ശ്രീ പെരുമ്പടവം ശ്രീധരനുമായി ഒരു അഭിമുഖം
(മലയാളനാട് മാസികയിൽ വന്നത്)
കഥകള്‍ക്കു വായനക്കാരും പ്രസാധകരും വളരെ കുറവാണെന്ന വളരെക്കാലമായി എഴുത്തുകാര്‍ക്കുള്ള പരാതി നിലനില്‍ക്കെ താങ്കളുടെ ‘ ഒരു സങ്കീര്‍ത്തനംപോലെ” 53-ആം പതിപ്പ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇറങ്ങുകയുണ്ടായല്ലോ. ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പുസ്തകമായിരിക്കണം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പുസ്തകങ്ങളെക്കാൾ മികച്ചതെന്നു പറയുമ്പോൾ ‘സങ്കീര്‍ത്തനംപോലെ’ ഇതു രണ്ടുമാണ്. എന്താണിതിന്റെ രസതന്ത്രം?
വായന മരിക്കുന്നു എന്നൊക്കെ ഇടക്കാലത്ത് നമ്മൾ കേട്ടിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുവരവ് വായനയെ പ്രതികൂലമായി ബാധിച്ചു എന്നതും ഒരു യാഥാർത്ഥ്യം തന്നെയായിരുന്നു. പക്ഷെ അത് വളരെ പെട്ടെന്നു മാറി. ഇപ്പോൾ ധരാളം വായനക്കാരുണ്ടാകുന്നുണ്ട്, വായന വർദ്ധിക്കുന്നുണ്ട്. വായന സജീവമായി നിലനിൽക്കുന്നുണ്ട്. വായന മരിച്ചു എന്നു പറയുന്നതുതന്നെ ശരിയായിരുന്നില്ല. എല്ലാക്കാലത്തും നല്ല എഴുത്തുകാർക്കു വായനക്കാരുണ്ടായിരുന്നു, വിശേഷിച്ച് മലയാളത്തിൽ. മലയാളത്തിലേത് എന്നല്ല ഏതു ഭാഷയിലേയും നല്ല പുസ്തകങ്ങൾ മലയാളി എന്നും താല്പര്യത്തോടെ വായിച്ചിരുന്നു. ധാരാളം പ്രസാധകരുണ്ടാകുന്നുണ്ട്, ധാരാളം വായനക്കാരുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകാരും ഉണ്ടാകുന്നുണ്ട്. എല്ലാവർക്കും വായനക്കാരും ഉണ്ടാകുന്നുണ്ട്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, അതു എന്നും ഉണ്ടായിരുന്നു. പൊതുവിൽ പറഞ്ഞാൽ വായന തിരിച്ചുവന്നിരിക്കുന്നു.
‘അഭയം’ മുതലുള്ള എന്റെ മിക്ക നോവലുകളും ബെസ്റ്റ് സെല്ലറുകളായിരുന്നു. ‘സങ്കീർത്തനം പോലെ‘ മറ്റൊരു നൂറ്റാണ്ടിൽ, മറ്റൊരു ഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതത്തേ ആധാരമാക്കിയുള്ള കഥയാണ്. അത് എത്രകണ്ട് ആൾക്കാർക്ക് ആകർഷകമാകും, വായനക്കാര്‍ സ്വീകരിക്കുമോ, അംഗീകരിക്കുമോ എന്നൊക്കെ അതെഴുതുന്ന അവസരത്തിൽ എനിക്ക് സന്ദേഹമുണ്ടായിരുന്നു. പക്ഷേ എന്നേ അൽഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു ആ പുസ്തകത്തിനു വായനക്കാരിൽനിന്നുണ്ടായത്. വായനക്കാരൻ അത് ഹൃദയംകൊണ്ട് ഏറ്റുവാങ്ങി എന്നു പറയാവുന്ന ഒരു അവസ്ഥയിലെത്തി. ഇന്ന് ഇപ്പോൾ അത് 53 പതിപ്പുകൾ ആയി. അത് മിക്കവരും വായിച്ചിട്ടുണ്ട് എന്നാണ് എനിക്കു മനസ്സിലാകുന്നത്. ആ വായനയുടെ ഒരു സ്വഭാവം ഞാൻ മനസ്സിലാക്കുന്നത്, അത് ഒരു തവണയല്ല പല പ്രാവശ്യം ആൾക്കാർ വായിച്ചിട്ടുണ്ട് എന്നാണ്. ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന ഒരു പ്രൊഫസർ എനിക്ക് എഴുതിയിരുന്നു, അദ്ദേഹം 32 തവണ ‘ഒരു സങ്കീർത്തനം’ വായിച്ചു എന്ന്. എനിക്ക് അൽഭുതം തോന്നുന്നുണ്ട് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന്. എന്തുകൊണ്ടെന്നോ, ഇത്രയധികം വായനക്കാർ എങ്ങനെ ഈ പുസ്തകത്തിനുണ്ടായി എന്നോ എനിക്കും പറയാൻ കഴിയുന്നില്ല.
പലരുടേയും പ്രതികരണങ്ങളിൽ നിന്നും എനിക്കു മനസ്സിലാകുന്നത് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്നാണ്. താൻ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർ തന്നെ മനസ്സിലാക്കാതിരിക്കുക, താൻ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർ തന്നെ സ്നേഹിക്കാതിരിക്കുക, എവിടെയും താൻ ഒരന്യനാണെന്ന് തോന്നിപ്പിക്കുക, എല്ലായിടത്തും താൻ അവഗണിക്കപ്പെടുന്നു എന്നു തോന്നിപ്പിക്കുക… എപ്പൊഴും എല്ലാ യുദ്ധത്തിലും താൻ തോറ്റുപോകുന്നു എന്നൊക്കെ തോന്നിപ്പിക്കുന്ന ഒരവസ്ഥ നമ്മുടെ ഉള്ളിലുണ്ട്. എത്ര നീന്തിയിട്ടും ഒരു കരക്കടുക്കാൻ കഴിയുന്നില്ല, ഈ ഒഴുക്കുകൾ നമ്മേ നടുക്കടലിലേക്കോ, ചുഴികളിലേക്കോ കൊണ്ടുപോകുന്നു എന്നു തോന്നുക. പക്ഷേ അവിടെ നിന്നൊക്കെ നമ്മൾ രക്ഷപെട്ടു പോരുന്നുണ്ട്. എങ്കിലും ഒറ്റപ്പെടലിന്റെ ഒരു വ്യഥയുണ്ട്. അത് എല്ലാവരുടെ ഉള്ളിലും ഉണ്ട്. ജീവിതം മുഴുവൻ തോൽവികൾ, സഹനങ്ങൾ, പീഡനങ്ങൾ, അപമാനങ്ങൾ, തിരസ്കാരങ്ങൾ ഇതൊക്കെ അനുഭവിക്കുന്ന ഒത്തിരി അൾക്കാരുണ്ട്. ജീവിതത്തിൽ വലിയ ഉയരങ്ങളിൽ ജീവിക്കുന്നു എന്ന് വിചാരിക്കുന്നവരുടെ ഉള്ളിൽ പോലും ഇത്തരം നിശ്ശബ്ദങ്ങളായ വ്യസനങ്ങളുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അപ്പോൾ അത് മനുഷ്യന്റെ ഒരവസ്ഥയാണ്, വിധിയാണ്. അത് വായിക്കുമ്പോൾ അത് എന്റേയുംകൂടിയാണല്ലൊ എന്ന് വായനക്കാരന് തോന്നിപ്പോകുന്നു.
ഇത് ദസ്തൊവ്സ്കിയുടെ കഥയാണ്, അല്ലെങ്കിൽ ഒരു പുരുഷന്റെ കഥയാണ്. പക്ഷെ അഞ്ചൊ ആറോ സ്ത്രീകൾ എനിക്കെഴുതിയിട്ടുണ്ട്, ഇത് ദസ്തോവ്സ്കിയുടെയൊ പെരുമ്പടവത്തിന്റെയോ കഥയല്ല, അവരുടെ കഥയാണ് എന്ന്. അപ്പോൾ അതിനകത്ത് ലിംഗവ്യത്യാസമൊന്നുമില്ല. മനുഷ്യാനുഭവങ്ങളുടെ ഒരു തലം അതിലെവിടെയോ കിടക്കുന്നുണ്ട്. അവിടെച്ചെന്നെത്തുമ്പോൾ വായനക്കാരന് ഇത് തന്റെ തന്നെ കഥയാണെന്ന് തോന്നിപ്പോകുന്നുണ്ട്. അല്ലെങ്കിൽ താൻ എന്നെങ്കിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നൊക്കെ ഓർമ്മിപ്പിക്കുന്ന ഒന്നാണിത്. തന്റെ തന്നെ സ്വകാര്യ നൊമ്പരങ്ങൾ എഴുതിവെച്ചിരിക്കുന്ന ഒന്നാണ് ഇതെന്ന് വായനക്കാരനേ ‘ഒരു സങ്കീർത്തനം പോലെ’ തോന്നിപ്പിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പുതിയ വിപണനതന്ത്രങ്ങൾ സൃഷ്ടിക്കുന്ന വായനാസംസ്കാരത്തെ എങ്ങനെ കാണുന്നു? ലോബിയിങ്ങിനെ അതിജീവിക്കാനാവാതെ കഴിവുള്ള പുതിയ എഴുത്തുകാർ പിന്തള്ളപ്പെട്ടു പോകുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
അത് എന്നുമുള്ള യാഥാർത്ഥ്യങ്ങളാണ്, പുതിയതായി സംഭവിക്കുന്നതല്ല. കുറേ സംഘങ്ങൾ എല്ലാക്കാലത്തും നമ്മുടെ ഭാഷയിലുണ്ടായിരുന്നതാണ്; ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ചില എഴുത്തുകാർക്ക് അവരുടേതായ ഫാൻസ് അസോസിയേഷനുകളുണ്ട്. നമ്മുടെ സാഹിത്യത്തിൽ ഇപ്പോൾ ഞാൻ കണ്ടുവരുന്ന ഒരു പ്രവണത, ഒരെഴുത്തുകാരനും കുറേ വായനക്കാരും കുറേ വിമർശകരും ഒക്കെയായി ഒരു ഫാൻസ് അസ്സോസിയേഷൻ രൂപം കൊള്ളുന്നു. അവർക്ക് ഈ എഴുത്തുകാരനേ ഏറ്റവും മികച്ചതെന്ന് പ്രോജക്റ്റ് ചെയ്യുക എന്നതിനപ്പുറം ദുഷ്ടലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം കോക്കസുകൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇതിലൊന്നും പെടാത്ത എഴുത്തുകാരുമുണ്ട്. ചില പേരുകൾ മാത്രം എപ്പോഴും എല്ലായിടത്തും കേട്ടുകൊണ്ടിരിക്കുന്നു എന്ന് ആൾക്കാർ പരാതി പറയാറുണ്ട്. ഇതൊന്നും നമ്മൾ അത്ര കാര്യമായി കണക്കാക്കേണ്ട കാര്യമില്ല. വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്ന എന്തെങ്കിലും എഴുത്തിലുണ്ടോ, അതിൽ എന്തെങ്കിലും ജീവിതം ഉണ്ടോ എന്നുമാത്രമേ നോക്കേണ്ടതുള്ളു. ഇങ്ങനെ എഴുന്നള്ളിച്ചുകൊണ്ടുനടന്ന പല എഴുത്തുകാരും വിസ്മൃതരായിപ്പോയി.
ഒരുകാലത്ത് അത്യന്താധുനിക സാഹിത്യം നമ്മുടെ ഭാഷയിലേക്ക് വന്നു. അങ്ങനെ എഴുതാത്ത എഴുത്തുകാർ എഴുത്തുകാരേ അല്ല എന്നൊക്കെ അന്ന് പ്രചരിപ്പിച്ചിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോൾ അത് മരണപ്പെട്ടുപോയി. ഇന്നിപ്പോൾ ആധുനികനാണെന്ന് ആധുനികന്മാർ പോലും പറയുന്നില്ല. ഞാൻ ഒരു ആധുനികനല്ല എന്ന് ആധുനികന്മാരുടെ പയനീയർ ആയ കാക്കനാടൻ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
എഴുത്തിൽ മാറ്റങ്ങളുണ്ടാകും, ഭാവുകത്വത്തിൽ മാറ്റങ്ങളുണ്ടാകും, പക്ഷേ മനുഷ്യനേയും കാലത്തേയും പ്രപഞ്ചത്തേയും ആശ്രയിച്ചാണ് ഏത് എഴുത്തും നിലനിൽക്കുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത്. അതിൽനിന്ന് കടന്നിട്ട് ചില തന്ത്രങ്ങൾ, ചില അടവുകൾ, ചില ജിമ്മിക്കുകൾ കാണിച്ച് പെട്ടെന്ന് പ്രസിദ്ധരാകാൻ ചില ആളുകൾ ശ്രമിക്കും. പക്ഷെ അതും ആത്യന്തികമായി നിലനിൽക്കില്ല. എല്ലാ കാപട്യങ്ങളേയും തിരിച്ചറിയാനുള്ള അറിവ് നമ്മുടെ വായനക്കാർക്ക് ഉണ്ടായിരിക്കുന്നു. ഫാൻസ് അസോസിയേഷനുകളുണ്ട് എന്നതുകൊണ്ടുമാത്രം അവർക്കാർക്കും സൂപ്പർസ്റ്റാറുകളായി നിൽക്കാനും പറ്റില്ല.
എഴുത്തിൽ ആത്മാർത്ഥത ഉണ്ടാവുക എന്നതുമാത്രമാണ് എഴുത്തിന്റെ വിജയം. സ്വന്തം ഹൃദയം പങ്കുവെക്കുന്നതുപോലെതന്നെയാവണം എഴുത്ത്. അതത്രയും സഹൃദയരായ വായനക്കാർ സ്വീകരിക്കുകയും ചെയ്യും. ഈ ആഘോഷക്കമ്മിറ്റിക്കാർക്കൊന്നും ഒരു എഴുത്തുകാരനെ അധികകാലം സംരക്ഷിച്ചു നിർത്താനാവില്ല. അവർക്ക് ഒച്ചപ്പാടുകൾ ഉണ്ടാക്കാൻ കഴിയും. ദിവ്സവും ചർച്ചയും സിമ്പോസിയങ്ങളും അഭിമുഖങ്ങളും ഒക്കെയായിട്ടുള്ള ആഘോഷങ്ങൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ അവരുടെ പുസ്തകങ്ങൾ ചിലവാകുന്നത് വളരെക്കുറവാണ്. ഇതൊന്നുമല്ലാതെ വളരെ നിശ്ശബ്ദമായ ഒരു ജീവിതമുണ്ട് എഴുത്തിന്. ഒരു എഴുത്തുകാരനും വായനക്കാരനും കണ്ടുമുട്ടുന്നത് അവിടെവെച്ചാണ്. അവിടെ ആഘോഷങ്ങളൊന്നുമില്ല, നിശ്ശബ്ദമായ അനുഭവം പങ്കുവെക്കൽ മാത്രമേ ഉള്ളു.
ആസുരകാലത്തിന്റെ കലിയൊച്ചകൾ എഴുത്തുകാരൻ കേൾക്കുന്നുണ്ടങ്കിലും നീതിനിഷേധത്തിനുള്ള നിരന്തര കലഹങ്ങളിൽ എഴുത്തുകാരൻ പങ്കാളിയാകുന്നുണ്ടോ? ഇന്നത്തെ എഴുത്തുകാരന്റെ ആകുലതകൾ എന്തൊക്കെയാണ്?
ഇന്നത്തെ എഴുത്തുകാരൻ എന്നു പറയുമ്പോൾ പുതിയ എഴുത്തുകാരുടെ കാര്യമാണല്ലോ. ഞാനൊരു പഴയ എഴുത്തുകാരനാണ്, പഴയ ആളുമാണ്. ഞാൻ അവരേക്കുറിച്ച് പറഞ്ഞാൽ ശരിയാകുമോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ എനിക്കു പരിചയമുള്ള പ്രതിഭാശാലികളായ എഴുത്തുകാർ പോലും അവരേക്കുറിച്ചുതന്നെയാണ് ആകുലപ്പെടുന്നത്. എനിക്കൊരു തമാശ പറയാൻ തോന്നുന്നുണ്ട്; പുതിയ എഴുത്തുകാരുടെ ആകുലത അവരേക്കുറിച്ചുതന്നെയാണ്. തങ്ങൾ വായിക്കപ്പെടുന്നുണ്ടോ, തങ്ങൾ പ്രശംസിക്കപ്പേടുന്നുണ്ടോ, തങ്ങൾക്ക് അവാർഡുകൾ കിട്ടുന്നുണ്ടോ, തങ്ങൾക്ക് അംഗീകാരം കിട്ടുന്നുണ്ടോ എന്നൊക്കെയുള്ള ആകുലതകളാണ് അവർക്ക് കൂടുതലുള്ളത്. എല്ലാവരും ഇങ്ങനെയാണ് എന്ന് ഞാൻ പറയുന്നില്ല.
എഴുത്തുകാരന്റെ ആകുലതകൾ എന്നുപറഞ്ഞാൽ അത് അയാളുടെ വ്യക്തിപരമായ ആകുലതകളല്ല. അത് നമ്മൾ ജീവിക്കുന്ന കാലത്തിന്റെ, മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന നീതിരഹിതമായ അവസ്ഥയുടെ ആകുലതകൾ ആവണം. നാം ജീവിക്കുന്ന വർത്തമാനകാലത്തിന്റെ ആകുലതകൾ അല്ലെങ്കിൽ അതിന്റെ ക്ലേശങ്ങൾ ഒക്കെ നമുക്ക് എഴുതിവെക്കാം. അതല്ലാതെ തന്നെ അതിനൊരു സാമൂഹ്യമാനമുണ്ടെന്ന് വെക്കാം. അതൊന്നുമല്ലാതെ അതിനപ്പുറമുള്ള ഒരെഴുത്തുണ്ട്, മനുഷ്യന്റെ മാനവികജീവിതത്തെക്കുറിച്ച്, മനുഷ്യന്റെ ആത്മീയ ജീവിതത്തെക്കുറിച്ച്. ആത്മീയജീവിതം എന്നു പറയുമ്പോൾ മതപരം എന്നല്ല ഞാൻ പറയുന്നത്, നമ്മുടെ ആന്തരിക ജീവിതത്തിന്റെ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്ത ചില ആകുലതകളൊക്കെയുണ്ട്. അത് ആവിഷ്കരിച്ച നമ്മുടെ നവോത്ഥാന സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ കേശവദേവും തകഴിയും പൊൻകുന്നം വർക്കിയും ഒക്കെ സാമൂഹിക സമത്വത്തെക്കുറിച്ചൊക്കെ എഴുതിക്കൊണ്ടിരുന്നപ്പോൾ വൈക്കം മുഹമ്മദ് ബഷീർ അതിൽനിന്ന്മാറി മനുഷ്യന്റെ ആന്തരികമായ ആകുലതകളെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. അപ്പോൾ രണ്ടും രണ്ട് തരത്തിലാണ്. എഴുത്തുകാരന് ഇങ്ങനെയുള്ളൊരു സാമൂഹിക വീക്ഷണം ഉണ്ടാവും, മനുഷ്യന്റെ ആന്തരികമായ ജീവിതത്തെക്കുറിച്ചുള്ള ഒരു നിലപാടും അന്വേഷണവും ഉണ്ടാകാം. ഇതൊക്കെ ഉണ്ടാകുമ്പോൾ പോലും അത് മനുഷ്യാനുഭവങ്ങളുമായി ഏതെങ്കിലുമൊരു തലത്തിൽ അതുമായി ബന്ധപ്പെടണം ഒരെഴുത്തുകാരൻ.
രണ്ടു കഥ എഴുതിക്കഴിയുമ്പോഴേക്കും രണ്ട് പുസ്തകം പ്രസിദ്ധീകരിച്ചുകഴിയുമ്പോഴേക്കും ആരും തന്നേ എന്തുകൊണ്ട് ആദരിക്കുന്നില്ല എന്ന ചോദ്യം നമ്മുടെ എഴുത്തുകാരുടെ വലിയൊരു ആകുലതയാണ്. ഇപ്പോൾ ഒരു പുസ്തകത്തിനു അവാർഡ് കിട്ടിയില്ലെങ്കിൽ ശുണ്ഠി എടുക്കുക, അത് ഇന്ന ആൾക്കാരുടെ മനപ്പൂർവ്വമായ ഇടപെടൽകൊണ്ടാണ് കിട്ടാത്തത്, അല്ലെങ്കിൽ താൻ പിൻതള്ളപ്പെട്ടുപോയത് വേറേ ചില ആൾക്കാർ കാരണമാണ് എന്നുതുടങ്ങിയ ആകുലതകളാണ് എഴുത്തുകാരിൽ ഞാൻ കണ്ടിട്ടുള്ളത്. അതല്ലാതെ മനുഷ്യനെക്കുറിച്ചുള്ള ആകുലതകൾ പങ്കെവെക്കുക എന്നുള്ളതാണ് യഥാർത്ഥ്യത്തിലുള്ള എഴുത്തുകാരന്റെ കർത്തവ്യം എന്നാണെനിക്കു തോന്നുന്നത്.
എല്ലാക്കാലവും എഴുത്തുകാരന്റെ അസംസ്കൃത വസ്തു മനുഷ്യൻ തന്നെയാണ്. അപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മുറുകെ പിടിക്കുമ്പോഴും എഴുത്തുകാരന്‍റെ സാമൂഹ്യഇടപെടലും തിരിച്ചും ഒരനിവാര്യതയല്ലേ?
ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറയുമ്പോൾ അത് ഓരോ എഴുത്തുകാരനും സ്വയം തീരുമനിക്കേണ്ടതാണ്. എഴുത്തുകാരനും ഒരു സമൂഹജീവിയാണ്. സമൂഹത്തിനു അതിന്റേതായ ചില മൂല്യബോധങ്ങളുമുണ്ട്. ആ മൂല്യബോധം – ഞാൻ സദാചാരബോധം എന്നുപോലുമല്ല പറയുന്നത് – മൂല്യബോധത്തോട് ഇയ്യാൾ സ്വന്തം കല കൊണ്ട് കലഹിക്കുന്നത് എന്നാണ്. കലഹിക്കുമ്പോൾ അതിനൊരു അന്വേഷണത്തിന്റെ മുഖമുണ്ടാവണം. മറ്റുള്ളവരുടെ ഒരു വിശ്വാസത്തെ, അല്ലെങ്കിൽ സമൂഹത്തിന്റെ വിശ്വാസത്തെ എഴുത്തുകാരനു ചോദ്യം ചെയ്യാം. എക്കാലത്തും എഴുത്തുകാരൻ ചെയ്തുകൊണ്ടിരുന്നതും അതുതന്നെയാണ്. പക്ഷേ അതൊരു മൂല്യബോധത്തെ മുൻനിർത്തിയാവണം. അല്ലാതെ മറ്റൊരാളുടെ വിശ്വാസത്തെ ആക്ഷേപിക്കുകയോ അയാളേ അധിക്ഷേപിക്കുകയോ ചെയ്യുന്ന തരത്തിലാവുമ്പോൾ പ്രശ്നങ്ങളായി വഷളായിത്തീരും.
നമ്മുടെ സമൂഹം എന്നും ചില അന്ധവിശ്വാസങ്ങളിൽ തന്നെയായിരിക്കും. ഇടയ്ക് ചില മാറ്റങ്ങളുണ്ടായേക്കാം. നവോത്ഥാനകാലത്ത് ശ്രീനാരായണഗുരു, വി ടി ഭട്ടതിരിപ്പാട്, വാഗ്ഭടാനന്ദൻ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ മഹാപുരുഷന്മാർ നമ്മുടെ കാലത്തിന്റെ ജീർണ്ണതകൾക്കെതിരായി വലിയൊരു കലാപമുണ്ടാക്കി. കാലത്തെ ആ ജീർണ്ണതകൾക്കെതിരായി, ജീർണ്ണതകളിൽ നിന്ന് വേർപെടുത്തി നവോത്ഥാനകാലത്തിലേക്ക് കൊണ്ടുപോയി. ഇപ്പോൾ നമ്മുടെ കേരളത്തിൽ സംഭവിക്കുന്നതെന്താ? പഴയതിനേക്കാൾ വഷളായിത്തീർന്നിരിക്കുന്നു. ജാതിയും മതവും സാമുദായിക ശക്തികളും സംഘടിതമായി മാനവികതയെ അപമാനിക്കുകയാണിന്നു ചെയ്യുന്നത്. ഒരു സമുദായ നേതാവിനു യാതൊരു ലജ്ജയുമില്ലാതെ ജാതി പറയാനും മതം പറയാനും അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഇടപെടാനും പങ്കുചോദിക്കാനുമുള്ള ഒരു ധൈര്യം വന്നിരിക്കുന്നു. ലജ്ജ തോന്നിപ്പോകുന്നു, ഇങ്ങനെയൊക്കെ അവർ പറയുന്നത് ജാതിയുടേയും മതത്തിന്റേയും പേരിലാണ്, മനുഷ്യൻ അവിടെ ഒരു പ്രശ്നമേയല്ല!
നമ്മുടെ പുതിയ കാലം ജാതിയിലേക്കും മതത്തിലേക്കും തിരിച്ചുപോകുകയാണ്. ജീർണ്ണതകൾ വീണ്ടും പഴയതിനേക്കാൾ നമ്മുടെ സമൂഹത്തെ ജീർണ്ണീപ്പിച്ചിരിക്കുന്നു. ജാതി-മത- രാഷ്ട്രീയ സംഘടനകളും ഇതിനു പ്രേരകമാണ്. ഈ സമുദായിക ശക്തികളെ മുഴുവൻ കുറ്റപ്പെടുത്താൻ ഞാൻ തയ്യാറല്ല. അത് എന്താണെന്നുവെച്ചാൽ ഈ സാമുദായിക ശക്തികളെ രാഷ്ട്രീയവൽക്കരിച്ചത് രാഷ്ട്രീയപ്പാർട്ടികളാണ്. ഇവിടുത്തെ ഇടതു-വലത് രാഷ്ട്രീയ പാർട്ടികൾ മുഴുവൻ ആ മഹാപാപം ചെയ്തിട്ടുണ്ട്. ഈ രാഷ്ട്രീയപ്പാർട്ടികളെ സാമുദായികനേതാക്കളുടെ പടിക്കൽ കൊണ്ട് അടിമ കിടത്തിയതും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളാണ്. ആ ധൈര്യം കൊണ്ടാണ് ഈ ജാതിയുടേയും മതത്തിന്റേയും നേതാക്കന്മാർ രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്താൻ ശ്രമിക്കുന്നത്, അല്ലാതെ മനുഷ്യന്റെ അവകാശത്തിനുവേണ്ടിയല്ല അവർ വാദിക്കുന്നത്. സാമൂഹികമായ നീതിക്കുവേണ്ടിയുമല്ല വാദിക്കുന്നത്. വലിയൊരു അപകടകരമായ അവ്സ്ഥയിലേക്ക് നമ്മൾ മാറിപ്പോകുന്നു. നമ്മൾ ജാതികളായും മതങ്ങളായും വേർപിരിയാൻ പോകുകയാണ്… മാനവികത അപകടത്തിലാണ് … മനുഷ്യനെ ആർക്കും വേണ്ട… ക്രിസ്ത്യാനിയെ വേണം, മുസ്ലീമിനെ വേണം, നായരെ വേണം, ഈഴവനെ വേണം. മനുഷ്യത്വം തന്നെ ഇല്ലാതാവുന്ന ലജ്ജാകരമായ ഒരവസ്ഥയിൽ നമ്മൾ എത്തിച്ചേർന്നിരിക്കുന്നു. എന്തുകൊണ്ടിങ്ങനെ ജാതി ജതിയുടെ പേരിൽ, മതം മതത്തിന്റെ പേരിൽ അധികാരത്തിന്റെ പങ്കുചോദിക്കുന്നു എന്നുള്ളൊരു ചോദ്യമുണ്ട്. ജാതിയുടേയും മതത്തിന്റേയും ഇത്തരം കടന്നുകയറ്റം കൊണ്ടാണ് ലോക സംസ്കാരത്തിനു മുന്നിൽ തന്നെ ഇൻഡ്യ നാണംകെട്ടുപോയത്. നമ്മുടെ ഭാരതത്തിൽ കാലങ്ങളായി ഉടലെടുത്തുവന്ന മാനവികത കടലെടുത്തുപോകുകയാണ്.
“പാവങ്ങളുടെ” 150-ആം വാര്‍ഷികം നമ്മൾ ഇപ്പോൾ ആഘോഷിക്കുന്നു. ക്ലാസ്സിക് കൃതികൾ വല്ലപ്പോഴും സംഭവിക്കുന്ന ഒന്ന് തന്നെ എന്നതിൽ തര്‍ക്കമില്ല. പക്ഷെ മികച്ച എഴുത്തുകാരെ സജ്ജരാക്കി എടുക്കുന്നതിനു മറ്റു രാജ്യങ്ങളിൽ പല പരിപാടികളും നടപ്പിലാക്കുന്നുണ്ട്. സാഹിത്യ അക്കാദമി ആ തരത്തിൽ എന്തെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടോ? എന്താണ് അക്കാദമിയുടെ ഏറ്റവും നൂതനമായ പരിപാടി?
മഹത്തായ കൃതികളെ, ക്ലാസ്സിക് കൃതികളെയൊക്കെ ആദരിക്കുകയും അത് സമൂഹത്തിന്റെ ഓർമ്മയിലേക്ക് വീണ്ടും വീണ്ടും കൊണ്ടുവരികയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സാഹിത്യ അക്കാദമി പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ഇപ്പോൾ തന്നെ ‘വീണപൂവിന്റെയും’ ‘നളിനിയുടെയും’ ജന്മശതാബ്ദി ആഘോഷിക്കുന്നു. എഴുത്തുകാരുടെ ജന്മശ്താബ്ദികൾ ആഘോഷിക്കുന്നു, അല്ലെങ്കിൽ എഴുത്തുകാരുടെ 25-ഉം 50-ഉം ഒക്കെ ചരമ വാർഷികങ്ങൾ ആചരിക്കുന്നു. ആ എഴുത്തുകാരെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചു പൊതുവിലും ഉള്ള പഠനങ്ങളാണ് അത്തരം സമ്മേളനങ്ങളിലൂടെ നമ്മൾ കൊണ്ടുവരാനാഗ്രഹിക്കുന്നത്.
അടുത്തമാസം മഹാകവി കെ. പി. കറുപ്പന്റെ ‘ജാതിക്കുമ്മി’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കിക്കൊണ്ട് ജന്മശതാബ്ദി എറണാകുളത്തുവെച്ച് ആഘോഷിക്കുന്നുണ്ട്. സാഹിത്യ സെമിനാറുകൾ, പ്രശസ്ഥ എഴുത്തുകാരുടെ സാന്നിദ്ധ്യം എല്ലാം ഉണ്ടാകും. അടുത്തമാസം തന്നെയാണ് എസ്. കെ പൊറ്റക്കാടിന്റെ ജന്മശതാബ്ദി. അത് കോഴിക്കോട്ടുവെച്ച് മൂന്നു ദിവസങ്ങളിലായി അതിഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചുകഴിഞ്ഞു. പൊറ്റക്കാടിന്റെ കൃതികളെക്കുറിച്ചും വിശേഷിച്ച് മലയാള സാഹിത്യത്തെക്കുറിച്ച് പൊതുവേയും അവലോകനങ്ങളും ആഘോഷങ്ങളുമൊക്കെയാണ് അന്നു നടത്തുവാൻ പൊകുന്നത്. എല്ലാ തലമുറയിലും പെട്ട എഴുത്തുകാരേ ഒന്നിച്ചണിനിരത്തുക എന്നതാണ് ഇതിന്റെ പ്രധാനമായ ഒരു ലക്ഷ്യം. എപ്പോഴും നമ്മുടെ ഏറ്റവും വലിയ സമ്പത്ത്, അനശ്വരമായ സമ്പത്ത് സാഹിത്യം തന്നെയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വം കേരള സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം തകഴിയുടെ ജന്മശതാബ്ദി ആലപ്പുഴവെച്ച് മൂന്നു ദിവസമായി ഗംഭീരമായി ആഘോഷിച്ചു. മഹേശ്വതാദേവി ആയിരുന്നു അതിന്റെ മുഖ്യാതിഥി. പുതിയ തലമുറയിലെ എഴുത്തുകാരോട് ഏറെ താല്പര്യമുള്ള ഞാൻ തന്നെ മുൻകയ്യെടുത്ത് പുതിയ എഴുത്തുകാരേ അതിൽ പങ്കെടുപ്പിച്ചിരുന്നു. പുതിയ എഴുത്തുകാരുടെ സംഗമങ്ങൾ, അവരുടെ കഥകളെ കുറിച്ചും അവ വായനക്കാർ എങ്ങനെ സ്വീകരിച്ചു എന്നതിനേക്കുറിച്ചുമുള്ള ചർച്ചയൊക്കെയായിരുന്നു ചെയ്തത്. അതിനുവന്ന 10-12 എഴുത്തുകാർ എന്നോട് പറഞ്ഞു, ആദ്യമായാണ് അക്കാദമിയുടെ ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്, ഇതുവരെ തങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല എന്നൊക്കെ. ഇപ്പോൾ കോഴിക്കോട്ടും അതാണു സംഭവിക്കാൻ പോകുന്നത്. പുതിയ കവികൾ, കഥാകൃത്തുക്കൾ… അവരുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കാൻ വേദികൾ സൃഷ്ടിക്കുക, അങ്ങനെ കേരള സാഹിത്യ അക്കാദമി അവരുടേതുകൂടിയാണെന്ന് ബോധ്യപ്പെടുത്തുക. ഇത് എക്കാലത്തും കുറേപ്പേരുടെ മാത്രമല്ല, അതിന് ഒരു ജനകീയ സ്വഭാവമുണ്ടാക്കുക, അതിന്റെ മൂല്യബോധം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ എഴുത്തുകാരേ പങ്കെടുപ്പിക്കുക തുടങ്ങിയവയാണു ഉദ്ദേശങ്ങൾ. അത്തരം പുതിയ എഴുത്തുകാരെ അക്കാദമിയുമായി ബന്ധപ്പെടുത്താനും പൊതുവേ നമ്മുടെ വായനയുടേയും എഴുത്തിന്റേയും മേഖലകളിൽ നവചൈതന്യം ഉണ്ടാക്കാനുമൊക്കെ എങ്ങനെ കഴിയും എന്ന ആലോചനയിലാണ് അക്കാദമി ഇപ്പോൾ.
ധാരാളം പഠനക്കളരികളും ക്യാമ്പുകളും ഒക്കെ അക്കാദമി നടത്തിയിട്ടുണ്ട്, ഇനിയും നടത്തുന്നുണ്ട്. ദുബായിൽ തന്നെ രണ്ടു ദിവസത്തെ സാഹിത്യക്യാമ്പ് തീരുമാനിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കേണ്ടിവന്നു. ഖത്തറിലും സൌദിയിലും അമേരിക്കയിലുമൊക്കെ അടുത്തുതന്നെ സാഹിത്യ ക്യാമ്പുകൾ നടത്താൻ ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ കേരളത്തിലും മദ്രാസ്, ബോംബേ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലും സാഹിത്യ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ചുരുക്കത്തിൽ മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള ആൾക്കാർ എവിടൊക്കെയുണ്ടോ അവരുടെ അരികിലേക്ക് അക്കാദമി ചെല്ലുകയാണ്. അവിടെയുള്ള പുതിയ എഴുത്തുകാരേയും വായനക്കാരേയും സാംസ്കാരിക പ്രവർത്തകരേയും സ്വരുമിപ്പിക്കുക, ഒരേ വേദിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണുള്ളത്.
പ്രവാസി എഴുത്തുകാർക്ക് ചില പ്രത്യേക പരിഗണനകൾ ആവിശ്യമാണ്. അത് ആദ്യം പറഞ്ഞിട്ടുള്ളവരിൽ ഒരാൾ ഞാനാണ്. അവകാശവാദമല്ല. എം എം ഹസ്സൻ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടാണ് ഞാനീക്കാര്യം ആദ്യം പറഞ്ഞത്. അദ്ദേഹമത് സമ്മതിക്കുകയും നോർക്കയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സാഹിത്യ സമ്മാന പദ്ധതികൾ ആരംഭിക്കുകയും അതിപ്പോഴും തുടർന്നുകൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ അവാർഡ് കമ്മിറ്റിയിലും ഞാനുണ്ടായിരുന്നു. പ്രവാസി എഴുത്തുകാരേ ഇപ്പോൾ മലയാളം ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ലാ എന്നും പ്രവാസി എഴുത്തുകാരേ താല്പര്യത്തോടെയാണ് മലയാള വായനക്കാർ കണ്ടിട്ടുള്ളതും.
എഴുത്തിന്‍റെ വിസ്മയത്തിൽ / വിപ്ലവത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം നിര്‍ണ്ണായകമാകുന്നുണ്ടോ?
നവമാധ്യമങ്ങൾ എന്നത് മറ്റൊരു ലോകമാണ്. മാറുന്ന കാലത്ത് അത് അന്യമായൊരു ലോകമല്ല. ആ സാധ്യത ഉപയോഗപ്പെടുത്തുന്ന എഴുത്തുകാരും വായനക്കാരുമുണ്ട്. പക്ഷേ അത് സാർവത്രികമായിത്തീരുന്നില്ല എന്നതുമാത്രമാണ് അതിന്റെ പരിമതി. എന്നാലും എഴുത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവും, പുതിയ ആവിഷ്കാര സാധ്യതകൾ ഉണ്ടാവും. അതൊക്കെ ന്യായമായും പ്രതീക്ഷിക്കാം. എഴുത്ത് നല്ലതാണോ, അതിൽ മൂല്യമുണ്ടോ എന്നതുമാത്രമേ നമ്മൾ ശ്രദ്ധികേണ്ടതായി ഉള്ളു.
മലയാള സാഹിത്യത്തിൽ ബ്ലോഗ് എഴുത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പ്രവാസി എഴുത്തുകാരുടെ എഴുത്തിന്‍റെ സമതലങ്ങൾ എന്നു വേണമെങ്കിൽ പറയാം ബ്ലോഗുകൾ. അതിനു അതിന്റെതായ പരിമിതികൾ ഉണ്ട്... ചില മുഖ്യധാരാ എഴുത്തുകാർ വിലകുറഞ്ഞ പല പ്രസ്താവനകളും ഇറക്കി ഇതെല്ലം അപ്പാടെ മോശമാണെന്ന് വരുത്തി തീര്‍ക്കാൻ ഒരു ഭാഗത്ത് ശ്രമിക്കുന്നു...താങ്കൾ ബ്ലോഗ് എഴുത്തിനെ എങ്ങനെ കാണുന്നു ?
ആദ്യമേ പറയാം ബ്ലോഗ് സാഹിത്യം എന്നതുമായി എനിക്ക് ഒരു ബന്ധവുമില്ല. അത്തരം കാര്യങ്ങളിൽ ഒരു നിരക്ഷരൻ തന്നെയാണ് ഞാൻ. അതുകൊണ്ട് അതിനേക്കുറിച്ച് അഭിപ്രായം ഒന്നും പറയുന്നില്ല. പക്ഷേ സാഹിത്യത്തിൽ, എഴുത്തിൽ മാറ്റങ്ങളുണ്ടാകും. ഓരോ കാലവും അതിന്റെ മാറ്റങ്ങളുമായാണ് വരുന്നത്. മാറിയ കാലത്ത് ബ്ലോഗ് പോലുള്ള സാങ്കേതിക വികാസങ്ങൾ ലോകത്തുണ്ടാവും. എന്നും പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കണം എന്നു ശഠിക്കാൻ സാധിക്കില്ല. മറിവരുന്ന കാലത്തിനനുസരിച്ച്, ജീവിതത്തിന്റെ ഗതിവേഗങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവും. അത് വായനയിലും എഴുത്തിലും ഒക്കെയുണ്ടാവും. എഴുത്തിൽ അങ്ങനെ ഒരു പുതിയ മാർഗ്ഗം തുറന്നുകിട്ടിയിട്ടുണ്ടെങ്കിൽ അത് നല്ലതുതന്നെയാണ്. അതിനേ ആക്ഷേപിക്കേണ്ട കാര്യമൊന്നുമില്ല.
മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് ബ്ല്ഗേഴുതിലെ മികച്ച സൃഷ്ടികൾ കണ്ടില്ലെന്നു നടിക്കാനാവില്ല. ബ്ലോഗ് കൂട്ടായ്മകളുടെ ഇ-മാഗസിനുകളും. എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന അക്കാദമി ബ്ലോഗ് എഴുത്തിനെയും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമോ?
അക്കാദമി അത്തരം കാര്യങ്ങളെക്കുറിച്ച് അജ്ഞത ഭാവിക്കുന്നില്ല. ആ രംഗത്തുള്ള പ്രതിഭാശാലികളുണ്ടെങ്കിൽ അവർക്ക് എന്ത് പ്രോത്സാഹനം നൽകാൻ കഴിയും എന്ന് നമ്മൾ ആലോചിക്കുന്നുണ്ട്. പക്ഷേ അക്കാദമിക്ക് ചില പരിമിതികളുമുണ്ട്. അത്തരം എഴുത്തുകാരുടെ രചനകളിൽ ഒരു ഈസ്തറ്റിക്സ് ഉണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനേ കഴിയൂ. അവിടുന്നു വരുന്ന ഒരെഴുത്തുകാരനേ എങ്ങനെ സഹായിക്കാം എന്ന് അക്കാദമി ഇതുവരെ ആലോചിച്ചിട്ടില്ല, നാളെ ആലോചിക്കാവുന്നതാണ്. ബ്ലോഗിന് ഒരു കുഴപ്പമുണ്ട്, അത് ഒരു പ്രത്യേക സ്ഥലത്തുതന്നെ ഒതുങ്ങിപ്പോകുന്നു. എന്നുവെച്ച് അതു ചെറുതല്ല. ഒതുങ്ങിപ്പോകുന്നു എന്നു പറയുമ്പോൾ ചുരുങ്ങിപ്പോകുന്നു എന്ന അർത്ഥമല്ല. അത് വേറൊരു ലോകമാണ്, പൊതുവേദികളിൽ വരാതെ ഇന്റർനെറ്റിൽ മാത്രം ഒതുങ്ങിപ്പോകുന്ന ഒരു ലോകം. അത് താൽക്കാലികമായൊരു അനുഭവമാണ്. അവിടെ ഇന്നലെ എഴുതിയ ഒരു കവിതക്ക് ഇന്ന് നിലനിൽപ്പില്ല. ഇന്നലെ അല്ലെങ്കിൽ കഴിഞ്ഞ ആഴ്ച ഇന്റെർനെറ്റിൽ ഒരു കഥ വന്നു, അതോടെ അതിന്റെ കഥ കഴിഞ്ഞു. പുതിയതു വരുമ്പോൾ പഴയത് ഇല്ലാതാവും, അതാണ് ബ്ലോഗിന്റെ കുഴപ്പം. ബ്ലോഗെഴുത്തിന്റെ ശത്രു ബ്ല്ഗെഴുത്ത് തന്നെയാണ്. ബ്ലോഗിൽ നല്ല എഴുത്തുകർ ഉണ്ടാവുമെന്നും, ഉണ്ടാകണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
സാഹിത്യം ഒരു സാമൂഹ്യസ്ഥാപനം ആണല്ലോ. പക്ഷെ കക്ഷിരാഷ്ട്രീയത്തിന്‍റെ വിഴുപ്പലക്കുകളിൽ നിന്നും ഇതിനെ മാറ്റിനിര്‍ത്തേണ്ട ബാധ്യത നമ്മുടെ സാഹിത്യകാരന്മാര്‍ക്ക് വേണ്ടതല്ലേ? താങ്കൾ ഒരേസമയം എഴുത്തുകാരനും ഒരു നേതൃ സ്ഥാനത്ത് ഇരിക്കുന്ന ആളുമാണ്. സാഹിത്യത്തിന്‍റെ ജനപക്ഷം എന്തായിരിക്കണം?
എഴുത്തുകാരൻ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിത്തീരുന്നത് നമ്മുടെ നാട്ടിൽ ഒരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ എഴുത്തുകാരുണ്ട്, എഴുത്തുകാർക്ക് അവരുടെ രാഷ്ട്രീയ പാർട്ടികളുമുണ്ട്. അവർ രാഷട്രീയമായ കഴ്ചപ്പാടുകളോടെയാണു എഴുതുന്നത് അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയാണ് എഴുതുന്നത്. അവർക്ക് അതിന്റേതായ ആനുകൂല്യങ്ങളുമുണ്ട്. ആ പാർട്ടി ഭരണത്തിൽ വരുമ്പോൾ സ്ഥാനമാനങ്ങൾ ഒക്കെ അവർക്ക് പങ്കുവെച്ചുകൊടുക്കും. രാഷ്ട്രീയപാർട്ടികളുടെ കൂടെ നിൽക്കുന്ന പല എഴുത്തുകാരും നല്ല കഥാകൃത്തുക്കളും കവികളും ഒക്കെത്തന്നെയാണ്. പക്ഷേ പാർട്ടി എഴുത്തുകാർ എന്നാണ് അവർ പൊതുവേ അറിയപ്പെടുന്നത്. അല്ലെങ്കിൽ അവർ തന്നെയും താൻ പാർട്ടിക്കുവേണ്ടിയാണ് എഴുതുന്നത് എന്ന് പറയാറുണ്ട്. പാർട്ടി സമൂഹത്തിന്റെ നന്മക്കുവേണ്ടി ആയതുകൊണ്ട് തങ്ങളുടെ എഴുത്തും സമൂഹനന്മക്ക് വേണ്ടിയാണെന്ന് അവർക്ക് പറയാം. ഇങ്ങനെ പാർട്ടിക്കു വേണ്ടിയല്ലാതെ മനുഷ്യനു വേണ്ടി എഴുതുന്ന, സമൂഹത്തിനുവേണ്ടി എഴുതുന്ന എഴുത്തുകാർ ഉണ്ട്. അവരുടെ എഴുത്തിനു പ്രത്യേകമായ ഒരു തലം ഉണ്ട്. അവർ രാഷ്ട്രീയപ്പാർട്ടികളുടെ പിന്നാലേ തൊഴുത്തുകളിൽ പോയി തലവെച്ചു കൊടുക്കുന്നില്ല. സ്വതന്ത്രമായി ഇരുന്ന് എഴുതുന്ന എഴുത്തുകാരുണ്ട്. നമ്മുടെ മലയാള ഭാഷയിൽ ഏറ്റവും നല്ല എഴുത്തുകാർ അത്തരം സ്വതന്ത്രരായ എഴുത്തുകാർ തന്നെയാണ്. സാഹിത്യത്തിന്റെ ജനപക്ഷത്തുതന്നെയാണു എഴുത്തുകാരൻ. ജനങ്ങളില്ലാതെ സാഹിത്യമില്ല; എഴുത്തിനും ജീവിതമില്ല.
എനിക്കും ഓരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല. എന്നോർത്ത് രഷ്ട്രീയവുമായി ബന്ധമില്ല എന്നല്ല. എനിക്ക് നേതാക്കളോട് ബന്ധമുണ്ട്, പക്ഷേ ഒരു രാഷ്ട്രീയപാർട്ടിയിൽ ചേർന്ന് അവരുടെ ശാസനക്കൊപ്പം നിൽക്കാൻ എന്റെ മനസ്സു സമ്മതിക്കുകയില്ല. ഞാൻ സമ്പൂർണ്ണ സ്വതന്ത്രനായ ഒരാളാണ്. ആരേയും ആക്ഷേപിക്കാനോ വിമർശിക്കാനോ ഞാൻ പോകുന്നില്ല. ഞാൻ ഒരു എളിയ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ എഴുത്ത് തുടർന്നുകൊണ്ടുപോകുന്നു. എഴുത്തുകൊണ്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ.
ഞാൻ കേരള സാഹിത്യ അക്കാദമിയുടേ പ്രസിഡന്റായത് തികച്ചും യാദൃശ്ചികമായ സംഭവമാണ്. സാധാരണ ഗതിയിൽ ഏതെങ്കിലും ഒരു പാർട്ടി അധികാരത്തിൽ വരുമ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ടവർക്കാണ് ഇത്തരം സ്ഥാനമാനങ്ങൾ കിട്ടുന്നത്. സ്ഥാനമാനങ്ങൾ കിട്ടാതെ പോകുന്നവരുമുണ്ട് നമ്മുടെ സമൂഹത്തിൽ. ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും അംഗമല്ല ഞാൻ. എന്നിട്ടും ഈ യു. ഡി. എഫ്. ഗവണ്മെന്റ് എന്നേ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാക്കി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സാംസ്കാരിക മന്ത്രി കെ സി ജോസഫും എന്നേ വിളിച്ചു ഇതു പറയുന്ന നിമിഷം വരെ ഇങ്ങനെ ഒന്ന് ഞാൻ സ്വപ്നം കണ്ടിരുന്നില്ല. ആ ഘട്ടത്തിൽ തന്നെയാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്നോട് പറഞ്ഞത്, “ഞങ്ങളുടെ പാർട്ടിയുടെ താല്പര്യം പെരുമ്പടവം ഈ സ്ഥാനത്ത് വരണം എന്നാണ്’ എന്ന്. ‘ഞങ്ങൾ ഏകകണ്ഠമായി തീരുമനിച്ചതാണ്’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മുഖ്യമന്ത്രിയും സാംസ്കാരികവകുപ്പുമന്ത്രിയും പറഞ്ഞതും’താങ്കൾ അക്കാദമിയുടെ ഭരണം ഏറ്റെടുക്കണം, അത് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം, സുതാര്യമാക്കണം, ജനകീയമാക്കണം, വിപുലമാക്കണം’ എന്നൊക്കെയാണ്. രാഷ്ട്രീയം അതിൽ കൊണ്ടുവരരുത്, അക്കാദമിക്കു രാഷ്ട്രീയം വേണ്ട എന്ന് എന്നോട് ആദ്യം പറഞ്ഞത് അവർ തന്നെയാണ്. ഇത്രയും വിപുലമായ ഒരു കാഴ്ചപ്പാട് ഞാൻ പ്രതീക്ഷിച്ചതേയല്ല. അതെന്നെ അൽഭുതപ്പെടുത്തിക്കളഞ്ഞു. പക്ഷെ വ്യക്ത്മായി ഞാൻ പറയാം, ഇടതുപക്ഷമാണെങ്കിൽ ഇതു നടക്കില്ല. അവർക്ക് അവരുടെ എഴുത്തുകാർ തന്നെ വേണം. അവരുടെ കാലത്ത് അക്കാദമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട്, പിന്നെ അവിടെനിന്നും ഇറങ്ങിപ്പോന്ന ഒരാളാണ് ഞാൻ. കാരണം എന്നേ അപമാനിക്കാൻ ഞാൻ നിന്നുകൊടുക്കുകയില്ല. ഞാൻ എത്ര ചെറിയവനാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ സ്വാതന്ത്ര്യം ഞാൻ പൊന്നുപോലെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. എനിക്കിപ്പോൾ അക്കാദമിയിൽ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. എഴുത്തുകാർക്ക് ഇന്ന് രാഷ്ട്രീയമായ ഒരു വേർതിരിവും സാഹിത്യ അക്കാദമിയിൽ ഇല്ല.
പുതിയ നോവലിന്റെ പണിപ്പുരയിലാണൊ ഇപ്പോൾ, അതിന്റെ പശ്ചാത്തലമെന്താണ്?
ഒന്നൊന്നരവർഷമായി കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ട്. ഇപ്പോൾ എന്റെ സമയ്ം മുഴുവൻ അതിനായി മാറ്റിവെക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് എന്റെ എഴുത്തും വായനയുമൊക്കെ മുറിഞ്ഞുപോയി. ഞാൻ ഇതിനുമുമ്പ് എഴുതി പാതിയാക്കിവെച്ച ഒരു നോവലുണ്ട്, അതൊന്ന് മിനുക്കിയെടുക്കണം. എനിക്ക് writing അല്ല പ്രശ്നം rewriting ആണ്. അത് എന്റെയൊരു ശീലമാണ്. രണ്ടാമത് മിനുക്കി എഴുതുമ്പോഴാണ് എനിക്ക് സംതൃപ്തിയാകുക. ഇത് പക്ഷേ പകുതിയായപ്പോഴേക്കും അങ്ങോട്ട് നീക്കിവെച്ചു, അതവിടെത്തന്നെ ഇരിക്കുകയാണ്. ആ നോവൽ ഒരു കവിയുടെ ജീവിതമാണ്. ഒരു കവിയും കാലവും അപാരതയും തമ്മിലുള്ള ഒരു ബന്ധം എന്താണെന്ന് ആലോചിച്ചുപോകുകയാണ് ഈ നോവലിൽ…. അങ്ങനെ വേറേ സംഭവങ്ങളൊന്നുമില്ലാത്ത ഒരു നോവൽ.
നിശബ്ദനായി വായനക്കാരന്‍റെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ് പെരുമ്പടവം. ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ ചമയങ്ങൾ ഇല്ലാതെ ലളിതവും ഋജുവുമായ കഥപറച്ചിലിലൂടെ മലയാള സാഹിത്യത്തിൽ സ്വന്തമായ ഇടം സൃഷ്ടിച്ച അദ്ദേഹത്തിന് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല. ഒരുപക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യകാരന്റെ കൃതിയുടെ പേരിൽ ഒരു പ്രസാധനത്തെ അറിയപ്പെടുന്നത്. അത് പെരുമ്പടവത്തിന് മാത്രം അവകാശപെട്ടതാണ് . അദ്ദേഹത്തിന്റെ ഏകാന്ത വിസ്മയങ്ങൾക്കായി ഇനിയും നമുക്ക് കാത്തിരിക്കാം ...