ഓണം ... പോന്നോണം!!!

 
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു  പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

'പിന്നെ വിളിക്കാം' എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൗനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പോന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിന്റെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലല്ലോ  എന്നോര്‍ത്ത്  വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.


എരിഞ്ഞടങ്ങാത്ത ചിത



രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണര്‍വിന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഇരുട്ടിലേക്ക് കാതോര്‍ത്തു; തൊട്ടടുത്തുള്ള രാജന്റെ കട്ടിലില്‍ നിന്നാണ് ശബ്ദം. കഴിഞ്ഞ കുറെ ദിവസങ്ങളായി അവന്‍ ഉറങ്ങാറില്ലല്ലോ, അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്ന് പറയുന്നതല്ലേ ശരി?

ലൈറ്റ് ഇടാതെ തന്നെ പതുക്കെ അവന്റെ കിടക്കയിലെത്തി, അടുത്തിരുന്ന് മെല്ലെ വിളിച്ചു,

‘രാജാ ....’

എന്റെ കയ്യില്‍ മുറുകെപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവന്റെ മറുപടി.

‘ഏട്ടാ, എന്റെ അമ്മ എന്നെ ശപിക്കുന്നുണ്ടാവും, അല്ലേ... എന്തൊരു വിധിയാണ് എന്റേത്?’

അവന്റെ കയ്യില്‍ മെല്ലെ തലോടുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു ഞാനും.

പിന്നെ, അവന്റെ തേങ്ങലുകള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ ഞാന്‍ എന്റെ ബെഡ്ഡിലേക്ക് പോയി. ഉറക്കം വരാതെ കിടന്നപ്പോള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഒന്നൊന്നായി മന‍സ്സിലേക്ക് വന്നു.

സമാന്യം നല്ല ഒരു കമ്പിനിയില്‍ ഭേദപ്പെട്ട ജോലിയുണ്ടായിരുന്ന രാജന്റെ ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിന്നെ രണ്ട് മാസത്തെ അലച്ചിലിനു ശേഷമാണ് അവനു മറ്റൊരു ജോലി ശരിയായത്. ഇതിനിടയില്‍ കയ്യിലുള്ള പൈസയൊക്കെ തീര്‍ന്ന കാര്യം അവന്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു.

ജോലി ശരിയായ ദിവസം ഏറെ സന്തോഷത്തോടെയാണ് രാജന്‍ റൂമിലെത്തിയത്.

‘ഏട്ടാ, വിസാ മാറ്റണമെങ്കില്‍ എന്തായാലും പുറത്ത് പോകണം, അപ്പോള്‍ പിന്നെ‍ നാട്ടില്‍ പോയി അമ്മയെ ഒന്ന് കണ്ടിട്ട് വരണം’.

അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പിന്നെ രാജന് നൂറ് നാവാണ്. വാ തോരാതെ അവന്‍ പറയുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന കൌതുകത്തോടെ ഞാന്‍ അതൊക്കെ കേട്ടിരിക്കും.

അടുത്ത ദിവസം രാജന് നാട്ടില്‍ നിന്നൊരു ഫോണ്‍ വന്നു, അമ്മക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന്. രാജന്റെ വിഷമം കണ്ടപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു,

‘നീ വിഷമിക്കുകയും, ഇപ്പോള്‍ ഇങ്ങോട്ട് ഓടി വരികയും ഒന്നും വേണ്ടാ. അവള്‍ക്കങ്ങനെ കാര്യമായ അസുഖം ഒന്നുമില്ല’.

അടുത്ത ദിവസം ഞാന്‍ ഓഫീസിലേക്കിറങ്ങിയത് രാജന്‍ അമ്മയോട് സംസാരിക്കുന്നത് കേട്ട് കൊണ്ടാണ്. ഫോണ്‍ വെച്ച് കഴിഞ്ഞ് അവന്‍ പറഞ്ഞു,

‘ഏട്ടാ, അമ്മക്ക് നല്ല സുഖമുണ്ട് ... തിരക്ക് പിടിച്ച് ചെല്ലണ്ടാ’ എന്ന് പറഞ്ഞു.

ഓഫീസിലെത്തി അധികം കഴിയുന്നതിന് മുമ്പ് രാജന്റെ ഫോണ്‍ വന്നു, മുറിഞ്ഞു പോകുന്ന വാക്കുകള്‍‍ ...

‘ഏട്ടാ, അമ്മ... അമ്മ ... പോയി’.

ആ നടുക്കത്തിനിടയില്‍ മറുപടി പറയാനാവാതെ ഇരുന്ന് പോയി. പിന്നെ ‘ഉടനെ വരാം’ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു.

ട്രാവല്‍ ഏജന്‍സിയില്‍ കയറി നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അവനുള്ള ടിക്കറ്റുമെടുത്ത് മുറിയിലെത്തി. കരഞ്ഞു കലങ്ങിയ രാജന്റെ കണ്ണുകളെ നേരിടാനായില്ല. അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ എനിക്കും ഏറെ പണിപ്പെടേണ്ടി വന്നു.

വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ലോഞ്ചില്‍ രാജനെ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പിന്നെ ഇമ്മിഗ്രേഷന്‍ ഗേറ്റിലെത്തി തിരിഞ്ഞ് നോക്കിയ രാജനെ കൈ വീശി യാത്രയാക്കുമ്പോള്‍ ഒഴുകിയറങ്ങിയ കണ്ണുനീര്‍ മറ്റാരും കാണാതെ തുടച്ചു കളഞ്ഞു.

പാര്‍ക്കിങ്ങിലെത്തി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും രാജന്റെ ഫോണ്‍ വന്നു,

‘ഏട്ടാ...’ വല്ലാതെ അമ്പരന്നത് പോലെ അവന്റെ ശബ്ദം... ‘എനിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല’.

എന്തു പറ്റി എന്ന് ചോദിക്കുന്നതിനു മുമ്പ് അവന്റെ ഫോണ്‍ കട്ടായി. അങ്ങോട്ട് തുടര്‍ച്ചയായി വിളിച്ചെങ്കിലും അവന്റെ ഫോണ്‍ ഓഫ് ആയിരുന്നു.

തിരിച്ച് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി ഗേറ്റിലുള്ള ഉദ്യോഗസ്ഥനോട് കെഞ്ചി നോക്കിയെങ്കിലും അകത്തേക്ക് യാത്രക്കാരെ മാത്രമെ കയറ്റിവിടൂ എന്ന് കര്‍ശനമായ മറുപടി കിട്ടിയതോടെ അവനെ എങ്ങനെയെങ്കിലും കാണാനുള്ള ശ്രമം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നെ രാത്രിയാകുന്നത് വരെ അവന്റെ ഒരു വിവരവും ലഭിച്ചില്ല. എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ വിഷമിച്ചിരുന്നപ്പോള്‍ വീണ്ടും അവന്റെ ഫോണ്‍ വന്നു,

‘ഏട്ടാ, എന്നെ .... പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നു, ഏട്ടന്‍ അവിടേക്ക് വരൂ’

പോലീസ് സ്റ്റേഷന്‍ റിസപ്ഷനിലെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ പുറത്തു വന്നു. അവന്റെ കണ്ണുകളില്‍ വല്ലാത്തൊരു വികാരശൂന്യത. കാറില്‍ വച്ചും അവനൊന്നും സംസാരിച്ചില്ല.

മുറിയിലെത്തിയതോടെ അവന്റെ നിയന്ത്രണങ്ങളൊക്കെ നഷ്ടമായി, നിലവിളിച്ച് കട്ടിലിലേക്ക് വീഴുമ്പോള്‍ കരഞ്ഞ് തീരട്ടെ എന്ന് ഞാനും കരുതി. പിന്നെ ഏറെ നേരം കഴിഞ്ഞ് കരച്ചിലൊന്നടങ്ങിയപ്പോഴാണ് അവന്‍ എയര്‍പോര്‍ട്ടില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴാണ് അവിടിരുന്ന ഓഫീസര്‍ കമ്പ്യൂട്ടറില്‍ പലതവണ നോക്കിയിട്ട് അടുത്തുള്ള സൂപ്പര്‍വൈസറുടെ ഓഫീസില്‍ പാസ്സ്പോര്‍ട് കാണിക്കാന്‍ പറഞ്ഞത്. ആ ഓഫീസര്‍ കമ്പ്യൂട്ടറില്‍ ഒക്കെ നോക്കിയിട്ട് അടുത്തുള്ള ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ അയാള്‍‍ വളരെ സൌമ്യമായി പറഞ്ഞു,

‘നിങ്ങളുടെ പേരില്‍ ... ബാങ്കിന്റെ പരാതി പ്രകാരം ട്രാവല്‍ ബാന്‍ ഉണ്ട്, അത് തീരാതെ യാത്ര ചെയ്യാന്‍ പറ്റില്ല’

തലയില്‍ വെള്ളിടി വീണത് പോലെ ഒരു നിമിഷം സ്തബ്ധനായി നിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അറിഞ്ഞില്ല.

‘സാര്‍, ഞാന്‍ എന്റെ അമ്മയുടെ മരണം അറിഞ്ഞ് പോകുകയാണ്. ശവ സംസ്കാരത്തിന് എന്നേയും കാത്തിരിക്കുകയാണ് വീട്ടുകാര്‍. ബാങ്കിന്റെ പൈസ ഇപ്പോള്‍ തന്നെ അടക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാം സാര്‍... ദയവായി എന്നെ പോകാന്‍ അനുവദിക്കൂ..’

‘ക്ഷമിക്കണം, എനിക്ക് ദുഖമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല, ഇത് പോലീസ് കേസാണ്. അവരാണ് എന്തെങ്കിലും ചെയ്യേണ്ടത്’

നിസ്സഹായനായി ഇരിക്കുമ്പോള്‍ ആ ഓഫീസര്‍ എന്നേയും കൂട്ടി എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടുത്തെ ഡ്യൂട്ടി ഓഫീസറെ എന്നെ ഏല്‍പ്പിച്ച് അയ്യാള്‍ തിരിച്ചു പോയി. ഒരു പോലീസുകാരന്‍  എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഡ്യൂട്ടി ഓഫീസറോട് ഞാന്‍ എന്റെ കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ശ്രദ്ധിച്ചില്ല. പോലീസുകാരന്‍ ചൂണ്ടിക്കാട്ടിയ വാതിലിലൂടെ ഉള്ളില്‍ കടന്നതും പിന്നില്‍ വാതിലടഞ്ഞു. ഒപ്പം കതക് പൂട്ടുന്നതിന്റെ ശബ്ദവും.

അതൊരു മുറിയായിരുന്നില്ല, ഒറ്റവാതില്‍ മാത്രമുള്ള, ജന്നലുകളില്ലാത്ത അടച്ചുമൂടിയ ഒരു അറ. ഒന്നര‍ മീറ്റര്‍ വിതിയും, അഞ്ച് മീറ്റര്‍ നീളവും തോന്നിക്കുന്ന ഒരു അറ. അതില്‍ ഒരു നിര ഇരുമ്പു കസേരകള്‍. പുറത്തേക്ക് കാണാന്‍ കതകിലുള്ള ഒരു ചെറിയ ഗ്ലാസ്സ് വിടവ് മാത്രം. എന്ത് ചെയ്യണം എന്നറിയാതെ ആ കുടുസ്സ് മുറിയില്‍ കൂട്ടിലടച്ച വെരുകിനെപ്പോലെ നടക്കുമ്പോള്‍ സ്വയം ശപിച്ചു പോയി.

മനസ്സിലൂടെ പല ചിത്രങ്ങളും കടന്ന് പോയപ്പോള്‍ ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വെള്ളപ്പട്ട് പുതച്ച് കിടത്തിയിരിക്കുന്ന അമ്മയുടെ രൂപം, കരഞ്ഞ് തളര്‍ന്നിരിക്കുന്ന ബന്ധുക്കള്‍, ഉമ്മറത്ത് ഒരു മൂലയില്‍ തളര്‍ന്നിരിക്കുന്ന അഛന്‍. അവസാനമായി അമ്മയെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്തപ്പോള്‍ തളര്‍ന്നിരുന്ന് പോയി. മനസ്സുരുകി പ്രാര്‍ത്ഥിച്ചു, ‘ഈശ്വരാ എന്നെ ഇങ്ങനെ ശിക്ഷിക്കരുതേ’.

ഇടക്ക് പലതവണ പോലീസുകാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും ആരും അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. ഇതിനിടയില്‍ പലരേയും പോലീസുകാര്‍ ആ കുടുസ്സുമുറിയിലേക്ക് കൊണ്ടു വരികയും, കൊണ്ട് പോകുകയും ഒക്കെ ചെയ്തിരുന്നു. ചിലരൊക്കെ കരയുകയും, സ്വയം ശപിക്കുകയും ഒക്കെ ചെയ്യുന്നതുമുണ്ടായിരുന്നു. മൂത്രശങ്ക തീര്‍ക്കാന്‍ പോലും സൌകര്യമില്ലാതിരുന്നു ആ മുറിയില്‍. മൂത്രശങ്ക തോന്നിയപ്പോള്‍ വാതിലിനടുത്തേക്ക് വന്ന ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കതകില്‍ ഒന്നു മുട്ടി. തിരിഞ്ഞ് നിന്ന് കൈ ചൂണ്ടീ ആ ഓഫീസര്‍ എന്തൊക്കെയോ ആക്രോശിച്ചതോടെ മൂത്രശങ്ക പമ്പ കടന്നു!

സ്വയം ശപിച്ചും, കരഞ്ഞും തീര്‍ത്ത മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രിയായതോടെ ഒരാള്‍ വന്ന് കതക് തുറന്ന് കൂടെ ചെല്ലാന്‍ പറഞ്ഞു. അയ്യാളോടൊപ്പം ... പോലിസ് സ്റ്റേഷനിലെത്തി. പാസ്പോര്‍ട്ട്  അവിടെ വാങ്ങി വച്ച് പറഞ്ഞ് വിട്ടു. ഇനി ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്ററുമായി ചെന്ന് കേസ് ക്ലോസ്സ് ചെയ്താലേ പാസ്പോര്‍ട്ട് കിട്ടൂ.

രാജന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘എന്തായിരുന്നു രാജാ ബാങ്കിലെ പ്രശ്നം, നീയൊന്നും പറഞ്ഞിരുന്നില്ലല്ലൊ?’

‘കഴിഞ്ഞ രണ്ട് മാസം ബാങ്കിന്റെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങി, ഏട്ടന്‍ രാവിലെ ആ ബാങ്കിലൊന്ന് പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ?’

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ അവന്‍ അടക്കാതിരുന്നത് വളരെ ചെറിയ തുകയ്ക്കുള്ള രണ്ട് ഗഡുക്കള്‍   മാത്രമാണ്. പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്ത് പോയത് കൊണ്ട് ഇനി ബാക്കിയുള്ള മുഴുവന്‍ തുകയും അടക്കണമത്രെ!

ദേഷ്യവും സങ്കടവും ഒക്കെ കാരണം ഒരല്പം മുഷിഞ്ഞ് ബാങ്ക് മാനേജരോട് എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിച്ചപ്പോള്‍ ശാന്തനായി തന്നെ അയ്യാള്‍ മറുപടി പറഞ്ഞു,

‘സുഹൃത്തെ, ഞങ്ങള്‍ക്ക് വിഷമമുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് മാസവും മിസ്റ്റര്‍ രാജനെ ബന്ധപ്പെടാനുള്ള ഞങ്ങളുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. അപ്പോള്‍ ബാങ്ക് ചട്ടങ്ങള്‍‍ പ്രകാരം നടപടിയെടുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല’

പിന്നെ പലരില്‍ നിന്നായി അടക്കാനുള്ള പണവുമായി എത്തിയപ്പോഴെക്കും ബാങ്കിന്റെ സമയം കഴിഞ്ഞൂ. മെഷീനില്‍ അടച്ചാലും ബാങ്കിന്റെ ക്ലിയറന്‍സ് ലെറ്റര്‍ കിട്ടണം. അതുമായി കേസ് കൊടുത്ത വക്കീലാഫീസില്‍ പോയി അവരുടെ കേസ് ക്ലോസ് ചെയ്യാനുള്ള കത്ത് വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊടുക്കണം!

എന്ത് ചെയ്യണം എന്നറിയാതെ ബാങ്കിന്റെ നടയില്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ വീണ്ടും രാജന്റെ ഫോണ്‍ വന്നു,

‘എന്തായി ഏട്ടാ, എനിക്ക് പോകാന്‍ പറ്റുമൊ?’

‘ശ്രമിക്കുന്നു, ഞാന്‍ വിളിക്കാം’ എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

മുറിയിലെത്തി, ആകാംക്ഷാഭരിതനായി കാത്തിരിക്കുന്ന അവന്റെ കണ്ണുകളെ നേരിടാനായില്ല.

‘രാജാ, ഇനി വീക്കെന്‍‌ഡ് ആയത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞെ ബാങ്കിന്റെ ലെറ്ററും, വക്കീല്‍ ഓഫീസില്‍ നിന്നുള്ള എന്‍. ഓ. സി. യും ഒക്കെ വാങ്ങാന്‍ കഴിയൂ‘.

‘അപ്പോള്‍ ... അപ്പോള്‍ എനിക്കെന്റ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ കഴിയില്ല, അല്ലേ ഏട്ടാ?’

വിങ്ങിപ്പൊട്ടുന്ന രാജനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു. രാജന്റെ വീട്ടില്‍ നിന്നാണ്,

‘രാജന്‍ ഏത് ഫ്ലൈറ്റിനാണ് പോന്നത്, ഇതുവരെ ഇങ്ങ് എത്തിയില്ലല്ലൊ? അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞത് കൊണ്ട് മോര്‍ച്ചറിയില്‍ നിന്ന് ബോഡി കൊണ്ടുവരികയും ചെയ്തു. ഇനി അധികം കാത്തിരിക്കാനും വയ്യല്ലൊ.’

രാജനെ ഒന്ന് നോക്കി, പിന്നെ ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു,

‘അവന്റെ ഫ്ലൈറ്റ് മിസ്സായി, ഇനി അടുത്ത ഫ്ലൈറ്റ് താമസിക്കും. ഇനിയിപ്പോള്‍ കാത്തിരിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് ...’

ഫോണ്‍ വച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ കട്ടിലിലേക്ക് തളര്‍ന്ന് വീഴുന്ന രാജനെയാണ് കണ്ടത്.

മനസ്സ് മന്ത്രിച്ചു, ‘ആ അമ്മയുടെ ആത്മാവ് നിന്നോട് പൊറുക്കാതിരിക്കില്ല രാജാ.’

(Image courtesy: Google Images)
Related Posts Plugin for WordPress, Blogger...