സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ

ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.

നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.

ഓഡിറ്റിങ്ങിന്റെ തിരക്കില്‍ തല പുകഞ്ഞിരിക്കുമ്പോഴാണ് നന്ദേട്ടന്‍ വന്നത്.

‘എന്ത് പറ്റി നന്ദേട്ടാ?’

മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.


‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’


നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു  കുടിച്ചു.

‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’

‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’
പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,

‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’

‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’


ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.

‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.

‘പിന്നെ എന്ത് സംഭവിച്ചു?’

‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’

‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.

നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.

‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’

‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍‌കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘

‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.

‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘

‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...

നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’

നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,

‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

27 Response to "സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ"

 1. കാലം മാറുന്നതിലും വേഗത്തില്‍ ബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ മാറുന്നത്, ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു, ഒപ്പം വല്ലാതെ ഭയപ്പെടുത്തുകയും ചെയ്യുന്നു.

  പാശ്ചാത്യ സംസ്കാരം അണ്ണാക്ക് തൊടാതെ വിഴുങ്ങുമ്പോള്‍ നമുക്ക് കിട്ടുന്ന ചില 'സമ്മാനങ്ങള്‍' ആണ് ഇതൊക്കെ. പുതുമ അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും നല്ല പ്രമേയം .

  വാല്‍കഷണം: 'വൈഖരി' എന്ന് പറഞ്ഞാല്‍ എന്തുവാ??

  ithu innu nadannukondirikunna sambavamaanu.. kuttikalude karyathil prathekichu penkuttikalude karyathil veetukar prathekam shradikkanam.

  Junaiths says:

  ആശംസകള്‍

  Manoraj says:

  ഇന്ന് ഇത്തരം സംഭവങ്ങൾ ഒട്ടേറെ നമ്മുടെ നാട്ടിൽ നടക്കുന്നു. പലരും ഒതുക്കി തീർക്കുകയോ അല്ലെങ്കിൽ ഒരു പ്രത്യേക കാലയളവിന് ശേഷം - കല്യാണത്തോടെ - ഇതിൽ നിന്നും വിറ്റുതൽ നേടുകയോ ഒക്കെ ചെയ്യുന്നു. ചിലർ പരസ്പരം ഒന്നാവാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ ഒരു പ്രമേയം മുൻപ് ഞാനും ചെയ്തിരുന്നു. വായിക്കണമെന്നുള്ളവർക്ക് ഇത് വഴിഅവിടെയെത്താം.

  യവ്വനം നിയന്ത്രണവിധേയമല്ലങ്കില്‍ നൂല് പൊട്ടിയ പട്ടം പോലെ ആകും

  അറിഞ്ഞും അറിയാടെഹ്യും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടല്ലോ പലയിടത്തും

  എന്താ പറയുക, തല തിരിഞ്ഞ സമൂഹം

  ഹംസ says:

  ഈ കഥ ഇവിടന്ന് ഞാന്‍ ഒരിക്കല്‍ വായിച്ചതായി ഓര്‍ക്കുന്നു അന്ന് കമന്‍റ് ഇടാന്‍ മറന്നതാണോ അതോ ഇത് റീപോസ്റ്റോ...

  കാലത്തിന്റെ പോക്ക് എങ്ങോട്ട്....

  മാറിമറിയുന്ന ബന്ധങ്ങള്‍..
  ആശംസകള്‍.

  കുഞ്ഞൂസ്സ്, ഇസ്മായില്‍,ജിഷാദ്, ജുനൈദ്:
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  മനോ: ആ നല്ല കഥ ഇന്നേ വായിക്കാന്‍ കഴിഞ്ഞൊള്ളു. ആശംസകള്‍, ഒപ്പം അഭിപ്രായത്തിനു നന്ദിയും.

  പാവപ്പെട്ടവന്‍, ശ്രീ, ഒഴാക്കന്‍, ഗീത, റാംജി: വായിക്കാനും അഭിപ്രായമറിയിക്കാനും സമയം കണ്ടെത്തിയതിനു നന്ദി.

  ഹംസ: നേരത്തേ ഇവിടെത്തന്നെ പോസ്റ്റ് ചെയ്തതാണ്. അന്ന് ബ്ലോഗിന്റെ തുടക്ക സമയമായത് കൊണ്ടാവണം ശ്രദ്ധിക്കപ്പെടാതെ പോയി. നന്ദി.

  ആശംസകള്‍

  കാലത്തെ കുറ്റം പറയാമോ...! നമ്മുടെ ജീര്‍ണിച്ചു വരുന്ന സംസ്കാരത്തിന്റെ ഒരു വശം.

  ഉമേഷ്, സിദ്ധിക്:

  വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  perooran says:

  good ,nice

  അനിൽ എന്താ പറയുക. നല്ല വിഷയമായിരുന്നു. നമ്മുടെ ഭാഷയിൽ അധികം ഈ പ്രമേയം കൈകാര്യം ചെയ്തിട്ടില്ല. ബ്ലോഗിൽ മനോയുടെ ഹരിചന്ദനം അടുത്തിടെ വായിച്ചു.
  പൊതുവേ ഒരു ആണും പെണ്ണും തമ്മിലുള്ള പ്രണയം പോലും അംഗീകരിക്കാത്ത ഒരു സമൂഹത്തിൽ സ്വവർഗ്ഗരതിയും സ്വവർഗ്ഗപ്രണയവും ഒക്കെ ഒരു ഗംഭീര സദാചാരപ്രശ്നമായി തന്നെ നിലനിൽക്കും. പാശ്ചാത്യരാജ്യങ്ങളിൽ ഇതൊരു സാധാരണ ബന്ധമായി മാറിയിരിക്കുന്നു. സ്വന്തമായി റേഡിയോ സ്റ്റേഷനും ചനലുമൊക്കെ അവർ തുടങ്ങുന്നു.

  നമ്മുടെ സുപ്രീം കോടതി സ്വവർഗ്ഗബന്ധങ്ങളെ അംഗീകരിച്ചുവരുന്നു.

  എത്രയോ പത്മരാജൻ ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിൽ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടല്ലോ.

  നമ്മുടെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രസക്തമായ ഒരു പ്രമേയമാണിത്.
  എന്നാൽ അനിൽ വളരെ ലാഘവബോധത്തോടെ ആണ് ഈ വിഷയത്തെ സമീപിച്ചത്.
  കഥപറയുന്ന രീതിയിലും വിഷയം വികസിപ്പിക്കുന്ന രീതിയിലും.
  കഥ പറഞ്ഞത് ഒരു റിപ്പോർട്ടഡ് സ്പീച്ചിലാണ്. അതു തന്നെ കഥയുടെ ഒരു ബലം നഷ്ടപ്പെടുത്തി.
  നന്ദേട്ടനിലോ നന്ദേട്ടൻ പറയുന്നത് കേൾക്കുന്ന ആളിലോ ആയിരുന്നില്ല, ആ സംഭവത്തിൽ നേരിട്ട് കഥ കേന്ദ്രീകരിക്കണമായിരുന്നു.

  കഥയിലെ അച്ഛൻ, അമ്മ, പ്രണയികൾ, സമൂഹം, ഇങ്ങനെ പ്രശ്നത്തിൽ ഇൻ‌വോൾവ് ചെയ്യുന്ന മനുഷ്യരുടെ വികാരങ്ങൾക്ക് പ്രാധാന്യമില്ലേ.
  ഒരു കുട്ടി സിനിമകാണാൻ പോയപ്പോൾ വഴക്ക് പറഞ്ഞുതീർക്കുന്ന ബുദ്ധിയാണോ ഇതിലെല്ലാം സ്വീകരിക്കേണ്ടത്?

  കഥ പറയുമ്പോൾ അതിൽ നിന്നും സന്ദർഭോജിതമായ ദർശനങ്ങൾ രൂപപ്പെടുത്തണ്ടേ?

  എല്ലാ ശുഭം എന്ന് എഴുതിക്കാണിച്ച് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമാക്ലൈമാക്സ് എഴുത്തുകാർക്ക് പാടില്ല.

  അനിൽ കഥയെ കുറേക്കൂടി ഗൌരവമായി സമീപിക്കണം എന്ന് അപേക്ഷയുണ്ട്.

  Thanks Perooran

  ഇസ്മയിൽ, വൈഖരി സംഗീതത്തിലെ ഒരു വിഷാദരാഗമാണെന്ന് തോന്നുന്നു. അങ്ങനെയല്ലേ അനിൽ?

  സുരേഷ്: ഇവിടെ എത്തിയതിനു, വിശദമായ ഈ അഭിപ്രായത്തിനു, നിര്‍ദ്ദേശങ്ങള്‍ക്ക് എല്ലാം നന്ദി.

  ഞാന്‍ എഴുത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പിച്ച വെക്കുന്നതേയുള്ളു സുരേഷ്, അതിന്റേതായ ബാലരിഷ്ഠതകള്‍ ഏറെയുണ്ട്. താങ്കളെപ്പോലുള്ളവരുടെ വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും ഒക്കെ എനിക്കേറെ സഹായകമാകും.

  പിന്നെ ഈ കഥയില്‍ സ്വവര്‍ഗരതിയേക്കാള്‍ കൂടുതല്‍ മക്കള്‍ക്ക് വേണ്ടി മാത്രം ജീവിതം നഷ്ടപ്പെടുത്തുന്ന പ്രവാസിയായ ഒരഛന്റെ നിസ്സഹായതക്കും നൊമ്പരങ്ങള്‍ക്കുമാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിച്ചത്.

  ഇനിയും വരിക...

  'വൈഖരി’ - ഹൃദയത്തില്‍ നിന്നു വരുന്ന ശബ്ദം, നാദം എന്നൊക്കെയാണ്.

  Vayady says:

  ഒരു കുടുംബത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായാല്‍ അത് മാതാപിതാക്കള്‍ക്കും മറ്റുകുടുംബാഗംങ്ങള്‍ക്കും താങ്ങാവുന്നതിന്റെ അപ്പുറമായിരിക്കും. ഇങ്ങിനെയൊരു പ്രശ്നം വളരെ സമചിത്തതയോടെ, പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ്‌ സാധ്യത.
  സമൂഹത്തില്‍ പല കുടുംബങ്ങളും നേരിടുന്നൊരു പ്രശ്നമാണിത്. ഇങ്ങിനെയൊരു വിഷയം തിരഞ്ഞെടുത്തതിന്‌ അഭിനന്ദനം.

  ഈ വിഷയത്തെ കുറിച്ചൊരു പോസ്റ്റ് മനോരാജിന്റെ ഹരിചന്ദനത്തില്‍ അടുത്തിടെ വായിച്ചിരുന്നു.ഇതേ കുറിച്ച് എനിക്ക് പറയുവാനുള്ളത് വിശദമായ അവിടെ എഴുതിയിരുന്നു. സമയം പോലെ അതൊന്ന് വായിക്കണം.

  വയാടി: ഹരിചന്ദനം ഞാന്‍ കഴിഞ്ഞ ദിവസമാണ് വായിച്ചത്. അവിടുത്തെ താങ്കളുടെ വിഡിയോയും കണ്ടിരുന്നു. കുറേ കാലം മുമ്പ് ഹൊമോസെക്ഷ്വാലിറ്റിയെ കുറിച്ചുള്ള ഒരു ബ്ലോഗ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി കുറേയേറെ വായിച്ചിരുന്നു. അന്ന് എനിക്ക് മനസ്സിലക്കാന്‍ കഴിഞ്ഞതും ആ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു.

  Irshad says:

  നമ്മുടെ പുതിയ ലോകം ഇങ്ങനൊക്കെയാണ്.

  സ്വവര്‍ഗരതി നിയമവിധേയമാക്കിയ വിധിവന്നപ്പോള്‍ ബൂലോകത്തു അതിനെ അനുകൂലിച്ചു ഏറെപ്പേരെ കണ്ടു. ഇവിടെ അച്ഛനുമമ്മയും വഴക്കു പറയരുതായിരുന്നു എന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നാ ഞാന്‍ ആദ്യം നോക്കിയതു.

  ആശംസകള്‍

  സ്വവർഗ്ഗ രതി .... ഇവിടെ പടിഞ്ഞാറൻ നാടുകളിൽ ഒട്ടും വിഷയമല്ലാത്ത വിഷയമാണെങ്കിലും , നാട്ടിലൊക്കെ അംഗീകരിച്ചു വരുന്നേയുള്ളൂ...!
  എന്തായാലും നന്നായിട്ടെഴുതിയിട്ടുണ്ട് കേട്ടൊ അനിൽ.

  പഥികന്‍, ബിലാത്തി ...: വായിക്കാനും അഭിപ്രായം അറിയിക്കാനും സംയം കണ്ടെത്തിയതിനു നന്ദി.

  Latha says:

  Aswathanayaa orachchatae manassu athupollae thottarinju vayyanakkarillaekku aa aswasthatha pakarthan kazhinjoo...Nalla avatharakan........congratulaions

Post a Comment

Related Posts Plugin for WordPress, Blogger...