രിയപ്പെട്ട ‘സര്‍ജി’. തന്റെ പ്രിയപ്പെട്ട ഗുല്‍മോഹറിന്റെ ചുവട്ടില്‍ കഥയും, കാര്യങ്ങളുമായി ‘സര്‍ജി’ യോടൊപ്പം എത്രയോ സമയം! തന്നിലുറങ്ങിക്കിടന്ന കഴിവുകളെ മിനുക്കിയെടുക്കാന്‍ എപ്പോഴും നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളുമായി കൂടെയുണ്ടായിരുന്ന സര്‍ജി ... ചെറിയ തെറ്റുകള്‍ക്ക് സ്‌നേഹപൂര്‍വ്വം ശാസിക്കുമായിരുന്ന, കളിയായി ചെവി തിരുമുമായിരുന്ന, മനസ്സില്‍ നിറയെ ഗുല്‍മോഹര്‍പ്പൂക്കളെപ്പോലെ ജ്വലിക്കുന്ന സ്നേഹം സൂക്ഷിച്ച, എന്നും എപ്പോഴും തനിക്ക് സ്‌നേഹവും കരുതലും തന്ന എന്റെ പ്രിയപ്പെട്ട ‘സര്‍ജി’ .....
പിന്നെ, ഓര്‍ത്തിരിക്കാത്ത ഒരു നിമിഷത്തിലാണല്ലോ അകാലത്തില്‍ വന്നൊരു വേനല്‍ മഴ എന്റെ ‘സര്‍ജി’ യെ എനിക്ക് നഷ്ടമാക്കിയത്!
ഗുല്‍മോഹറിന്റെ കായുടെ കനത്ത പുറംതോടിനുള്ളില്‍ ആര്‍ക്കും കാണാനാവാതെ പോയ ഗുല്‍മോഹര്‍ പൂവ് പോലെ നിര്‍മലമായ സ്‌നേഹം സൂക്ഷിച്ച സര്‍ജി. ഒരു കൊച്ച് തെറ്റിദ്ധാരണ വേനല്‍മഴയായി പെയ്തിറങ്ങിയപ്പോള്‍, പിടിച്ച് നില്‍ക്കാനാവതെ, പൂത്ത് വിരിയും മുമ്പേ കാണാമറയത്തേക്ക് സ്വയം യാത്രയായ ഒരു ഗുല്‍മോഹര്‍ പൂവായി മാറുകയായിരുന്നല്ലോ!
ഇപ്പോള്‍ തീജ്വാല പോലെയുള്ള ഗുല്‍മോഹര്‍പ്പൂവുകള്‍ കാണുമ്പോള്‍ ഞാനെന്റെ ‘സര്‍ജിയെ’ ഓര്‍ക്കുന്നു, കാണാതെ പോയ ആ സ്നേഹത്തിന്റെ വിലയറിയുന്നു... ഒരു നൊമ്പരപ്പൂവായി എപ്പോഴും മനസ്സിന്റെ ഉള്ളില്‍ ആ ഓര്‍മകള്‍ വിടരുന്നു. പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഞാനെന്റെ ‘സര്‍ജി’യുടെ സാമീപ്യം അനുഭിച്ചറിയുന്നു...നഷ്ടമായ ഒരു പ്രിയപ്പെട്ട കൂട്ടുകാരന്റെ, ഗുരുവിന്റെ, പിന്നെയും അമൂല്യമായ എന്തോക്കെയൊ ബന്ധങ്ങളുള്ള ഒരാളിന്റെ സാമീപ്യം. മനസ്സ് വിങ്ങുമ്പോഴൊക്കെ, ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുമ്പോഴൊക്കെ താന്‍ ഓടിയെത്താറുള്ളത് ആ ഗുല്‍മോഹര്‍ മരത്തണലില്‍ ആണല്ലോ. ആ മരത്തടിയില്‍ സ്പര്‍ശിക്കുമ്പോള്‍ താന്‍ എന്നും അനുഭവിച്ചറിയുന്നതും ഒരു കരുത്തുറ്റ മാറില്‍ മുഖം ചേര്‍ത്തു നില്‍ക്കുന്നതിന്റെ സുരക്ഷിതത്വം ആയിരുന്നല്ലോ! ഒരുപക്ഷെ കാണാമറയത്തിരുന്ന് എന്റെ ‘സര്‍ജി’ എനിക്ക് നല്‍കുന്ന സ്നേഹോപഹരങ്ങളാവില്ലേ ഈ ഗുല്‍മോഹര്‍ പൂവുകള്‍!
പൊടുന്നനെ ഒരു കൂട്ടം ഗുല്‍മോഹര്‍പ്പൂവുകള്‍ അടര്‍ന്ന് വീണു ... ഒരു സ്‌നേഹസാന്ത്വനം പോലെ.
കണ്ണ് തുറക്കുമ്പോള്‍ അകലെ ചക്രവാളത്തിലേക്ക് യാത്രയാവാന്‍ തുടങ്ങുന്ന സൂര്യന്‍... സൂര്യനും ഗുല്‍മോഹര്‍പ്പൂവുകളുടെ കത്തുന്ന നിറം! എന്തിനെന്നറിയില്ല, ഒരു കൈക്കുടന്ന നിറയെ ഗുല്‍മോഹര്‍പ്പൂവുകളും വാരി സൂര്യനെ ലക്ഷ്യമാക്കി നടന്നു .....
:) എനിക്ക് കാര്യായിട്ടൊന്നും മനസിലായില്ലാ..
എന്റെ വിവരമില്ലായ്മ ആവാം..!!
കഥ വായിച്ചു.!! പൂവിനെ സ്നേഹിച്ച പെണ്‍കുട്ടിയെ നന്നായി പറഞ്ഞു ഒരു സംശയം ബാക്കി എന്തിനാ സര്‍ജി അവളെ വിട്ട് പോയത്? അത് മനസ്സിലായില്ല . അവളുടെ കൊച്ചു തെറ്റുകള്‍ സ്നേഹത്തോടെ ശാസിക്കുമായിരുന്ന സര്‍ജി തെറ്റിദ്ധാരണ വരാനുള്ള കാരണം ? പുള്ളിക്കാരന്‍ ആത്മഹത്യ ചെയ്തോ അതോ അവളെ വിട്ട് പോയോ ?
കഥയില്‍ സംശയങ്ങള്‍ ബാക്കിയാണെലും വായിക്കാന്‍ സുഖമുണ്ട് ! ഗുല്‍മോഹര്‍പ്പൂവിന്‍റെ സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്നു.!!
ആശംസകള്‍. :)
ഒരവ്യക്തത നിഴലിച്ചു.
ഗുല്‍മോഹര്‍ പൂക്കളെ സ്നേഹിക്കുന്ന മറ്റൊരു വ്യക്തി (സര്‍ജി) എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. സുഹൃത്തായും മറ്റെല്ലാമായും...
ആദ്യത്തെ വ്യക്തി എന്താണെന്നോ ഒന്നും പറയുന്നില്ല.
എനിക്ക് തോന്നിയതാണോ എന്നറിയില്ല.
ഒരനുഭവം പോലെ....
ആശംസകള്‍ മാഷെ.
ഗുല്‍മോഹരെ പ്രണയിക്കുന്ന അനില്‍കുമാറിനെ കണ്ടെത്തി . ആശ്വാസമായി കഥ ..........
ഗുൽ മോഹർ പൂവുകളൂടെ ഒരു സൗന്ദര്യാരാധകൻ.... അധികവും സഞ്ചാരിത്തിലായ എനിയ്ക്ക് എവിടേയും കൂട്ടും ഈ തണലാണ് വളരെ മനോഹരം...........
nannayittundu......
കഥ മനോഹരമായിട്ടുണ്ട്.....! പ്രണയത്തിന്റെ തീക്ഷ്ണത വരക്കാന്‍ ഗുല്‍മോഹറിന്റെ നിറങ്ങള്‍ തിരഞ്ഞെടുത്തത് നന്നായി.....! പക്ഷെ പ്രണയമെഴുതാന്‍, എന്തോ എനിക്കിഷ്ടം, കാര്‍മേഘം നിറഞ്ഞ ചക്രവാളവും അരികില്‍ പുളയുന്ന കടലോരവുമാണ്........